ഇന്ത്യയുടെ മുൻ ബാഡ്മിന്റൺ താരങ്ങളായ സൈന നേവാളും ഭർത്താവ് പി. കശ്യപും വിവാഹബന്ധം വേർപെടുത്തുന്നു. കശ്യപുമായി പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതായി സൈന അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലാണ് കായിക ലോകത്തെ പൂർണ്ണമായും ഞെട്ടിച്ചുകൊണ്ട് ഇവർ വാർത്ത പങ്കിട്ടത്.

'ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ച ശേഷം കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ പരസ്പരം സമാധാനവും വളർച്ചയും ശാന്തിയും തിരഞ്ഞെടുക്കുകയാണ്. ആ ഓർമ്മകൾക്ക് ഞാൻ നന്ദിയുള്ളവളാണ്. ഭാവിയിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി.' സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വേർപിരിയലിനെക്കുറിച്ച് കശ്യപിന്റെ ഭാഗത്തു നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഏഴുവർഷം മുൻപ് 2018-ലാണ് ഇരുവരും വിവാഹിതരായത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് സൈനയും കശ്യപ് പരുപ്പള്ളിയും പരിശീലനം നേടിയത്. പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു. ഒളിമ്പിക്‌സിലെ തന്റെ മികച്ച പ്രകടനത്തിലൂടെയും വെങ്കല മെഡലിലൂടെയും സൈന വാർത്തകളിൽ ഇടം നേടിയപ്പോൾ, 2014-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി പരുപ്പള്ളിയും പ്രശസ്തി നേടി.

ഹരിയാന സ്വദേശിയായ സൈന നേവാൾ 2008-ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. അതേവർഷം ഒളിമ്പിക്‌സിൽ ക്വാർട്ടർ ഫൈനലിലെത്തി. 2009-ൽ അർജുന അവാർഡും 2010-ൽ രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡും നേടി. ബാഡ്മിന്റണിൽ ലോക ഒന്നാം റാങ്കിങ് നേടിയ ഒരേയൊരു ഇന്ത്യക്കാരിയും, കർണ്ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിതയും കൂടിയായിരുന്നു സൈന.

ബാഡ്മിന്റൺ കളിക്കാരനെന്ന നിലയിൽ കശ്യപിന്റേതും ഒരു മികച്ച കരിയറായിരുന്നു. 2012-ൽ ലണ്ടൻ ഗെയിംസിൽ, ഒളിമ്പിക് ബാഡ്മിന്റണിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. ഒരു വർഷത്തിനുശേഷം കരിയറിലെ ഏറ്റവും മികച്ച ലോക റാങ്കിംഗായ ആറാം സ്ഥാനത്തേക്ക് ഉയർന്നു. തുടർന്ന് 2014-ൽ, കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടി ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തി. 32 വർഷത്തിനിടെ കോമൺവെൽത്ത് ഗെയിംസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ കളിക്കാരനായി. 2024-ൽ വിരമിച്ച കശ്യപ് പിന്നീട് പരിശീലകനായി മാറി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi