പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട പ്രണയജോടികളാണ് ബോളിവുഡ് സൂപ്പര്‍താരങ്ങളായിരുന്ന ദിലീപ് കുമാറും മധുബാലയും. ഓണ്‍ സ്‌ക്രീനിലെ ചേര്‍ച്ച പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്കും വഴിവെച്ചു. ഇരുവരും വിവാഹിതരാവുമെന്നു തന്നെയാണ് എല്ലാവരും കരുതിയത്. പക്ഷേ, പിന്നീട് ഇരുവരും പിരിയുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. മധുബാലയുടെ അച്ഛന്റെ ഇടപെടലാണ് ഇരുവരും പിരിയാന്‍ കാരണമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനൊപ്പം മറ്റു പല കാരണങ്ങളും ഉയര്‍ന്നുകേട്ടു. ഇപ്പോഴിതാ, യഥാര്‍ഥകാരണം മറ്റൊന്നാണെന്ന് പറയുകയാണ് നടി മുംതസ് ഇപ്പോള്‍. 

മധുബാലയ്ക്ക് പ്രസവിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും പിരിഞ്ഞതെന്ന് അക്കാലത്തെ മറ്റൊരു സൂപ്പര്‍താരമായിരുന്ന മുംതസ് പറയുന്നു. മധുബാല ദിലീപ് കുമാറിനെ പിരിഞ്ഞിരുന്നില്ല, അവള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ദിലീപ് കുമാര്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പകരം അദ്ദേഹം സൈറാ ബാനുവിനെ വിവാഹം ചെയ്തു. സൈറ ബാനുവിന് ദിലീപിനോട് ഭ്രാന്തമായ ഇഷ്ടമായിരുന്നു, ആര്‍ക്കും അതില്‍ തര്‍ക്കമോ സംശയമോ ഇല്ല. പക്ഷേ, ദിലീപ് സാറിനെ കുട്ടികളെയായിരുന്നു വേണ്ടിയിരുന്നത്-മുംതസ് പറഞ്ഞു. 

'കുട്ടികളോടുള്ള ഇഷ്ടമാണ് അദ്ദേഹം സൈറ ബാനുവിനെ വിവാഹം ചെയ്യാന്‍ കാരണം. മധുബാല ഇക്കാര്യം എന്നോട് നേരിട്ടുപറഞ്ഞിട്ടുണ്ട്. ഞാനവളെ കാണാന്‍ പോവും, അവള്‍ അപ്പോള്‍ ആരോഗ്യവതിയായിരുന്നില്ല. 'ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് യൂസുഫിനെ (ദിലീപിനെ അങ്ങനെയാണ് അവള്‍ വിളിക്കാറ്) യാണ്. പക്ഷേ എനിക്ക് ഗര്‍ഭിണിയാവാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെ.. ഹൃദയത്തിന് പ്രശ്‌നമുള്ളതിനാല്‍ പ്രസവസമയത്ത് മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു' എന്ന് മധുബാല എന്നോട് മനസ്സുതുറന്നു'-മുംതസ് ഓര്‍ക്കുന്നു.

ഇതൊന്നും ദിലീപിന്റെ കുഴപ്പമല്ല, എല്ലാവരും കുട്ടികളെ ആഗ്രഹിക്കുന്നുണ്ട്. സൈറയിലും ദിലീപ് കുമാറിന് കുട്ടികളില്ലായെന്നതാണ് ഏറ്റവും ദുരന്തമെന്നും മുംതസ് പറയുന്നു. ദിലീപ് കുമാറില്‍ നിന്ന് സൈറ ബാനു ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം ഗര്‍ഭച്ഛിദ്രം സംഭവിച്ചു. അതുകൊണ്ട് ദമ്പതിമാര്‍ പിന്നീട് കുട്ടികള്‍ക്കായി ശ്രമിച്ചില്ല, ദൈവത്തിന്റെ തീരുമാനം അതാണെന്ന് വിശ്വസിക്കുകയായിരുന്നുവത്രേ. 

മധുബാല പിന്നീട് കിഷോര്‍ കുമാറിനെ വിവാഹം ചെയ്തിരുന്നു, 36-ാം വയസ്സില്‍ അവര്‍ മരിക്കുകയും ചെയ്തു.