2022-ൽ ഹിന്ദിയിൽ 'ത്രീ ഓഫ് അസ്' എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ടായിരുന്നു. ഷെഫാലി ഷാ നായികയായ ഒരു കുഞ്ഞു സിനിമ. സിനിമയിൽ, ഓർമ്മ നഷ്ടപ്പെട്ടു തുടങ്ങിയ ശൈലജ തന്റെ കുട്ടിക്കാലം ചെലവഴിച്ച ഗ്രാമത്തിലേക്ക് അവസാനമായി ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു. മറവി മസ്തിഷ്‌കത്തെ പരിപൂർണമായി വിഴുങ്ങുന്നതിനുമുൻപ് കുട്ടിക്കാലത്ത് കണ്ടുമറന്ന കളിക്കൂട്ടുകാരന്റെ മുഖം, താമസിച്ച വീട്, നടന്ന വഴികൾ, അയൽക്കാർ ഇവയെല്ലാം തിരഞ്ഞൊരു യാത്ര. ശൈലജ തിരഞ്ഞുപോയ ആ ഗ്രാമത്തിന്റെ പേര് വെങ്കുർള എന്നായിരുന്നു.

To advertise here,

സിനിമയുടെ തുടക്കം മുതൽ ഒടുക്കംവരെ ആ ഗ്രാമം ഒരു മൂക കഥാപാത്രം പോലെയുണ്ട്. സിനിമ തീർന്നതും കൂട്ടുകാരി സൂർമ ചോദിച്ചു, 'വെങ്കുർള എവിടെയാണ്?' 'ആവോ, എനിക്കറിയില്ല. പക്ഷെ നല്ല സ്ഥലമല്ലേ, ഞാൻ എന്തായാലും തപ്പിപ്പിടിച്ചു പോകും.' ഞാൻ മറുപടി പറഞ്ഞു.

'പറ്റില്ല! എനിക്ക് ലീവ് കിട്ടിയിട്ടേ നീ പോകാവൂ! നമ്മൾ ഒരുമിച്ചല്ലേ സിനിമ കണ്ടത്!' അവൾ ശഠിച്ചു. അങ്ങനെ ഞങ്ങൾ അന്നു രാത്രി ഒരു തീരുമാനമെടുത്തു, പോകുന്നെങ്കിൽ ഒരുമിച്ച്. ശേഷം വെങ്കുർളയ്ക്ക് എങ്ങനെ പോകാമെന്നായി ചർച്ച.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് വെങ്കുർളയെങ്കിലും വടക്കൻ ഗോവയിൽ നിന്ന് വെറും ഒരു മണിക്കൂർ യാത്ര മാത്രമേയുള്ളൂ. ഗോവയിൽ പോകുമ്പോൾ നമുക്ക് വെങ്കുർളയിൽ പോകാം. അതായിരിക്കും സൗകര്യം. ഇത്രയുമൊക്കെ പറഞ്ഞ് അന്ന് കിടന്നുറങ്ങിയെങ്കിലും നാലു വർഷമെടുത്തു ഞങ്ങൾക്ക് വെങ്കുർളയ്ക്ക് പുറപ്പെടാൻ.

വടക്കൻ ഗോവയിലെ അർപ്പൊറയിൽ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാണ്, ഗോവയിലുള്ളതും ഗോവയ്ക്കടുത്തുള്ളതുമായ സകല സ്ഥലങ്ങളും കാണണമെന്ന്. നാട്ടിൽ നിന്ന് സ്‌കൂട്ടറും എത്തിച്ചു. കാരണം വാടകവണ്ടികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ എന്തൊക്കെയോ ഗുലുമാലുകളുണ്ട്. അങ്ങനെ വണ്ടിയുമെത്തി, മഴക്കാലവുമെത്തി. വെങ്കുർള പോകാൻ ഇതിലും മികച്ച സമയമില്ല.

സൂർമയെ വിളിച്ചുവരുത്തി, രാവിലെ ഒരു ഏഴു മണിക്ക് ഞങ്ങൾ പുറപ്പെട്ടു. നമ്മുടെ നാടുപോലെ മൺസൂൺ കാലമായാൽ അസാധ്യ ഭംഗിയാണ് ഗോവയ്ക്ക്. മഴക്കാലത്ത് മിക്ക കഫെകളും ക്ലബ്ബുകളുമെല്ലാം അടച്ചു പൂട്ടുന്നതുകൊണ്ട് വഴിയിൽ തിരക്കുകളുണ്ടാവില്ല. വെയിലൊട്ടുമില്ലാത്ത, മഴ പൊടിഞ്ഞുകൊണ്ടേയിരിക്കുന്ന റോഡുകളിലൂടെ മഴക്കോട്ടുമിട്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

കശുമാവുകളും തെങ്ങുകളും തിങ്ങി നിൽക്കുന്ന വഴികൾ. ഉണങ്ങിക്കരിഞ്ഞവയ്‌ക്കെല്ലാം പുതുജീവൻ വെച്ച് തളിർത്തു നിൽക്കുന്നു ഇരുവശങ്ങളിലും.

അങ്ങനെ നദികളും കാടുമൊക്കെ താണ്ടി ഞങ്ങൾ ബോർഡർ കടന്നു. മറാഠി ബോർഡുകളും മഹാരാഷ്ട്ര രജിസ്‌ട്രേഷൻ വണ്ടികളും കണ്ടുതുടങ്ങി. വെങ്കുർള എത്താറായി. സിനിമയിൽ കണ്ടപോലെ തന്നെ.

ധാരാളം കുഞ്ഞു ക്ഷേത്രങ്ങളും കടൽത്തീരങ്ങളുമുള്ള ഒരു ഗ്രാമം. വിശന്നു തുടങ്ങിയിരുന്ന ഞങ്ങൾ പ്രാതൽ കഴിക്കാനായി ഒരു കടയിൽ കയറി-ഹോട്ടൽ ശ്രീ മഹാലക്ഷ്മി. എന്താ കഴിക്കാനുള്ളത് എന്നു ചോദിച്ചപ്പോൾ ചോക്കാനി പാവും കാലാവത്താനയും ഉണ്ടെന്ന് പറഞ്ഞു. ഗോവയിലെ പാവ് കഴിച്ചു മടുത്തു വന്നുപെട്ടത് മറ്റൊരു പാവിലേക്കാണല്ലോ എന്നോർത്ത് ഒരുനിമിഷം സങ്കടപ്പെട്ടെങ്കിലും അത് മനസ്സിലടക്കി ഞാൻ ചോദിച്ചു; 'എന്താണീ ചോക്കാനി പാവ്?'

'ചോക്കാനി പാവ് എന്നാൽ ചതുരത്തിലുള്ള പാവ് എന്നാണ് അർഥം. അത് ഞങ്ങൾ വെങ്കുർളക്കാരുടെ മാത്രം സ്‌പെഷ്യൽ പാവ് ആണ്.' പാവ് എന്ന് ഗോവയിലും മഹാരാഷ്ട്രയിലും വിളിപ്പേരുള്ള ബ്രെഡ് എങ്ങനെയൊക്കെ കുളിപ്പിച്ചാലും ബ്രെഡ് തന്നെയല്ലേ! എങ്കിലും വിശന്നു പൊരിഞ്ഞതുകൊണ്ട് അത് തന്നെ പറഞ്ഞു. മഴപെയ്തു തോർന്നതുകൊണ്ട് നേരിയൊരു തണുപ്പുണ്ട്.

നിമിഷങ്ങൾക്കകം മേശപ്പുറത്തു നല്ല ചൂടു കറിയും പാവും എത്തി. കാലാവത്താന ഒരു തരം കറുത്ത പട്ടാണിക്കടലയാണ്. നമ്മുടെ നാട്ടിലെ കടലക്കറി പോലെ നല്ല മസാലയൊക്കെ ചേർത്താണ് കാലാവത്താന കറി. കൂടെ വന്ന പാവ് ശരിക്കും അദ്ഭുതപ്പെടുത്തി. ഇതുവരെ കഴിച്ചിട്ടില്ലാത്ത വിധം മൃദുവായ ബ്രെഡ്.

ഇതിനിടയിൽ തൊട്ടടുത്തിരുന്ന അമ്മാവനോട് ചോദിച്ചു- 'എന്താണ് ഈ പാവിന്റെ പ്രത്യേകത? നല്ല മണമാണല്ലോ ഇതിന്. നല്ല സോഫ്റ്റും.' മൂപ്പരു ചിരിച്ചു കൊണ്ട് പറഞ്ഞു; 'ഇത് വെറുമൊരു പാവ് അല്ല. ഇതിൽ യീസ്റ്റോ ഉപ്പോ പഞ്ചസാരയോ ഒന്നും ഉപയോഗിച്ചിട്ടില്ല. കടലപ്പരിപ്പ് കുതിർക്കാനിട്ട വെള്ളമാണ് മാവു പൊങ്ങാൻ സഹായിക്കുന്നത്. ഒരു ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ് ഈ വിദ്യ കണ്ടുപിടിക്കുന്നത്.' 'എങ്ങനെ?' 'ഒരു കാലത്ത് പോർച്ചുഗീസുകാർ പാവിന്റെ റേഷൻ വെട്ടിച്ചുരുക്കിയിരുന്നു. വെറുതെ കുളത്തിൽ കളഞ്ഞാൽപോലും ഞങ്ങൾക്ക് വിൽക്കില്ല എന്ന അവസ്ഥ. അവരെ വെല്ലുവിളിച്ചുകൊണ്ട് അവരുപയോഗിച്ച ഒരു ചേരുവയും ഉപയോഗിക്കാതെ ഒരു പാവ് ഞങ്ങൾ തയ്യാറാക്കി. അതാണിത്! വെങ്കുർളയിലല്ലാതെ മറ്റെവിടെയും ഇത് കാണാൻ കിട്ടില്ല.' എന്റെ കണ്മുന്നിലെ പ്ലേറ്റിലേക്ക് ഞാനൊന്നു നോക്കി. വെറുതെ കറിയിൽ മുക്കി ഞാൻ കഴിച്ച ഇവൻ ചില്ലറക്കാരൻ അല്ലല്ലോ!

ഭക്ഷണം കഴിച്ചശേഷം ഞങ്ങൾ നേരെ പോയത് ഡച്ച് ഫാക്ടറി തേടിയാണ്. 'വഖാർ' എന്ന് ലോക്കലുകൾ വിളിക്കുന്ന ഈ കെട്ടിടം 1637-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ചതാണ്. ഫാക്ടറി എന്നാണ് പേരെങ്കിലും ഇതൊരു നിർമ്മാണശാലയൊന്നുമല്ല. അതൊരു കൊളോണിയൽ പ്രയോഗമാണ്.

ഒരുകാലത്തെ പ്രമുഖതുറമുഖമായിരുന്ന വെങ്കുർളയിൽ കച്ചവടത്തിനു വരുന്നവരെ ഫാക്ടറുകൾ എന്നാണ് അന്ന് വിളിച്ചിരുന്നത്. ഇവർ താമസിക്കാനും ചരക്ക് സൂക്ഷിക്കാനുമൊക്കെ ഉപയോഗിച്ച സ്ഥലമായിരുന്നത് കൊണ്ടാണ് ഫാക്ടറി എന്ന് പേര് വന്നത്. പിന്നീട് കൊച്ചിയിലേക്ക് കച്ചവടമെല്ലാം പറിച്ചുനട്ടപ്പോൾ പതിനേഴാം നൂറ്റാണ്ടോടെ ഈ കെട്ടിടം അനാഥമായി. ഏകദേശം നാന്നൂറ് വർഷം പിന്നിട്ടിട്ടും എല്ലാം കൂടെ ഇടിഞ്ഞു പൊളിഞ്ഞു വീണില്ലല്ലോ! ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രത്യേകിച്ച് കാര്യമായിട്ടൊന്നും തന്നെ ചെയ്തിട്ടില്ല.

'ശൈലജ കൂട്ടുകാരൻ പ്രദീപ് കമ്മത്തുമായി പഴയൊരു കെട്ടിടത്തിന്റെ അരികിൽ നിന്ന് സംസാരിക്കുന്ന ഒരു രംഗം. അതിവിടെ ആയിരിക്കുമല്ലേ?' ഞാനും സൂർമയും ആവേശക്കുട്ടികളായി ആ കെട്ടിടത്തിന്റെ പല കോണിലും പോയി നിന്ന് ഈ ചോദ്യം മാറിമാറി ചോദിച്ചു. പക്ഷെ എന്തോ എവിടെയോ അങ്ങോട്ട് മാച്ച് ആകുന്നില്ല. ഒടുവിൽ ഗൂഗിൾ എടുത്തു നോക്കിയപ്പോഴാണ് ആ സത്യം മനസിലാക്കുന്നത്. ആ രംഗം വെങ്കുർളയിൽ അല്ല ചിത്രീകരിച്ചത്. സിന്ധുദുർഗ് കോട്ടയിലാണ്. പറ്റിക്കപ്പെട്ടെങ്കിലും ഡച്ച് ഫാക്ടറി അത്രമേൽ ഗംഭീരമായതുകൊണ്ട് ഞങ്ങൾ ക്ഷമിച്ചു. സത്തെരി ക്ഷേത്രം, മോചെമാഡ് ബീച്ച്, വയങ്കണി ബീച്ച് എല്ലാം ചുറ്റി കണ്ടു.

ലക്ഷ്യത്തിലെത്തുന്നതിനപ്പുറം ഞങ്ങൾ പോയ ഊടുവഴികളായിരുന്നു യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ്! പല നിറങ്ങളിൽ ചായമടിച്ച തുളസിത്തറകളും ഓല മേഞ്ഞ കുഞ്ഞു വീടുകളും വായനശാലയിൽ ഇരുന്ന് പത്രം വായിക്കുന്നവരും പാടങ്ങളും പശുക്കളും പറമ്പിൽ കളിക്കുന്ന കുഞ്ഞുങ്ങളുമൊക്കെ ഇന്നും ഉള്ളൊരു ഗ്രാമമാണ് വെങ്കുർള. അവരൊന്നിന്റെയും പുറകെ ഓടുന്നവരല്ല. സാവധാനത്തിൽ പുല്ലും മണ്ണും മരവും വെളിച്ചവുമെല്ലാം കണ്ടും അറിഞ്ഞും സ്‌നേഹിച്ചും അവരിങ്ങനെ ജീവിക്കുകയാണ്.

പോകുന്നതിനു മുൻപായി ക്വാളിറ്റി കോൾഡ് ഡ്രിങ്ക്‌സിൽ നിന്ന് ഒരു കോക്ക്‌ടെയിൽ കഴിക്കണമെന്ന് വായനശാലയിൽവെച്ച് പരിചയപ്പെട്ട സുധാകർ പറഞ്ഞിരുന്നു. എൺപതുകൾ തൊട്ട് വെങ്കുർളയിൽ പ്രവർത്തിക്കുന്ന കടയാണ് ക്വാളിറ്റി കോൾഡ് ഡ്രിങ്ക്‌സ്. കോക്ക്‌ടെയിൽ തുടങ്ങി വെച്ചത് അവരാണ്. ഒരു നീണ്ട ഗ്ലാസ്സിൽ രണ്ട് സ്‌കൂപ് ഐസ്‌ക്രീം ചേർക്കും. അതിന് മുകളിൽ തണുത്ത പാലൊഴിക്കും. ശേഷം കശുവണ്ടിയും ടൂട്ടി ഫ്രൂട്ടിയുമൊക്കെ ചേർത്ത് മുകളിലൊരു ചെറിയും വയ്ക്കും ചെയ്യും. ഇതാണ് വെങ്കുർളക്കാരുടെ കോക്ക്‌ടെയിൽ. അതും കുടിച്ചിങ്ങനെ ഇരിക്കെ സൂർമ പറഞ്ഞു: 'അധികം കാണാൻ ഒന്നുമില്ലെങ്കിലും നല്ല സമാധാനമുള്ള സ്ഥലമല്ലേ? ഇതിങ്ങനെ തന്നെ ഇരുന്നാൽ മതിയായിരുന്നു.'

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അറിയില്ല എത്ര നാൾ ഈ സ്ഥലത്തിന് അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന്. അറിയില്ല കടന്നുകയറ്റത്തിന്റെ കൈകൾ നീളുമ്പോൾ എത്ര നാൾ പ്രകൃതിക്ക് ചെറുത്തു നിൽക്കാൻ സാധിക്കുമെന്ന്. ഓർമ്മകൾ എന്നെന്നേക്കുമായി പറന്നു പോകുന്നതിനു മുൻപായി ശൈലജ വെങ്കുർളയിൽ വരണമെന്ന് എന്തുകൊണ്ടാകാം ആഗ്രഹിച്ചതെന്ന് മനസ്സിലാകുന്നുണ്ട്. സ്വർഗം പോലൊരു സ്ഥലത്ത് കുട്ടിക്കാലം ചെലവഴിച്ച ശേഷം പട്ടണത്തിന്റെ ഒച്ചപ്പാടുകളിലേക്കും ഓട്ടപ്പാച്ചിലുകളിലേക്കും പറിച്ചുനടപ്പെട്ട അവൾക്ക് ആ തിരിച്ചുപോക്ക് അനിവാര്യമായിരുന്നിരിക്കണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi