ന്നും ഒരേപോലത്തെ മീന്‍കറി വെച്ച് മടുക്കുമ്പോള്‍ ഒരു മാറ്റം വേണമെന്ന് തോന്നിയിട്ടില്ലേ? അങ്ങനെ തോന്നുമ്പോള്‍ പരീക്ഷിക്കാവുന്നൊരു മീന്‍കറിയാണ് ഇന്നത്തെ സ്‌പെഷ്യല്‍. നെയ്യ് കൂടുതലുള്ള മീനാണ് ഈ വിഭവം തയ്യാറാക്കാന്‍ നല്ലത്. അതുകൊണ്ട് നെയ്മീനോ അതുപോലെ നല്ല ദശപ്പറ്റുള്ള മറ്റ് മീനുകളോ വാങ്ങാം. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3, പ്രോട്ടീന്‍ എന്നിവ നഷ്ടപ്പെടാതെ വേണം വിഭവങ്ങള്‍ പാകം ചെയ്യാന്‍. കറി വെച്ചോ അല്ലെങ്കില്‍ കൂടുതല്‍ സമയം എണ്ണയിലിട്ട് മൊരിയിക്കാതെയോ അല്പം മാത്രം എണ്ണയില്‍ പാന്‍ ഗ്രില്‍ ചെയ്‌തെടുക്കാം. അതാണ് ആരോഗ്യകരം. അധികം മസാലകളൊന്നും ചേര്‍ക്കാതെ, രുചിയോടുകൂടി തന്നെ പാചകം ചെയ്യാനാവും. സാധാരണ മീന്‍കറി പോലെ പുളി മുന്നിട്ടു നില്‍ക്കുന്ന കറി അല്ലാത്തതിനാല്‍ പുളി അല്പം മാത്രം ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കാന്താരി ഫിഷ് റോസ്റ്റ്
ചേരുവകള്‍:
മീന്‍ - അരക്കിലോ
കാന്താരി മുളക് - ഒരു പിടി
ചുവന്നുള്ളി - അരക്കപ്പ്
ഇഞ്ചി - ഒരിഞ്ച് നീളത്തില്‍
വെളുത്തുള്ളി - ഒന്ന്
മല്ലിയില തണ്ടോടു കൂടി അരിഞ്ഞത് - മുക്കാല്‍ കപ്പ്
കട്ടി തേങ്ങാപ്പാല്‍- ഒരു കപ്പ്
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കുടംപുളി - ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കാന്താരി മുളക്, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുറച്ച് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ചെടുക്കുക. ഈ കൂട്ടിന്റെ പകുതി മീനില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കുക. പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയശേഷം മാരിനേറ്റ് ചെയ്തുവെച്ച മീന്‍ കഷണങ്ങള്‍ നിരത്തി ചെറുതീയില്‍ മൂന്നു മിനിറ്റ് വീതം ഓരോ വശവും ഷാലോ ഫ്രൈ ചെയ്ത് മാറ്റുക. ശേഷം അതേ പാനിലേക്ക് ബാക്കി എണ്ണ കൂടി ചേര്‍ത്ത് നേരത്തെ ചതച്ചുവെച്ച കൂട്ടിന്റെ ബാക്കി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ ഫ്രൈ ചെയ്ത് വെച്ച മീന്‍ കഷണങ്ങളും തേങ്ങാപ്പാലും കുടംപുളിയും ചേര്‍ത്ത് ചെറുതീയില്‍ വെക്കുക. ഒരു വാഴയില കൊണ്ട് മൂടിയതിനു ശേഷം പാത്രം അടച്ചുവയ്ക്കുക. കറി നന്നായി കുറുകി എണ്ണ തെളിഞ്ഞുവരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് തീ അണയ്ക്കാം. ചോറ്, അപ്പം, ചപ്പാത്തി എന്നിവയോടൊപ്പം ഫിഷ് റോസ്റ്റ് വിളമ്പാം.

To advertise here,