ഒരു മനുഷ്യന് പെട്ടെന്നൊരു വെളിപാടുണ്ടാകുകയാണ്- കൃഷിയോളം മഹത്തായ മറ്റൊരു തൊഴിലില്ല. വിദ്യാഭ്യാസമുള്ളവരാണ് നാടിന്റെ ഏറ്റവും വലിയ ശത്രുക്കള്‍. ഈ വെളിപാടില്‍ നിന്ന് ഉടലെടുത്തത് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളില്‍ ഒന്നാണ്- ഖ്‌മേര്‍ റൂഷ്! ആ മനുഷ്യന്റെ പേര് പോള്‍ പോട്ട്! കമ്പോഡിയയിലേക്ക് പോകാന്‍ അങ്കോര്‍ വാട്ടിനുമപ്പുറം എന്നെ പ്രേരിപ്പിച്ച ഘടകം ഖ്‌മേര്‍ റൂഷ് തന്നെയാണ്. 1975-ല്‍ കമ്പോഡിയന്‍ തലസ്ഥാനമായ ഫ്‌നോം പെന്‍ പിടിച്ചടക്കിയ പോള്‍ പോട്ട്, സ്വയം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. 1975-നെ 'Year Zero' എന്നാണ് അയാള്‍ വിളിച്ചത്. വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാത്ത ഒരു രാജ്യം! അതാണ് പോള്‍ പോട്ട് സ്വപ്നം കണ്ടത്. ഈ സ്വപ്നത്തിന് ഏറ്റവും വലിയ തടസ്സം സമൂഹത്തിലെ അഭ്യസ്ഥവിദ്യരാണ്. അതുകൊണ്ട് ആദ്യപടി ഇവരെ ഇല്ലാതാക്കുകയാണ്. രാജ്യത്തിലെ അധ്യാപകരെയും ഡോക്ടര്‍മാരെയുമെല്ലാം പോള്‍ പോട്ടിന്റെ ആളുകള്‍ വേട്ടയാടി. അവരെയെല്ലാം ടൂള്‍ സ്ലെങ് എന്ന സ്ഥലത്തെ ഒരു സ്‌കൂളില്‍ തടവിലാക്കി. ഒന്നും രണ്ടുമല്ല 14000 തടവുകാര്‍! ഇതില്‍ ജീവനോടെ പുറത്തുവന്നത് വെറും ഏഴുപേരാണ്. ഇന്ന് ഈ സ്‌കൂള്‍ ഒരു മ്യൂസിയം ആണ്.
ഫ്‌നോം പെന്നില്‍ എത്തി റൂമെടുത്തപ്പോള്‍ റിസെപ്ഷനിസ്റ്റ് പറഞ്ഞു. “എന്റെ മുത്തശ്ശന്‍ ഖ്‌മേര്‍ റൂഷില്‍ കൊല്ലപ്പെട്ടതാണ്.”
“അദ്ദേഹം അധ്യാപകന്‍ ആയിരുന്നോ?”
“ഹേയ് അല്ല. കര്‍ഷകന്‍.”
“കര്‍ഷകരെ കൊല്ലുമായിരുന്നോ?”
“അദ്ദേഹം കണ്ണട വെച്ചിരുന്നു. കണ്ണട അക്കാലത്ത് പഠിച്ചവരുടെ ലക്ഷണമായിരുന്നു. കണ്ണട വെച്ചവരോട് ചോദ്യവും പറച്ചിലുമൊന്നുമില്ല. കൊല്ലും. അത്രതന്നെ.” എന്ത് പറയണമെന്നറിയാതെ ഞാന്‍ തരിച്ചുനിന്നു. മുറിയില്‍ കയറി പെട്ടിയെല്ലാംവെച്ച് നേരെ പുറപ്പെട്ടത് ടൂള്‍ സ്ലെങ് ജയിലിലേക്കാണ്. ടിക്കറ്റ് എടുത്തപ്പോള്‍ കൗണ്ടറിലെ സ്ത്രീ മുന്നറിയിപ്പ് നല്‍കി. “ഒറ്റയ്ക്കല്ലേ, അകത്തു കാണുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ദേഹാസ്വാസ്ഥ്യം വരുത്തിയേക്കാം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ അറിയിക്കണം.” ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം. ഓഡിയോ ഗൈഡ് വാങ്ങി അകത്തേക്ക് കയറി. പുറമെ നിന്ന് നോക്കുമ്പോള്‍ തണല്‍മരങ്ങളും പൂച്ചെടികളുമുള്ള ഒരു സാധാരണ സ്‌കൂള്‍. കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ പെട്ടെന്നാണത് കണ്ണില്‍പ്പെട്ടത്! നടുത്തളത്തിലായി കുറേ ശവക്കല്ലറകള്‍. കൃത്യമായി പറഞ്ഞാല്‍ 14 എണ്ണം! 1979-ല്‍ വിയറ്റ്‌നാം, പോള്‍ പോട്ടിനെ കീഴടക്കിയപ്പോള്‍ ജയിലിലെത്തിയ വിയറ്റ്‌നാം പട്ടാളക്കാര്‍ കണ്ടെടുത്തതാണ് ഈ പതിന്നാലു പേരെ. തങ്ങള്‍ പിടിക്കപ്പെടുമെന്ന് മനസ്സിലായപ്പോള്‍ അവിടുന്ന് രക്ഷപെടുന്നതിനു തൊട്ടുമുന്‍പ് പോള്‍ പോട്ടിന്റെ അനുയായികള്‍ ആ പതിനാലു തടവുകാരെയും കൊന്നുകളഞ്ഞു. അവര്‍ ആരെന്നു മനസ്സിലാകാതിരിക്കാന്‍ മുഖം ചുറ്റിക കൊണ്ടും വെട്ടുകത്തി കൊണ്ടും വെട്ടിനുറുക്കി വികൃതമാക്കിയിരുന്നു. അവര്‍ ആരെന്ന് ആ നിമിഷംവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് പേരറിയാത്ത അവരെ അവിടെത്തന്നെ അടക്കം ചെയ്തു.

ഇടതുഭാഗത്തായി കാണുന്ന വലിയ കെട്ടിടമാണ് ബില്‍ഡിങ് എ. ഇവിടുത്തെ പല മുറികളില്‍ നിന്നാണ് ആ 14 പേരെയും കണ്ടെടുത്തത്. ഒരു കാലത്ത് കുഞ്ഞുങ്ങളുടെ കളിചിരികള്‍ നിറഞ്ഞ മുറികളില്‍ ഇന്ന് തളംകെട്ടി നില്‍ക്കുന്നത് നമ്മളെയെല്ലാം വിഴുങ്ങുന്ന ഭീകരമായ നിശബ്ദതയാണ്. ഓരോ മുറിയിലും ഇവരെ കണ്ടെടുത്ത ഇരുമ്പുകട്ടിലുകളുണ്ട്. കട്ടിലിനോട് ചേര്‍ന്ന് അവരെ കെട്ടിയിട്ടിരുന്ന ഇരുമ്പ് ചങ്ങലകള്‍ കാണാം. തുരുമ്പെടുത്തിരിക്കുന്നു. തൊട്ടടുത്തായി ഒരു ചെറിയ പെട്ടി. തോക്കുകളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന 'Ammunition box'. ഈ പെട്ടി തുറന്ന വിയറ്റ്‌നാം പട്ടാളക്കാര്‍ ഞെട്ടിത്തരിച്ചുപോയി! ഇതിലാണ് തടവുകാര്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തിരുന്നത്. പെട്ടി കവിഞ്ഞു പോയാല്‍ നിലത്തു വീണ വിസര്‍ജ്യങ്ങള്‍ നക്കിതുടപ്പിക്കും!

കണ്ണുകള്‍ മെല്ലെ മുറിക്കു ചുറ്റും പരതിയപ്പോഴാണ് ചുമരില്‍ ഒരു ചിത്രം കണ്ടത്. കണ്ട മാത്രയില്‍ തന്നെ ഭയന്ന് ഞാന്‍ കണ്ണടച്ചു. പതിനാലു തടവുകാരേയും കണ്ടെടുത്ത സമയത്തെ ചിത്രങ്ങളാണ് ചുമരില്‍ തൂക്കിയിരിക്കുന്നത്. മനസ്സാക്ഷി ഉള്ളവര്‍ക്കാര്‍ക്കും കണ്ടുനില്‍ക്കാന്‍ സാധിക്കില്ല. അത്ര ഭീകരം!

മറ്റെല്ലാ മുറികളിലെയും അവസ്ഥ വ്യത്യസ്തമല്ല. തരിച്ചുനിന്നു പോകുന്ന ക്രൂരതകള്‍ക്ക് മൂകസാക്ഷിയായ കട്ടിലുകള്‍, ചങ്ങലകള്‍. ഒരു മുറിയില്‍ ഒരു മേശയും കസേരയും കാണാന്‍ സാധിച്ചു. തടവുകാരെ നിര്‍ബന്ധിച്ച് കുറ്റസമ്മതം എഴുതിച്ചിരുന്നത് അവിടെയാണ്. അധ്യാപകരെയും ഡോക്ടര്‍മാരെയുമൊക്കെ ചാട്ടവാറിനടിച്ചും വെള്ളത്തില്‍ തല മുക്കിയുമൊക്കെ എഴുതിപ്പിച്ചു- തങ്ങള്‍ ചാരന്മാരാണെന്നും രഹസ്യന്വേഷണ ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നുമൊക്കെ. വെള്ളയും മഞ്ഞയും നിറത്തിലുള്ള തറയോടുകളില്‍ പലതിലും ചോരക്കറകള്‍ ഇന്നും മാഞ്ഞിട്ടില്ല.

അടുത്ത കെട്ടിടത്തില്‍ നിറയെ ചിത്രങ്ങളാണ്. തടവിലാക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ പോള്‍ പോട്ടിന്റെ സൈന്യം എടുത്തു വെച്ചിരുന്നു. അതില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമെല്ലാമുണ്ട്. ഒരു കുടുംബത്തിലെ ഒരാളെ കൊന്നാല്‍ അയാളുടെ ഭാര്യയെയും മക്കളെയും കൂടി കൊല്ലണം. അതാണ് പോള്‍ പോട്ടിന്റെ രീതി. നാളെ മരണത്തിനു പകരം ചോദിക്കാന്‍ ആരും വരരുത്! ചിത്രങ്ങള്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ എന്നു തോന്നിക്കുന്നവര്‍! നല്ലൊരു ജീവിതത്തിനായി ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും കമ്പോഡിയയില്‍ എത്തിയ മനുഷ്യരും തടവുകാരുടെ കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ അവരുടെ പേരോ വിവരങ്ങളോ റെക്കോര്‍ഡുകളില്‍ ഇല്ല. അവര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്ന് അവരുടെ കുടുംബം അറിഞ്ഞുകാണുമോ? അതോ ഉറ്റവര്‍ എവിടെയെങ്കിലും സമാധാനമായി ജീവിക്കുന്നുണ്ടാകും എന്ന പ്രതീക്ഷയില്‍ കഴിയുകയായിരിക്കുമോ അവര്‍? അറിയില്ല.

കുറച്ചു മുന്നോട്ട് നടന്നാല്‍ മുറികളില്‍ പിക്കാസും മഴുവും ചുറ്റികയുമൊക്കെ കാണാം. തോക്കുകള്‍ ഉണ്ടായിരുന്നെങ്കിലും വിലകൂടിയ വെടിയുണ്ട ചെലവാക്കി മനുഷ്യരെ കൊല്ലാന്‍ പോള്‍ പോട്ട് താല്പര്യപ്പെട്ടില്ല. പിക്കാസ് കൊണ്ടും മഴു കൊണ്ടുമൊക്കെ തലയ്ക്കടിച്ചാണ് പലരെയും കൊന്നത്. ഈ പീഡനത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒരിക്കല്‍ ഒരു തടവുകാരന്‍ കിട്ടിയ തക്കത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജീവിതമെന്ന ക്രൂരതയില്‍ നിന്ന് മരണമെന്ന രക്ഷ അത്ര പെട്ടെന്ന് ഇനിയാരും നേടാതിരിക്കാന്‍ പോള്‍ പോട്ട് സൈന്യം കെട്ടിടങ്ങള്‍ക്ക് ചുറ്റും മുള്ളുവേലി കെട്ടി.

അവസാനത്തെ മുറിയിലേക്ക് കയറുമ്പോള്‍ ഹൃദയം നുറുങ്ങും. വിയറ്റ്‌നാം സൈന്യം കെട്ടിടത്തിന്റെ പല ഭാഗത്തു നിന്ന് കണ്ടെടുത്ത തലയൊട്ടികളാണവ. പല ഷെല്‍ഫുകളിലായി നിരത്തി വെച്ചിട്ടുണ്ട്. താഴെ ചില്ലുപെട്ടികളിലായി അസ്ഥികളും നിറച്ചുവെച്ചിട്ടുണ്ട്. പല്ലുകള്‍ നിറച്ച മറ്റൊരു പെട്ടിയും കാണാം. എന്റെ കൈയും കാലും വിറച്ചു. കണ്ണില്‍ ഒരു നിമിഷം ഇരുട്ടുകയറി. ആരുടെയൊക്കെയോ എല്ലാമെല്ലാമായിരുന്ന കുറേ ആത്മാക്കള്‍ പേര് പോലുമില്ലാതെ ചില്ലിന്‍കൂടുകളില്‍ ഇരിക്കുന്നു.

 

ഇത് ഒരൊറ്റ തടവറയുടെ കഥയാണ്. ഇതുപോലെ പല സ്ഥലങ്ങളിലായി ഏകദേശം ഇരുപതു ലക്ഷം മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇരുപതു ലക്ഷം എന്നത് ഔദ്യോഗിക കണക്ക് മാത്രമാണ്. ഏകദേശം ആ രാജ്യത്തെ 30 ശതമാനം മനുഷ്യര്‍ മരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതോടുകൂടി കമ്പോഡിയ എന്ന രാജ്യം എന്നെന്നേക്കുമായി മുപ്പതു വര്‍ഷം പുറകോട്ട് നടന്നു. വിദ്യാഭ്യാസമുള്ളൊരു തലമുറ ഇല്ലാതായി. ഖ്‌മേര്‍ വംശജര്‍ എന്നറിയപ്പെടുന്ന കമ്പോഡിയക്കാരുടെ പല രുചികളും ആചാരങ്ങളും ഇന്നിവിടെ ജീവിക്കുന്നവര്‍ക്ക് അറിയില്ല. അയല്‍രാജ്യക്കാരായ വിയറ്റ്‌നാമും തായ്‌ലാന്‍ഡും ചീറിപ്പായുമ്പോള്‍ കമ്പോഡിയ വീണ്ടും മെല്ലെ പിച്ചവെച്ചു നടക്കാന്‍ പഠിക്കുകയാണ്. എങ്കിലും കമ്പോഡിയക്കാര്‍ക്ക് ആരോടും പരാതിയില്ല. 90 ശതമാനം ബുദ്ധമതവിശ്വാസികള്‍ ഉള്ള, കഠിനാധ്വാനം കൈമുതലാക്കിയ ഈ നാടിനെയും നാട്ടുകാരെയും ഒരിക്കലും ഞാന്‍ മറക്കില്ല.

ഇനി പോള്‍ പോട്ടിന് എന്ത് സംഭവിച്ചു? 1979-ല്‍ ഖ്‌മേര്‍ റൂഷ് പിടിക്കപ്പെട്ടപ്പോള്‍ ഒളിവില്‍ പോയ അയാള്‍ ഇരുപതു വര്‍ഷത്തോളം പല സ്ഥലങ്ങളിലായി സ്വാതന്ത്രനായി കഴിഞ്ഞു. ശേഷം 1997-ല്‍ വീട്ടുതടങ്കലിലായ പോള്‍, 1998-ല്‍ ഹൃദയഘാതം മൂലം മരണമടഞ്ഞു. ചിലര്‍ പറയുന്നു വിഷം കൊടുത്തതാണെന്നും. പോള്‍ പോട്ടിനെ എവിടെ സംസ്‌കരിച്ചു എന്ന് ഇന്നും ആര്‍ക്കും അറിയില്ല. എന്തുതന്നെയായാലും ഒരു വംശത്തെ തന്നെ, അതും സ്വന്തം മനുഷ്യരെത്തന്നെ ഇല്ലായ്മ ചെയ്ത ഒരു മനുഷ്യന്‍ മക്കളും കൊച്ചുമക്കളുമായി സുഖമായി വര്‍ദ്ധക്യകാലംവരെ ജീവിച്ചു എന്നത് ഒരു കാവ്യനീതിയായി തോന്നുന്നില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi