
എലിസബത്ത്, ഫിലിപ്പ്, എഡ്വാർഡ്, ആൻഡ്രൂ (ഫയൽചിത്രം,MBI Library)
ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അനുജനാണ് ആൻഡ്രൂ രാജകുമാരൻ. എലിസബത്ത് രാജ്ഞി മൂന്നാമത് ജന്മം നൽകിയ സുമുഖനായ മകൻ. മൊത്തം നാലുമക്കളാണ് എലിസബത്തിനും ഫിലിപ്പിനും. ചാൾസിന്റെയും ആൻഡ്രൂവിന്റെയും ഇടയിൽ ആൻ രാജകുമാരിയുമുണ്ട്. നാലാമതായി എഡ്വാർഡ് രാജകുമാരനും. രാജകുടുംബമാണെങ്കിലും അല്ലെങ്കിലും മക്കളിൽ ഒരാളോട് ഇഷ്ടക്കൂടുതൽ കാണിക്കുന്നത് ശരിയാണോ? ഒരുകാലത്ത് ബ്രിട്ടിഷ് മാധ്യമങ്ങൾ കാര്യമായിത്തന്നെ ചർച്ചചെയ്ത വിഷയമാണിത്.
മക്കളിൽ എലിസബത്ത് രാജ്ഞിക്ക് ആൻഡ്രൂവിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നെന്നാണ് പറയപ്പെട്ടിരുന്നത്. രാജകുടുംബത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്ളിക്സ് സീരീസ് ‘ദി ക്രൗണി’ന്റെ നാലാമത്തെ സീസണിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറുമായുള്ള ഒരു സംഭാഷണത്തിനു പിന്നാലെ മക്കൾക്കിടയിൽ അങ്ങനെയൊരു വേർതിരിവുണ്ടോയെന്ന സംശയം എലിസബത്തിനുണ്ടായി. ഇക്കാര്യം ഭർത്താവ് ഫിലിപ്പ് രാജാവിനോട് ചോദിച്ചു.
നാലുമക്കളിൽ ആനിനോടാണ് കൂടുതലിഷ്ടമെന്ന് ഫിലിപ്പ് സമ്മതിക്കുന്നതായി സീരീസിൽ കാണിക്കുന്നുണ്ട്. തന്റെ ഇഷ്ടം സ്ഥിരീകരിക്കാൻ എലിസബത്തിന് ആശയക്കുഴപ്പമുണ്ടാകുന്നു. അങ്ങനെ അവർ നാലുമക്കളെയും ഒരു പരീക്ഷണത്തിന് വിധേയമാക്കാൻ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിന് ഓരോരുത്തരെയുമായി ക്ഷണിച്ചു. നാലുപേരോടും സംസാരിച്ചു, തന്റെ മക്കളാരും അത്രയ്ക്ക് ആകർഷകരോ ഇഷ്ടപ്പെടാൻ തോന്നുന്നവരോ അല്ലെന്ന് എലിസബത്ത് തിരിച്ചറിയുന്നതായിട്ടാണ് സീരീസിൽ പറയുന്നത്, പക്ഷെ ആൻഡ്രൂവിന് അൽപം നർമ്മബോധമുണ്ടെന്നും.
അപ്പോൾ ആൻഡ്രൂ ആണോ രാജ്ഞിയുടെ പ്രിയപ്പെട്ട മകൻ? രാജ്ഞി ഒരിക്കലും തന്റെ രണ്ടാമത്തെ മകനോടുള്ള ഇഷ്ടം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും, രാജകുടുംബവുമായി അടുപ്പം സൂക്ഷിച്ചവരെല്ലാം വിശ്വസിക്കുന്നത് അവരുടെ ഹൃദയത്തിൽ ഏറ്റവും വലിയ സ്ഥാനം ആൻഡ്ര്യൂവിനാണെന്നാണ്.
ഇഷ്ടം കൂടാൻ കാരണം
ആൻഡ്രൂവിന്റെ ബാല്യകാലത്ത് എലിസബത്ത് കൂടുതൽ സമയം അവനൊപ്പം ചെലവിട്ടിരുന്നു. അതുകൊണ്ടാവാം ആ ബന്ധം വളർന്നതെന്ന് ചിലർ വിശ്വസിക്കുന്നു. ടെലിഗ്രാഫ് റിപ്പോർട്ട് അനുസരിച്ച് ആൻഡ്രൂവിനും ഇളയ മകൻ എഡ്വേർഡിനുമായി രാജ്ഞി കൂടുതൽ സമയം കണ്ടെത്തിയിരുന്നു. അവരുടെ സ്കൂളിൽ അംഗരക്ഷകനൊപ്പമോ ചിലപ്പോൾ സ്വയം വണ്ടിയോടിച്ചോ എലിസബത്ത് എത്തുമായിരുന്നു. ആൻഡ്രൂ ജനിച്ചതിന് ശേഷം അവർ കസിനയച്ച ഒരു കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നതായി പറയപ്പെടുന്നു, "വളരെ ഭംഗിയുള്ള കുഞ്ഞാണ്, മൊത്തത്തിൽ പറഞ്ഞാൽ, ഞങ്ങളാൽ അവൻ വല്ലാതെ വഷളാവുമെന്നുറപ്പുണ്ട്". അതേസമയം, രാജകീയ ഉത്തരവാദിത്തങ്ങളുടെ തിരക്കുകാരണം മൂത്ത മകൻ ചാൾസിനെ കൂടുതലും പരിചരിച്ചത് നാനിമാരായിരുന്നു.
ഫിലിപ്പുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണുകൊണ്ടിരുന്ന സമയത്താണ് ആൻഡ്രൂവിന് രാജ്ഞി ജന്മം കൊടുക്കുന്നത്. തങ്ങളുടെ ദാമ്പത്യം തിരിച്ചുപിടിക്കാനായതും വിവാഹബന്ധത്തിൽ നല്ലകാലം കൊണ്ടുവന്നതും ആൻഡ്രൂവിന്റെ ജനനത്തോടെയാണെന്ന വിശ്വാസം രാജ്ഞിക്കുണ്ടായിരുന്നുവത്രേ. രണ്ടാമത്തെ മകന്റെ ജനനത്തെ തന്റെ വിവാഹത്തിന്റെ പുനരാരംഭമായും സന്തോഷം നിറഞ്ഞ കാലഘട്ടമായുമാണ് രാജ്ഞി കരുതുന്നതെന്ന് ബിബിസിയുടെ ഹിസ്റ്ററിഎക്സ്ട്രാ വിശദീകരിക്കുന്നു. വളർന്നപ്പോഴും ആ അടുപ്പം കൂടുകയും ചെയ്തു.
ചാൾസുമായുള്ള ബന്ധം
മൂത്ത മകനായ ചാൾസുമായുള്ള അവരുടെ ബന്ധം പലപ്പോഴും തർക്കങ്ങൾ നിറഞ്ഞതായിരുന്നു. ഫിലിപ്പും എലിസബത്തും തമ്മിലുള്ള പല വിയോജിപ്പുകളും മറ്റു പ്രശ്നങ്ങളും ചാൾസിനെ അന്തർമുഖനാക്കിയിട്ടുണ്ട്. കിരീടാവകാശിയായ ചാൾസിന്റെ കമീല പാർക്കർബൗൾസുമായുള്ള വിവാഹേതരബന്ധം തർക്കത്തിന് മറ്റൊരു കാരണമായി. അതേസമയം, ആൻഡ്രൂവിന്റെ പല മോശം പെരുമാറ്റങ്ങളെപ്പറ്റിയും വ്യക്തമായ തെളിവുണ്ടായിട്ടും രാജ്ഞി അദ്ദേഹത്തോട് ക്ഷമിക്കാൻ താല്പര്യം കാട്ടി.
ആൻഡ്രൂ സൈനിക ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ചിരുന്നു. ഫാക്ക്ലാൻഡ്സ് യുദ്ധത്തിൽ പോരാടി നിരവധി സൈനികരെ രക്ഷിച്ചത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിപ്പിച്ചു. അധികം വൈകാതെ പാർട്ടികളെയും സ്ത്രീസഹവാസത്തെയും ഇഷ്ടപ്പെടുന്ന ഒരു 'പ്ലേബോയ് രാജകുമാരനായി' അദ്ദേഹം അവതരിച്ചു. പക്ഷേ, അപ്പോഴൊന്നും എലിസബത്ത് ആൻഡ്രൂവിനെതിരേ കടുത്ത നടപടിക്ക് മുതിർന്നില്ല. യു.എസിൽ ആൻഡ്രൂവിനെതിരേയുണ്ടായിരുന്ന ലൈംഗികാതിക്രമക്കേസ് 2022-ലാണ് ഒത്തുതീർപ്പായത്. അതിനുശേഷവും മരണംവരെയും അദ്ദേഹത്തിന് എലിസബത്തിന്റെ പിന്തുണയുണ്ടായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Jul 2025, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented