ഇക്കഴിഞ്ഞ ദിവസമാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ലോകത്തിനു തുറന്നുകൊടുത്തത്. ഹുവാജിയാങ് ഗ്രാന്റ് കാന്യൺ ബ്രിഡ്ജ് എന്നാണ് ഈ പുതിയ പാലത്തിന്റെ പേര്. 2900 മീറ്ററാണ് പാലത്തിന്റെ നീളം. ഗ്വിഷൂ പ്രവിശ്യയിലെ ഒരു മലനിരയ്ക്ക് മുകളിലൂടെയാണിത് കടന്നുപോകുന്നത്.
ലോകത്തിലെ ഉയരം കൂടിയ പാലം എന്ന നേട്ടത്തിനൊപ്പം, ഒരു പർവതപ്രദേശത്തെ ഏറ്റവും നീളം കൂടിയ സ്പാൻ പാലം എന്ന റെക്കോഡും ഹുവാജിയാങ് ഗ്രാന്റ് കാന്യൺ ബ്രിഡ്ജിന് സ്വന്തമായി. ഐഫൽ ടവറിന്റെ ഇരട്ടിയോളം ഉയരമാണിതിനുള്ളതെന്ന് 'ദ സൺ' റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ബെയ്പാൻ നദിയുടെ കുറുകെയായിട്ടാണ് പാലം.
ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലമെന്ന ഖ്യാതി നേരത്തെയുണ്ടായിരുന്നതും ബെയ്പാൻ നദിക്ക് കുറുകെയുള്ള ഡ്യൂജ് ബ്രിഡ്ജിനാണ്. ഈ പ്രദേശത്തുനിന്നും 100 കിലോമീറ്റർ അകലെയാണതുള്ളത്. 2016-ൽ തുറന്ന ഡ്യൂജ് ബ്രിഡ്ജിന്റെ റെക്കോഡ്, പുതിയ പാലം വന്നതോടെ പഴങ്കഥയായി.
ചൈനയിൽ ഏറ്റവും ദുർഘടമായ ഭൂപ്രദേശത്തിലേക്കുള്ള ഗതാഗതപ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമായി. അതിനൊപ്പം ആളുകളുടെ ജീവിതം തന്നെ മാറിമറിയുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഒരുഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കെത്താൻ രണ്ടുമണിക്കൂറാണ് എടുത്തിരുന്നത്. ഇനിയത് വെറും രണ്ടുമിനിറ്റ് കൊണ്ടെത്തും.
മൂന്നുവർഷം കൊണ്ടാണ് പാലത്തിന്റെ പണി പൂർത്തിയാക്കിയത്. ഓഗസ്റ്റ് 21 മുതൽ 25 വരെയുള്ള തീയതികളിൽ ബലപരിശോധന നടന്നിരുന്നു. അതിനുശേഷമാണ് ഗതാഗതത്തിനായി തുറന്നത്. 3360 മെട്രിക് ടൺ ഭാരമുള്ള 96 ഹെവി ട്രക്കുകൾ പാലത്തിലൂടെ ഓടിച്ചാണ്, ബലപരിശോധന നടത്തിയത്.
ഗതാഗതം മാത്രമല്ല പാലത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സഞ്ചാരികൾക്ക് കാഴ്ചകൾ കാണാനായി 207 മീറ്റർ ഉയരമുള്ളൊരു എലിവേറ്റർ ഇവിടെയുണ്ട്. പാലത്തിന്റെ ടവറുകളിലൊന്നിന്റെ മുകളിലൊരു കഫേയുണ്ട്. അവിടെയിരുന്ന് ഭക്ഷണവും കഴിക്കാം, ഭംഗിയും ആസ്വദിക്കാം. ബങ്കി ജമ്പിങ്ങിനുള്ള അവസരവും ഇവിടെയുണ്ട്. അതിനൊപ്പം വ്യൂപോയിന്റുകളുമുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ എട്ടെണ്ണവും നിലവിൽ ചൈനയിലാണുള്ളത്. അവയിൽ മൂന്നെണ്ണം ഗ്വിഷൂവിലും. ഗ്വിഷൂവിൽ മാത്രം 30,000-ത്തിലേറെ പാലങ്ങളാണുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the Huajiang Grand Canyon Bridge, China`s new record-breaking, tallest bridge. Reduced travel time from 2 hours to 2 minutes
Published: 30 Sept 2025, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented