പ്രകൃതിവിസ്മയങ്ങള്‍കൊണ്ടും ചരിത്രസ്മാരകങ്ങളാലും സമ്പന്നമാണ് അമേരിക്ക. ക്യാമറ എവിടേക്ക് തിരിച്ചാലും അവിടെയെല്ലാം സമ്മോഹനമായ കാഴ്ചകള്‍മാത്രം. ദേശീയോദ്യാനങ്ങളും പൈതൃകസ്മാരകങ്ങളുമായി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് ഈ ഭൂമിക. ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന് (ആഗസ്ത് 19) യു.എസ്സിലെ അഞ്ച് കിടിലന്‍ ഫോട്ടോസ്‌പോട്ടുകള്‍ പരിചയപ്പെടാം.

ഗ്രാന്റ് കാന്യന്‍
മണ്ണിനടിയിലെ വിശ്വാദ്ഭുതമാണ് ഗ്രാന്റ് കാന്യന്‍. നോര്‍ത്തേണ്‍ അരിസോണയിലെ ഈ പ്രകൃതിവിസ്മയം ഏതാണ്ട് 5000 സ്‌ക്വയര്‍ കിലോമീറ്ററിലായി പരന്നുകിടക്കുന്നു. പലനിറത്തിലുള്ള കല്ലുകളാലും സവിശേഷമായ ആകൃതിയാലും ഈ പാറക്കൂട്ടങ്ങള്‍ യാത്രികരെയും ഫോട്ടോഗ്രാഫര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
 

placeholder
ഗ്രാന്‍ഡ് കാന്യന്‍

മാമത്ത്‌ കേവ് ദേശീയോദ്യാനം
ഗുഹാവിസ്മയങ്ങളും ഭൂമിക്കടിയിലെ അദ്ഭുതങ്ങളും ക്യാമറയിലാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടസ്ഥലമാണ് കെന്റക്കിയിലെ മാമത്ത്‌ കേവ് ദേശീയോദ്യാനം. ജൈവസസ്യ കലവറയായ ഈ ഗുഹകള്‍ 644 കിലോമീറ്ററുകളോളം പരന്നുകിടക്കുന്നു. ബോട്ടിങ്ങും തോണിതുഴയലും മീന്‍പിടിത്തവുമായി എപ്പോഴും സഞ്ചാരികളുടെ തിരിക്കാണ് ഇവിടെ.

placeholder
കേവ് ദേശീയോദ്യാനം

റെഡ് വുഡ് നാഷനല്‍ ആന്റ് സ്‌റ്റേറ്റ് പാര്‍ക്ക്
കാലിഫോര്‍ണിയയിലെ റെഡ് വുഡ് നാഷനല്‍ ആന്റ് സ്‌റ്റേറ്റ് പാര്‍ക്ക് പ്രകൃതിസ്‌നേഹികള്‍ക്കുള്ളതാണ്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതും ഉയരമുള്ളതുമായ മരങ്ങള്‍ ഈ പാര്‍ക്കിലാണുള്ളത്. മാനംമുട്ടുന്ന മരങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുത്ത് നടക്കുമ്പോള്‍ അറിയാതെ പ്രകൃതിയെന്ന വിസ്മയത്തിന് മുന്നില്‍ നാം തലകുനിക്കും. മരംവെട്ടുകാരില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കാന്‍ തുടങ്ങിയ ഒരു സംരംഭം പോകെപ്പോകെ വലിയൊരു കാടായി മാറുകയായിരുന്നു.
 

placeholder
റെഡ്‌വുഡ് ദേശീയോദ്യാനം

മോണ്ടിസെല്ലോയും വെര്‍ജിനിയ യൂണിവേഴ്‌സിറ്റി കാഴ്ചകളും
വിര്‍ജിനിയ യൂണിവേഴ്‌സിറ്റിയിലെ പ്രധാന കാഴ്ചയാണ് മോണ്ടിസെല്ലോ കെട്ടിടം. അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന തോമസ് ജൊഫേഴ്‌സന്റെ ആശയത്തില്‍ രൂപംകൊണ്ട ഈ കെട്ടിടം യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. നവോത്ഥാനകാലം മുതല്‍ പ്രശസ്തി നേടിയ വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന കാഴ്ച. പ്രകൃതിസൗഹാര്‍ദമായ മോണ്ടിസെല്ലോയും യൂണിവേഴ്സ്റ്റിയും ക്യാമറാഫ്രെയ്മുകള്‍ക്ക് അസുലഭ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു.
 

placeholder
യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയ

സെന്റ്.അന്റോണിയോ മിഷന്‍
പുരാവസ്തു ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ളവര്‍ക്ക് ടെക്‌സാസിലെ സെന്റ് അന്റോണിയോ മിഷനിലേക്ക് വരാം. പുരാതന സ്പാനിഷ് ദേശീയതയുടെ അവേശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ കാണാം. അമ്പരപ്പിക്കുന്ന മാതൃകകളില്‍ പടുത്തുയര്‍ത്തി പള്ളിസമുച്ചയങ്ങളാണ് ഇവിടത്തെ പ്രധാന കാഴ്ച. വീടുകളും ധാന്യപ്പുരകളും വര്‍ക്ക്‌ഷോപ്പുകളുമെല്ലാം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. പഴമയുടെ സൗന്ദര്യവും പുതിയകാലത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ആസ്വദിക്കാം എന്നതാണ് സഞ്ചാരികളെ ഈ ചരിത്രസ്മാരകത്തിലേക്ക് ആകര്‍ഷിക്കുന്നത്.
 

placeholder
സെന്റ് അന്റോണിയോ മിഷന്‍