''ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോല മേഘമായി''
വെളുത്ത ജുബ്ബയണിഞ്ഞ് വീണയേന്തി നായികയുടെ ഉമ്മറത്തിരുന്ന് ഗന്ധര്‍വ്വന്‍ പാടി. ചിത്രശലഭമാകാനും മേഘമലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാകാനും കഴിയുന്ന ഗന്ധര്‍വ്വന്‍. പദ്മരാജന്റെ 'ഞാന്‍ ഗന്ധർവൻ' എന്ന ചലച്ചിത്രവിസ്മയത്തിലൂടെയാണ് മലയാളി നിധീഷ് ഭരദ്വാജ് എന്ന നടനെ അടുത്തറിയുന്നത്. ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് ഗന്ധര്‍വനായി തീര്‍ന്ന നിധീഷ് ഭരദ്വാജിന്റെ അഭിനയജീവിതവും രാഷ്ട്രീയജീവിതവും സംഭവബഹുലമാണ്.
അഭ്രപാളിയിലെ അതിമാനുഷികന്‍ യഥാര്‍ഥ ജീവിതത്തില്‍ വെറ്ററിനറി സര്‍ജനാണ്. ഡോക്ടറായി മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ മറാത്തി നാടകലോകത്തേക്ക് നിതീഷ് എത്തിച്ചേര്‍ന്നു. സുഹൃത്തും സംവിധായകനുമായ രവി ബസ്വാനി നിതീഷിനെ ഹിന്ദി നാടകവേദികളില്‍ പരിചയപ്പെടുത്തി. അങ്ങനെയാണ് ബോളിവുഡ് നിതീഷിനെ ശ്രദ്ധിക്കുന്നത്.
'ചക്രവ്യൂഹ്' എന്ന നാടകത്തില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതാണ് നിതീഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1988-ല്‍ ബി.ആര്‍. ചോപ്ര മഹാഭാരതം സീരിയല്‍ നിര്‍മിച്ചപ്പോള്‍ കൃഷ്ണനായി തിരഞ്ഞെടുത്തത് നിതീഷിനെയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റ് സീരിയല്‍. കൃഷ്ണന്റെ ദിവ്യത്വവും കുസൃതിയും കാമുകഭാവവും പകര്‍ത്തിയ നിതീഷിനെ ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തെ കൃഷ്ണനായി ആരാധകര്‍ വാഴ്ത്തിത്തുടങ്ങി.
സുന്ദരമായ മുഖവും മധുരമായ ശബ്ദവും അദ്ദേഹത്തെ സ്‌ക്രീനില്‍ ദൈവമാക്കുകയായിരുന്നു. 2000-ല്‍ ബി.ആര്‍. ചോപ്ര 'വിഷ്ണുപുരാണ്‍' സീരിയല്‍ അവതരിപ്പിച്ചപ്പോള്‍ വിഷ്ണുവായും പല അവതാരങ്ങളായും നിതീഷ് സ്‌ക്രീനില്‍ നിറഞ്ഞു. 2001-ല്‍ നിതീഷ് ശ്രീരാമനായി ടെലിവിഷനിലെത്തിയപ്പോള്‍ സ്മൃതി ഇറാനി സീതയായി.
സിനിമയുടെ അരങ്ങിലും നിതീഷ് നിറസാന്നിധ്യമായിരുന്നു. മറാത്തി സിനിമയിലൂടെയായിരുന്നു തുടക്കം. നായകനായി പല ഹിറ്റുകളും വന്നു. അവിടെയും സീരിയലിലും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് പദ്മരാജന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. നിതീഷിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമകൂടി ചെയ്യാന്‍ പദ്മരാജന് ആഗ്രഹമുണ്ടായിരുന്നു. അതിനുമുന്‍പ് അദ്ദേഹത്തെ മരണം കൊണ്ടുപോയി.

ടിവി സീരിയലുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള നിതീഷ് 2013-ല്‍ സിനിമാ സംവിധായകനായി. 'പിത്രുവോന്‍' എന്ന ആദ്യ സിനിമ നിരവധി അംഗീകാരങ്ങളാണ് നിതീഷിന് നേടിക്കൊടുത്തത്. ഇപ്പോള്‍ ബോളിവുഡിലും വെബ് സീരീസുകളിലും അദ്ദേഹം അഭിനയിക്കുന്നു.
ബിജെപിയുടെ മുഖമായിരുന്നു നിതീഷ് ഭരദ്വാജ്. ടെലിവിഷനിലൂടെ അദ്ദേഹത്തെ ദൈവമായി കണ്ടുശീലിച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ വോട്ട് ചെയ്യാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. 1996-ല്‍ ജംഷെദ്പൂരില്‍ നിന്ന് ലോക്‌സഭാംഗമായി. അടുത്ത തെരഞ്ഞെടുപ്പില്‍ പക്ഷേ തോല്‍വിയായിരുന്നു ഫലം. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനി നിതീഷ് രാഷ്ട്രീയത്തില്‍നിന്ന് അകലാന്‍ തീരുമാനിച്ചു. നിതീഷ് രാഷ്ട്രീയത്തോട് വിട പറഞ്ഞതില്‍ പിന്നെയാണ് അദ്ദേഹത്തിന്റെ നായികയായിരുന്ന സ്മൃതി ഇറാനി അതേ പാര്‍ട്ടിയുടെ മുഖ്യധാരാ നേതാവായി ഉയര്‍ന്നുവന്നത്. രണ്ട് മോദി സര്‍ക്കാരിലും സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായിരുന്നു.
Content Highlights: nitish bharadwaj is veterinary surgeon turned actor and politician
Published: 02 Jun 2025, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented