''എവിടെയായിരുന്നു ഇത്രയുംകാലം...?'' 'കാര്‍ബണ്‍' സിനിമയുടെ ലൊക്കേഷനില്‍വെച്ച് അന്നാദ്യമായി നിസ്താര്‍ സേട്ട് ഇങ്ങനെയൊരു ചോദ്യം നേരിട്ടു. സംവിധായകന്‍ വേണു ചോദിച്ച ആ ചോദ്യം പിന്നീട് പലതവണ പലരില്‍നിന്നായി നിസ്താറിന് കേള്‍ക്കേണ്ടിവന്നു. അവരോടൊക്കെ നിസ്താര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ''എല്ലാത്തിനും അതിന്റെതായ സമയമു് ദാസാ !''

To advertise here,

വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്ന നിസ്താര്‍ ഇന്ന് മലയാള സിനിമയിലെ പരിചിതമുഖമാണ്. 'ഒഴിവുദിവസത്തെ കളി' എന്ന ചിത്രത്തിലൂടെയാണ് നിസ്താര്‍ പ്രേക്ഷകശ്രദ്ധയിലെത്തുന്നത്. 'വരത്തനി'ലെ പാപാളി കുര്യനും 'ഭീഷ്മപര്‍വ'ത്തിലെ അഞ്ഞൂറ്റിയിലെ  മത്തായിയും 'എ.ആര്‍.എമ്മി'ലെ ചാത്തൂട്ടിനമ്പ്യാരും 'ബോഗയ്ന്‍ വില്ല'യിലെ ദേവസ്സിയുമെല്ലാമായി പകരംവെക്കാനാവാത്ത പകര്‍ന്നാട്ടങ്ങള്‍. പരുക്കനും ക്രൂരനുമായ കഥാപാത്രങ്ങളായാണ് നിസ്താര്‍ പലപ്പോഴും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം കരകുളത്തെ വീട്ടിലിരുന്ന് നിസ്താര്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തോന്നി, 'ഈ പാവത്താനാണോ ബിഗ്‌സ്‌ക്രീനിലെ കൊടൂരക്രൂരനെന്ന്'. ആ അമ്പരപ്പിനിടെ നിസ്താര്‍ നാടകവും സിനിമയും നിറഞ്ഞ കഥകളുടെ തിരശ്ശീല ഉയര്‍ത്തി. 

തിരുവനന്തപുരത്തെ ജീവിതമാണോ നടനാക്കിയത്?
തിരുവനന്തപുരം മുരിക്കുമ്പുഴയിലാണ് ജനിച്ചതും വളര്‍ന്നതും. അച്ഛന് ഇവിടെത്തന്നെയായിരുന്നു ജോലി. അതുകൊണ്ട് ഞങ്ങള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. അബൂബക്കര്‍ സേഠ് എന്നാണ് അച്ഛന്റെ പേര്. അമ്മ ഫാത്തിമ ബായി. കുറച്ചുവര്‍ഷംമുന്‍പ് അച്ഛന്‍ മരിച്ചു. അമ്മ ഇപ്പോഴും കൂടെയുണ്ട്. 

ആറോ ഏഴോ വയസ്സുള്ളപ്പോപ്പോള്‍ തുടങ്ങിയതാണ് നാടകക്കമ്പം. നാട്ടില്‍ ഉത്സവങ്ങള്‍ക്കും ക്ലബ്ബ് വാര്‍ഷികങ്ങള്‍ക്കും നാടകങ്ങള്‍ അരങ്ങേറും. ഒരിക്കല്‍ ഞാനൊരു റിഹേഴ്‌സല്‍ ക്യാമ്പില്‍ ചെന്നു. അന്ന് അവിടെ ഒരു കുട്ടിയുടെ വേഷംചെയ്യാന്‍ ആളില്ല. എന്നെപ്പിടിച്ച് റിഹേഴ്സലിന്റെ ഭാഗമാക്കി. പിന്നാലെ വേദിയിലും കയറ്റി. അതായിരുന്നു ആദ്യത്തെ അഭിനയമുഹൂര്‍ത്തം. പെട്ടെന്ന് സംഭവിച്ചതാണെങ്കിലും അഭിനയത്തോട് താത്പര്യം തോന്നാന്‍ അതൊരു കാരണമായി. ഹൈസ്‌കൂള്‍ കാലം സ്‌കൂള്‍ നാടകങ്ങളില്‍ പങ്കെടുക്കല്‍ പതിവായിരുന്നു. തുടര്‍ന്ന് ഏകാംഗനാടകങ്ങളും ചെയ്തു. ഇടയ്ക്കിടെ തിയേറ്റര്‍ ശില്പശാലകളിലും പങ്കെടുത്തു. 

placeholder
നിസ്താർ സേട്ട് കുടുംബത്തോടൊപ്പം

1984-ല്‍ പ്രശസ്ത നാടകകൃത്ത് വയലാ വാസുദേവന്‍പിള്ളസാറിന്റെ സുവര്‍ണരേഖ എന്ന സംഘത്തിലെത്തി. ഒരു ഘട്ടമായപ്പോള്‍ സുവര്‍ണരേഖയില്‍ നിന്ന് പിരിഞ്ഞ് ഒരു സംഘത്തിന്റെയും ഭാഗമാകാന്‍ ഞാനില്ല, നാടകം ചെയ്യാന്‍ മാത്രം കൂടാം എന്ന തീരുമാനത്തിലെത്തി. ഏത് സംഘത്തിനും വിളിക്കാന്‍പറ്റുന്ന രീതിയില്‍ സ്വതന്ത്രനടനായി പത്തുവര്‍ഷത്തോളം നിന്നു. അക്കാലത്ത് തലസ്ഥാനനഗരിയിലെ ഒട്ടുമിക്ക നാടക സംഘങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. രണ്ടായിരത്തോടെ നാടകത്തില്‍നിന്ന് വിട്ടു. കുടുംബത്തിന് കൂടുതല്‍ ശ്രദ്ധനല്‍കി.

സിനിമയില്‍ എത്തിയ ശേഷം നാടകം പൂര്‍ണമായും വിട്ടോ?
ഇല്ല. 2018-ല്‍ വീണ്ടും നാടകത്തിലേക്കെത്തി. എം.ടി.യുടെ 12 കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പ്രശാന്ത് നാരായണന്‍ 'മഹാസാഗരം' എന്ന നാടകം ചെയ്തു. അതില്‍ രണ്ട് കഥാപാത്രങ്ങള്‍ ചെയ്തു. 22-കാരനായ ഭ്രാന്തന്‍ വേലായുധനെയും ഭീമസേനനെയും. അന്നെനിക്ക് അമ്പതിന് മുകളില്‍  പ്രായമുണ്ട്.

സര്‍ക്കാര്‍ജോലിക്കിടെ കലാപ്രവര്‍ത്തനം എങ്ങനെ കൊണ്ടുനടന്നു ?
വി.എസ്.എസ്.സി.യിലായിരുന്നു ആദ്യത്തെ ജോലി. മടുപ്പിക്കുന്ന ജോലിയായിരുന്നു. രാവിലെ ഏഴരയ്ക്ക് കയറിയാല്‍ വൈകീട്ടേ ഇറങ്ങാന്‍ പറ്റൂ. അങ്ങനെയിരിക്കെ 1987-ല്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലികിട്ടി. ഡ്രാഫ്റ്റ്സ്മാന്‍ ആയി നിയമനം. പിന്നെ ഓവര്‍സിയറായി. വിരമിക്കുമ്പോള്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു. തിരുവനന്തപുരത്ത് മാത്രമേ ഞാന്‍ ജോലി ചെയ്തിട്ടുള്ളൂ. ജോലി കഴിഞ്ഞ് ബാക്കിസമയം നാടകത്തിത്തിനായി മാറ്റിവച്ചു.

placeholder

സിനിമാനടന്‍ എന്ന വൈകിയെത്തിയ വിശേഷണത്തെപ്പറ്റി ?
സിനിമയില്‍ എത്തുംമുന്‍പ് സീരിയലില്‍ ഉണ്ടായിരുന്നു. അഞ്ച് സീരിയലുകളുടെ ഭാഗമായി. ദൂരദര്‍ശന്‍ കാലമാണ് അന്ന്. അതിലെ 'നാറാണത്ത് ഭ്രാന്തന്‍' എന്ന സീരിയലില്‍  ടൈറ്റില്‍ റോള്‍ ചെയ്തു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 13 എപ്പിസോഡുകളായിരുന്നു തീരുമാനിച്ചിരുന്നത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 16 എപ്പിസോഡാക്കി. 14 മാസം താടിയും മുടിയും വെട്ടാതെയായിരുന്നു അതിന്റെ ഭാഗമായത്. അതുകൊണ്ട് എന്നെ ആര്‍ക്കും തിരിച്ചറിയാനും പറ്റിയില്ല. ഒടുവില്‍ നടന്‍ ആരാണെന്ന് അറിയാനുള്ള പ്രേക്ഷകരുടെ ആവശ്യത്തെത്തുടര്‍ന്ന് ദൂരദര്‍ശന് എന്റെ ഒരു അഭിമുഖം ചെയ്യേണ്ടിവന്നു. 

സിനിമയില്‍ വഴിത്തിരിവായത് 'ഒഴിവുദിവസത്തെ കളി'യാണ്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തിരുവനന്തപുരത്തെ നാടകക്കാരെ അന്വേഷിച്ചിറങ്ങി. എന്നെത്തേടിയും വിളിയെത്തി. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ എന്റെ വേഷവും ചര്‍ച്ചയായി. അതിനുശേഷം 'കാര്‍ബണ്‍', 'വരത്തന്‍' അടക്കമുള്ളവയിലെ റോളുകളും കരിയറില്‍ നേട്ടമുണ്ടാക്കി. 
'കാര്‍ബണി'ന്റെ സമയത്ത് വേണുസാര്‍ ഒരുപാട് സഹായിച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അദ്ദേഹമെന്നെ സ്വതന്ത്രനാക്കി വിട്ടു.

അമല്‍ നീരദിന്റെ കഴിഞ്ഞ മൂന്ന് സിനിമകളിലും നിസ്താറുണ്ടല്ലോ ?
അതങ്ങനെ തുടര്‍ന്നിരുന്നെങ്കിലെന്നാണ് ആഗ്രഹം. 'ഒഴിവുദിവസത്തെ കളി' കണ്ടിട്ടാണ് അദ്ദേഹം എന്നെ ക്ഷണിച്ചത്. 'വരത്തനി'ലെത്തുമ്പോള്‍ എനിക്ക് എന്നിലെ അഭിനേതാവിന്റെ വലുപ്പം അറിയില്ലായിരുന്നു. മാത്രമല്ല അമലിനെ ഞാന്‍ അതുവരെ കണ്ടിട്ടുമില്ല. ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. എന്നെ കണ്ടപാടെ ഓടി അടുത്തേക്ക് വന്നു. എന്നോട് അത്രയും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയത്. അമലിന്റെ അടുത്ത സിനിമകളിലും ആ സ്‌നേഹം ഞാനറിഞ്ഞു. 

ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടോ?
ആ തോന്നലുണ്ട്. അതിനെ മറികടക്കാന്‍ പല റോളുകളും ബോധപൂര്‍വം ഒഴിവാക്കിയിട്ടുമുണ്ട്. ഇടയ്ക്ക് വ്യത്യസ്തമായ ഒന്നുരണ്ട് വേഷങ്ങള്‍ വന്നു. പക്ഷേ, എന്റെതായ കാരണങ്ങള്‍ക്കൊണ്ട് ചെയ്യാന്‍ പറ്റിയില്ല. സിനിമയുടെ കാസ്റ്റിങ് നടക്കുമ്പോള്‍ ആദ്യം തിരഞ്ഞെടുക്കപ്പെടുന്നവരും അവസാനമെത്തുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. മിക്കപ്പോഴും അവസാനം എത്തുന്ന ആളായിരിക്കും ഞാന്‍. അതുകൊണ്ട് കഥാപാത്രത്തിന് ആവര്‍ത്തനം വന്നേക്കാം. ചില കഥാപാത്രങ്ങള്‍ക്കായിസംവിധായകര്‍ എന്നെ വിളിക്കും. ആവര്‍ത്തനം ഭയന്ന് അതില്‍ ചിലതൊക്കെ ഉപേക്ഷിക്കും. പിന്നെ ഒഴിവാക്കാന്‍പറ്റാത്ത പ്രതിഫലം വാഗ്ദാനംചെയ്താല്‍ അഭിനയിക്കും. ചില സിനിമകള്‍ അങ്ങനെയും സംഭവിച്ചിട്ടുണ്ട്.   

ഏതുതരം വേഷമാണ് കൂടുതല്‍ വഴങ്ങുന്നത് ?
എല്ലാ വേഷങ്ങളും ചെയ്യാന്‍ പറ്റുമ്പോഴാണ് ഒരു അഭിനേതാവ് പൂര്‍ണനാകുന്നത്. എല്ലാവരും ശ്രദ്ധിക്കുന്ന വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.  സംവിധായകനോട് ഇന്ന തരത്തിലുള്ള റോള്‍ ചോദിക്കില്ല എന്നൊന്നും തീരുമാനമെടുത്തിട്ടില്ല. ഈയിടെ രണ്ട് സംവിധായകരെ വിളിച്ച് വേഷത്തെപ്പറ്റി സംസാരിച്ചിരുന്നു. പിന്നെ പരുക്കന്‍ പെരുമാറ്റക്കാരനാണ് ഞാനെന്ന സംസാരം സിനിമാമേഖലയിലുണ്ട്. ഒരുതരത്തിലുമുള്ള ഏച്ചുകെട്ടലുമില്ലാതെ നിന്നുപോകണമെന്നേ ആഗ്രഹമുള്ളൂ.

കുടുംബത്തെപ്പറ്റി? 
ഭാര്യ ഷീലയും രണ്ടുമക്കളും മരുമകളും അടങ്ങുന്നതാണ് കുടുംബം. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് ഷീലയും ഞാനും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. ഒന്നിച്ച് ജീവിക്കാനും തീരുമാനമെടുത്തു. നയന്‍, നവീന്‍ എന്നാണ് മക്കളുടെ പേര്. മരുമകള്‍ പ്രീതിക.