
സുഖമായി കിടന്നുറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടോ. അല്പനേരം കൂടി ഉറങ്ങാന്‍ തോന്നുന്നതും എഴുന്നേല്‍ക്കാന്‍ മടി തോന്നുന്നതും സ്വാഭാവികം. പക്ഷേ, ആളുകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും അകന്നുമാറി എപ്പോഴും കട്ടിലില്‍ തന്നെ കിടക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ഇങ്ങനെ കിടക്ക വിട്ടെഴുന്നേല്‍ക്കാനുള്ള മടി ജീവിതത്തെയാകെ താളം തെറ്റിക്കുന്ന അവസ്ഥയാണ് ക്ലിനോമാനിയ.
ലക്ഷണങ്ങള്‍
- കിടക്കയില്‍ തുടരാനുള്ള കടുത്ത ആഗ്രഹം കാരണം ഉത്തരവാദിത്തങ്ങളും ദൈനംദിന ജോലികളും ഒഴിവാക്കുന്ന അവസ്ഥ
- കിടക്കയില്‍ തുടരാന്‍ നല്ല സുഖമുണ്ടെങ്കിലും വലിയ ആന്തരിക സംഘര്‍ഷമാണ് ഇവര്‍ അനുഭവിക്കുന്നത്. സ്വന്തം നിഷ്‌ക്രിയത്വത്തെക്കുറിച്ചുള്ള കുറ്റബോധവും അല്ലെങ്കില്‍ ജീവിതം തന്നെ നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയും ഇവര്‍ക്കുണ്ടാകും.
- കിടക്ക വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുക. ചിലര്‍ക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തളര്‍ച്ചയോ അലസതയോ അനുഭവപ്പെടാം.
- ദൈനംദിന പ്രവര്‍ത്തനങ്ങളിലുള്ള താത്പര്യക്കുറവ്. ഹോബികള്‍, ജോലി, സാമൂഹിക ഇടപെടലുകള്‍ എന്നിവയില്‍ നിന്ന് ഉള്‍വലിയല്‍ കാണാം.
- സാമൂഹികമായ പിന്‍വാങ്ങലും ഒറ്റപ്പെടലും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പോലും ഒഴിവാക്കി ആ സമയം കൂടി കിടക്കയില്‍ ചെലവഴിക്കാനുള്ള താത്പര്യം. ഇത് ഇക്കൂട്ടരെ ഏകാന്തതയലേക്ക് തള്ളിയിടും.

കാരണങ്ങള്‍
- വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ തകരാറുകള്‍ പലപ്പോഴും ക്ലിനോമാനിയയ്ക്ക് കാരണമാകുന്നു.
- ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോം അഥവാ കടുത്ത തളര്‍ച്ച പോലുള്ള ശാരീരിക അവസ്ഥകളും വിട്ടുമാറാത്ത രോഗങ്ങളും കഠിനമായ ക്ഷീണത്തിലേക്ക് നയിച്ചേക്കാം. അതില്‍ നിന്നുള്ള രക്ഷപ്പെടലായിരിക്കാം കിടക്കയില്‍ തുടരാനുള്ള ആഗ്രഹത്തെ ശക്തിപ്പെടുത്തുന്നത്.
- ഉദാസീനമായ ജീവിതശൈലിയും സാമൂഹിക ഇടപഴകലിന്റെ അഭാവവും മറ്റൊരു കാരണമാണ്. ശാരീരിക പ്രവര്‍ത്തനങ്ങളോ സാമൂഹിക ഇടപെടലുകളോ ഇല്ലാത്ത ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് കിടക്കയില്‍ തുടരുന്നത് എളുപ്പവഴിയായി മാറുന്നു.
- ജീവിതസമ്മര്‍ദങ്ങളും കാരണമായേക്കാം. ജോലി നഷ്ടം, ബന്ധങ്ങളിലെ ഉലച്ചിലുകള്‍ പോലുള്ളവ കിടക്കയുടെ സുരക്ഷിതത്വത്തിലേക്ക് പിന്‍വാങ്ങാന്‍ പ്രേരണയാകും.
ഏതെങ്കിലും അടിസ്ഥാന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോയെന്ന് തിരിച്ചറിയുകയും ഉണ്ടെങ്കില്‍ സമഗ്രമായ ചികിത്സാപദ്ധതി ആരംഭിക്കുകയുമാണ് ആദ്യപടി. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തവര്‍ കൃത്യമായ ഒരു ദിനചര്യ ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. എഴുന്നേറ്റയുടന്‍ കുളിക്കുകയോ കിടക്ക വിരിക്കുകയോ പോലെ ചെറിയ ജോലികള്‍ ചെയ്യാം. ഇത്തരത്തില്‍ ഒരു ദിനചര്യ സ്ഥാപിക്കുന്നത് ജീവിതത്തിന് ചിട്ട നല്‍കും. എഴുന്നേല്‍ക്കാന്‍ തന്നെ പ്രചോദനമാകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്തുന്നതും സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതും നല്ലതാണ്. എത്ര ശ്രമിച്ചിട്ടും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞനെ സമീപിക്കുക.
Content Highlights: Clinomania: Symptoms and causes
Published: 28 Oct 2024, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented