വിഷുവാണ്, ഉണ്ണിയപ്പത്തിന്റെയും ഇലയടയുടെയും മണം വീടുവീടാന്തരം പരനന്നുതുടങ്ങി. കണിയൊരുക്കാന്‍ ഏത്തപ്പഴം നിറച്ച അടയുണ്ടാക്കിയാല് അതുതന്നെയാവും അന്നത്തെ പ്രാതല്‍. കൈനീട്ടം വാങ്ങിച്ചു കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ ഉച്ചഭക്ഷണം ഒരുക്കാനുള്ള തിരക്കാണ്. വിഷുവിന് കേരളത്തില്‍ മിക്കയിടത്തും ഉച്ചയ്ക്ക് സദ്യയാണ് പതിവെങ്കിലും ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് പുളിയവരക്കയും ചെറുപരിപ്പും തേങ്ങാപ്പാലുമൊക്കെ ചേര്‍ത്ത വിഷുക്കഞ്ഞിയും ചക്ക പുഴുക്കുമാണ് അന്നത്തെ ഉച്ചഭക്ഷണം. അതുപോലെ തന്നെ തൃശ്ശൂര്‍കാരുടെ പ്രധാന വിഷു വിഭവം ആണ് വിഷുക്കട്ട. ഉണ്ണിയപ്പവും അടയും സദ്യയും പായസവുമൊക്കെ വിഷു വിഭവങ്ങളാണെങ്കിലും ഈ രണ്ടു വിഭവങ്ങളുടെയും പ്രത്യേകത വര്‍ഷത്തില്‍ വിഷു ദിവസത്തില്‍ മാത്രം വീട്ടില്‍ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍ ആണ് എന്നതാണ്.
വിഷുക്കഞ്ഞി
ചേരുവകള്‍
പച്ചരി - മുക്കാല്‍ കപ്പ്
പൊന്നി അരി - കാല് കപ്പ്
പുളിയവര - അരക്കപ്പ്
ചെറുപയര്‍ അല്ലെങ്കില്‍ ചെറുപയര്‍ പരിപ്പ് - അരക്കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പുളിയവരക്ക നന്നായി ചൂടാക്കിയതിനു ശേഷം മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. പൊടിഞ്ഞു പോവാതെ നോക്കണം. ഈ പുളിയവര ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. ചെറുപയര്‍ പരിപ്പും നന്നായി ചൂടാക്കുക. ഇനി കുക്കറില്‍ അരിയും കുതിര്‍ത്ത പുളിയവരക്കയും ചെറുപരിപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങ അരച്ച് കുറുകിയ തേങ്ങാപ്പാല്‍ എടുത്തു വയ്ക്കുക. വേവിച്ച കൂട്ടിലേക്ക് ഉപ്പും ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ത്തിളക്കി വാങ്ങാം.
വിഷുക്കട്ട
ചേരുവകള്‍
ഉണക്കലരി - ഒരു കപ്പ്
തേങ്ങ - രണ്ടെണ്ണം
ജീരകം - അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഉണക്കലരി കഴുകി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. തേങ്ങ അരച്ച് ഒരു കപ്പ് കുറുകിയ ഒന്നാംപാലും അഞ്ചു കപ്പ് രണ്ടാം പാലും എടുത്തു വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ രണ്ടാം പാല് ഒഴിച്ച് കുതിര്‍ത്തു വെച്ചിരിക്കുന്ന അരിയും ചേര്‍ത്ത് വേവിക്കുക. തിളച്ച് കഴിഞ്ഞാല്‍ ഇടത്തരം തീയില്‍ വച്ച് ഇളക്കുക. അരി മുക്കാല്‍ വേവായി വെള്ളം വറ്റി വരുമ്പോള്‍ ആവശ്യത്തിന് ഉപ്പും ജീരകവും ഒന്നാംപാലും ചേര്‍ത്ത് വീണ്ടും കുറുകി വരുന്നത് വരെ ഇളക്കുക. നന്നായി വറ്റി വശങ്ങളില് എണ്ണ തെളിഞ്ഞു വരുമ്പോള്‍ തീ അണയ്ക്കാം. ചൂടോടെ തന്നെ ഒരു വാഴയിലയില്‍ പരത്തി ചതുരാകൃതിയിലാക്കി വയ്ക്കുക. ഒന്നാറുമ്പോള്‍ കത്തി കൊണ്ട് വരഞ്ഞ് ചതുര കഷ്ണങ്ങളാക്കി ശര്‍ക്കര പാനിയും പപ്പടവും കൂട്ടി കഴിക്കാം.
Content Highlights: a must try Vishu recipes
Published: 10 Apr 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented