സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമാണ് സലീം ഖാൻ. സൽമാൻ ഖാൻ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നതിനെക്കുറിച്ചും, ഹെലനുമായുള്ള തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും സലീം ഖാൻ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. കോമൾ നഹ്തയുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, സൽമാൻ പ്രണയിക്കുന്ന നടിമാരിൽ നിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് സലീം ഖാൻ സംസാരിച്ചിരുന്നു.

"സൽമാന്റെ ചിന്താഗതിയിൽ ഒരു വൈരുദ്ധ്യമുണ്ട്, അതാണ് അവന്റെ വിവാഹം നടക്കാത്തതിന്റെ ഒരു കാരണം. സൽമാൻ അധികവും ആകർഷിക്കപ്പെടുന്നത് കൂടെ ജോലി ചെയ്യുന്നവരോടാണ്. അവർ സുന്ദരികളും മിടുക്കികളുമാണ്. സിനിമയിൽ അഭിനയിക്കുന്ന 90 ശതമാനം നടിമാരും കരിയറിൽ വലിയ ലക്ഷ്യങ്ങളുള്ളവരാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ സൽമാൻ ആഗ്രഹിക്കുന്നത് അവർ വിവാഹശേഷം വീട്ടിലിരിക്കണമെന്നാണ്," സലീം ഖാൻ പറഞ്ഞു.

തന്റെ കാമുകിമാരിൽ സൽമാൻ എപ്പോഴും സ്വന്തം അമ്മയെയാണ് തിരയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "തന്റെ അമ്മ ചെയ്തതുപോലെ ഭാര്യ കുട്ടികളെ സ്കൂളിൽ വിടണമെന്നും, അവർക്ക് പ്രഭാതഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നും, ഹോംവർക്കിൽ സഹായിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. സിനിമയിൽ അഭിനയിക്കുന്ന ഒരു പെൺകുട്ടിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല."

സലീം ഖാൻ ഹെലനെ വിവാഹം കഴിച്ചപ്പോൾ സൽമാനും കുടുംബവും ഏറെ പ്രയാസപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. "എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്റെ അമ്മയാണ്. അമ്മ സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ അമ്മയ്ക്ക് ഒരുപാട് വിഷമമുണ്ടായി," എന്ന് സൽമാൻ അന്ന് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ ഹെലനുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് 'ആൻഗ്രി യങ് മെൻ' (2024) എന്ന ഡോക്യുമെന്ററിയിൽ,"നിങ്ങൾ പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് മനസ്സിലാകും," എന്നാണ് സലീം ഖാൻ പറഞ്ഞത്. രണ്ടാം വിവാഹത്തിന് മുൻപ്, അദ്ദേഹം മക്കളെയെല്ലാം വിളിച്ച് സംസാരിച്ചിരുന്നു. "നിങ്ങൾക്ക് ഇപ്പോൾ ഇത് മനസ്സിലാകില്ല, വലുതാകുമ്പോൾ മനസ്സിലാകും. എനിക്ക് ഹെലൻ ആന്റിയോട് പ്രണയമാണ്. സ്വന്തം അമ്മയെ സ്നേഹിക്കുന്ന അത്രയും നിങ്ങൾ അവരെ സ്നേഹിക്കണം എന്ന് ഞാൻ പറയുന്നില്ല, പക്ഷേ അതേ ബഹുമാനം അവർക്ക് നൽകണം," എന്ന് അദ്ദേഹം മക്കളോട് ആവശ്യപ്പെട്ടു.

ഇന്ന് സലീം ഖാനും ഹെലനും സൽമ ഖാനും (സൽമാന്റെ അമ്മ) എല്ലാ കുടുംബ വിശേഷങ്ങളും ആഘോഷങ്ങളും ഒരുമിച്ചാണ് പങ്കിടാറുള്ളത്.

സലീം ഖാനെ ചൊവ്വാഴ്ച, മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് കാരണമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi