
ഏറെനാളായി കൊതിയോടെ കാത്തിരുന്നതാണ് ഇങ്ങനെയൊരു യാത്ര. മസിനഗുഡിവഴി ഊട്ടിയിലേക്ക്. അവിടെനിന്ന് മലമേടുകളുടെ ഭൂമികയായ കൊത്തഗിരിയിലേക്ക്. മൂന്ന് സംസ്ഥാനങ്ങളിലെ, മൂന്ന് വന്യജീവിസങ്കേതങ്ങളിലൂടെയുള്ള ഈ യാത്രയില്‍, കേരളത്തിന്റെ മുത്തങ്ങയും കര്‍ണാടകയുടെ ബന്ദിപ്പുരും തമിഴ്നാടിന്റെ മുതുമലയും കയറിവരും. വളഞ്ഞവഴി തിരഞ്ഞെടുക്കുകയായിരുന്നു യാത്രയില്‍ പുതുമയുണ്ടാക്കാന്‍ ഞങ്ങള്‍ ചെയ്തത്.
സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മുത്തങ്ങ വഴിയുള്ള യാത്ര അതിരാവിലെതന്നെ തുടങ്ങി. മുത്തങ്ങയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഒരു കുഞ്ഞന്‍ പിടിയാന വഴിയരികില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഭയവും സന്തോഷവും മനസ്സില്‍ നിറഞ്ഞു. കാട്ടിലൂടെ മൃഗങ്ങളെയും പക്ഷികളെയും അടുത്തുകാണാനായി കണ്ണുംനട്ടുള്ള യാത്രയില്‍ മനംകുളിര്‍ക്കെ ആസ്വദിക്കാന്‍ പലതരം വന്യജീവികള്‍ കണ്ണിലുടക്കിയിരുന്നു.
മുത്തങ്ങക്കാടിറങ്ങി ചെല്ലുന്നത് ഗുണ്ടല്‍പ്പേട്ടിലേക്കാണ്. അവിടെ യാത്രികരെയും കാത്ത് മഞ്ഞയണിഞ്ഞ സൂര്യകാന്തിപ്പാടങ്ങള്‍ കാണാം. കീടനിയന്ത്രണത്തിനുള്ള ജൈവികരീതിയാണ് മറ്റ് കൃഷികള്‍ക്കിടയിലെ ഈ സൂര്യകാന്തികള്‍. തേനീച്ചകള്‍ പറന്നുകളിക്കുന്ന ഈ മഞ്ഞപ്പാടങ്ങള്‍ നയനമനോഹരകാഴ്ചയാണ്. ആരെയോ സ്വപ്‌നംകണ്ട് സൂര്യകാന്തികള്‍ നാണംകുണുങ്ങി ആടിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തിവിട്ട് ബന്ദിപ്പുര്‍ കാട്ടിലേക്ക് കയറി. മുത്തങ്ങയുടെ അത്രത്തോളം കാനനഭംഗി ഇവിടെയില്ലെന്ന് പറയാം. മാനും മയിലും മാത്രം ഞങ്ങളെ മുഖംകാണിക്കാന്‍ പാതയരികിലൂടെ നടന്നുവന്നു.
ഇനിയാണ് മസിനഗുഡി. തമിഴ്നാടിന്റെ മുതുമല കടുവസങ്കേതത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഈ വഴിയില്‍ ശ്രദ്ധിക്കേണ്ടത് ഇടയ്ക്കിടെ വരുന്ന ചെറിയ ഹമ്പുകളാണ്. വേഗമേറിയ വാഹനങ്ങള്‍ വന്യജീവികളുടെ സൈ്വരവിഹാരത്തെയും അവയുടെ ജീവനെത്തന്നെയും കവര്‍ന്നേക്കാം. അങ്ങനെയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലാണ് ഈ ചെറുവരമ്പുകള്‍. മാനുകളുടെ ഒരു സുനാമിതന്നെ അവിടെ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. താണ്ടിയ കാനനപാതയിലൊക്കെയും മാനുകളുടെ കൂട്ടത്തെ കണ്ടിട്ടുണ്ട്. അതൊക്കെയും അഞ്ചോ ആറോ കൂടിയാല്‍ പത്തുവരെ മാത്രമാണ്. എന്നാല്‍, ഇവിടെ ദേശീയഗാനം കഴിഞ്ഞ് കുട്ടികള്‍ സ്‌കൂള്‍വിട്ടിറങ്ങുംവിധം നൂറിലധികം മാന്‍പേടകള്‍ കണ്‍മുന്നിലൂടെ ഒഴുകുകയായിരുന്നു. അദ്ഭുതവും കൗതുകവും ആഹ്ലാദവും ചേര്‍ന്ന്, പൂരത്തിന് അമിട്ട് പൊട്ടിയ പ്രതീതി.
മസിനഗുഡി കഴിഞ്ഞ് മുളങ്കാടുകള്‍ കമാനം തീര്‍ത്ത പാലവും കടന്നുള്ള യാത്ര തുടര്‍ന്നു. മുപ്പത്താറ് ഹെയര്‍പിന്‍ വളവുകളുള്ള കല്ലട്ടിച്ചുരം കയറുന്നത് സാഹസികമാണ്. കയറ്റവും തുടരത്തുടരെയുള്ള വളവുകളും റോഡിന്റെ വീതിക്കുറവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ചുരം കഴിഞ്ഞ് കയറിച്ചെന്നത് ഉദഗമണ്ഡലത്തേക്കാണ്. അതെ, നമ്മുടെ ഊട്ടിയിലേക്ക്.
ഊട്ടിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത് റോസ് ഗാര്‍ഡനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും തടാകവും 'സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യ''നിശ്ചല്‍ കുമാറുമൊക്കെയായിരിക്കും. പക്ഷേ, ഞങ്ങള്‍ ഊട്ടി ടൗണിലൂടെ ചുമ്മാ കടന്നുപോവുകയായിരുന്നു. പ്രധാന ലക്ഷ്യസ്ഥാനം 'ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ്'എന്ന് വിളിക്കുന്ന കൊത്തഗിരിയാണ്. സുന്ദരമായ മലനിരകള്‍ തേയില പുതച്ച് പച്ചയണിഞ്ഞുകിടക്കുന്ന കൊത്തഗിരി സൗന്ദര്യം കൊണ്ടും കാലാവസ്ഥകൊണ്ടും ഊട്ടിയെക്കാള്‍ മനോഹരമാണ്.
ഊട്ടി ടൗണില്‍നിന്ന് മുപ്പതുകിലോമീറ്ററിനടുത്ത് ദൂരമുണ്ട് കൊത്തഗിരിയിലേക്ക്. സമുദ്രനിരപ്പില്‍നിന്ന് ആയിരത്തിഎഴുനൂറിലധികം ഉയരത്തിലാണ് ഈ പ്രദേശം. 'കൊത്ത' എന്ന ആദിവാസിവിഭാഗക്കാരുടെ പ്രദേശമായ ഈ മലനിരകള്‍ക്ക് 'കൊത്തഗിരി''എന്ന പേരുവന്നുവെന്ന് പറയപ്പെടുന്നു. കാലിവളര്‍ത്തലും തേയിലയും ശീതപച്ചക്കറികളുമാണ് പ്രധാനകൃഷിയും വരുമാനമാര്‍ഗവും. ടൗണില്‍നിന്ന് മാറി കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ അത്യാവശ്യം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇവിടെ ലഭ്യമാണ്.
കൊത്തഗിരിയിലെ പ്രധാന ആകര്‍ഷണസ്ഥലമായ കാതറിന്‍ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലാണ് താമസസൗകര്യം ഏര്‍പ്പാടുചെയ്തിരുന്നത്. അവിടേക്കുള്ള യാത്ര അതിസാഹസികമായിരുന്നു. തേയിലത്തോട്ടത്തിനുള്ളിലൂടെയുള്ള ചെങ്കുത്തായ കയറ്റവും 'എല്‍'ഷേപ്പ് വളവും കൂടെ കുത്തനെയുള്ള ഇറക്കവും ചേര്‍ന്ന, വീതി കുറഞ്ഞ റോഡ്. രാത്രിയോടെ അവിടെയെത്തി. തേയിലത്തോട്ടത്തിന് നടുവിലായാണ് താമസസ്ഥലം. നേരംപുലര്‍ന്നപ്പോള്‍ കോടമഞ്ഞും കിളിയൊച്ചയും വരവേറ്റു. കാട്ടുപോത്തിന്‍കൂട്ടത്തെയും കാണാന്‍ കഴിഞ്ഞു. തൊട്ടടുത്ത അങ്ങാടിയിലേക്ക് നടന്നു. തനി തമിഴ്ഗ്രാമം. രണ്ട് തേയില ഫാക്ടറികളുള്ളതിനാലാണ് ചെറിയൊരു അങ്ങാടിയവിടെ ഉണര്‍ന്നിരിക്കുന്നത്. അവിടെയുള്ള ചായക്കടയില്‍ കയറിച്ചെന്നു. രുചികരമായ ഉഴുന്നുവടയും ഇഡ്ഡലിയും കൂട്ടിന് സാമ്പാറും ചമ്മന്തിയും കടുപ്പത്തിലോരോ ചായയും കഴിച്ച് കൊത്തഗിരി ആസ്വദിച്ചുതുടങ്ങി.

അതിരാവിലെതന്നെ കാതറിന്‍ വെള്ളച്ചാട്ടം കാണാനായി വണ്ടിതിരിച്ചു. തേയിലത്തോട്ടത്തിന് നടുവിലാണ് വെള്ളച്ചാട്ടം. കൊത്തഗിരിയിലെ ആദ്യതാമസക്കാരനെന്ന് കരുതുന്ന ബ്രിട്ടീഷുകാരന്റെ ഭാര്യയുടെ പേരാണ് വെള്ളച്ചാട്ടത്തിന്. രണ്ട് തട്ടായിട്ടാണ് വെള്ളം താഴേക്ക് പതിക്കുന്നത്. പാലുപോലെ പതഞ്ഞൊഴുകുന്ന വെള്ളം. അതിലൊന്ന് കുളിച്ചു. വീണ്ടും അരമണിക്കൂര്‍ നടത്തം. തേയിലത്തോട്ടത്തിന് അങ്ങിങ്ങായി മഞ്ഞ എല്‍.ഇ.ഡി ബള്‍ബുകള്‍പോലെ മധുരനാരങ്ങകള്‍. ഒന്നെടുത്ത് രുചിനോക്കി, നല്ല മധുരം.
അവിടെനിന്ന് പോയത് കോടനാടേക്കാണ്. കോടനിറഞ്ഞ നാട് അതാണ് കോടനാട്. കൊത്തഗിരിയില്‍നിന്ന് 20 കി.മി. ദൂരമുണ്ട്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാലവസതി ഇവിടെയായിരുന്നു. വീണ്ടും മുന്നോട്ട് പോയാല്‍ കോടനാടിന്റെ പ്രധാന ആകര്‍ഷണകേന്ദ്രമായ വ്യൂ പോയിന്റിലേക്ക് എത്താം. അവിടെവരെ വാഹനത്തിന് എത്തിച്ചേരാന്‍ കഴിയും. അതിരാവിലെ വന്നാല്‍ കോട പുതഞ്ഞുനില്‍ക്കുന്ന നാടിനെ ശരിക്കും ആസ്വദിക്കാം. സമയം മുന്നോട്ട് പോവുംതോറും താഴ്വാരം തെളിഞ്ഞുവരും. ചുറ്റും മനോഹരകാഴ്ചകള്‍. രംഗസ്വാമി പീക്കും അവിടന്നുള്ള വെള്ളച്ചാട്ടവും മലമ്പാമ്പ് കണക്കെ വളഞ്ഞുപുളഞ്ഞ് നീളത്തില്‍ രണ്ട് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഭവാനിനദിയും, ഭവാനി സാഗര്‍ റിസര്‍വോയറും ബന്ദിപ്പൂരും മുതുമലയും വിദൂരതയില്‍ തെളിഞ്ഞുകാണാം.
പിന്നിട്ട വഴി മറക്കരുതെന്നാണ് പ്രമാണം. എങ്കിലും കോടനാടുനിന്നും കൊത്തഗിരിക്കുള്ള മടക്കയാത്രയ്ക്ക് പുതുവഴി തിരഞ്ഞെടുത്തു. ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് അവിടത്തെ കാര്‍ഷിക സംസ്‌കൃതി അറിയാമല്ലോ. തണുപ്പില്‍ വിളയുന്ന കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ് എന്നിവയും ബീന്‍സ്, പയര്‍ തുടങ്ങിയവയും ധാരാളമായി കാണാം. ചില തോട്ടങ്ങളില്‍ വിളവെടുപ്പ് നടക്കുന്നുണ്ട്. അത് കാണാനും കാര്യങ്ങള്‍ അറിയാനും തോട്ടത്തിലേക്ക് നടന്നു. വിളവെടുപ്പിനുശേഷം വൃത്തിയാക്കി മേട്ടുപ്പാളയം മാര്‍ക്കറ്റിലേക്കാണ് ഇവ പോകുന്നത്.
പോകുംവഴി ഊട്ടിയിലെ തോടര്‍ ആദിവാസി സമൂഹത്തിന്റെ പ്രത്യേകരീതിയിലുള്ള വീടുകള്‍ കണ്ടു. ആര്‍ച്ച് ശൈലിയില്‍ മേല്‍ക്കൂര നിലത്തേക്ക് കുത്തി കാറ്റിനെയും മഴയെയും അതിലേറെ തണുപ്പിനെയുമെല്ലാം പ്രതിരോധിക്കാനുതകുന്നതാണ് തോടരുടെ വീടുകള്‍. ഇക്കാലത്തും ഈ ഗോത്രവിഭാഗം ഈ കുടിലിനുള്ളില്‍ സുരക്ഷിതരാണ്. മഠം എന്നാണ് ഇവരുടെ വീടുകള്‍ അറിയപ്പെട്ടിരുന്നത്.

ഏകദേശം പത്തടിയോളം ഉയരമുള്ള ഇവരുടെ വീടിന് അത്രതന്നെ വീതിയുമുണ്ടാകും. അതിന്റെ ഇരട്ടിയോടടുത്ത് നീളവും. വീടിന് ജനാലകള്‍ ഇല്ല. പകരം താമസക്കാര്‍ക്ക് അകത്തേക്ക് നുഴഞ്ഞുകയറാന്‍ പാകത്തിലുള്ള ഇടുങ്ങിയ വാതിലാണ്. മുളച്ചീന്തും ചൂരലുകളും ചേര്‍ത്തുകെട്ടി ആവശ്യത്തിന് ഉറപ്പാകുമ്പോള്‍ അതിനുമുകളില്‍ റാഗിപ്പുല്ല് മേയും. വീടിന്റെ രണ്ടുവശവും ചൂരല്‍കൊണ്ട് മെടഞ്ഞ് മണ്ണ് വാരിത്തേച്ചിരിക്കും. മേഞ്ഞ പുല്ലുമാത്രം മാറ്റുന്നതൊഴിച്ചാല്‍ കാലങ്ങളെ അതിജീവിക്കുന്നതാണ് ഈ വീടുകള്‍.
കൗതുകവും കുളിര്‍മയും നിറഞ്ഞ കാഴ്ചകള്‍കണ്ട് ഊട്ടിയില്‍നിന്നുള്ള മടക്കം ഗൂഡല്ലൂര്‍ വഴി കോഴിക്കോട്ടേക്ക്. ഈ വഴിയിലെ സ്ഥിരം കാഴ്ചകളായ പൈന്‍ ഫോറസ്റ്റും, ഷൂട്ടിങ് പോയിന്റും തത്കാലം പടിയ്ക്കുപുറത്താക്കി യാത്ര തുടര്‍ന്നു. ഈ വഴിയില്‍ കാണേണ്ട മറ്റൊന്ന് പൈക്കര വെള്ളച്ചാട്ടമാണ്. മനോഹരമായ കാഴ്ചയാണ് ഇവിടെ. ഇതിലെ വെള്ളം ഇളം മരതകനിറത്തില്‍ ഒഴുകുന്നത് കാണുമ്പോള്‍ ഹിമാചലിലെ നദികളോട് സാമ്യംതോന്നും. യാത്രകളില്‍ ചിലപ്പോള്‍ വളഞ്ഞവഴിയും അദ്ഭുതങ്ങള്‍ കൊണ്ടുവരും. ഈ യാത്രയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞത് അതാണ്.
Content Highlights: Kotagiri hillstation is situated in the shadow of Doddabetta peak
Published: 01 May 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented