ബ്രിട്ടിഷ് രാജകുടുംബത്തിലെ അനൗദ്യോഗിക സംഭവങ്ങള്‍ ഏറ്റവുമധികം ലോകം ചര്‍ച്ചചെയ്തത് 'ദി ക്രൗണ്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ് പുറത്തിറങ്ങിയതോടെയാണ്. രാജകുടുംബത്തിന്റെ പിന്നാമ്പുറക്കഥകള്‍ പറയുന്ന സീരീസിന്റെ ആദ്യസീസണ്‍ 2016-ല്‍ പുറത്തിറങ്ങി. എലിസബത്ത്-2 രാജ്ഞിയും ഫിലിപ് രാജകുമാരനും (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്‌) തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഇതില്‍ വിശദമായി പറയുന്നുണ്ട്. ദമ്പതിമാര്‍ക്കിടയില്‍ വളരെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ 25-ാം വയസ്സില്‍ എലിസബത്ത് രാജ്യഭരണമേറ്റെടുത്തതോടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയെന്നാണ് സീരീസ് പറഞ്ഞുവെക്കുന്നത്. ശ്വാസകോശരോഗങ്ങളെത്തുടര്‍ന്ന് അച്ഛന്‍ ജോര്‍ജ് ആറാമന്‍ രാജാവ് വിടവാങ്ങിയതോടെയാണ് എലിസബത്ത് രാജ്ഞിയാവുന്നത്.

ഭരണകാര്യങ്ങളിലെ തിരക്കുകളുമായി എലിസബത്ത് മുന്നോട്ടുപോകവേ, ഫിലിപ് വലിയ രീതിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാജ്ഞി എന്നതിലുപരി ഭാര്യയെന്ന കടമകളിലേക്ക് എലിസബത്തിനെ കൊണ്ടുവരാനും നിയന്ത്രിക്കാനും ഫിലിപ്പിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. രാജ്ഞിയുടെ പ്രശസ്തിയില്‍ താന്‍ മങ്ങിപ്പോകുന്നുവെന്നും ഫിലിപ്പിനു തോന്നിയിരുന്നു.  

ഫിലിപ്പിന്റെ വിവാഹേതരബന്ധങ്ങളാണ് 'ക്രൗണ്‍' ചര്‍ച്ചചെയ്യുന്ന മറ്റൊരു വിഷയം. 'ലേഡീസ് മാന്‍' എന്നാണ് ഫിലിപ് പലപ്പോഴും അറിയപ്പെട്ടിരുന്നത്. പല സ്ത്രീകളുമായി ചേര്‍ത്ത് ഫിലിപ്പിന്റെ പേര് വരികയുണ്ടായി. ചില ബന്ധങ്ങളില്‍ രാജ്ഞി അസ്വസ്ഥയായിരുന്നു, ഒരു ഘട്ടത്തില്‍ വിവാഹമോചനത്തെപ്പറ്റി പോലും എലിസബത്ത് ചിന്തിച്ചു. വിവാഹമോചനത്തിനുശേഷമുള്ള ജീവിതത്തെപ്പറ്റി കൊട്ടാരത്തിലെ ഉദ്യോഗസ്ഥനോട് ആരാഞ്ഞിരുന്നതായും സീരീസില്‍ പറയുന്നു.  

അടുത്ത സുഹൃത്തായ പെനിലോപ് നാച്ച്ബുള്ളുമായുള്ള ഫിലിപ്പിന്റെ ബന്ധം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. വാര്‍ധക്യത്തിലെത്തി നില്‍ക്കുമ്പോഴാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. തന്നേക്കാളും 30-ലേറെ വയസ്സിന് ഇളപ്പമുള്ള പെനിലോപ്പിനൊപ്പം ഫിലിപ്പിനെ സ്ഥിരമായി കാണാറുള്ളതാണ് ഇങ്ങനെയൊരു അഭ്യൂഹം പരക്കാന്‍ കാരണമായത്. 

placeholder
പെനിലോപും ഫിലിപ്പും | Getty Images

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പ്രണയബന്ധമായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. പക്ഷേ, വലിയ അടുപ്പം ഇവര്‍ക്കിടയിലുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയെ ഈ ബന്ധം വിഷമിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹബന്ധത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നും തങ്ങള്‍ രണ്ട് ദിശകളിലാണെന്നും ഫിലിപ് സുഹൃത്തിനോട് പറയുന്നതായി സീരീസില്‍ കാണാം. അതേസമയം ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും സീരിസില്‍ പറഞ്ഞതുപ്രകാരമുള്ള പ്രണയബന്ധമില്ലായിരുന്നെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ വിശദീകരിച്ചത്. 

2021 ഏപ്രില്‍ മാസത്തിലാണ് ഫിലിപ് വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ ശവസംസ്‌കാര ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 30 പേരില്‍ പെനിലോപ്പുമുണ്ടായിരുന്നു. 

നടിമാരും മോഡലുകളും ടാബ്ലോയ്ഡുകളില്‍ നിറഞ്ഞു 
1930-കളിലും 40-കളിലും ഏറെ പ്രശസ്തയായിരുന്ന നടി പാറ്റ് കിര്‍ക്ക്വുഡുമായി ഫിലിപ്പിന് ബന്ധമുണ്ടെന്ന് കിംവദന്തികള്‍ പരന്നു. കിര്‍ക്ക്വുഡിന്റെ കാലുകള്‍ ഒരിക്കല്‍ 'ലോകത്തിന്റെ എട്ടാമത്തെ അത്ഭുതം' എന്നുപോലും ആരാധകര്‍ വിശേഷിപ്പിച്ചു. കിര്‍ക്ക്വുഡും ഫിലിപ്പും പല അവസരങ്ങളിലും പരസ്പരം കണ്ടുമുട്ടിയതായി ബ്രിട്ടിഷ് ടാബ്ലോയ്ഡുകള്‍ പറയുന്നുണ്ട്. പക്ഷേ തങ്ങള്‍ക്കിടയില്‍ പ്രണയബന്ധമുണ്ടെന്ന ആരോപണങ്ങളെ ഇരുവരും നിഷേധിച്ചു. 'രാജകുമാരനും ഷോഗേളും' എന്ന തലക്കെട്ടുകളിലെ കിംവദന്തികള്‍ വിടാതെ പുറകെക്കൂടി. 

placeholder
പാറ്റ് കിര്‍ക്ക്വുഡ് | Getty Images

കിര്‍ക്ക്വുഡിനെ കൂടാതെ, ടി.വി. വ്യക്തിത്വമായ കേറ്റി ബോയ്ല്‍, ഗായിക ഹെലീന്‍ കോര്‍ഡെറ്റ്, നടന്‍ മെര്‍ലെ ഒബ്‌റോണ്‍, നോവലിസ്റ്റ് ഡാഫ്നെ ഡു മൗറിയര്‍, അലക്സാന്ദ്ര രാജകുമാരി (രാജ്ഞിയുടെ കസിന്‍), അബര്‍കോണ്‍ ഡച്ചസ് എന്നിവരുമായും ഫിലിപ്പിന്റെ പേര് ചേര്‍ക്കപ്പെട്ടു. 'അതിശയകരമായ സൗഹൃദം' ഫിലിപ്പുമായുണ്ടായിരുന്നെന്ന് ചിലര്‍ തുറന്നുപറഞ്ഞു. വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തെളിവുകളില്ല. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനും ഫിലിപ് തയ്യാറായിരുന്നില്ല. 

എന്നാല്‍ ഫിലിപ്പിന് ഒന്നിലധികം പേരുമായി പ്രണയമുണ്ടായിരുന്നെന്നും അവ പൂര്‍ണ അര്‍ഥത്തിലുള്ള പ്രണയങ്ങളായിരുന്നെന്നും ജീവചരിത്രകാരിയായ സാറാ ബ്രാഡ്ഫോര്‍ഡ് പറയുന്നു. 'എലിസബത്ത്-2: ഹെര്‍ ലൈഫ് ഇന്‍ ഔര്‍ ടൈം' എന്ന പുസതകത്തിലാണ് അവര്‍ ഇത് അവകാശപ്പെടുന്നത്. 'ഫിലിപ്പിന്റെ പ്രണയങ്ങള്‍ രാജ്ഞിക്ക് അറിയാമായിരുന്നു, രാജ്ഞി അത് അംഗീകരിക്കുകയും ചെയ്തിരുന്നു, കാരണം, പുരുഷന്മാര്‍ അങ്ങനെയാണെന്ന് അവര്‍ കരുതി.'-എന്നാണ് പുസ്തകത്തില്‍ പറയുന്നത്.