
ആറ്റുവഞ്ചികള്‍ നിറഞ്ഞ നിളാതീരത്തു നിന്നാണ് ക്ഷേമാവതി ടീച്ചറുടെ ഓര്‍മകള്‍ സഞ്ചാരം തുടങ്ങുന്നത്. ആ യാത്രയില്‍ അവര്‍ ആ പഴയ പതിനൊന്നുകാരിയായി. ഓര്‍മകളുടെ ഏകതാളം. പതിഞ്ഞും ഉയര്‍ന്നും അനുഭവങ്ങളുടെ തില്ലാന. പതിനൊന്നാം വയസ്സില്‍ കലാമണ്ഡലത്തില്‍ നൃത്തപഠനത്തിനു ചേര്‍ന്ന നാളുകളിലേക്ക് അവര്‍ മടങ്ങി. കലയുടെ കോവിലിലെ ചിട്ടയായ ജീവിതചര്യകള്‍. നാട്യത്തികവിനായി അധ്യാപികമാരില്‍ നിന്നേറ്റ തല്ലും ശകാരങ്ങളും. തണുത്ത പുലരികളില്‍ ചിന്നമ്മുട്ടീച്ചറിനും കൂട്ടുകാരികള്‍ക്കുമൊപ്പം നിളയുടെ കുളിരില്‍ നടത്തിയ മുങ്ങിനീരാട്ടുകള്‍. ഗതിമാറി ഒഴുകുന്ന പുഴപോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവന്ന പില്‍ക്കാലം. അവിടെ നിന്ന് ജീവിതം കൈവരിച്ച പുതിയ താളം. കലാമണ്ഡലം ക്ഷേമാവതിയുടെ ജീവിതം കലയുടെയും പ്രണയത്തിന്റെയും കണ്ണീരിന്റെയും ആകെത്തുകയാണ്. അതിലുടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട് പവിത്രന്‍ എന്ന പങ്കാളി സമ്മാനിച്ച തണലും നിറങ്ങളും. സിനിമാക്കാരനായ പവിത്രനും നര്‍ത്തകിയായ ക്ഷേമാവതിയും. പവിത്രനില്ലാത്ത പതിനാറു വര്‍ഷങ്ങള്‍. പിന്നിട്ട നാളുകളിലേക്ക് തിരികെ നടക്കുമ്പോള്‍ വീട്ടുമുറ്റത്ത് പണ്ടെന്നോ പവിത്രന്‍ നട്ടു വളര്‍ത്തിയ ചെടികളിലെന്നപോലെ ചിരിയും കണ്ണീരും ഒന്നിച്ചു പൂവിടുന്നു...
നിളാതീരം
കലാമണ്ഡലത്തില്‍ പഠനം തുടങ്ങുമ്പോള്‍ എനിക്ക് പതിനൊന്നു വയസ്. നര്‍ത്തകിയാകണം എന്ന മോഹം എന്നോ മനസ്സില്‍ കയറിക്കൂടിയതാണ്. അങ്ങനെ പഠനം തുടങ്ങി. അന്നൊക്കെ അധ്യാപികമാരുടെ കൈയില്‍ നിന്ന് ഇഷ്ടംപോലെ തല്ല് കിട്ടിയിട്ടുണ്ട്. മുദ്രകളും മെയ്‌വഴക്കവുമൊക്കെ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് വന്നില്ലെങ്കില്‍ അടി ഉറപ്പാണ്. അടികൊള്ളുമ്പോ നിര്‍ത്തി വീട്ടിലേക്ക് മടങ്ങിയാലോ എന്നൊക്കെ തോന്നും. പക്ഷേ, മനസ്സീന്ന് മോഹം ഇറങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. അങ്ങനെ നിളയുടെ കാറ്റേറ്റ് അഞ്ച് കൊല്ലം.
ആ വര്‍ഷങ്ങളാണ് ജീവിതത്തിന് അടിത്തറ പാകിയത്. അന്ന് കലാമണ്ഡലത്തില്‍ തുടര്‍പഠനത്തിന് സാധ്യതയില്ല. പതിനാറാം വയസ്സു മുതല്‍ ഞാന്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ തുടങ്ങിയിരുന്നു. അതിനൊപ്പം തുടര്‍പഠനത്തിന് മദ്രാസിലേക്ക് പോകണം എന്നൊരു തോന്നല്‍. അവിടെ കലൈമാമണി മുത്തുസ്വാമി പിള്ളയും ചിത്രാ വിശ്വേശ്വരനും വെമ്പട്ടി ചിന്നസത്യവും ഉള്‍പ്പെടെയുള്ള ഗുരുക്കന്മാരുടെ അടുത്ത് പഠനം. അതിനിടെ ഒന്‍പതാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ പൊന്‍കുന്നം വര്‍ക്കി എന്നെ ക്ഷണിച്ചു. മഹാരാജാസ് കോളേജ് മൈതാനത്ത് അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ നാട്ടിലും മദ്രാസിലും നിറയെ പരിപാടികള്‍ കിട്ടിത്തുടങ്ങി. പഠനവും പ്രോഗ്രാമുകളും ഒക്കെയായി തുടര്‍ച്ചയായി മദ്രാസില്‍ തങ്ങേണ്ടി വരും. താമസിക്കാന്‍ സുരക്ഷിതമായൊരു ഇടംകിട്ടുക കുറച്ചു ബുദ്ധിമുട്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് പ്രാക്ടീസ് ചെയ്യണം. ക്ലാസും പ്രോഗ്രാമുമൊക്കെ കഴിഞ്ഞ് തിരികെയെത്താന്‍ ഒരു സമയവുമാകും. അര്‍ജുനന്‍ മാസ്റ്ററുമായി കുടുംബത്തിന് നല്ല ബന്ധമാണ്. എന്റെ ഈ ബുദ്ധിമുട്ട് അച്ഛന്‍ അദ്ദേഹത്തോട് പറഞ്ഞു. മാസ്റ്ററാണ് കെ. പി. എ. സി ലളിതച്ചേച്ചിയുടെ കാര്യം പറയുന്നത്. അന്ന് ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. ചെന്നൈയിലാണ് താമസം. ''നീ ഒപ്പം നില്‍ക്കുന്നതില്‍ ലളിതയ്ക്ക് സന്തോഷമേ ഉള്ളൂ'' എന്ന് മാസ്റ്റര്‍ ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ ഞാന്‍ മദ്രാസില്‍ കെ. കെ. നഗറിലെ വീട്ടില്‍ ലളിതച്ചേച്ചിക്കൊപ്പം താമസം തുടങ്ങി. ചേച്ചി തന്നുവിടുന്ന പൊതിച്ചോറിന്റെ രുചി മറക്കാന്‍ കഴിയില്ല. ഭയങ്കര സ്‌നേഹവും കരുതലും ആയിരുന്നു. കുറേക്കാലം അവിടെ നിന്നു. പിന്നെ എപ്പോള്‍ മദ്രാസില്‍ എത്തിയാലും ഞാന്‍ ചേച്ചിയെ വിളിക്കും. അതിനിടെ ചേച്ചിയും ഭരതേട്ടനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. അങ്ങനെ ഒരിക്കല്‍ ഒരു പ്രോഗ്രാമിന് മദ്രാസില്‍ ചെന്നപ്പോള്‍ ഞാന്‍ ചേച്ചിയുടെ വീട്ടിലേക്ക് പോയി. ഭരതേട്ടന്‍ അന്ന് തകരയുടെ ഷൂട്ടിലാണ്. കുറച്ചു കഴിഞ്ഞ് ഭരതേട്ടന്‍ വന്നു. കൂടെ കുറച്ചുപേരൊക്കെ ഉണ്ട്. അക്കൂട്ടത്തില്‍ നെടുമുടി വേണുവിനെ മാത്രമേ ഞാന്‍ അറിയൂ. കൂട്ടത്തിലൊരു ഊശാന്‍താടിക്കാരനെ ഭരതേട്ടന്‍ എനിക്ക് പരിചയപ്പെടുത്തി. ''ഇത് പവിത്രന്‍. സിനിമാക്കാരനാണ്. കബനീ നദി ചുവന്നപ്പോള്‍ എന്ന ചിത്രം നിര്‍മിച്ചത് ഇദ്ദേഹമാണ്'' എന്നൊക്കെ. ആര്‍ട് സിനിമകളൊന്നും കാണില്ല അതുകൊണ്ട് എനിക്ക് ആളെ അറിയുകയുമില്ല എന്ന് ഞാന്‍ തുറന്നു സമ്മതിച്ചു.

ആദ്യകാഴ്ച
പിന്നെയും ഒന്നുരണ്ടുതവണ അവിടെ വച്ച് പവിത്രനെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഭരതേട്ടന്‍ വെറുതെ കളിയാക്കും. ''നിനക്ക് ഇവനെ കല്യാണം കഴിച്ചൂടേ?' എന്നൊക്കെ. എനിക്ക് സിനിമാക്കാരെ ഇഷ്ടമല്ല. എന്റെ പുരുഷ സങ്കല്പവും ഇതല്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പവിത്രന്‍ താടിയും മുടിയും തടവി കസേരയില്‍ ഇളകിയിരുന്ന് എന്നെ ഒന്ന് നോക്കി. ''ഈ താടിയും മുടിയും എങ്ങനെ വേണമെങ്കിലും വെട്ടാം'' എന്നൊരു ഡയലോഗും. ഞാന്‍ ചിരിച്ചുപോയി. ഒന്നിച്ചു കാണുമ്പോഴൊക്കെയും ഭരതേട്ടന്‍ ഈ കല്യാണക്കാര്യം എടുത്തിടും. അത്രയ്ക്ക് താത്പര്യം ഉണ്ടെങ്കില്‍ വീട്ടില്‍ ചെന്ന് അച്ഛനോട് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു. പവിത്രന്റെ പെരുമാറ്റവും രീതികളുമൊക്കെ എനിക്കും ഇഷ്ടമായിത്തുടങ്ങിയിരുന്നു. അങ്ങനെ പവിത്രന്‍ വീട്ടില്‍ വന്നു.
ഞാന്‍ പലകാരണങ്ങള്‍ പറഞ്ഞ് കല്യാണത്തില്‍നിന്ന് ഒഴിഞ്ഞുമാറി നടന്ന ആളാണ്. കുടുംബവും കുട്ടികളുമൊക്കെ നൃത്തത്തില്‍ നിന്ന് എന്നെ അകറ്റിക്കളയുമെന്നായിരുന്നു പേടി. പവിത്രന്റെ സ്ഥിതിയും അങ്ങനെയൊക്കെത്തന്നെ. 'സന്ന്യാസി ആകേണ്ട ആളായിരുന്നു... എങ്ങനെ ഈ മനംമാറ്റം ഉണ്ടായി' എന്നൊക്കെ പവിത്രന്റെ കൂട്ടുകാര് പോലും അതിശയിച്ചു. അങ്ങനെ ഇരുവീട്ടുകാരും സമ്മതിച്ചു.
1980ല്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. കണ്ടാണശ്ശേരിയില്‍ പവിത്രന്റെ തറവാട്ടില്‍ നാടന്‍ പെണ്‍കൊടിയായി പുതിയ ജീവിതം. തൃശ്ശൂരിലെ വീട്ടില്‍ തുടങ്ങിവച്ച നൃത്ത ക്ലാസ് ഞാന്‍ തുടര്‍ന്നു. ആഴ്ചാവസാനം വീട്ടില്‍ പോയി ക്ലാസെടുത്ത് മടങ്ങി വരും. അതിനോടകം പവിത്രന്‍ എനിക്ക് പവിയായി മാറിയിരുന്നു. പവി എന്നെ രാധ എന്നു വിളിച്ചു. എന്റെ നൃത്ത കാര്യങ്ങളിലൊന്നും പവി ഇടപെടാറുണ്ടായിരുന്നില്ല. എനിക്ക് എന്റെ വഴി പവിക്ക് പവിയുടെ വഴി അതായിരുന്നു രീതി.
പവിയും ഞാനും
വിവാഹശേഷമാണ് പവിത്രന്‍ ഉപ്പ്, ഉത്തരം, ബലി തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്യുന്നത്. സിനിമകളുടെ പ്രിവ്യൂ കാണാന്‍ ഞാനും പോകും. ആര്‍ട് ഫിലിം കാണാനുള്ള ക്ഷമയൊന്നും ഉള്ള ആളല്ല ഞാന്‍. ആദ്യമൊന്നും പവിത്രന്‍ പറയുന്ന തമാശകള്‍ പോലും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ വ്യത്യസ്തര്‍. ഞാന്‍ കണിശമായ അച്ചടക്കം ഉള്ള ആളാണ്. പവിത്രന്‍ നേരേ എതിരും. ആ അച്ചടക്കമില്ലായ്മ പവിയുടെ വ്യക്തിത്വത്തിന് ചേരും.
നിറയെ കൂട്ടുകാരൊക്കെയുണ്ട്. അവര്‍ക്ക് പവി കൊടുക്കുന്ന ആനന്ദം എന്നെ അത്ഭുതപ്പെടുത്തും. പാട്ടും കവിതയും തിരക്കഥാ ചര്‍ച്ചയും കഥപറച്ചിലും ഒക്കെയായി അവര്‍ വീട്ടില്‍ ഒത്തുകൂടും. രാത്രി പത്തുമണിക്ക് ശേഷം അത്തരം കൂട്ടുകൂടല്‍ വീട്ടില്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. എന്റെ വിയോജിപ്പുകളൊക്കെ തുറന്നു പറയാനുള്ള ഇടം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
അതിനിടെ മക്കള്‍ ഈവയും ലക്ഷ്മിയും ജനിച്ചു. കുഞ്ഞുങ്ങള്‍ നടന്നു തുടങ്ങുന്നതുവരെയൊക്കെ ഞാന്‍ നൃത്തത്തില്‍ നിന്ന് ഇടവേളയെടുത്തു. പിന്നെ നൃത്തത്തിലേക്കുതന്നെ മടങ്ങി. കുടുംബ ചുമതലകളൊന്നും ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ഒരു വ്യക്തിത്വമായിരുന്നില്ല പവിയുടേത്. അതുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ കൂടുതലും എന്റെ ചുമലിലായിരുന്നു. പവി അടിമുടി സ്‌നേഹവും തമാശകളുമായിരുന്നു. പെരുമാറ്റം കൊണ്ട് എന്നെയിങ്ങനെ ഞെട്ടിക്കും. ഈശ്വരവിശ്വാസിയൊന്നും അല്ലായിരുന്നിട്ടും പറ്റുന്ന വര്‍ഷങ്ങളിലൊക്കെയും നോമ്പെടുത്ത് ശബരിമലയ്ക്ക് പോകും.

അവസാന യാത്ര
ഇരുപത്തഞ്ച് വര്‍ഷം ഞങ്ങള്‍ ഒന്നിച്ചുജീവിച്ചു. പവിക്ക് കരളിനായിരുന്നു പ്രശ്‌നം. ശീലങ്ങള്‍ സമ്മാനിച്ച രോഗമായിരുന്നിരിക്കാം. പതിവായി മദ്യപിക്കുന്ന ആളൊന്നും ആയിരുന്നില്ല. പക്ഷേ, ആ ശീലം തുടങ്ങിയാല്‍ കുറച്ചുകാലം തുടരും. ആദ്യമൊക്കെ ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. അതുകൊണ്ട് കാര്യമില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്മാറി. ജീവിതം നേരത്തെ മതിയാക്കാം എന്നു കരുതി ഒരാള്‍ ജീവിച്ചാല്‍ നമുക്ക് അയാളെ തിരുത്താന്‍ കഴിയില്ല. മനസ്സിന് കുറച്ചൂടെ ബലം നല്‍കി. കലയെ കൂട്ടുപിടിച്ചു. ഇടയ്ക്കിടെ പവി ആസ്പത്രിയിലാകും. പവി ഉറങ്ങിക്കിടക്കുമ്പോള്‍ പലപ്പോഴും പേടിച്ച് ഞാന്‍ വിളിച്ചുണര്‍ത്തിയിട്ടുണ്ട്. പറയാതെ വിട്ടുപോകുമോ എന്നുള്ള പേടി. ആസ്പത്രിയില്‍ കിടക്കുമ്പോഴും സിനിമാക്കാര്യങ്ങളാവും പറയുക. അബോധാവസ്ഥയിലും ആരുടെയൊക്കെയോ നമ്പറുകള്‍ പറയും.
ഓരോ ആസ്പത്രിവാസക്കാലത്തും ഒപ്പം നിന്ന സുഹൃത്തുക്കള്‍ കുറേപ്പേരുണ്ട്. ജയരാജ് പുതുമഠം, ഇരിങ്ങാലക്കുടക്കാരന്‍ ശ്രീകുമാര്‍ അങ്ങനെ എത്രയെത്ര ചങ്ങാതിമാര്‍. അവസാനം ആസ്പത്രിയില്‍ നിന്ന് പോരുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയതൊന്നും കഴിക്കരുതെന്ന് ഡോക്ടര്‍ താക്കീത് ചെയ്തിരുന്നു. പക്ഷേ, വീട്ടില്‍ വന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ ആളെ കാണാനില്ല. മാര്‍ക്കറ്റില്‍ പോയി സൂപ്പുണ്ടാക്കാനുള്ള കോഴിക്കാലും വാങ്ങിയാണ് വരവ്. എതിര്‍ത്തിട്ട് കാര്യമില്ല. ടി.വിയില്‍ ക്രിക്കറ്റ് കണ്ടുകൊണ്ട് ഫോണില്‍ ഏതോ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പവി പെട്ടെന്ന് അപസ്മാരം വന്ന് വീണു. ആ ആസ്പത്രിയാത്ര അത് അവസാനയാത്ര ആയിരുന്നു.
കബനി പോലെ
പവിയില്ലാത്ത പതിനാറ് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. പവി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ നട്ട ചെടികള്‍ ഒക്കെയും ഓര്‍മകളുടെ കടലിരമ്പം തീര്‍ക്കാറുണ്ട് ഇപ്പോഴും. എല്ലാ രാത്രികളിലും ഞങ്ങളുടെ മുറിയിലെ റേഡിയോയില്‍ ഗസലുകള്‍ മുഴങ്ങും. അത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. 'ജബ് രാത് കി തന്‍ഹായി ദില്‍ ബന്‍ കെ ധടക്തീ ഹെ...' കൂട്ടത്തിലെനിക്കേറ്റവും പ്രിയപ്പെട്ട ഈരടികള്‍. പവിത്രന്‍ മരിച്ച് ആറുമാസം കഴിഞ്ഞ് നിറഞ്ഞ വേദിയില്‍ ഈ ഗസലിന്റെ അകമ്പടിയില്‍ ഞാന്‍ ചുവടുവച്ചു. ഒപ്പമുള്ളൊരാള്‍ ഇല്ലാതെയാകുമ്പോള്‍ മനസ്സിനെ പൊതിയുന്ന ഏകാന്തത ഞാന്‍ അറിഞ്ഞിട്ടുണ്ട്. പവി ഇല്ലാതെയായതില്‍പ്പിന്നെ എന്നെ കൈപിടിച്ചു നടത്തിയത് കലയാണ്. വിഷമങ്ങളിലേക്ക് കൂപ്പുകുത്താതെ കലയുടെ കരുത്തിലിങ്ങനെ മുന്നോട്ട് പോയി. പാരീസും മോസ്‌കോയും ഫിന്‍ലന്‍ഡും ഉള്‍പ്പെടെ ഒരുപാട് ദേശങ്ങള്‍, ഒട്ടേറെ വേദികള്‍ അവിടേക്കൊക്കെയും എന്നെ എത്തിച്ചത് കലയാണ്. നര്‍ത്തകി എന്ന നിലയില്‍ നൃത്തത്തില്‍ പുതുമകള്‍ ആവിഷ്‌കരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. വിഷമങ്ങളെ അകറ്റി നിര്‍ത്താനുള്ള പരിശീലനം കൂടിയായി അത്.
അധ്വാനിക്കാന്‍ തുടങ്ങിയകാലം മുതല്‍ ഞാന്‍ വൈകാരികമായ തളര്‍ച്ചകളെ അകറ്റി നിര്‍ത്താറുണ്ട്. എല്ലാരും പറയും ഈ നിമിഷത്തില്‍ ജീവിക്കൂ എന്ന്. പക്ഷേ, ഞാന്‍ അങ്ങനെയല്ല. വരാന്‍ പോകുന്ന നിമിഷങ്ങളെപ്പറ്റിയാണ് ഞാന്‍ ചിന്തിക്കാറുള്ളത്. നേട്ടങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചപ്പോള്‍ അതിന്റെ ലഹരിയില്‍ മയങ്ങിപ്പോയിട്ടില്ല. പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴൊക്കെയും പവിത്രന്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ തുടക്ക ഘട്ടത്തില്‍ നിള നിറഞ്ഞു നിന്നിരുന്നു. നൃത്തത്തിലേക്കുള്ള വളര്‍ച്ചയില്‍ സാക്ഷിയായി ആ നദി ഒപ്പമൊഴുകി. എന്നെ സംബന്ധിച്ച് പവിത്രനും ഒരു നദിയാണ്. കബനി പോലെ ഒരു നദി. എല്ലാ നദികളും പടിഞ്ഞാറേക്കൊഴുകുമ്പോള്‍ ഉദയം തേടി ഒഴുകുന്ന നദി.
Content Highlights: kalamandalam kshemavathy's memories of pavithran and dance
Published: 22 May 2023, 09:18 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented