പരസ്പരമുള്ള താങ്ങും തണലും സാമീപ്യവും സ്‌നേഹവും ഉള്ളിലുള്ളയാള്‍ക്കൊപ്പം ഊട്ടിയുറപ്പിക്കാന്‍ ഇത്തിരിനേരം. ബേബിമൂണിന് പോയാലോ? ബേബിമൂണ്‍ യാത്രകള്‍ക്ക് പേരുകേട്ട സ്ഥലങ്ങളോ, വലിയ ദൂരമോ, പണച്ചെലവോ ഒന്നും വേണമെന്നില്ല. പങ്കാളികള്‍ക്ക് അവരുടേതായ ലോകത്ത് സ്വസ്ഥമായി ചെലവഴിക്കാന്‍ കഴിയുന്ന ഏതിടവും അതിനായി തിരഞ്ഞെടുക്കാം. ബീച്ചുകളോ, വീടിനടുത്തുള്ള പുഴയോരമോ, ഹോംസ്റ്റേകളോ, കാടോ അങ്ങനെയെവിടെയും. വിദേശരാജ്യങ്ങളിലൊക്കെ വീടിനടുത്തുള്ള സ്ഥലങ്ങളിലേക്കാണ് ബേബിമൂണ്‍ യാത്രകള്‍ പലരും തിരഞ്ഞെടുക്കുക. ഗര്‍ഭിണിക്ക് വലിയ ആയാസമില്ലാതെ സന്തോഷമായി അല്പസമയം ചെലവഴിക്കുകയാണല്ലോ ലക്ഷ്യം. നമ്മുടെ നാട്ടിലും യാത്രയ്ക്കുവേണ്ടി അങ്ങനെയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം. 

കോവളം
കുഞ്ഞുവാവയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ മനോഹരമായ കടലോരത്ത് ചെലവഴിച്ചാലോ. ശാന്തമായി സമയം ചെലവഴിക്കാനും തിരമാലകളറിഞ്ഞ് പതിയെ നടക്കാനിറങ്ങാനുമെല്ലാം മികച്ചയിടമാണ് കോവളം. അറബിക്കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന സ്വപ്‌നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിന്റെ തലസ്ഥാനനഗരിയില്‍നിന്ന് 16 കിലോമീറ്റര്‍ മാത്രം ദൂരെയാണിത്. ശക്തികുറഞ്ഞ തിരമാലകളാണ് ഇവിടത്തെ ആകര്‍ഷണം.
സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരും സ്വദേശീയരും എത്തുന്നുണ്ട്. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗി നുകരാം. ആയുര്‍വേദ സ്പായുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. മത്സ്യവിഭവങ്ങളുടെ രുചിയറിഞ്ഞ് കുറച്ചുസമയം ചെലവഴിക്കുകയും ചെയ്യാം. 

വര്‍ക്കല
ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണുക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന് പാപനാശം കടല്‍ എന്ന പേര് നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്ന് കരുതുന്നു. 

കുമരകം 
ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് കുമരകം. ഇന്ത്യയിലെ 17 'ഐക്കണിക് ടൂറിസം സൈറ്റ്സ്' പട്ടികയില്‍ സ്ഥാനംപിടിച്ച വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം. വേമ്പനാട്ട് കായല്‍തീരത്ത് സ്ഥിതിചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ്. കോട്ടയത്തുനിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. 

മൂന്നാര്‍
മഞ്ഞിന്റെ തണുപ്പും പ്രകൃതിയുടെ പച്ചപ്പുമറിഞ്ഞ് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മൂന്നാറിലേക്ക് യാത്രപോകാം. പുല്‍മേടുകളും ചോലക്കാടുകളും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ ഭംഗി. 

വാഗമണ്‍
കോട്ടയത്തുനിന്ന് 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ പ്രകൃതിഭംഗി നിറഞ്ഞ പ്രദേശമാണ് ഈ മലയോരമേഖല. മഞ്ഞുപുതപ്പിടുന്ന മൊട്ടക്കുന്നുകളും പുല്‍മേടുകളും തേയിലക്കാടുകളും കണ്ട് മനസ്സ് നിറയ്ക്കാം. 

കവ
പാലക്കാട് ജില്ലയില്‍ മലമ്പുഴയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഇടമാണ് കവ. അവിടത്തെ അസ്തമയ കാഴ്ചകള്‍ പ്രസിദ്ധമാണ്. മണ്‍സൂണ്‍ കാലത്താണ് കവ ഏറ്റവും മനോഹരിയായി കാണപ്പെടുന്നത്. കവയിലേക്ക് പോകുമ്പോള്‍ പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തെ മലമ്പുഴ ഉദ്യാനവും അണക്കെട്ടും കണ്ട് മനസ്സ് നിറയ്ക്കാം. 

ആലപ്പുഴ
ഹൗസ്ബോട്ടില്‍ കായല്‍ക്കാറ്റേറ്റ് അല്പസമയം ചെലവിടാം. ചൂണ്ടയിടാനും ഭക്ഷണം സ്വന്തമായി പാകംചെയ്ത് കഴിക്കാനുമൊക്കെ സൗകര്യമുണ്ട്. 

മുഴപ്പിലങ്ങാട് ബീച്ച്
കേരളത്തിലെ വലിയ ഡ്രൈവ് ഇന്‍ ബീച്ച്. മനോഹരമായ തീരത്തിലൂടെ നാല് കിലോമീറ്റര്‍ മണല്‍പ്പാതയില്‍ കാറോടിക്കാന്‍ സൗകര്യമുള്ള ഏക കടല്‍ത്തീരം. തലശ്ശേരിയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട് മുഴപ്പിലങ്ങാട്ടേക്ക്. അറബിക്കടലിന്റെ തിരയടികള്‍ ആസ്വദിച്ച്, തീരത്തിനോട് ചേര്‍ന്ന ചെറുകടകളില്‍നിന്ന് തനത് മലബാര്‍ രുചിയുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കാം. 

പയ്യാമ്പലം ബീച്ച്
സായാഹ്നങ്ങള്‍ ഉല്ലാസകരമാക്കാന്‍ ഏറ്റവും യോജിച്ച തിരക്കില്ലാത്ത കടല്‍ത്തീരമാണ് കണ്ണൂരിലെ പയ്യാമ്പലം. കടല്‍ക്കാറ്റേറ്റ് സ്വപ്‌നങ്ങള്‍ പങ്കുവെച്ച് കുറച്ചുനേരം ഇവിടെയിരിക്കാം.

വയനാട്
മഞ്ഞുപുതച്ച മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗിയും...തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും... ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍...വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്...ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും ആയാസമില്ലാത്ത യാത്രാനുഭവം സമ്മാനിക്കും.