ഇന്ത്യൻസിനിമയുടെ ട്രാജഡി ക്വീനാണ് മീനാ കുമാരി. പക്ഷേ അവരുടെ അഭിനയത്തേയും സൗന്ദര്യത്തേയും ആരാധിച്ച ഒട്ടേറെ പേർ ബോളിവുഡിലുണ്ടായിരുന്നു. രാജ് കുമാറും ദിലീപ് കുമാറും അടക്കമുള്ള അഭിനേതാക്കൾ വരെ അവരുടെ ആരാധകരായിരുന്നു.
എന്നാൽ നടൻ ധർമേന്ദ്രയുടെ കാര്യത്തിൽ ഇതൊരു പടി കൂടി കടന്നു, ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളുമുണ്ടായി. ധർമേന്ദ്ര
സിനിമയിൽ വന്ന കാലത്ത്, മീനാ കുമാരി അദ്ദേഹത്തെ ഒരുപാട് സഹായിച്ചു. തന്റെ സിനിമകളിൽ ധർമേന്ദ്രയ്ക്ക് അവസരം കൊടുക്കുകയും ചെയ്തു. ഇരുവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. മീനാ കുമാരിയുടെ ധരം, ധർമേന്ദ്രയുടെ മീന എന്ന് ബോളിവുഡ് പാടിനടന്നു. പക്ഷേ, സിനിമയിൽ നല്ല മേൽവിലാസമായതോടെ ധർമേന്ദ്രയും അവരെ വിട്ടുപിരിഞ്ഞു. എന്നാൽ, താൻ മീനാ കുമാരിയുടെ ഒരു ആരാധകൻ മാത്രമായിരുന്നുവെന്നാണ് പിന്നീട് ധർമേന്ദ്ര പറഞ്ഞത്. ''ഒരു താരവും ആരാധകനും തമ്മിലുള്ള സ്‌നേഹം പ്രണയമാണെങ്കിൽ, നിങ്ങൾ അങ്ങനെ വിളിച്ചോളൂ'' എന്നാണ് അന്ന് ധർമേന്ദ്ര പറഞ്ഞത്.
ധർമേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുമ്പോൾ മീനാകുമാരി, ബോളിവുഡിലെ ജ്വലിക്കും താരമായിരുന്നു. അന്ന് അദ്ദേഹത്തെ മീനയാണ് സഹായിച്ചത്. താൻ സിനിമയിൽ അഭിനയിക്കണമെങ്കിൽ അതിൽ ധർമേന്ദ്രയെയും ഉൾപ്പെടുത്തണമെന്ന് അവർ പല സംവിധായകരോടും പറഞ്ഞുവത്രേ. അങ്ങനെ ഒട്ടേറെ അവസരങ്ങൾ വാങ്ങിക്കൊടുത്തു.
സ്വകാര്യജീവിതം താറുമാറായ സമയത്താണ് ധർമേന്ദ്രയെ മീന കണ്ടുമുട്ടുന്നത്. അപ്പോഴേക്കും സംവിധായകനും ഭർത്താവുമായ കമൽ അംറോഹിയുമായി ഏകദേശം അകന്നിരുന്നു. എന്നിട്ടും ധർമേന്ദ്രയുമായുള്ള മീനയുടെ അടുപ്പം കമലിന് സഹിക്കാൻ കഴിഞ്ഞില്ല. അതിന് തന്റെ സിനിമയിലൂടെ കമൽ പകരംവീട്ടുകയും ചെയ്തു. 'റസിയ സുൽത്താൻ' എന്ന കമലിന്റെ സിനിമയിൽ ധർമേന്ദ്രയുടെ കഥാപാത്രം അടിമയുടേതായിരുന്നു. അതിൽ അദ്ദേഹത്തിന്റെ ദേഹം മുഴുവൻ കറുത്ത പെയിന്റടിച്ചും കൊടുംചൂടിൽ മണലാര്യണത്തിൽ സീനുകൾ ചിത്രീകരിച്ചുമാണത്രേ ദേഷ്യം തീർത്തത്. അന്ന് കമൽ എന്ന സംവിധായകന്റെ കഴിവ് എന്നത് വാഴ്ത്തിയെങ്കിലും, പിന്നീട് പ്രതികാരം തീർക്കലായിരുന്നുവെന്ന് പലരും പറഞ്ഞു.
ധർമേന്ദ്ര എപ്പോഴും മീനയെ കാണാൻ എത്താറുണ്ടായിരുന്നു. മീനയുടെ മദ്യപാനശീലം കൂട്ടിയത് ധർമേന്ദ്രയാണെന്ന് അന്ന് പലരും കുറ്റപ്പെടുത്തി. എന്നാൽ അങ്ങനെയല്ലെന്ന് മീനയുടെ ജീവചരിത്രത്തിൽ പറയുന്നു. മീനയുടെ മദ്യപാനം ഒരുപരിധിവരെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ധർമേന്ദ്രയുള്ളപ്പോൾ മീന മദ്യപിക്കുമായിരുന്നില്ല. എന്നാൽ അദ്ദേഹം പോകുന്ന പുറകെ കൈയിൽ കിട്ടുന്നതെല്ലാം കുടിക്കുമായിരുന്നുവത്രെ. അത്രയും അടുപ്പമായിരുന്നു മീനയ്ക്ക് ധർമേന്ദ്രയോട്. മീനാകുമാരി മരിച്ചപ്പോൾ നടി നർഗീസ് എഴുതിയ കത്തിലും, ഇത് പറയുന്നുണ്ട്. ''മീന ആരെയെങ്കിലും അത്രയും ഭ്രാന്തമായി പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് ധർമേന്ദ്രയാണ്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the intense bond between Meena Kumari and Dharmendra, the rumors of their love, and how director Kamal Amrohi allegedly took revenge through his film
Published: 08 Dec 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented