
''ചപ്പാത്തി നഹീ, ചോർ, ചോർ...'' എന്നിങ്ങനെയുള്ള 'പഞ്ചാബിഹൗസി'ലെ രമണന്റെ ചിരിനിറയുന്ന സംഭാഷണങ്ങൾക്കും, പൂജാ ബേട്ടിയുടെ കല്യാണപ്പന്തലിനും ഉണ്ണിയുടെയും പൂജയുടെയും പ്രണയത്തിനും, 'ഗോദ'യിലെ സോണിയയുമായുള്ള മൽപ്പിടിത്തത്തിനുമെല്ലാം വേദിയായ, 'ഭീഷ്മപർവ'ത്തിലെ മൈക്കിളപ്പന്റെ സ്വന്തം അഞ്ഞൂറ്റിത്തറവാടായ, എഴുപുന്നയിലെ വില്ല ഡി പരാരി... ഈ പൗരാണികതറവാട് തിരിച്ചറിയാൻ ഇതിൽക്കൂടുതൽ അടയാളങ്ങളൊന്നും മലയാളിക്ക് വേണ്ട.
നൂറ്റിമുപ്പതിലേറെ വർഷം പഴക്കമുള്ള ഈ വീട് ഇന്ന് മലയാളസിനിമയുടെ പ്രിയ ഷൂട്ടിങ് ലൊക്കേഷനാണ്. പുതുക്കോട്ടയിലെ പുതുമണവാളൻ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, ടു കൺട്രീസ്, ഹൃദയം, എം.ടി.യുടെ മനോരഥങ്ങൾ തുടങ്ങി റിലീസിന് തയ്യാറെടുക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രം 'മാർക്കോ'വരെ ചെറുതും വലുതുമായ മുപ്പതിലധികം ചിത്രം ഈ വീട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.
ഹിറ്റടിച്ച പഞ്ചാബിഹൗസ്
ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ സ്ഥിതിചെയ്യുന്ന വില്ല ഡി പരാരി, 1889-ലാണ് നിർമിച്ചത്. തരകൻ കുടുംബമാണ് ഈ പൗരാണികതറവാടിന്റെ നിർമാതാക്കൾ. കുടുംബത്തിലെ ഏഴാമത്തെ തലമുറയിൽപ്പെട്ട ജോർജ് തരകന്റെ ഉടമസ്ഥതയിലാണ് വീടിപ്പോൾ. സിനിമാ ഷൂട്ടിങ്ങിനപ്പുറം പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻകൂടിയാണ് ഇവിടം. ഷൂട്ടിങ് ഓർമ്മകളിൽ മുന്നിൽനിൽക്കുന്നത് പഞ്ചാബിഹൗസിന്റെതാണെന്ന് ജോർജ് തരകൻ പറയുന്നു: ''പഞ്ചാബിഹൗസാണ് ഇവിടെവെച്ച് ഏറ്റവും കൂടുതൽ ദിവസം ഷൂട്ട് ചെയ്ത ചിത്രം. രണ്ടുമാസത്തോളം ഷൂട്ട് ചെയ്തു. സിനിമയുടെ ഭൂരിഭാഗവും വീടിനുള്ളിൽത്തന്നെയായിരുന്നു. തറവാടും പരിസരവുമൊക്കെ ചിത്രത്തിലെ പ്രധാനരംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം വലിയ വിജയമായതോടെയാണ് കൂടുതൽ സിനിമകൾ ഇവിടേക്കെത്തിയത്.''
മൈക്കിളപ്പന്റെ അഞ്ഞൂറ്റിവീട്
കോവിഡ് ലോക്ക്ഡൗൺ സമയത്താണ് സൂപ്പർഹിറ്റായി മാറിയ അമൽ നീരദ് ചിത്രം 'ഭീഷ്മപർവ'ത്തിന്റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലമായ അഞ്ഞൂറ്റിത്തറവാടായാണ് ഇവിടം ഉപയോഗിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഏറെ സുരക്ഷയോടെയായിരുന്നു ഷൂട്ടിങ്ങെന്ന് ജോർജ് തരകൻ ഓർക്കുന്നു: ''മമ്മൂട്ടിയും സൗബിനും ശ്രീനാഥ് ഭാസിയുമടക്കം പ്രധാനതാരങ്ങളെല്ലാം ഇവിടെ ഷൂട്ടിങ്ങിനുണ്ടായിരുന്നു. തറവാടിന് മുൻഭാഗത്ത് കുറച്ചുഭാഗം സെറ്റുകൂടിയിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം വലിയ വിജയമായതോടെ, ഒരുപാടുപേർ ഇവിടം സന്ദർശിക്കാനെത്തി. വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം, എം.ടി.യുടെ മനോരഥങ്ങൾ, ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ എന്നിവയാണ് ഇവിടെവെച്ച് ഷൂട്ട് ചെയ്ത പ്രധാന സിനിമകൾ. പരസ്യചിത്രങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. ഞാനും കുടുംബവും താമസിക്കുന്ന ഭാഗം ഒഴിവാക്കിയാണ് ഷൂട്ടിങ്ങിന് നൽകാറുള്ളത്. ടൂറിസത്തിന്റെ ഭാഗമായി മുൻകൂട്ടി ബുക്ക് ചെയ്‌തെത്തുന്നവർക്ക് പരമ്പരാഗത സുറിയാനി രീതിയിലുള്ള വിഭവങ്ങളടങ്ങിയ സദ്യയും നൽകുന്നു.''
Content Highlights: villa de parrai is a favorite movie location
Published: 02 May 2025, 10:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented