അടുത്തിടെ ശരീരഭാരം കുറച്ചതിന്റെ പേരിൽ നടി തമന്ന ഭാട്ടിയ വാർത്തകളിലിടം പിടിച്ചിരുന്നു. പ്രമേഹത്തിന്റെ മരുന്നായ ഓസെംപിക് ഉപയോഗിച്ചാണ് തമന്ന തടികുറച്ചതെന്ന് ചില ട്രോളന്മാർ കളിയാക്കുകയും ചെയ്തു. ശരീരവടിവുകൾ ഉപേക്ഷിച്ച് ആഗോള സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വഴങ്ങാൻ സമ്മർദ്ദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് തമന്നയിപ്പോൾ.

To advertise here,

ഹാർപേഴ്സ് ബസാർ ഇന്ത്യയോട് സംസാരിക്കവെ, തനിക്കെപ്പോഴും സ്വാഭാവികമായി മെലിഞ്ഞ ശരീരമായിരുന്നുവെന്ന് തമന്ന വിശദീകരിച്ചു. “15-ാം വയസ്സു മുതൽ ഞാൻ ക്യാമറയ്ക്ക് മുന്നിലുണ്ട്, ആളുകൾ ഞാൻ വളരുന്നത് കണ്ടിട്ടുണ്ട്, അതിനാൽ മറയ്ക്കാൻ ഒന്നുമില്ല. 20-കളുടെ അവസാനം വരെ എനിക്ക് മെലിഞ്ഞ ശരീരമായിരുന്നു. അതായിരുന്നു എപ്പോഴുമെന്റെ ശരീരം. ഇപ്പോഴുള്ള ശരീരം എനിക്ക് പുതിയതല്ല. ഇങ്ങനെയാണ് ഞാൻ വളർന്നത്.”

പക്ഷേ, കോവിഡ് കാലത്ത് തടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയെന്ന് താരം സമ്മതിച്ചു. ആ സമയത്ത് ഹിന്ദി പ്രേക്ഷകർ തമന്നയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എസ് എസ് രാജമൗലിയുടെ 'ബാഹുബലി: ദി ബിഗിനിങ്' എന്ന ചിത്രത്തിലൂടെയാണ് തമന്നയ്ക്ക് പാൻ-ഇന്ത്യ തലത്തിൽ അംഗീകാരം ലഭിക്കുന്നത്.

“ഇത് ഹിന്ദി പ്രേക്ഷകർക്ക് പുതിയതായിരിക്കാം, പക്ഷെ ഞാൻ ഏകദേശം നൂറു സിനിമകൾ പൂർത്തിയാക്കിക്കഴിഞ്ഞു, അതിനാൽ ആളുകളെന്നെ പല സിനിമകളിലും പല ശരീരപ്രകൃതത്തിലും കണ്ടിട്ടുണ്ട്. കൂടുതലും മെലിഞ്ഞ രൂപത്തിലായിരുന്നു. ഒരു സ്ത്രീയുടെ ശരീരം എപ്പോഴും മാറിക്കൊണ്ടിരിക്കും, ഓരോ അഞ്ച് വർഷം കൂടുമ്പോഴും നമ്മുടെ തന്നെ വ്യത്യസ്തമായ ഒരു രൂപം നമ്മൾ കാണുന്നു. അക്കാര്യം ആളുകൾ മനസ്സിലാക്കണം. കോവിഡ് എൻ്റെ ശരീരത്തെ ശരിക്കും ബാധിച്ചു. 20-കളിലുണ്ടായിരുന്ന അതേ ഭാരത്തിൽ ശരീരം നിലനിർത്താൻ എനിക്ക് ബുദ്ധിമുട്ടായി. ഞാൻ അതിനോട് മല്ലിട്ടു. എനിക്ക് ഭക്ഷണം ഇഷ്ടമാണ്, ചോറും റൊട്ടിയും പരിപ്പും കഴിക്കാൻ ഇഷ്ടമാണ്. അപ്പോഴും എനിക്ക് ക്യാമറയെ അഭിമുഖീകരിക്കേണ്ടി വന്നു, ‘അയ്യോ എൻ്റെ വയറു ചാടുന്നുണ്ടോ എന്നൊക്കെ തോന്നി. ഒരു ഘട്ടത്തിൽ എൻ്റെ വയറു പുറത്തേക്ക് വന്നിരുന്നു”-തമന്ന പറഞ്ഞു.

ഇൻഫ്ലമേഷനെക്കുറിച്ചും അതിൻ്റെ ഫലങ്ങളെക്കുറിച്ചും തമന്ന വിശദീകരിച്ചു. “ഇൻഫ്ലമേഷൻ ഒരു യാഥാർത്ഥ്യമാണ്. ആർത്തവചക്രത്തിലൂടെ കടന്നുപോകുന്ന ഏതൊരു സ്ത്രീക്കും ശരീരം മാറുന്നതായി തോന്നും. എൻ്റെ 30-കളുടെ തുടക്കത്തിൽ ഞാനും അതിലൂടെ കടന്നുപോയി. ശരീരവടിവുകൾ എങ്ങോട്ടും പോകുന്നില്ല. ഞാൻ ഒരു സിന്ധിയായതുകൊണ്ട് എൻ്റെ വടിവുകൾ ഇങ്ങനെ തന്നെയുണ്ടാകും, ഇടുപ്പും അരക്കെട്ടും മാറില്ല, കാരണം അത് അസ്ഥികൂടത്തിൻ്റെ ഭാഗമാണ്. ഞാൻ ആഗോള സൗന്ദര്യ സങ്കൽപങ്ങൾ പിന്തുടരുന്നത് നിങ്ങളെന്നെങ്കിലും കാണുമെന്ന് കരുതുന്നില്ല. കാരണം ഇന്ത്യക്കാരിയാവുക എന്നത് അഭിമാനമാണ്, നമ്മളത് സ്വീകരിക്കേണ്ട സമയമായെന്ന് കരുതുന്നു.”-തമന്ന പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi