ഈയിടെയായി കുറേ റീലുകളിലൂടെ ആളുകൾക്ക് പരിചിതമായൊരു സ്ഥലമുണ്ട്, തായ്‌ലന്റിലെ ടൈഗർ വേൾഡ്. കടുവയുടെ കാലുകൾ തോളിൽവെച്ചും, കടുവയെ തടവിയും ചിത്രങ്ങളെടുക്കുന്ന സഞ്ചാരികൾ. ഇണക്കമുള്ള കടുവയെയാണ് ഈ പോസിങ്ങിനായി ഉപയോഗിക്കുന്നത്.

കടുവയെ ഫോട്ടോയ്ക്കായി കൊണ്ടുവരുമ്പോൾ കൂടെ അതിനെ നോക്കുന്ന കീപ്പർമാരുമുണ്ടാവും. ഒരാളുടെ കൈയിൽ ബോട്ടിലിൽ നിറച്ച പാലുമുണ്ടാവും. ഇത് കടുവയുടെ വായിലേക്ക് വെച്ചുകൊടുത്തശേഷം, മുമ്പിലെ രണ്ടുകാലുകളും ആളുകളുടെ ചുമലിലേക്ക് വെപ്പിക്കും. 180 കിലോ ഭാരമുള്ള കടുവയുടെ കാലുകൾ താങ്ങാൻ കഴിയണം.

ഇനിയാണ് പോസിങ്. ടൈഗർ വേൾഡിലുള്ളവർ ഇതിനുപറയുന്നത് 'സ്‌പെഷൽ പോസ്' എന്നാണ്. ഡോളർ എന്ന കടുവയെയാണിപ്പോൾ ഈ സ്‌പെഷൽ പോസിന് ഒരുക്കിയിരിക്കുന്നത്. കടുവയ്ക്ക് മടുക്കുമ്പോൾ, വീണ്ടും ബോട്ടിൽ വായിൽ വെച്ചുകൊടുക്കും. നിശ്ചിതസമയമാണ് ഫോട്ടോയെടുക്കാൻ അനുവദിക്കുന്നത്.

സഞ്ചാരികൾക്കും കടുവയെ ബോട്ടിൽ ഫീഡ് ചെയ്യാം. കടുവയ്‌ക്കൊപ്പം ഇരുന്നും അതിനെ തടവിയും ഫോട്ടോയെടുക്കാനുള്ള അവസരവും ഇവിടെയുണ്ട്. ഇതെല്ലാം കീപ്പർമാരുടെ കൃത്യമായ മേൽനോട്ടത്തിലായിരിക്കും.

ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടിനുള്ളിലൂടെ കടുവയ്ക്ക് ഭക്ഷണം കൊടുക്കാനും, കടുവയുടെ കൂടെ പോസ് ചെയ്യാനുമെല്ലാം പ്രത്യേകം ചാർജുണ്ട്. കൂട്ടിലുള്ള കടുവയ്ക്ക് ഭക്ഷണം നൽകാൻ 700 തായ്‌ലന്റ് ബാറ്റാണ് (ഔദ്യോഗിക കറൻസി)ഈടാക്കുന്നത്. കടുവയുടെ പുറത്ത് കൈവെച്ച് പോസ് ചെയ്യുന്നതിനും അതേ ചാർജ് തന്നെ.

കടുവയ്‌ക്കൊപ്പം വ്യത്യസ്തരീതിയിലുള്ള മൂന്നുപോസുകൾക്ക് 1400 തായ്‌ലന്റ് ബാറ്റും കടുവയ്‌ക്കൊപ്പം പോസിങ്, ബോട്ടിൽ ഫീഡിങ് എന്നിവയ്ക്ക് 4100 തായ്‌ലന്റ് ബാറ്റ്. ഇവയ്‌ക്കൊപ്പം തോളിൽ കടുവയുടെ കാലുകൾ വെച്ചുള്ള ഫോട്ടോ കൂടിയെടുക്കാൻ 6200 തായ്‌ലന്റ് ബാറ്റാണ് ചാർജ് ചെയ്യുന്നത്.

ആരോഗ്യമുള്ള ആളുകളെ മാത്രമേ കടുവയുടെ കാലുകൾ തോളിൽവെച്ചുള്ള ഫോട്ടോയെടുക്കാൻ അനുവദിക്കൂ. പെട്ടെന്ന് പരസഹായം കൂടാതെ ഇരിക്കാനും എഴുന്നേൽക്കാനും കഴിയുന്നവരുമായിരിക്കണം.

രച്ചബുരിയിലെ ദാംനോൺ സദ്വാക്കിലാണ് ടൈഗർ വേൾഡുള്ളത്. ബാങ്കോക്കിൽനിന്ന് ഒന്നര മണിക്കൂർ യാത്രയാണ് ഇങ്ങോട്ടേക്കുള്ളത്. ലോകപ്രസിദ്ധമായ ദാംനോൺ സദ്വാക്ക് ഫ്‌ളോട്ടിങ് മാർക്കറ്റും ഇതിനടുത്തുതന്നെയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi