കൊച്ചിയുടെ പ്രണയതീരമെന്ന് അറിയപ്പെടുന്ന മറൈന്‍ ഡ്രൈവിന് ഒരു മുഖവുരയുടെ ആവശ്യമില്ല. കൊച്ചി കായലിനോട് ചേര്‍ന്നു സ്വസ്ഥമായൊന്നു വിശ്രമിക്കുവാനും സുഹൃത്തുക്കള്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലമാണിവിടം. വൈകീട്ട് ജോലി എല്ലാം കഴിഞ്ഞു വന്ന് സൂര്യാസ്തമനം കാണാനും നിത്യവും ജനത്തിരക്കാണിവിടെ. അതിമനോഹരമായ കാഴ്ചയും അതിന്റെ നിര്‍മ്മിതിയുമാണ് ഇവിടുത്തെ ആകര്‍ഷണം.
മറൈന്‍ ഡ്രൈവിന്റെ കാഴ്ചകള്‍ പുതിയതായി കൊച്ചിയിലെത്തുന്നവരെയും ആകര്‍ഷിക്കുന്നതാണ്. കായല്‍ കാഴ്ചകള്‍ ആസ്വദിക്കുവാനും വൈകുന്നേരങ്ങള്‍ ചിലവഴിക്കാനും ആളുകള്‍ ഇവിടം തിരഞ്ഞെടുക്കുന്നു. മൂന്ന് കിലോമീറ്റര്‍ നീളമുള്ള നടപ്പാതയാണ് മറൈന്‍ ഡ്രൈവ്. മലയാളത്തിലെ നിരവധി സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് സിനിമയിലെ ഗാനരംഗങ്ങളുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയായിരുന്നു ഇവിടം.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും രാജേന്ദ്ര മൈതാനത്തേക്ക് നീളുന്ന ഈ സുന്ദര പാതയിലൂടെ നടക്കുമ്പോള്‍ അനവധി കച്ചവടക്കാര്‍ നിങ്ങളെ മാടി വിളിക്കും. കുലുക്കി സര്‍ബത്തുകള്‍ക്ക് പേരുകേട്ട 'സര്‍ബത്ത് സ്ട്രീറ്റ്' ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. സമീപത്തെ സിലോണ്‍ ബേക്ക് ഹൗസും അവിടത്തെ ബിരിയാണിയും കൊച്ചിക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ്.
മറൈന്‍ ഡ്രൈവ് എന്ന പേരിന്റെ കഥ
1980-കളിലാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (GCDA) മുബൈയിലെ മറൈന്‍ ഡ്രൈവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഈ പ്രദേശം വികസിപ്പിക്കാന്‍ പദ്ധതിയിട്ടത്. ആദ്യ പദ്ധതിപ്രകാരം ഇങ്ങനെ കൈമാറിയ ഭൂമിയുടെ പടിഞ്ഞാറേ അതിരില്‍ ഒരു റോഡ് നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, 1990-കളിലെ കടല്‍തീര സംരക്ഷണ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ റോഡിനു പകരം നടപ്പാതയായി. പേര് 'ഡ്രൈവ്' ആയെങ്കിലും വാഹനങ്ങള്‍ കയറ്റാനാകില്ല.
മറൈന്‍ ഡ്രൈവില്‍ നിന്നും ആരംഭിക്കുന്ന ബോട്ടിങ് സവാരികള്‍. സ്പീഡ് ബോട്ടുകള്‍ മുതല്‍ ആഡംബര ക്രൂയിസുകള്‍ വരെ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വൈകുന്നേരങ്ങളിലാണ് ഇവിടെ ജനസാഗരം ഉണ്ടാവുക. രാവിലെയും രാത്രിയും ജോഗിങ്ങിനായി എത്തുന്നവരും കുറവല്ല. കൊച്ചി കായലിലൂടെ ഒഴുകുന്ന കപ്പലുകളും, ചരക്ക് ബോട്ടുകളും കണ്ട് രാത്രി കായല്‍ തീരത്ത് ഇരുന്നു ചായ കുടിക്കുന്നത് ഒരു പ്രത്യേക വൈബാണ്. ഹൈക്കോര്‍ട്ട് ജംഗ്ഷനിൽ നിന്നും വൈപ്പിന്‍ വരെ സര്‍വ്വീസ് നടത്തുന്ന വാട്ടര്‍ മെട്രോ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.
ബോള്‍ഗാട്ടി പാലസ്, മട്ടാഞ്ചേരി കൊട്ടാരം, ജൂതത്തെരുവ്, സിനഗോഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സഞ്ചരിക്കാം. മറൈന്‍ ഡ്രൈവിലൂടെ നടക്കുമ്പോള്‍ മൂന്ന് വ്യത്യസ്തശൈലികളില്‍ നിര്‍മ്മിച്ച പാലങ്ങള്‍ കാണാം. റെയിന്‍ബോ ബ്രിഡ്ജ്, ചൈനീസ് ഫിഷിങ് നെറ്റ് ബ്രിഡ്ജ്(കേരളത്തിന്റെ പരമ്പരാഗത മീന്‍വലയുടെ ആകൃതിയില്‍), ഹൗസ് ബോട്ട് ബ്രിഡ്ജ് (കെട്ടുവള്ളത്തിന്റെ രൂപത്തില്‍). കായലില്‍ സൂര്യാസ്തമനം കാണാന്‍ അനുയോജ്യമായിടങ്ങളാണ് ഈ പാലങ്ങള്‍.
പാര്‍ക്കുകളും, വിശ്രമിക്കാനുള്ള ബെഞ്ചുകളും, ഭക്ഷണശാലകളും ചേര്‍ന്ന് മറൈന്‍ ഡ്രൈവ് കൊച്ചിയുടെ ഹൃദയമായിത്തീരുന്നു. അറബിക്കടലിന്റെ അതിരുകളില്‍ കൊച്ചിയിലെ ഒരു സായാഹ്നം ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കിവിടെ വരാം.
Best Time to Visit: വൈകുന്നേരമാണ് സന്ദര്‍ശനത്തിന് അഭികാമ്യം.
How to Reach: എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹൈക്കോടതി ജംഗ്ഷനിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. മഹാരാജാസ് കോളേജാണ് ഏറ്റവും അടുത്തുളള മെട്രോ സ്റ്റേഷന്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience Kochi`s vibrant Marine Drive. Enjoy stunning sunsets, sip tea, and savor street food delights by the backwaters.
Published: 21 Jul 2025, 06:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented