അവധിദിവസമല്ല. എന്നിട്ടും വളരെ ദൂരെനിന്നുപോലും കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്നവരുടെ തിരക്കുണ്ട് കോട്ടയം ജില്ലയിലെ പനച്ചിക്കാട്  സരസ്വതീക്ഷേത്രത്തില്‍. അക്ഷരകാന്തിയും ശാന്തതയും ഭക്തിയും ഒന്നുചേരുന്നയിടമാണ് ഈ ക്ഷേത്രം.  ''പണ്ട് ഫോട്ടോ എടുക്കാന്‍ എത്തിയപ്പോള്‍ തോന്നിയ ആഗ്രഹമാണ്  കുഞ്ഞുണ്ടാകുമ്പോള്‍ ഇവിടെ എഴുത്തിനിരുത്താന്‍ വരണമെന്ന്.''  ഫോട്ടോഗ്രാഫറും യൂട്യൂബറുമായ ചെങ്ങന്നൂര്‍ സ്വദേശി ശ്രീജിത്ത് പറയുന്നു. മൂത്തമകന്‍ ഇഷാനെ എഴുത്തിനിരുത്താന്‍ കുടുംബത്തോടൊപ്പം എത്തിയതാണ് ശ്രീജിത്ത്.
 
എന്നും വിദ്യാരംഭം
'ദക്ഷിണ മൂകാംബിക'എന്നറിയപ്പെടുന്ന ക്ഷേത്രം വിശ്വാസമനുസരിച്ച് സരസ്വതീദേവിയുടെ സാന്നിധ്യം അനുഭവപ്പെടുന്ന കേരളത്തിലെ ഏകക്ഷേത്രമാണ്. അതിനാല്‍  ദുര്‍ഗാഷ്ടമിയും മഹാനവമിയുമൊഴിച്ച് വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും ആദ്യാക്ഷരം കുറിക്കാന്‍ എത്തുന്നവരുടെ തിരക്കുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റിയും ദേവസ്വം മാനേജരുമായ കെ.എന്‍. നാരായണന്‍ നമ്പൂതിരി പറയുന്നു.
എല്ലാ മാസവും 1500-ഓളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട് ക്ഷേത്രത്തില്‍. മഹാനവമിക്കാലത്ത് 5000-േലറെ കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുന്നു. വിശ്വാസത്തിന്റെയും ആരാധനയുടെയും ഇടം മാത്രമല്ല, നേരില്‍ക്കണ്ട് ആസ്വദിക്കേണ്ട ചരിത്രംകൂടിയുണ്ട് ക്ഷേത്രത്തിന്. പൊതുവേ അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇടമായ ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ ഇരുന്ന് അക്ഷരം കുറിക്കാനും കലാപരിപാടികള്‍ക്ക് അരങ്ങ് കുറിക്കാനും നാനായിടങ്ങളില്‍നിന്നും ആളുകളെത്തുന്നു.
  
മുഖ്യപ്രതിഷ്ഠ മഹാവിഷ്ണു
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന് മഹാവിഷ്ണുവിന്റെതാണ്. വിഷ്ണുവിനും സരസ്വതിക്കും തുല്യ പ്രാധാന്യമാണ് ഇവിടെയുള്ളത്.  ആദ്യം ദര്‍ശനം നടത്തേണ്ടത് മഹാവിഷ്ണുസന്നിധിയിലാണ്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ചതുര്‍ബാഹുവായ ഭഗവാന്റെ തൃക്കൈകളില്‍ ശംഖചക്രഗദാപദ്മങ്ങളുണ്ട്.

ഇവിടെ നിന്ന് പടികള്‍ ഇറങ്ങിച്ചെല്ലുന്നത് സരസ്വതീ സന്നിധിയിലാണ്. വിഷ്ണുക്ഷേത്രത്തിന് തെക്കുമാറി താഴെയൊരു കുളക്കരയിലാണ് സരസ്വതീദേവി കുടിയിരിക്കുന്നത്. പതിവ് ക്ഷേത്രസങ്കല്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നുമില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടര്‍പ്പുമാണുള്ളത്. ഈ വള്ളിപ്പടര്‍പ്പിനകത്താണ് വിദ്യാദേവതയും സര്‍വാഭീഷ്ട വരദായിനിയുമായ സരസ്വതീദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരേ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കര്‍മങ്ങളും നടത്തുന്നത്. വിഷ്ണുപാദം തഴുകുന്ന ഗംഗാനദിയെപ്പോലെ ഇവിടെയും വിഷ്ണുപാദത്തില്‍നിന്നാണ് സരസ്വതീസവിധത്തിലേക്ക് തീര്‍ഥജലം ഒഴുകിയെത്തുന്നത്. മൂലവിഗ്രഹത്തിന്റെ കാല് തഴുകി വരുന്ന തീര്‍ഥജലം ഒരിക്കലും വറ്റാറില്ല. പനച്ചിക്കാട് എന്ന പേര് അന്വര്‍ഥമാക്കുന്ന, സരസ്സില്‍ വസിക്കുന്ന വിധമാണ് സരസ്വതീദേവിയുടെ സാന്നിധ്യം. വള്ളിപ്പടര്‍പ്പും അതിനുള്ളില്‍ കാണുന്ന തെളിനീരുറവയും ദിവ്യമാണെന്നാണ് വിശ്വാസം. പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഇവിടെനിന്നാണ്. മൂലവിഗ്രഹത്തെ പൊതിഞ്ഞുനില്‍ക്കുന്ന വള്ളി മറ്റെവിടെയും കാണാത്ത സരസ്വതീലതയാണെന്നാണ് വിശ്വാസം. ഇവിടെനിന്ന് പ്രധാനമായി കിട്ടുന്നത് കുങ്കുമപ്രസാദമാണ്. 

placeholder
ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങൾ

മതിലിന് മുകളിലായി മണ്ണില്‍ തയ്യാറാക്കിയ ഇടം. അവിടെ മണ്ണില്‍ അക്ഷരം കുറിക്കുന്നു പലരും. പല പ്രായത്തിലുള്ളവര്‍ സരസ്വതീദേവിയെ മനസ്സില്‍ ധ്യാനിച്ച് ഒരുനിമിഷം മണ്ണില്‍ കോറിയിടുന്നു. ''ഓം ഗണപതായേ നമഃ അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമഃ''... ശേഷം ''അ... ആ... ഇ... ഈ''
''എ.ബി.സി.ഡി എന്നെഴുതിക്കോളൂ'' കുമ്പനാടുനിന്നുവന്ന കൊച്ചുമകളോട് അമ്മൂമ്മ പറയുന്നു. അമേരിക്കയില്‍ നിന്ന് അവധിക്കെത്തിയ റൂഷ്‌ന  ഇംഗ്ലീഷ് അക്ഷരങ്ങള്‍  മണ്ണില്‍ കുറിക്കുന്നു.
സരസ്വതീനടയ്ക്കുശേഷം ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്ന ക്രമത്തില്‍ വേണം  ദര്‍ശനം നടത്താന്‍. സരസ്വതീക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് മുകളിലായി ഇലഞ്ഞിയും ഏഴിലം പാലയും തഴച്ചുവളര്‍ന്നയിടത്ത്  മൂലബിംബത്തിന് കാവലായി യക്ഷി കുടികൊള്ളുന്നു. അടുത്തുതന്നെ ബ്രഹ്മരക്ഷസ്സും. 

ഐതിഹ്യം
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പനച്ചിക്കാട് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥയിങ്ങനെയാണ്: ഈ ക്ഷേത്രത്തില്‍ ആദ്യം മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഇവിടെ മൂന്ന് ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. കിഴുപ്പുറം, കരുനാട്, കൈമുക്ക്. ആ മൂന്ന് കുടുംബക്കാര്‍ക്കായിരുന്നു ക്ഷേത്രത്തില്‍ ഊരായ്മസ്ഥാനം. ഇതില്‍ കിഴുപ്പുറത്തില്ലത്തെ ഒരു നമ്പൂതിരിക്ക് പ്രായമേറെച്ചെന്നിട്ടും പുരുഷസന്താനമില്ല. സങ്കടപ്പെട്ട അദ്ദേഹം ഗംഗാസ്‌നാനത്തിനായി പുറപ്പെട്ടു. പോകുന്നവഴിയില്‍ അദ്ദേഹം കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലും ദര്‍ശനംനടത്തി. കുറച്ചുദിവസം പരാശക്തിയെ ഭജിച്ച് അവിടെ ചെലവഴിച്ചു. അവസാനദിവസം രാത്രി ദേവിയുടെ സ്വപ്‌നദര്‍ശനമുണ്ടായി. അതില്‍ ജഗദംബിക ഇങ്ങനെ പറഞ്ഞു: ''അല്ലയോ ഭക്താ, നീ നാളെത്തന്നെ സ്വദേശത്തേക്ക് മടങ്ങണം. നാട്ടിലെ കരുനാട്ടില്ലത്തെ അന്തര്‍ജനം ഗര്‍ഭിണിയാണ്. അവര്‍ക്ക്  രണ്ട് ഉണ്ണികളുണ്ടാകും. അവരിലൊന്നിനെ നീ ദത്തെടുത്ത് വളര്‍ത്തണം.'' ഈ സ്വപ്‌നത്തില്‍ പൂര്‍ണമായും വിശ്വസിച്ച നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് മൂകാംബികാദേവിയെ വന്ദിച്ച് നാട്ടിലേക്ക് മടങ്ങി.

മടങ്ങിയെത്തിയ കിഴുപ്പുറം നമ്പൂതിരി സംഭവങ്ങള്‍ മുഴുവന്‍ കരുനാട്ട് നമ്പൂതിരിയെ അറിയിച്ചു. കഥകേട്ട കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികളുണ്ടായാല്‍ ഒന്നിനെ ദാനംചെയ്യാമെന്ന് ഉറപ്പുനല്‍കി. സന്തോഷവാനായ കിഴുപ്പുറം നമ്പൂതിരി ഉടനെ മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുളത്തിലെത്തി തന്റെ ഓലക്കുട കരയില്‍ വെച്ചശേഷം കുളിച്ചു. കുളികഴിഞ്ഞ് കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അനങ്ങുന്നില്ല. അപ്പോള്‍ ഒരു ദിവ്യപുരുഷന്‍ പ്രത്യക്ഷപ്പെട്ടു നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു: ''അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, സാക്ഷാല്‍ ആദിപരാശക്തിയായ മൂകാംബികാദേവി അങ്ങയുടെ കുടയില്‍ കുടികൊണ്ടിരിക്കുന്നു. അതിനാല്‍ ഭഗവതിയെ ഈ കുടയില്‍ നിന്നാവാഹിച്ച് തൊട്ടടുത്ത കാട്ടില്‍ കാണപ്പെടുന്ന വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ പൂജിച്ചിരുന്ന ദേവിയുടെ ശിലാവിഗ്രഹത്തില്‍ കുടിയിരുത്തണം. എന്നാല്‍ ഇന്നത് പൂജിക്കാന്‍ ശക്തിയുള്ളവരാരുമില്ല. അതിനാല്‍ അതിനുനേരേ പടിഞ്ഞാട്ട് അഭിമുഖമായി മറ്റൊരു അര്‍ച്ചനാബിംബം കൂടി പ്രതിഷ്ഠിച്ച് അതില്‍ പൂജയും നിവേദ്യവും നടത്തിവേണം മൂലപ്രതിഷ്ഠയെ വന്ദിയ്ക്കാന്‍.''

placeholder
നാഗദൈവങ്ങൾക്ക് മുന്നിൽ

 മൂലവിഗ്രഹത്തിന് കാവലായി നില്‍ക്കുന്ന യക്ഷിയെ പ്രീതിപ്പെടുത്താതെ ബിംബം എടുക്കാനാകില്ലെന്നും അതിനായി കുറച്ച് തരിപ്പൊടി (വറപ്പൊടി) യും ശര്‍ക്കരയും കരിക്കുംകൂടി നിവേദിക്കാനും നിര്‍ദേശിച്ച് ആ ദിവ്യന്‍ മറഞ്ഞു. ഈ ദിവ്യവചസ്സുകളുടെ സാക്ഷാത്കാരമായിട്ടാണ് പനച്ചിക്കാട് സരസ്വതീസാന്നിധ്യമുണ്ടായിട്ടുള്ളതും ക്ഷേത്രാചാരക്രമം ആരംഭിച്ചതുമെന്നുമാണ് ക്ഷേത്രപ്പഴമയില്‍നിന്ന് അറിയാന്‍ കഴിയുക. ക്ഷേത്രത്തില്‍ വലംവെച്ച് തൊഴുമ്പോള്‍ ഈ ഐതിഹ്യം ഓര്‍ത്ത് പോകുന്നു.  മനസ്സില്‍ വിദ്യാദേവത നിറയുന്നു. അടുത്ത ഒരു വര്‍ഷം പേനയില്‍ അക്ഷരമായും മനസ്സില്‍ കലകളായും സരസ്വതി നിറയട്ടെ എന്ന പ്രാര്‍ഥനയോടെയാണ് എല്ലാവരുടെയും മടക്കം.
 
പ്രധാനവഴിപാട്
സാരസ്വതം നെയ്യാണ് പ്രധാന വഴിപാടുകളില്‍ ഒന്ന്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാംവണ്ണം ജപിച്ച് നല്‍കുന്നതാണ്. സരസ്വതിക്കും മഹാവിഷ്ണുവിനും അരവണ, ത്രിമധുരം. യക്ഷിക്ക് വറ. രക്ഷസ്സിന് പാല്‍പ്പായസം. ശാസ്താവിന് തേങ്ങ ചേര്‍ത്ത നിവേദ്യം. ശിവന് ധാര, കൂവളമാല. ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയും പ്രധാന വഴിപാടുകളാണ്. സരസ്വതിക്ക് സാരസ്വത സൂക്താര്‍ച്ചനയും വിഷ്ണുവിന് പുരുഷ സൂക്താര്‍ച്ചനയും. രാവിലെ അഞ്ച് മുപ്പത് മുതല്‍ പതിനൊന്ന് മണിവരെയും വൈകീട്ട് അഞ്ച് മണിമുതല്‍ ഏഴ് മുപ്പത് വരെയുമാണ് നടതുറക്കുക.

ഇക്കുറി ഒക്ടോബര്‍ മൂന്നുമുതല്‍ നവരാത്രി ആഘോഷത്തിന് തുടക്കമാകും. ഒക്ടോബര്‍ 13 വരെ 11 ദിവസമായി നീളുന്നതാണ് ആഘോഷം. പൂജവെപ്പ് പത്തിന് വൈകീട്ടാണ്.  പത്തിന്  വൈകീട്ട് അഷ്ടമി തുടങ്ങുന്നതിനാല്‍ അന്ന് പൂജവെച്ച് 12ന് മഹാനവമി. പതിമ്മൂന്നിനാണ് വിജയദശമി. അന്നാണ് പൂജയെടുക്കുന്നതും ആദ്യക്ഷരം കുറിക്കുന്നതും. വെളുപ്പിന് നാലിന് ക്ഷേത്രപൂജയ്ക്കുശേഷം എഴുത്തിനിരുത്ത് തുടങ്ങും. വൈകീട്ട് നാലുവരെ അവസരമുണ്ട്. ആദ്യക്ഷരം കുറിക്കുന്നതിന് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് അവസരമുണ്ട്.

വഴി
ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയില്‍ എം.സി. റോഡില്‍ ചിങ്ങവനത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. കോട്ടയം നഗരത്തില്‍ നിന്ന് പതിനെട്ടുകിലോമീറ്റര്‍ ദൂരം. 
അടുത്ത റെയില്‍വേസ്റ്റേഷന്‍: ചിങ്ങവനം (നാല് കിലോമീറ്റര്‍). പ്രധാന റെയില്‍വേ സ്റ്റേഷന്‍: കോട്ടയം (18 കിലോമീറ്റര്‍).