ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാറുകളിലൊരാളാണ് കാമിനി കൗശൽ. അന്നേറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരങ്ങളിലൊരാളും അവർ തന്നെ. 

ലഹോറിൽ ജനിച്ച കാമിനിക്ക്, ആറു വയസ്സുള്ളപ്പോൾ തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. ലഹോറിൽ തന്നെയാണ് ബിരുദം വരെ പഠിച്ചതും. അതിനൊപ്പം തന്നെ ഡൽഹിയിൽ നാടകങ്ങളിലും അഭിനയിച്ചിരുന്നു. അപ്പോഴാണ് ചേതൻ ആനന്ദിന്റെ 'നീച്ചാ നഗർ' (1946) എന്ന സിനിമയിലേക്ക് വിളിക്കുന്നത്. 

നാലു സഹോദരങ്ങളായിരുന്നു കാമിനിക്ക് ഉണ്ടായിരുന്നത്. അതിലൊരാളായ ഉഷ വിവാഹിതയും ഒന്നും രണ്ടും വയസ്സുള്ള രണ്ടുകുട്ടികളുടെ അമ്മയുമായിരുന്നു. ഒരപകടത്തിൽ ഉഷ മരിച്ചതോടെ കുട്ടികളെ നോക്കാൻ ആരുമില്ലാതായി. കുഞ്ഞുങ്ങൾക്കുവേണ്ടി ചേച്ചിയുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ എല്ലാവരും കാമിനിയോട് പറഞ്ഞു. ആദ്യമൊന്നും അവർ സമ്മതം മൂളിയില്ല. എന്നാൽ, കുടുംബത്തിന്റെ നിരന്തരമായ സമ്മർദത്തിനുമുന്നിൽ, അതനുസരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു അവർക്ക്. അങ്ങനെ വിവാഹവും നടന്നു. 

'നീച്ചാ നഗറി'നുശേഷം ഒട്ടേറെ സിനിമകളിൽ കാമിനി അഭിനയിച്ചു. അഞ്ചാമത്തെ സിനിമയിലെ നായകൻ ദിലീപ് കുമാറായിരുന്നു. ആ സെറ്റിൽവെച്ച് ഇരുവരും പ്രണയത്തിലായി. രണ്ടുപേരുടെയും ആദ്യപ്രണയം. അഗാധമായിരുന്നു അവരുടെ ഇഷ്ടമെന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രണയം തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാൻ ഇരുവർക്കും കഴിഞ്ഞു. അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള കെമിസ്ട്രി ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. നദിയാ കെ പാർ, ഷബ്‌നം എന്നീ ചിത്രങ്ങളിലും നായികാനായകൻമാരായി. 

അധികം വൈകാതെ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ഈ പ്രണയവും ഇടംപിടിച്ചു. വിവാഹിതരാവാനും തീരുമാനിച്ചിരുന്നു. കാമിനിയുടെ പല സിനിമാസെറ്റുകളിലും ദിലീപ് കുമാർ സ്ഥിരം സാന്നിധ്യമായിരുന്നു. ഇതറിഞ്ഞ കാമിനിയുടെ സഹോദരൻ ഒരുദിവസം തോക്കുമായി സെറ്റിലെത്തി. അവർ തമ്മിലുള്ള ബന്ധം തുടർന്നാൽ ദിലീപ് കുമാറിനെ കൊല്ലുമെന്ന് കാമിനിയെ ഭീഷണിപ്പെടുത്തി. എന്നിട്ടും ബന്ധത്തിൽനിന്ന് പിൻമാറാൻ അവർ തയ്യാറായില്ല. ഒടുവിൽ അദ്ദേഹം സ്വന്തം ദേഹത്തേക്ക് വെടിയുതിർത്തു. ഇത് ദിലീപ് കുമാറിനെയും കാമിനിയെയും വല്ലാതെ ഭയപ്പെടുത്തി. കുടുംബത്തിനുവേണ്ടി തങ്ങളുടെ തീരുമാനങ്ങളിൽനിന്ന് പിൻമാറാൻ അവർ തീരുമാനിച്ചു. അത് രണ്ടുപേരെയും അടിമുടി തകർത്തുകളഞ്ഞു.

ദിലീപ് കുമാർ തന്റെ ജീവചരിത്രത്തിൽ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, ''അവൾക്കൊപ്പമുള്ളപ്പോഴാണ് ഞാൻ പൂർണമായും സ്വയം തിരിച്ചറിഞ്ഞത്. ഞങ്ങളുടെ പ്രണയം സത്യമായിരുന്നു. പക്ഷേ, അതിനെ വിവാഹത്തിലെത്തിക്കാൻ കഴിഞ്ഞില്ല''. ദിലീപ് കുമാറിന്റെ ആദ്യത്തെ പ്രണയവും പ്രണയനഷ്ടവുമെല്ലാം കാമിനിയായിരുന്നു. 

കാമിനി പിന്നീട് അതിനെക്കുറിച്ച് തുറന്നുസംസാരിച്ചിട്ടുണ്ട്. ''പിരിയാമെന്ന് തീരുമാനിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും തകർന്നുപോയി. ഒരുമിച്ചുള്ളപ്പോൾ അത്രയും സന്തുഷ്ടരായിരുന്നു ഞങ്ങൾ. പക്ഷേ എന്തു ചെയ്യാൻ പറ്റും? ജീവിതം അങ്ങനെയല്ലേ''. അതുകഴിഞ്ഞാണ് ദിലീപ് കുമാർ, സൈറ ബാനുവിനെ വിവാഹം കഴിക്കുന്നത്. കാമിനി തന്റെ ജീവിതവുമായി മുന്നോട്ടുപോവുകയും ചെയ്തു.

പിന്നീട് വർഷങ്ങൾക്കുശേഷമാണ് ദിലീപ് കുമാറും കാമിനിയും കണ്ടുമുട്ടുന്നത്. അന്ന് ദിലീപ് കുമാറിന് 90 വയസ്സ്, കാമിനിക്ക് 86-ഉം. ഒരു ബോളിവുഡ് താരത്തിന്റെ അനുസ്മരണത്തിനായി എത്തിയതായിരുന്നു ഇരുവരും. ദിലീപിനൊപ്പം ഭാര്യ സൈറ ബാനുവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്തുതന്നെ കാമിനിക്കായി, ഒരു കസേരയിട്ടുകൊടുത്തു സൈറ ബാനു. പക്ഷേ തന്റെ ആദ്യ പ്രണയം തൊട്ടടുത്തിരുന്നിട്ടും ദിലീപ് കുമാർ അവരെ തിരിച്ചറിഞ്ഞില്ല. അപ്പോഴേക്കും അദ്ദേഹം ആരെയും തിരിച്ചറിയാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. ''ശൂന്യമായൊരു നോട്ടമായിരുന്നു അദ്ദേഹത്തിന്റേത്. അതെന്റെ ഹൃദയം തകർത്തു'', കാമിനി ഓർത്തു. ഇപ്പോഴിതാ കാമിനിയും വിടവാങ്ങിയിരിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi