
ഫ്രഞ്ച് യൂള്‍ ലോഗ്
ഫ്രഞ്ചുകാര്‍ ക്രിസ്മസാകുമ്പോള്‍ ഒരു മരക്കുറ്റി വീട്ടില്‍ കൊണ്ടുവന്ന് അടുപ്പില്‍വെക്കും. അതില്‍ ഉപ്പോ വൈനോ തളിച്ച്, ക്രിസ്മസിന് തലേന്ന് രാത്രി, തീകൊളുത്തും. ഇത് മൂന്ന് ദിവസമെങ്കിലും കെടാതെ കത്തിയാല്‍ ഭാഗ്യമെന്ന് അവര്‍ വിശ്വസിക്കുന്നു. മരക്കുറ്റി (ലോഗ്) കത്തിക്കുന്ന ഓര്‍മയിലാണ് യൂള്‍ ലോഗ് ഇവരുടെ ക്രിസ്മസ് വിരുന്നില്‍ ഇടംപിടിച്ചത്.
ചേരുവകള്‍
പൊടിച്ച പഞ്ചസാര അരക്കപ്പ്
ഓറഞ്ച് തൊലി രണ്ട് ടീസ്പൂണ്‍
കേക്ക് മാവ് ഒരു കപ്പ്
വാനില ഒരു ടീസ്പൂണ്‍
മുട്ട നാലെണ്ണം
ഉപ്പ് കാല്‍ ടീസ്പൂണ്‍
ചോക്ലേറ്റ് ബട്ടര്‍ക്രീം തയ്യാറാക്കാന്‍
മുട്ടയുടെ വെള്ള എഴെണ്ണം
പൊടിച്ച പഞ്ചസാര ഒന്നര കപ്പ്
കൊക്കോ പൗഡര്‍ ഒരു കപ്പ്
എസ്പ്രസോ പൗഡര്‍ അര ടീസ്പൂണ്‍
വാനില അര ടീസ്പൂണ്‍
ബട്ടര്‍ ഒന്നര കപ്പ്
375 ഡിഗ്രിയില്‍ ഓവന്‍ പ്രിഹീറ്റ് ചെയ്യുക. ജെല്ലി റോള്‍ പാന്‍ പാര്‍ച്ച്‌മെന്റ് പേപ്പര്‍ കൊണ്ട് ലൈന്‍ ചെയ്യുക. അതില്‍ ബട്ടര്‍ പുരട്ടണം. നാല് മുട്ട ഇലക്ട്രിക് മിക്‌സറിലടിച്ച്, പഞ്ചസാര, വാനില, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും രണ്ട് മിനിട്ട് അടിക്കണം. പതുക്കെ കേക്കിനുള്ള മാവ് ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. ഇത് പാനില്‍ നിരത്തി 10 മിനിട്ട് ബേക്ക് ചെയ്യണം. ഡിഷ് ടവ്വലില്‍ അല്‍പം പൊടിച്ച പഞ്ചസാര തൂവുക. പാനില്‍നിന്ന് കേക്ക് ഈ ടവ്വലിലേക്ക് മാറ്റുക. പാര്‍ച്ച്‌മെന്റ് പേപ്പര്‍ മാറ്റാം. എന്നിട്ട് ഡിഷ് ടവ്വലിനൊപ്പം റോള്‍ ചെയ്‌തെടുക്കുക. ഇനി ചോക്ലേറ്റ് ബട്ടര്‍ക്രീം തയ്യാറാക്കാം. ഒരു ബൗളില്‍ മുട്ടവെള്ള നന്നായി അടിക്കുക. സോസ് പാനില്‍ അരക്കപ്പ് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. മുട്ടയിലേക്ക് പഞ്ചസാര സിറപ്പ് ഒഴിക്കണം. കൊക്കോ പൗഡര്‍, എസ്പ്രസോ പൗഡര്‍, വാനില എന്നിവയും ചേര്‍ക്കണം. എന്നിട്ട് അഞ്ച് മിനിട്ട് അടിക്കുക. അതിലേക്ക് ബട്ടര്‍ ചേര്‍ത്ത് ശരിക്ക് യോജിപ്പിക്കുക. എന്നിട്ട് ഫ്രിഡ്ജില്‍വെക്കുക.
ഇനി കേക്ക് റോള്‍ നിവര്‍ത്തി, അതില്‍ രണ്ട് കപ്പ് ചോക്ലേറ്റ് ബട്ടര്‍ ക്രീം നിരത്തുക. വീണ്ടും റോള്‍ ചെയ്‌തെടുക്കുക. ഒരു വശത്തുനിന്ന് ചെറിയൊരു കഷണം ചെരിച്ച് മുറിക്കുക. അത് കേക്കിന്റെ നടുവിലായി അല്‍പം ബട്ടര്‍ക്രീം കൊണ്ട് ഒട്ടിക്കുക. (മരത്തിന്റെ ചില്ല പോലെ നില്‍ക്കുന്ന രീതിയില്‍)ബാക്കി ചോക്ലേറ്റ് ക്രീം കേക്കിന് മുകളില്‍ നന്നായി ഒഴിക്കുക. (കേക്ക് മൂടുന്നവിധത്തില്‍) അല്‍പനേരം ഫ്രിഡ്ജില്‍ വെക്കണം. വിളമ്പുന്നതിന് മുമ്പ് അല്‍പം പൊടിച്ച പഞ്ചസാര അല്ലെങ്കില്‍ കൊക്കോ പൗഡര്‍ തൂവിക്കൊടുക്കാം.

ക്രിസ്മസ് പുഡിങ്
ബ്രിട്ടീഷുകാരുടെ ക്രിസ്മസ് വിരുന്ന് അവസാനിക്കുന്നത് ഈ പുഡിങ്ങിലാണ്. ക്രിസ്മസ് പുഡിങ്ങില്‍ മിക്കപ്പോഴും ഒരു വെള്ളിനാണയം കൂടി വെക്കും. അത് കിട്ടുന്നയാള്‍ക്ക് വര്‍ഷം മുഴുവന്‍ ഭാഗ്യമായിരിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ചേരുവകള്‍
ബട്ടര്‍ അരക്കപ്പ്
ബ്രൗണ്‍ഷുഗര്‍ ഒരു വലിയ കപ്പ്
ഗോതമ്പുമാവ് രണ്ടര കപ്പ്
ബേക്കിങ് പൗഡര്‍ അര ടീസ്പൂണ്‍
പട്ട, ഗ്രാമ്പൂ പൊടിച്ചത് ഒരു ടീസ്പൂണ്‍
ബ്രെഡ് പൊടിച്ചത് രണ്ട് കപ്പ്
ഉണക്കമുന്തിരി ഒരു കപ്പ്
ബ്ലാക്ക് കറണ്ട് അരക്കപ്പ്
ആപ്പിള്‍ ഒന്ന്
ഓറഞ്ച് തൊലി ഒന്ന്
മുട്ട രണ്ടെണ്ണം
ഓറഞ്ച് ജ്യൂസ് ഒന്നിന്റേത്
(ചെറുനാരങ്ങയുടെ ജ്യൂസും ഉപയോഗിക്കാം.)
ആല്‍മണ്ട് നുറുക്കിയത് കാല്‍ കപ്പ്
കാന്‍ഡീഡ് പീല്‍ മൂന്ന് ടേബിള്‍സ്പൂണ്‍
(പഴങ്ങളുടെ തൊലി പഞ്ചസാരസിറപ്പില്‍ ഇട്ടുവെച്ചത്)
പുഡിങ് ബൗളുകളില്‍ ബട്ടര്‍ പുരട്ടുക. എന്നിട്ട് പാര്‍ച്ച്‌മെന്റ് പേപ്പര്‍ നിരത്തുക. അതിനുമുകളിലും ബട്ടര്‍ പുരട്ടണം. കാല്‍ കപ്പ് ബട്ടറും ബ്രൗണ്‍ഷുഗറും നന്നായടിക്കുക. അതിലേക്ക് ഗോതമ്പുമാവ്, മുട്ട, കാല്‍ കപ്പ് ബട്ടര്‍, ബേക്കിങ് പൗഡര്‍, കറുവാപ്പട്ട- ഗ്രാമ്പൂ പൊടിച്ചത്, ബ്രെഡ് പൊടിച്ചത്, ഉണക്കമുന്തിരി, ബ്ലാക്ക് കറണ്ട്, ആപ്പിള്‍ ഗ്രേറ്റ് ചെയ്തത്, ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്, ഓറഞ്ച് ജ്യൂസ്, കാന്‍ഡീഡ് പീല്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് പുഡിങ് ബൗളിലേക്ക് മാറ്റുക. ബൗളിന്റെ അതേ വലുപ്പത്തിലുള്ള പാര്‍ച്ച്‌മെന്റ് പേപ്പര്‍ മുറിച്ച് അതില്‍ ബട്ടര്‍ പുരട്ടി ബൗളിന് മുകളില്‍ വെക്കുക. അല്‍പം വലുപ്പത്തിലുള്ള അലുമിനിയം ഫോയില്‍ മുറിച്ച് പുഡിങ് ബൗളിന് മുകളില്‍വെക്കുക. എന്നിട്ട് ആവിയില്‍ വേവിച്ചെടുക്കാം. മുകളില്‍ വിപ്പ്ഡ് ക്രീം അല്ലെങ്കില്‍ കസ്റ്റാര്‍ഡ് തൂവി വിളമ്പാം.

എഗ്ഗ് ലെമണ്‍ ചിക്കന്‍ സൂപ്പ്
ക്രിസ്മസ് ദിവസം അതിരാവിലെ പള്ളിയില്‍നിന്ന് വന്നാലുടന്‍ കഴിക്കുന്ന ആദ്യത്തെ ഭക്ഷണം. അല്ലെങ്കില്‍ പ്രധാനഭക്ഷണത്തോടൊപ്പം ആദ്യം കഴിക്കുന്നത്. ഗ്രീക്കുകാരുടെ ക്രിസ്മസ് വിരുന്നില്‍ ഇതൊഴിവാക്കാനാവില്ല.
ചേരുവകള്‍
ചിക്കന്‍ ഒന്ന്
വെള്ളം പന്ത്രണ്ട് കപ്പ്
കാരറ്റ് പകുതിയാക്കിയത് രണ്ടെണ്ണം
സെലറി പകുതിയാക്കിയത് രണ്ട് തണ്ട്
സവാള പകുതിയാക്കിയത് ഒന്ന്
കറുവയില രണ്ടെണ്ണം
കുരുമുളക് അഞ്ചെണ്ണം
ഉപ്പ് ആവശ്യത്തിന്
ഓര്‍സോ പാസ്ത/അരി അരക്കപ്പ്
മുട്ട മൂന്നെണ്ണം
ചെറുനാരങ്ങാത്തൊലി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ രണ്ടെണ്ണം
ചിക്കന്‍, സെലറി, കാരറ്റ്, സവാള, കറുവയില, കുരുമുളക്, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തീകുറച്ച് പകുതി മൂടിവെച്ച് ഒരു മണിക്കൂര്‍ അടുപ്പില്‍വെക്കണം. ഇനി അരിച്ചെടുക്കാം. ഈ സൂപ്പ് വീണ്ടും പാത്രത്തിലേക്ക് മാറ്റി തിളപ്പിക്കുക. അതിലേക്ക് പാസ്ത അല്ലെങ്കില്‍ അരി ചേര്‍ത്ത് പത്ത് മിനിട്ട് വേവിക്കണം. ഒരു ബൗളില്‍ മുട്ട പൊട്ടിച്ച് നന്നായി അടിക്കുക. ശേഷം ചെറുനാരങ്ങാനീരും ചെറുനാരങ്ങയുടെ തൊലിയും ചേര്‍ക്കുക. പാസ്ത വെന്താല്‍, അടുപ്പില്‍നിന്നിറക്കാം. അതില്‍നിന്ന് രണ്ട് കപ്പ് സൂപ്പെടുത്ത് മുട്ടയിലേക്ക് ചേര്‍ക്കണം. നന്നായിളക്കി അടുപ്പിലുള്ള സൂപ്പിലേക്ക് ചേര്‍ക്കുക. എന്നിട്ട് ചൂടാക്കുക. മുട്ട ചേര്‍ത്തശേഷം തിളപ്പിക്കരുത്. അവസാനം ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കാം.

സ്വീഡിഷ് മീറ്റ് ബോള്‍
മീറ്റ് ബോള്‍സ് ഇല്ലാതെ സ്വീഡനില്‍ ക്രിസ്മസ് ഇല്ലെന്നാണ് പറയാറ്. റോസ്റ്റഡ് പൊട്ടറ്റോ, പാസ്ത എന്നിവയ്‌ക്കൊപ്പമാണ് മീറ്റ് ബോള്‍ കഴിക്കാറുള്ളത്.
ചേരുവകള്‍
ബീഫ് മുക്കാല്‍ കിലോ
ഉരുളക്കിഴങ്ങ് ഒന്ന്
സവാള രണ്ടെണ്ണം
ക്രീം അരക്കപ്പ്
ബ്രെഡ് ക്രമ്പ്‌സ് അരക്കപ്പ്
വെള്ളം കാല്‍ കപ്പ്
പഞ്ചസാര ഒരു ടീസ്പൂണ്‍
സോയ സോസ് ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി ആവശ്യത്തിന്
കറുവാപ്പട്ട പൊടിച്ചത് ഒന്നര ടീസ്പൂണ്‍
ഗ്രാമ്പൂ പൊടിച്ചത് അര ടീസ്പൂണ്‍
ബീഫ് സ്റ്റോക്ക് രണ്ട് കപ്പ്
ഹെവി ക്രീം ഒരു കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക. ബീഫ് ഉപ്പും അല്‍പം കുരുമുളകുപൊടിയുമിട്ട് വേവിക്കണം. എന്നിട്ട് മിന്‍സ് ചെയ്‌തെടുക്കാം. ഒരു സവാള ചെറുതായി മിന്‍സ് ചെയ്‌തെടുക്കുക. മറ്റൊരു സവാള ഗ്രേറ്റ് ചെയ്ത് മാറ്റിവെക്കണം. പാനില്‍ ബട്ടര്‍ ചൂടാകുമ്പോള്‍ മിന്‍സ് ചെയ്ത സവാളയിട്ട് വഴറ്റണം. അതിലേക്ക് ബീഫ്, സവാള, ക്രീം, ബ്രെഡ് ക്രമ്പ്‌സ്, കറുവാപ്പട്ട പൊടിച്ചത്, ഗ്രാമ്പൂ പൊടിച്ചത്, ഉരുളക്കിഴങ്ങ് എന്നിവയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നിറക്കാം. തണുക്കുമ്പോള്‍ അല്‍പാല്‍പമായി എടുത്ത് കൈയിലിട്ട് ഉരുട്ടിയെടുക്കുക. പാനില്‍ ബട്ടര്‍ ചൂടാകുമ്പോള്‍ മീറ്റ് ബോള്‍ ഫ്രൈ ചെയ്‌തെടുക്കാം. അതേ പാനില്‍ ബീഫ് സ്റ്റോക്കും ഹെവി ക്രീമും ചേര്‍ത്തിളക്കണം. ചൂടാകുമ്പോള്‍ അതിലേക്ക് സോയ സോസും മീറ്റ് ബോളും ചേര്‍ത്ത് ചെറുതായി ഇളക്കാം.

ഒലിവിയര്‍ സാലഡ്
ഒലിവിയര്‍ അല്ലെങ്കില്‍ റഷ്യന്‍ സാലഡ്. റഷ്യന്‍ ക്രിസ്മസ് വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവിഭവമാണിത്. ബെല്‍ജിയന്‍ ഷെഫ് ലൂസിയന്‍ ഒലിവിയര്‍ ആണിത് ആദ്യമായി ഉണ്ടാക്കുന്നത്. അങ്ങനെയാണ് ഈ പേര് കിട്ടിയതും.
ചേരുവകള്‍
ചിക്കന്‍ നുറുക്കിയത് മുക്കാല്‍ കിലോ
ഉരുളക്കിഴങ്ങ് നുറുക്കിയത് മൂന്നെണ്ണം
കാരറ്റ് ക്യൂബുകളാക്കിയത് മൂന്നെണ്ണം
സവാള നുറുക്കിയത് ഒന്ന്
ഫ്രോസണ്‍ പീസ് ഒരു കപ്പ്
കുക്കുംബര്‍ നുറുക്കിയത് ഒന്നിന്റെ പകുതി
മയോണൈസ് മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി ആവശ്യത്തിന്
പഞ്ചസാര അര ടീസ്പൂണ്‍
ഒരു വലിയ പാത്രത്തില്‍ ഉരുളക്കിഴങ്ങും കാരറ്റും വെള്ളമൊഴിച്ച് വേവിക്കണം. (അധികം വേവാതെ നോക്കണം) ചിക്കനും വേവിച്ച് നുറുക്കിവെക്കുക. എന്നിട്ട് അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വെക്കുക. മറ്റൊരു പാത്രത്തില്‍ മുട്ട പുഴുങ്ങി മാറ്റിവെക്കണം. കുക്കുംബര്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, ഫ്രോസണ്‍ പീസ് എന്നിവ ഒരു പാത്രത്തില്‍ യോജിപ്പിച്ച് അതിലേക്ക് മയോണൈസ് ചേര്‍ക്കുക. ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി എന്നിവ വിതറി ഉപയോഗിക്കാം.
Content Highlights: christmas recipes around the world
Published: 19 Dec 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented