മഥുര, വൃന്ദാവന്‍, ഗോകുലം ഈ മൂന്നു സ്ഥലങ്ങളും ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. മഥുരയിലാണ് ശ്രീകൃഷ്ണന്റെ ജനനമെങ്കില്‍ വൃന്ദാവനത്തിലും ഗോകുലത്തിലുമായിട്ടാണ് ഭഗവാൻ ബാല്യവും യൗവ്വനവും ചിലവഴിച്ചത്. എന്നാല്‍ ഈ മൂന്നു സ്ഥലങ്ങളിലും പോകണമെന്നോ അവിടെ നടന്നുകാണണമെന്നോ ഒരിക്കല്‍ പോലും മനസ്സില്‍ തോന്നിയിട്ടില്ല. ലഖ്നൗവില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന യാത്ര, വാരാണസിയിൽ, ആ സമയത്തെ ആള്‍ത്തിരക്ക് പേടിച്ച് മാറ്റിവെക്കാമെന്ന് കരുതി. നാലഞ്ച് ദിവസം വെറുതെ ലഖ്നൗവില്‍ ഇരിക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു ചടപ്പ്. ഉത്തര്‍പ്രദേശില്‍ മറ്റെവിടെ പോകും എന്ന ആലോചന ചെന്നെത്തിയത് മഥുരയിലാണ്. ചില യാത്രകള്‍ അങ്ങനെയാണ്. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങള്‍ നമ്മളെ അങ്ങ് വിളിക്കും.

മഥുരയിലെത്തി നേരെ പോയത് ശ്രീകൃഷ്ണജന്മഭൂമിയിലേക്കാണ്. വഴിനീളെ കച്ചവടക്കാര്‍ തുളസിമാലകള്‍ വില്‍ക്കുന്നു. എങ്ങും കേള്‍ക്കുന്നത് 'രാധേ രാധേ' വിളികൾ മാത്രം. അവിടെ മനുഷ്യര്‍ നേരിൽ കാണുമ്പോള്‍ ആദ്യം പറയുന്നതും 'രാധേ രാധേ' എന്നാണ്. പുരിയില്‍ 'ജയ് ജഗന്നാഥ്', കാശിയില്‍ 'ഹര്‍ ഹര്‍ മഹാദേവ്', ഉജ്ജയിനിയില്‍ 'ജയ് മഹാകാല്‍' പോലെ വൃന്ദാവനത്തിലും മഥുരയിലും 'രാധേ... രാധേ!' ഒരുപക്ഷേ മറ്റൊരു നാമം സ്മരിച്ചുകൊണ്ട് ഭാഗവാനിലേക്കെത്തുന്ന രീതി അവിടെ മാത്രമേ കാണൂ! രാധാനാമം സ്മരിക്കുന്നതാണ് ഭഗവാന്‍ കടാക്ഷിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം എന്നാണ് അവിടെയുള്ളവരുടെ വിശ്വാസം. ഭഗവാന്‍ തന്റെ നാമം കേള്‍ക്കുന്നതിലും കൂടുതല്‍ രാധയുടെ നാമമാണ് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്  എന്നത് എത്ര മനോഹരമായ സങ്കല്പമാണ്.

ഇതൊക്കെ ചിന്തിച്ചുനടന്ന് ജന്മഭൂമിയിലെത്തി. പ്രതീക്ഷിച്ച പോലെതന്നെ ഫോണ്‍ ലോക്കറില്‍ വെക്കേണ്ടി വന്നു. ഭഗവാന്‍, ദേവകിയുടെ മകനായി അമ്മാവന്‍ കംസന്റെ കാരാഗൃഹത്തില്‍ ജനിച്ച സ്ഥലം. അതാണ് ശ്രീകൃഷ്ണ ജന്മഭൂമി. എന്നാൽ, ഭക്തി എന്ന വികാരത്തിനപ്പുറം പാര്‍ക്കില്‍ വന്നൊരു പ്രതീതിയാണ് അവിടെയെത്തിയപ്പോൾ. പത്തു രൂപ കൊടുത്തു ഗുഹയില്‍ കൂടി കയറിയിറങ്ങുക, ദേവകിയുടെയും വസുദേവരുടെയും ചലിക്കുന്ന അത്യാധുനിക പ്രതിമകള്‍... 2500 വര്‍ഷത്തോളം പഴക്കമുള്ള അതിപുരാതന നഗരത്തെയാണ് ആരൊക്കെയോ ചേര്‍ന്നിങ്ങനെ കോലം കെട്ടിച്ചിരിക്കുന്നത്. അധികനേരം അവിടെ നില്‍ക്കാതെ ഞാന്‍ പുറത്തേക്കിറങ്ങി.

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ കടകളിലും പേടകള്‍ കൂനകൂട്ടി വെച്ചിട്ടുണ്ട്. മഥുരയില്‍ ഭഗവാന്റെ ഇഷ്ടഭോജ്യമാണ് പേട. 2023-ല്‍ GI ടാഗ് മഥുര പേടയ്ക്ക് ലഭിക്കുകയും ചെയ്തു. മഥുര പേടകള്‍ക്ക് ഏറ്റവും പ്രസിദ്ധമായ കട 'ബ്രിജ്‌വാസി സ്വീറ്റ്‌സ്' ആണ്. ശ്രീകൃഷ്ണന്‍ ചെറുപ്പകാലം ചിലവഴിച്ച സ്ഥലങ്ങളായ വൃന്ദാവനം, ഗോകുലം, മഥുര, ബര്‍സാന തുടങ്ങിയ സ്ഥലങ്ങളെ ഒന്നിച്ചു വിളിക്കുന്ന പേരാണ് ബ്രിജ്ഭൂമി അഥവാ ബ്രജ്ഭൂമി. അവിടെ സ്ഥിരതാമസമാക്കിയവരെ ബ്രിജ്‌വാസി എന്നു പറയും. ഉള്ളത് പറഞ്ഞാല്‍ ഇവരില്‍ പലര്‍ക്കും അതിന്റെ ഒരു ഹുങ്ക് ഇന്നുമുണ്ട്. ബ്രിജ്‌വാസി സ്വീറ്റ്‌സിലെത്തി പേടയുണ്ടാക്കുന്നതുകണ്ടു. രണ്ടു പെട്ടി പേടയും വാങ്ങി ബില്ലിംഗ് കൗണ്ടറില്‍ എത്തി. ഒരു അച്ഛനും മകനും ഇരിക്കുന്നു. മകന്‍ നല്ല പൂച്ചക്കണ്ണൊക്കെയുള്ള ഒരു കൊച്ചുപയ്യന്‍. വളരെ ഹൃദ്യമായി സംഭാഷണം മുന്നോട്ട് പോയി.

പെട്ടെന്ന് അച്ഛന്‍ ചോദിച്ചു, 'നിങ്ങള്‍ ദില്ലിയില്‍ നിന്നാണോ?'
'അല്ല. കേരളത്തില്‍ നിന്നാണ്.'
'ഓ കേരള!' പെട്ടെന്നയാളുടെ ഭാവമൊക്കെ ഒന്നു മാറി. 'നിങ്ങള്‍ ബീഫ് കഴിക്കുമല്ലേ?' ചോദ്യങ്ങള്‍ എങ്ങോട്ടാണെന്ന് എനിക്ക് അപ്പൊ തന്നെ മനസിലായി.
'പിന്നെ! എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ബീഫ്.' ഞാനും വിട്ടുകൊടുത്തില്ല.
‘നിങ്ങള്‍ ഹിന്ദുവാണോ?'
'അതേ' നീയൊക്കെ എവിടുത്തെ ഹിന്ദു ആണ് എന്ന രീതിയില്‍ മൂപ്പര് എന്നെയൊരു നോട്ടം നോക്കി! പിന്നെ തുടര്‍ന്നു. 'ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ വന്നിരുന്നു. മൂന്നാറില്‍. അന്ന് എനിക്കൊരു ആലൂ പറാത്ത കിട്ടാതെ ഞാന്‍ വല്ലാതെ വലഞ്ഞു. ഒരു സ്ഥലത്തും നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം കിട്ടില്ല!'
'ഞാന്‍ ഇവിടെ വന്നിട്ട് എനിക്ക് ഇഡ്ഡലി വേണമെന്ന് പറഞ്ഞ് വാശിപിടിച്ചാല്‍ എങ്ങനെയിരിക്കും? ആലൂ പറാത്ത മാത്രമേ നിങ്ങള്‍ കഴിക്കു എങ്കില്‍ ബുദ്ധിമുട്ടായിരിക്കും.'
'അവിടെ ഞാന്‍ ഒരു ഹോട്ടലിലെ തീന്മേശയില്‍ പന്നിയുടെ തല പാകം ചെയ്തു വെച്ചിരിക്കുന്നത് കണ്ടു.' എന്റെ പെരുവിരലില്‍ നിന്ന് അരിശം കയറി. അയാളുടെ മകന്‍ നാണക്കേട് കൊണ്ട് തലതാഴ്ത്തി ഇരുന്നു.
'ഏത് ഹോട്ടലില്‍ ആണ്?'
'അതോര്‍മയില്ല.'
'ഓര്‍മയില്ലാത്തതല്ല, അങ്ങനെ ഒന്നു നിങ്ങള്‍ കണ്ടിട്ടില്ല. അതാണ് സത്യം.' അയാള്‍ ഒന്നും മിണ്ടിയില്ല

'നിങ്ങള്‍ എന്തു നന്നായിട്ടാണ് ഹിന്ദി സംസാരിക്കുന്നത്! സൗത്തില്‍ ചെന്നാല്‍ ആരും ഹിന്ദി സംസാരിക്കില്ല.'

'നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാമല്ലോ.'

അയാളുടെ മകന്‍ അപ്പോളേക്കും അച്ഛനെ വിലക്കി. ഞാന്‍ എടുത്തു വെച്ച പേട അതേപോലെ മടക്കിക്കൊടുത്ത് തൊട്ടടുത്ത കടയില്‍ നിന്ന് വാങ്ങി. നമ്മള്‍ ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളില്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചു വാചാലര്‍ ആണ്. എന്നാല്‍ നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ തെക്കുള്ളവര്‍ക്ക് വടക്കുള്ളവരെ പുച്ഛം, വടക്കുള്ളവര്‍ക്ക് തെക്കുള്ളവരെ പുച്ഛം! നമ്മള്‍ മലയാളികള്‍ ഇതിലൊന്നും പെടില്ല എന്നൊക്കെ തള്ളി വിടുന്നവരാണ് വടക്കു നിന്നു വരുന്ന എല്ലാ തൊഴിലാളികളെയും 'ബംഗാളി' എന്നു വിളിക്കുന്നതും.

വൈകിട്ട് ഗോകുലത്തിലേക്ക് പോകാമെന്നു ഉറപ്പിച്ചു തിരികെ മുറിയിലെത്തി അല്പം വിശ്രമിച്ചു. യാത്രക്ഷീണം ഉള്ളതുകൊണ്ട് സ്‌കൂട്ടര്‍ വൈകുന്നേരം എടുക്കണ്ട എന്നു തീരുമാനിച്ച് ഓട്ടോ ഏര്‍പ്പാടാക്കി. കൃത്യം 4 മണിക്ക് ഓട്ടോക്കാരന്‍ ഹാജര്‍. കിശന്‍ ഭയ്യ. മൂപ്പര് ബിഹാര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ഇവിടെയാണ് താമസം. മഥുരയില്‍ നിന്ന് ഗോകുലത്തിലേക്ക് പോകുന്ന വഴി ഒരു പാലത്തില്‍ കിഷന്‍ ഭയ്യ നിര്‍ത്തി. ശേഷം ചില്ലറ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടിയപ്പോള്‍ മൂപ്പര് തന്റെ കൈയ്യിലുള്ള രണ്ട് നാണയം തന്നു. പുറത്തേക്കിറങ്ങിയപ്പോള്‍ മുന്നില്‍ കുത്തിയോഴുകുന്ന യമുന. ഇരുവശങ്ങളിലായി മഥുരയും ഗോകുലവും.

'ഈ നദി നീന്തിയാണ് വസുദേവര്‍ ഭഗവാനെയും കൊണ്ട് ഗോകുലത്തില്‍ എത്തിയത്. ഇവിടെ ചില്ലറയിട്ട് പ്രാര്‍ത്ഥിച്ചാല്‍ അച്ഛനും അമ്മയ്ക്കും അസുഖങ്ങളൊന്നും വരില്ല.'

എന്റെ അച്ഛന്‍ മരണപ്പെട്ട കാര്യമൊന്നും പറയാന്‍ തോന്നിയില്ല. ഞാന്‍ അച്ഛനെയും അമ്മയെയും സ്മരിച്ച് നല്ലപോലെ പ്രാര്‍ത്ഥിച്ച് ചില്ലറ നദിയിലെക്കെറിഞ്ഞു. അല്‍പനേരം ഇങ്ങനെ കുത്തിയോഴുകുന്ന യമുനാനദി നോക്കി നിന്നു. അമ്മൂമ്മ മുന്‍പ് പറഞ്ഞ കഥകളിലൂടെ കുഞ്ഞിലേ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ കഥയാണ് പേമാരിയില്‍ വസുദേവര്‍ മകനെ കൊട്ടയിലേറ്റി ശിരസ്സില്‍ വഹിച്ച് യമുന കടക്കുന്നത്. മനസ്സില്‍ എന്തെല്ലാമോ മാറി മാറി വന്നു. അറിയാതെ കണ്ണൊന്നു നിറഞ്ഞു.

ഗോകുലത്തിലേക്ക് അടുക്കുന്തോറും വഴി വളരെ മോശമായി തുടങ്ങി. ആദ്യം പോയത് 'രമണ്‍ രേതി'യിലേക്കാണ്. അവിടെയാണ് ഭഗവാന്‍ മണ്ണ് വാരിക്കളിച്ചത് എന്നാണ് വിശ്വാസം. എല്ലാവരും സന്തോഷത്തില്‍ ആടുന്നു, പാടുന്നു. സ്ത്രീകള്‍ പരസ്പരം കൈകോര്‍ത്ത് താളത്തില്‍ കറങ്ങുന്നു. നമ്മുടെ നാട്ടിലൊന്നും അധികം പരിചിതമല്ലാത്ത ഭക്തിയുടെ മറ്റൊരു ഭാവം-ആനന്ദം! കണ്ടു നില്‍ക്കാന്‍ നല്ല രസമായിരുന്നു. അങ്ങനെ വെറുതെ നില്‍ക്കെ, പെട്ടെന്നൊരു സ്ത്രീ എന്റെ കൈ പിടിച്ചു വലിച്ച് അവരുടെ കൂട്ടത്തില്‍ കൂട്ടി. യാതൊരു പരിചയവുമില്ലാത്ത ഒരു പറ്റം സ്ത്രീകളുടെ കൂടെ ഞാനും ചുവടു വെച്ചു, അവരിലൊരാളായി.

കുറച്ചു മുന്‍പോട്ട് പോയപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും മണ്ണില്‍ കളിക്കുകയാണ്. ഭഗവാന്റെ ലീലാവിലാസങ്ങള്‍ കണ്ട മണ്ണല്ലേ! കുഞ്ഞുങ്ങളെ പോലെ എല്ലാവരും പരസ്പരം മണ്ണ് വാരിയെറിയുകയും, മണ്ണില്‍ വീടുപണിഞ്ഞു കളിക്കുകയും ചെയ്യുന്നു! ആറും അറുപതും ഒരുപോലെ!

അവിടുന്ന് നേരെ ഇറങ്ങി നന്ദ ഭവനിലേക്ക് പോയി. ശ്രീകൃഷ്ണന്റെ വളര്‍ത്തച്ഛന്‍ നന്ദഗോപരുടെ വീട്- അതായത്, കുഞ്ഞിക്കണ്ണന്റെ വീട്. കുഞ്ഞു കൃഷ്ണനെ വെണ്ണ കട്ടതിനു കെട്ടിയിട്ട തൂണും, കൃഷ്ണന്‍ കളിച്ച നിലവുമെല്ലാം അവിടെ കാണാം. കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുന്ന ദമ്പതികള്‍ ഇവിടുത്തെ മരങ്ങളില്‍ തൊട്ടിൽ കെട്ടുന്നത് സ്ഥിരം കാഴ്ചയാണ്.

നന്ദ ഭവനത്തിന്റെ തൊട്ടടുത്താണ് ബ്രഹ്‌മാണ്ഡ് ഘാട്ട്. മണ്ണു വാരിത്തിന്ന ഭാഗവാനോട് വാ തുറക്കാന്‍ യശോദ നിര്‍ബന്ധിച്ചു. കുഞ്ഞുവായ തുറന്നപ്പോള്‍ ആ വായക്കുള്ളില്‍ ബ്രഹ്‌മാണ്ഡം മുഴുവന്‍ യാശോദ കണ്ടു എന്നാണ് കഥ. ഈ കഥ നടന്നത് ബ്രഹ്‌മാണ്ഡ് ഘാട്ടില്‍ വെച്ചാണ്. ശാന്തസുന്ദരമായ സ്ഥലം. നടുക്കൊരു വലിയ മരമുണ്ട്. ചിലരൊക്കെ ആ മരത്തില്‍ ചുവന്ന തുണി കെട്ടുന്നുണ്ട്. ഈ തുണി വില്‍ക്കാന്‍ കുറേ മുത്തശ്ശിമാര്‍ പലരുടെയും പിന്നാലെ നടക്കുന്നു. ഞാന്‍ ഈ തിരക്കിലൊന്നും പെടാതെ ആ പടവുകളിലിരുന്നു. ഏകദേശം സൂര്യന്‍ അസ്തമിക്കാറായി. ഞാനും എന്റെ ചിന്തകളും യമുനാനദിയും മാത്രം…

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi