നടി പ്രിയങ്ക ചോപ്രയുടെയും ഗായകൻ നിക് ജോനസിന്റെയും മകൾ മാൾട്ടി മേരിക്ക് ആരാധകരേറെയാണ്. മകൾക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങൾ ഇടയ്ക്കിടെ അവർ പങ്കുവെക്കാറുമുണ്ട്. ഒടുവിലായി പങ്കുവെച്ച ഓർലാന്റോ യാത്രയ്ക്കിടെയുള്ള മാൾട്ടിയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

To advertise here,

ഓർലാന്റോയിലെ വാൾട്ട് ഡിസ്‌നി വേൾഡിൽനിന്നുള്ളതും ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. അതിൽ മത്സ്യകന്യകയ്‌ക്കൊപ്പമിരിക്കുന്ന മാൾട്ടിയുടെ ചിത്രമാണ് ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടത്. ഇക്കുറി കുടുംബസമേതമാണ് പ്രിയങ്കയുടെ യാത്ര. പ്രിയങ്കയുടെ അമ്മ മധു ചോപ്ര, നിക്കിന്റെ സഹോദരങ്ങളായ ഫ്രാങ്ക്‌ളിൻ, കെവിൻ എന്നിവർക്കൊപ്പം കെവിന്റെ കുടുംബവുമുണ്ടായിരുന്നു.

ജോനസ് ബ്രദേഴ്‌സ് ഇപ്പോൾ യുഎസ് ടൂറിലാണ്. ഡിസംബർ 22 വരെ നീളുന്ന ടൂറിൽ, അറ്റ്‌ലാന്റ, ലാസ് വേഗസ്, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിലും സഹോദരങ്ങൾ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രിയങ്കയുടെ അടുത്ത റിലീസ്. അതിൽ മഹേഷ് ബാബുവാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഡിസ്‌നി വേൾഡിലെ അദ്ഭുതങ്ങൾ
ഫ്‌ളോറിഡയിലുള്ള ഓർലാന്റോയിലാണ് വാൾട്ട് ഡിസ്‌നി വേൾഡ് റിസോർട്ട് അഥവാ ഡിസ്‌നി വേൾഡ് സ്ഥിതി ചെയ്യുന്നത്. 1971-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡിസ്‌നി എക്‌സ്പീരിയൻസസ് ആണ്. വാൾട്ട് ഡിസ്‌നി കമ്പനിയുടെ ഒരുഭാഗമാണ് ഡിസ്‌നി എക്‌സ്പീരിയസൻസസ്.

25,000 ഏക്കറുകളോളം നീണ്ടുകിടക്കുകയാണ് ഡിസ്‌നി വേൾഡ്. നാല് തീം പാർക്കുകൾ, രണ്ട് വാട്ടർ പാർക്കുകൾ, നാല് ഗോൾഫ് കോഴ്സുകൾ, കോൺഫറൻസ് സെന്ററുകൾ, ഒരു സ്പോർട്സ് കോംപ്ലക്സ് എന്നിവയെല്ലാം ഇവിടെയുണ്ട്. കൂടാതെ ഷോപ്പിങ്-ഡൈനിങ് തുടങ്ങി സന്ദർശകർക്ക് ദീർഘനേരം ചെലവഴിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുൾപ്പെടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

മാജിക് കിങ്ഡം പാർക്ക്, എപ്‌കോട്ട്, ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോ, അനിമൽ കിങ്ഡം തീം പാർക്ക് എന്നിങ്ങനെയാണ് ഇവിടെയുള്ള തീം പാർക്കുകളുടെ പേര്. ഡിസ്‌നി ടൈഫൂൺ ലഗൂൺ, ബ്ലിസാർഡ് ബീച്ച് എന്നിങ്ങനെയാണ് വാട്ടർപാർക്കുകൾ. 9 വാൾട്ട് ഡിസ്‌നി റിസോർട്ട് ഹോട്ടലുകളും ക്യാമ്പിങ് റിസോർട്ടും ഇവിടെയുണ്ട്.

ഡിസ്‌നിയുടെ കഥാപാത്രങ്ങളെയെല്ലാം ഇവിടെ കാണാം. അവർക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരവുമുണ്ട്. ഫയർവർക്ക് ഷോ, അനിമൽ കിങ്ഡത്തിലെ മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, സാഹസികമായ റൈഡുകൾ, കിളിമഞ്ചാരോ സഫാരി എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. റിസോർട്ടിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യാനായി മോണോ റെയിൽ സംവിധാനങ്ങളുണ്ട്. കോടിക്കണക്കിനാളുകളാണ് വർഷം തോറും ഡിസ്‌നി വേൾഡിലേക്കെത്തുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi