ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് കാന്‍സര്‍. ഇത് ഒരൊറ്റ രോഗമല്ല. ബാധിക്കുന്ന ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കി കാന്‍സര്‍ പലപേരില്‍ അറിയപ്പെടുന്നു. അന്നനാളം, ശ്വാസകോശം, ആമാശയം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ കാര്‍സിനോമ എന്നും എല്ലുകളെയും പേശികളെയും ബാധിക്കുന്നതിനെ സാര്‍കോമ എന്നും രക്താണുക്കളെയും മജ്ജയെയും ബാധിക്കുന്നതിനെ ലുക്കീമിയ എന്നും പറയുന്നു. കാന്‍സറിന്റെ ചികിത്സ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ നേരിടുന്ന വലിയ പ്രശ്‌നം ഉയരുന്ന ചിലവോ കീമോയുടെ ഭാഗമായുള്ള പ്രശ്‌നങ്ങളോ അല്ല, മറിച്ച് അശാസ്ത്രീയമായ വാദങ്ങളാണ്. 

To advertise here,

കോഴിയിറച്ചി അമിതമായി കഴിച്ചാല്‍ കാന്‍സറുണ്ടാകും, മുള്ളാത്ത പോലുള്ള പച്ചക്കറികള്‍ കാന്‍സറിന് ബെസ്റ്റാണ്, ലക്ഷ്മിതരുവിന്റെ ഇല കഴിച്ചാല്‍ റേഡിയേഷന്‍ ഒഴിവാക്കാം തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെ ഒട്ടേറെ അബദ്ധങ്ങള്‍ കറങ്ങിനടക്കുന്നുണ്ട്. ചിലരെങ്കിലും ഇവ വിശ്വസിക്കുകയും ഒന്നു പരീക്ഷിക്കാന്‍ തുനിയുകയും ചെയ്യും. അതോടെ ശാസ്ത്രീയമായി നടക്കുന്ന ചികിത്സ താളംതെറ്റും. രോഗികളോട് ചെയ്യുന്ന അപരാധമാണ് ഇതെന്ന് 'ഫോര്‍വേഡ്' ചെയ്യുന്നവര്‍ മനസ്സിലാക്കുന്നില്ല. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില മെസ്സേജുകളും അതിലെ യാഥാര്‍ഥ്യവും മനസ്സിലാക്കാം. 

'പ്ലാസ്റ്റിപാത്രങ്ങളില്‍ സൂക്ഷിക്കുന്ന ആഹാരം കഴിച്ചാല്‍ കാന്‍സര്‍ വരും'
പ്ലാസ്റ്റിക് കണ്ടെയ്‌നറുകളെ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളുമായി ചേര്‍ത്തുവയ്ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന ആഹാരം കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്നാണ് വാദം. ഇത് തീര്‍ത്തും തെറ്റാണ്. ദീര്‍ഘകാലം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം സൂക്ഷിക്കുമ്പോള്‍ ചെറിയ അളവില്‍ ചില രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാം. എന്നാല്‍ അവ കാന്‍സറിന് കാരണമാകുമെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് പാത്രങ്ങള്‍ ആഹാരസാധനങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിക്കുന്നത് നല്ലതല്ല. പച്ചക്കറികളും മസാലപ്പൊടികളും മറ്റും സ്റ്റീല്‍ കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. 

ലക്ഷ്മിതരുവും മുള്ളാത്തച്ചക്കയും കാന്‍സര്‍ മാറ്റുമത്രേ!
സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന വാദങ്ങളിലൊന്നാണ് ഇത്. അമേരിക്കയാണ് ലക്ഷ്മിതരുവിന്റെ സ്വദേശം. അന്നാട്ടുകാര്‍ അതിസാരത്തിനും വയറിളക്കത്തിനും മറുമരുന്നായി ഇതിന്റെ ഇലകള്‍ ഉപയോഗിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ ഇതിന് കാന്‍സര്‍ മാറ്റാനുള്ള കഴിവില്ല. മറ്റൊന്ന് മുള്ളാത്തച്ചക്കയാണ്. വെറുമൊരു പഴം എന്നതില്‍ കവിഞ്ഞ പ്രത്യേകതയൊന്നും മുള്ളാത്തയ്ക്കില്ല. 

മൊബൈല്‍ഫോണ്‍ റേഡിയേഷനും കാന്‍സറും തമ്മില്‍
മൊബൈല്‍ ഫോണുകളില്‍ നിന്നും ടവറുകളില്‍ നിന്നും വരുന്ന വികിരണങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ 'ആരോഗ്യവിദഗ്ധരുടെ' നിഗമനം. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍, ഈ വിഷയത്തില്‍ നേരത്തേ പഠനങ്ങള്‍ നടത്തി. കാന്‍സറും ഇത്തരം വികിരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തി. എങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഫോണ്‍ അധികനേരം ചെവിയോട് ചേര്‍ത്ത് പിടിക്കരുത്. ദീര്‍ഘസംഭാഷണങ്ങള്‍ക്ക് ഹെഡ്‌സെറ്റ് ഉപയോഗിക്കാം. റേഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ മൊബൈലിന്റെ ഉപയോഗം പരിമിതപ്പെടുത്താം. 

യൂഫോര്‍ബിയ ചെടി കാന്‍സറുണ്ടാക്കും 
മുള്ളാത്തച്ചക്കയും ലക്ഷ്മിത്തരുവും പോലെയാണ് യുഫോര്‍ബിയ ചെടിയുടെ കാര്യവും. വീട്ടുമുറ്റത്തുകാണാറുള്ള ഈ അലങ്കാരസസ്യം കാന്‍സറിന് കാരണമാകുമെന്നാണ് മറ്റൊരു വാദം. ആഫ്രിക്കയില്‍ കാണുന്ന മില്‍ക്ക് ബുഷ് എന്ന യൂഫോര്‍ബിയ ടികാലി എന്ന ചെടി ചിലതരം ലിംഫോമ വരാന്‍ കാരണമാകുമെന്ന പഠനങ്ങള്‍ ഉണ്ടായിരുന്നു. അതാണ് നമ്മുടെ നാട്ടില്‍ കാണുന്ന യൂഫോര്‍ബിയ ചെടിക്ക് പാരയായത്. രണ്ടും വെവ്വേറെ ചെടികളാണ്. അതുകൊണ്ടുതന്നെ ഈ ചെടി കാന്‍സറുണ്ടാക്കുമെന്നത് അസംബന്ധമാണ്. 

ഓടിക്കോ, കാന്‍സര്‍ പകരും! 
പേടിക്കേണ്ട, കാന്‍സര്‍ പകരുന്ന അസുഖമല്ല. കാര്‍സിനോജനുകള്‍ കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എയില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മാത്രമാണ് കാന്‍സര്‍ ബാധിക്കുക. കാന്‍സര്‍ ബാധിതര്‍ക്കൊപ്പം ജീവിച്ചാലോ ഭക്ഷണം കഴിച്ചാലോ ഒന്നും രോഗം മറ്റൊരാള്‍ക്ക് വരില്ല. 

ഇനി ഇത്തരം വ്യാജമെസ്സേജുകള്‍ വാട്‌സാപ്പിലൂടെയോ മറ്റ് സോഷ്യല്‍ മീഡിയയിലൂടെയോ നിങ്ങളുടെ കൈയിലെത്തിയാല്‍ ഉടന്‍ ഡിലീറ്റ് ചെയ്‌തേക്കുക, അതും കാന്‍സര്‍ രോഗികളോട് ചെയ്യുന്ന വലിയൊരു ഉപകാരമാവും.