ഷർമിള ടാഗോറും മകനും നടനുമായ സെയ്ഫ് അലി ഖാനും ഒരിക്കൽ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ 8' എന്ന ചാറ്റ് ഷോയിൽ അതിഥികളായി എത്തിയിരുന്നു. പരിപാടിക്കിടെ, സെയ്ഫ് അലി ഖാനെയും അദ്ദേഹത്തിന്റെ മുൻഭാര്യ അമൃത സിങ്ങിനെയും കുറിച്ച് കരൺ ജോഹർ ഇങ്ങനെ പറഞ്ഞു: "സെയ്ഫ് അമൃതയുടെ വീട്ടിൽ എത്തിയതിന് ശേഷം പിന്നീട് അവിടെ നിന്ന് പോയിട്ടേയില്ല.” ഒടുവിൽ ആ ബന്ധം വിവാഹത്തിൽ എത്തുമ്പോൾ സെയ്ഫിന്റെ സഹോദരി സോഹയ്ക്ക് വെറും 13 വയസ്സായിരുന്നു. തന്റെ സഹോദരൻ വിവാഹിതനായ വിവരം ഒരു സഹപാഠി പറഞ്ഞാണ് അവൾ അറിഞ്ഞതെന്ന് സോഹ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കരൺ വെളിപ്പെടുത്തി.
"അമ്മയോട് ഈ വിവരം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്" എന്ന് വിവാഹത്തെക്കുറിച്ച് സെയ്ഫ് അലി ഖാൻ പറഞ്ഞപ്പേൾ
ഷർമിള ടാഗോർ ഇങ്ങനെ പറഞ്ഞു: "യഥാർത്ഥത്തിൽ ഞാൻ ഒരു ആവശ്യത്തിനായി മുംബൈയിൽ വന്നതായിരുന്നു. സെയ്ഫ് എന്നെ കാണാൻ വന്നു. എന്തോ പറയാനുണ്ടെന്ന് അവൻ പറഞ്ഞു. അവൻ അത് എന്നോട് പറഞ്ഞു. ആ നിമിഷം ഞാൻ എന്തുചെയ്യുകയായിരുന്നു എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിശബ്ദയായിരുന്നു. അവൻ എന്നോട് ചോദിച്ചു, 'അമ്മ എന്താണ് ഒന്നും മിണ്ടാത്തത്? അമ്മയുടെ മുഖത്തിന്റെ നിറം മാറുന്നുണ്ടല്ലോ' എന്ന്. നമുക്ക് ഇതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം എന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ പോയതിന് ശേഷം ഞാൻ ടൈഗറിനെ (മൻസൂർ അലി ഖാൻ പട്ടൗഡി) വിളിച്ചു വിവരം പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കൽ കുറച്ചുനേരം നിശബ്ദതയായിരുന്നു. പിന്നീട് ഞങ്ങൾ ആ വിഷയം അവിടെ വിട്ടു. അടുത്ത ദിവസം ഞാൻ അമൃതയെ വിളിച്ചു, ഞങ്ങൾ ചായ കുടിക്കുകയും സംസാരിക്കുകയും ചെയ്തു. എങ്കിലും ഞാൻ വലിയ ഞെട്ടലിലായിരുന്നു."
"ആ പ്രായത്തിൽ എങ്ങനെയാണ് ഒരാൾ പെട്ടെന്ന് വിവാഹം കഴിക്കുന്നത്?" എന്ന് കരൺ ജോഹറിന്റെ ചോദ്യത്തിന് സെയ്ഫിന്റെ മുപടി ഇങ്ങനെയായിരുന്നു "അതൊരു തരത്തിൽ വീട്ടിൽ നിന്ന് ഓടിപ്പോകുന്നതിന് തുല്യമായിരുന്നു.പക്ഷേ എനിക്കൊരു സുരക്ഷിതബോധം അവിടെ തോന്നിയിരുന്നു. അതുകൊണ്ട് എനിക്കൊരു വീട് ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതി." സെയ്ഫും അമൃത സിങ്ങും പല കാര്യങ്ങളിലും സമാനതയുള്ളവരായിരുന്നു എന്ന് ഷർമിള ടാഗോർ ഓർത്തു.
"'വിവാഹം കഴിക്കരുത് എന്ന് അമ്മ പറഞ്ഞിരുന്നു. എന്നാൽ 'ഞാൻ ഇന്നലെ വിവാഹം കഴിച്ചു' എന്നാണ് മറുപടി നൽകിയത്. അപ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് ഒരു വലിയ തുള്ളി കണ്ണുനീർ വീണു. അമ്മ കരയാൻ തുടങ്ങി, 'നീ എന്നെ ശരിക്കും വേദനിപ്പിച്ചു, എന്തുകൊണ്ടാണ് എന്നോട് പറയാതിരുന്നത്' എന്ന് ചോദിച്ചു." സെയ്ഫ് ഓർത്തെടുത്തു.
അമൃതയുമായി വേർപിരിയുന്നതിന് മുമ്പും താൻ ആദ്യം സംസാരിച്ചത് അമ്മയോടാണെന്ന് സെയ്ഫ് പറഞ്ഞു. 'നിനക്ക് അതാണ് വേണ്ടതെങ്കിൽ ഞാൻ നിന്റെ കൂടെയുണ്ട്' എന്ന അമ്മയുടെ വാക്കുകൾ വലിയ സഹായമായിരുന്നു."
സെയ്ഫിന് മാത്രമല്ല, കുടുംബത്തിന് മുഴുവൻ അത് പ്രയാസകരമായ സമയമായിരുന്നുവെന്ന് ഷർമിള ടാഗോർ കൂട്ടിച്ചേർത്തു. "ഇബ്രാഹിമിന് അന്ന് മൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് കുട്ടികളെ ഒരുപാട് ഇഷ്ടമായിരുന്നു. അമൃതയെയും രണ്ട് കുട്ടികളെയും നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾക്ക് ഇരട്ടി നഷ്ടം തോന്നി. സെയ്ഫിന് മാത്രമല്ല, ഞങ്ങൾക്കും ആ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടി വന്നു."
സെയ്ഫ് അലി ഖാനും അമൃത സിങ്ങും 1991-ലാണ് വിവാഹിതരായത്. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004-ൽ അവർ വിവാഹമോചനം നേടി. ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നിവരാണ് ഇവരുടെ മക്കൾ. സെയ്ഫ് 2012-ൽ നടി കരീന കപൂറിനെ വിവാഹം കഴിച്ചു. തൈമൂർ, ജേ എന്നിവരാണ് ഇവരുടെ മക്കൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 02 Feb 2026, 02:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented