ആമിർ ഖാന്റെ സഹോദരൻ ഫൈസൽ ഖാൻ നടത്തിയ വെളിപ്പെടുത്തൽ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിവാഹിതനായിരിക്കെ ആമിറിന് മറ്റൊരു ബന്ധമുണ്ടായിരുന്നെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നുമാണ് ഫൈസൽ ഖാൻ അവകാശപ്പെട്ടത്.

ഫൈസൽ ആമിറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. റീനയുമായി വിവാഹിതനായിരിക്കുമ്പോഴും കിരൺ റാവുവുമായി ഡേറ്റിങ്ങിലായിരിക്കുമ്പോഴും ആമിറിന് അവിഹിത ബന്ധമുണ്ടായിരുന്നു, അമേരിക്കൻ പത്രപ്രവർത്തകയായ ജെസീക്ക ഹൈൻസുമായായിരുന്നു ആമിറിന്റെ ബന്ധം, അവരിലാണ് കുഞ്ഞുപിറന്നത്, മൂന്നു കുട്ടികൾക്കു പുറമെ, വിവാഹത്തിന് പുറത്തുള്ള കുഞ്ഞാണിതെന്നും ഫൈസൽ ആരോപിക്കുന്നു.

വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് വിവാഹം കഴിക്കാൻ കുടുംബത്തിൽ നിന്ന് ഒരുപാട് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഫൈസൽ പറയുന്നു.

'കുടുംബത്തിലാർക്കും വിജയകരമായ ദാമ്പത്യം കൊണ്ടുപോവാനായിട്ടില്ല. പിന്നെ എന്തിനാണ് അവരെന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത്. എന്റെ ഭാവി അവർ തീരുമാനിക്കാൻ ഞാനാഗ്രഹിച്ചില്ല. അതിനാൽ ഓരോ കുടുംബാംഗത്തോടും അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിച്ച് ഒരു കത്തെഴുതിയിരുന്നു, എന്റെ മാനസികനില തെറ്റിയെന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം'-ഫൈസൽ പറയുന്നു.

മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻകൂടിയാണ് ഫൈസൽ ഖാൻ, ആമിർ ഖാനുമായും കുടുംബവുമായും താൻ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് ഫൈസൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കുടുംബം ഉപദ്രവിച്ചെന്നും മാനസികപ്രശ്നങ്ങൾ ആരോപിച്ച് തന്നെ ദീർഘനാൾ പൂട്ടിയിട്ടുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അന്ന് ഫൈസൽ കുടുംബത്തിനെതിരേ ആരോപിച്ചത്.

അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് കുടുംബവും ഒരു പ്രസ്താവന പുറത്തിറക്കി. ഫൈസൽ ഖാൻ ഇത്രയും ഹൃദയഭേദകമായ ഒരു കാര്യം ചെയ്തതിൽ തങ്ങൾ ദുഖിതരാണെന്നും അമ്മയെയും സഹോദരിമാരെയും സഹോദരനെയും ഇക്കാര്യം വേദനിപ്പിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi