
പ്രത്യാശയുടെ നക്ഷത്രവിളക്കുകള്‍ തെളിയുന്ന മറ്റൊരു ക്രിസ്മസ് രാവിനെക്കൂടി വരവേല്‍ക്കുകയാണ് ലോകം. ഓര്‍മകള്‍ക്ക് സുഗന്ധവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹര കാലം. വാരാന്തയില്‍ കൊതി നുണഞ്ഞിരുന്ന മധുരമുള്ള രുചിയോര്‍മ്മകളായിരിക്കും പലരുടെയും ക്രിസ്മസ്. അമ്മച്ചിയുണ്ടാക്കിത്തന്ന കേക്കും ലഹരിപിടിപ്പിച്ച വീഞ്ഞും മനസ്സിനെ രുചിക്കൂട്ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എത്ര കഴിച്ചാലും മതിവരാത്ത, എന്നും നാവിനെ മാടിവിളിക്കുന്ന, കപ്പലോടിക്കുന്ന ചില വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ടാകും. അത്തരം ചില രുചിയോര്‍മ്മയിലേക്കൊരെത്തി നോട്ടം...

'വലിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അന്ന് നാട്ടിലെ പ്രധാന ആഹാരമാണ് പിടിയും കോഴിക്കറിയും. ക്രിസ്മസിന്റെ പ്രധാന വിഭവം അതുതന്നെയായിരുന്നു. ഇത്രയും പേര്‍ക്ക് ആഹാരം ഉണ്ടാക്കുന്നത് ചില്ലറക്കാര്യമല്ല. രാത്രി കിടക്കുമ്പോള്‍തന്നെ പപ്പയുടെ അമ്മ പറയും 'പിലാലേ' (പുലര്‍ച്ചെ) എഴുന്നേല്‍ക്കണം. അപ്പനും അനിയമ്മാരും എല്ലാരും കാലത്തെഴുന്നേറ്റ് പിടിക്ക് കുഴയ്ക്കും. രാവിലെ നല്ല തണുപ്പായിരിക്കും. തീ കായാന്‍ തലേന്ന് തന്നെ കരിയില കൂട്ടി മഞ്ഞ് കൊള്ളാതെ മൂടിവെക്കും. രാവിലെ തീ കാഞ്ഞ് ഓരോ കട്ടനും തരും. കുഞ്ഞുമക്കളെല്ലാം തീ കാഞ്ഞിരിക്കും. അപ്പയും അമ്മയും അമ്മച്ചിയും അഞ്ച് കിലോ പൊടി ഉരുട്ടിയെടുക്കും. അന്ന് കൂട്ടിയ പിടിയുടെയും കോഴിക്കറിയുടെയും സ്വാദ് പിന്നെ എന്ത് കഴിച്ചിട്ടും കിട്ടിയിട്ടില്ല. വിറകടുപ്പില്‍ ഉണ്ടാക്കിയെടുത്ത ആ രുചിക്കൂട്ടിന്റെ സ്വാദ് ഇന്നും നാവിലുണ്ട്. അതിനേക്കാള്‍ നല്ല സാധനങ്ങളും ഒക്കെ ഇന്ന് ഉണ്ടാക്കുന്നുണ്ടെങ്കിലും ആ രുചിയോര്‍മതരുന്ന മധുരം മറ്റൊന്നാണ്. 
'കൊച്ചിയിലെ ഒരു ഇടത്തരം കുടുംബത്തിലെ ക്രിസ്മസ്‌ക്കാഴ്ചകളായിരുന്നു എന്റേത്. വെളുത്ത ഐസില്‍ ചുമന്ന റോസാപ്പൂ ക്രീം പതിപ്പിച്ച പ്ലം കേക്കായിരുന്നു അന്നത്തേത്. മുറിച്ചെടുക്കുമ്പോള്‍ റോസാപ്പൂ കിട്ടുന്നത് വലിയൊരു സ്വപ്‌നമായിരുന്നു. പുക അടുപ്പില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നത് കൊണ്ടുതന്നെ രുചിയേക്കാള്‍ കൂടുതല്‍ കഷ്ടപ്പാടിന്റെ പുകയായിരുന്നു കേക്കിന്. വെള്ളയപ്പമായിരുന്നു മറ്റൊരു വിഭവം. പുറത്ത് പ്രത്യേകം അടുപ്പുകൂട്ടിയാണ് വെള്ളയപ്പം ഉണ്ടാക്കുന്നത്. വെള്ളയപ്പം ഉണ്ടാക്കാനാണ് അന്ന് കള്ള് വാങ്ങുന്നത്. വളര്‍ത്തുകോഴികളെ കൊല്ലാന്‍ അമ്മച്ചി സമ്മതിക്കാത്തതുകൊണ്ട് പുറത്ത് നിന്ന് ചിക്കന്‍ വാങ്ങും. ഉരുളക്കിഴങ്ങിട്ട കൊച്ചിക്കാരുടെ ചിക്കന്‍കറി, വെള്ളയപ്പവും വിന്താലുവും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മെലിഞ്ഞ ക്രിസ്മസ്. പാതിരാകുര്‍ബാന കൊച്ചിക്കാര്‍ക്ക് സ്‌പെഷ്യലാണ്. സ്ത്രീകളും കുട്ടികള്‍ക്കും അവരുടേതല്ലാത്ത ലോകം കാണുന്ന ദിവസം. നക്ഷത്രങ്ങള്‍ തൂക്കിയ വഴിയെ അമ്മവീടായ കോമ്പാറയില്‍ നിന്ന് കപ്പലുപള്ളിവരെ നടക്കും. ക്രിസ്മസ് എന്ന് പറയുമ്പോള്‍ ആ പാതിരാനടത്തമാണ് എന്റെ ഓര്‍മയില്‍ തെളിയുന്നത്.'

Content Highlights: christmas food memory
Published: 25 Dec 2023, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented