ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകനും ചലച്ചിത്രകാരനുമായ പലാഷ് മുച്ഛലും തമ്മിൽ പ്രണയത്തിലാണെന്ന് ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നു. തൻ്റെ ഇൻസ്റ്റഗ്രാമിൽ സ്മൃതിക്കൊപ്പമുള്ള ചിത്രങ്ങൾ പലാഷ് സ്ഥിരമായി പങ്കുവെക്കാറുണ്ട്. എങ്കിലും പ്രണയത്തിലാണെന്ന് ഇരുവരും പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ സ്മൃതിയുമായുള്ള വിവാഹം സ്ഥിരീകരിച്ചിരിക്കുകയാണ് പലാഷ്.

"അവൾ ഉടൻ തന്നെ ഇന്ദോറിന്റെ മരുമകളാകും... അത്രയേ എനിക്ക് പറയാനുള്ളൂ. ഞാൻ നിങ്ങൾക്ക് തലക്കെട്ട് തന്നിട്ടുണ്ട്."-എന്നായിരുന്നു പലാഷിന്റെ പ്രതികരണം. ഇന്ദോർ സ്വദേശിയാണദ്ദേഹം. അതേസമയം, വിവാഹത്തീയതിയോ മറ്റ് വിവരങ്ങളോ പലാഷ് വെളിപ്പെടുത്തിയില്ല.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതി, ഇംഗ്ലണ്ടിനെതിരായ ഐസിസി വനിതാ ലോകകപ്പ് ഏകദിന മത്സരത്തിനായി ഇപ്പോൾ ഇന്ദോറിലാണ്. "ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും എൻ്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളിലും വിജയിച്ച് രാജ്യത്തിന് കീർത്തി കൊണ്ടുവരണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു," എന്നും പലാഷ് കഴിഞ്ഞദിവസം പറഞ്ഞു.

ഇക്കൊല്ലം ജൂലായിൽ, പലാഷ് സ്മൃതിക്കായി ഇൻസ്റ്റാഗ്രാമിൽ ഒരു ജന്മദിന പോസ്റ്റ് പങ്കുവെച്ചിരുന്നു. അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്, "തുടക്കം മുതലേ, എന്റെ പ്രതിസന്ധികളിൽ ശാന്തതയും, എന്റെ ഏറ്റവും വലിയ പ്രോത്സാഹനവും, എനിക്കറിയാവുന്ന ഏറ്റവും പ്രചോദനം നൽകുന്ന വ്യക്തിയുമാണ് നീ - കളിക്കളത്തിലും പുറത്തും. സമ്മർദ്ദഘട്ടങ്ങളിലെ സമചിത്തത എന്താണെന്നും നിശബ്ദമായ കരുത്തെന്താണെന്നും നീ എനിക്ക് കാണിച്ചുതന്നു. ജന്മദിനാശംസകൾ സ്മൃതി."

സഹോദരി പലക് മുച്ഛലിനൊപ്പം നിരവധി ബോളിവുഡ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട് പലാഷ് മുച്ഛൽ. തന്റെ സംവിധാനസംരംഭമായ 'രാജു ബജേവാല'യുടെ ചിത്രീകരണത്തിലാണ് അദ്ദേഹമിപ്പോൾ. അഭിഷേക് ബച്ചനും ദീപിക പദുകോണും അഭിനയിച്ച അശുതോഷ് ഗവാരിക്കറുടെ 'ഖേലേൻ ഹം ജീ ജാൻ സേ' എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi