ഹൈ എൻഡ് ഫാഷന്റെ അരങ്ങാണ് ഗ്രാമി അവാർഡ്‌സ്, കാൻ ഫിലിം ഫെസ്റ്റിവൽ പോലെയുള്ളവയുടെ റെഡ് കാർപ്പറ്റുകൾ. മുടിയിലും വസ്ത്രത്തിലുമെല്ലാം വ്യത്യസ്തത പുലർത്തിയാണ് നടീനടൻമാർ അവിടെത്താറുള്ളത്. എന്നാൽ, അതിനെതിരെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കാൻ ഫെസ്റ്റിവൽ. വസ്ത്രധാരണം സംബന്ധിച്ചുള്ള നിർദേശങ്ങൾ നേരത്തെ തന്നെ നിലവിലുണ്ട്. ഇനി മുതൽ അത് കൂടുതൽ കർശനമാക്കുമെന്നും ഫെസ്റ്റിവൽ അധികൃതർ പറയുന്നു. റെഡ് കാർപ്പറ്റിൽ നഗ്നതാപ്രദർശനം ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും ഫാഷനെ നിയന്ത്രിക്കുകയില്ലെന്നും ആവർത്തിക്കുന്നു. ഇതുപ്രകാരം ഫെസ്റ്റിവലിൽ മറ്റുള്ളവരുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് പ്രവേശനം നിഷേധിക്കാനുള്ള കാൻ ഫെസ്റ്റിവലിനുണ്ടാകും. ''റെഡ് കാർപ്പറ്റിലോ ഫെസ്റ്റിവലിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ നഗ്നതാപ്രദർശനം നിരോധിക്കും'', പ്രസ്താവന പറയുന്നു.

To advertise here,

കഴിഞ്ഞവർഷം ഗ്രാമി അവാർഡ്‌സിന്റെ റെഡ് കാർപ്പറ്റിൽ മോഡൽ ബിയാൻക സെൻസോറി, ട്രാൻസ്പരെന്റ് സ്ലിപ് ഡ്രസ്സും അതിനുമുകളിൽ ജാക്കറ്റും അണിഞ്ഞാണെത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ജാക്കറ്റ് അഴിച്ചുമാറ്റി. അതോടെ സ്ലിപ് ഡ്രസ്സ് കൂടുതൽ സുതാര്യമായി. ഈ നഗ്നതാപ്രദർശനം ഏറെ വിവാദമായിരുന്നു. ഇതിനുപുറമെ 2022-ൽ യുക്രെയ്ൻ അനുകൂലനിലപാടിന്റെ ഭാഗമായി ഒരു സ്ത്രീ ടോപ്പില്ലാതെ എത്തിയിരുന്നു. റെഡ് കാർപ്പറ്റിലെത്തിയപ്പോൾ, അവർ തന്റെ വസ്ത്രം ഊരിമാറ്റി. അതിനുതാഴെ യുക്രെയ്ൻ പതാക ബോഡി പെയ്ന്റ് ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കാനിൽ നഗ്നതാനിരോധനം വരുന്നതെന്ന് വാർത്തകളുണ്ട്. 

സ്ത്രീകൾ ഹീൽസ് ഇടണമെന്ന ഒരു അനൗദ്യോഗികനിർദേശം കാനിൽ ഇപ്പോഴും നിലവിലുണ്ട്. 2015-ൽ ഹീൽസിടാതെ ഒരു സിനിമയുടെ പ്രീമിയറിനെത്തിയ കുറച്ച് സ്ത്രീകൾക്ക് കാനിൽ പ്രവേശനം നിഷേധിച്ചത് വാർത്തയായിരുന്നു. ഇതിനെതിരെ പല നടിമാരും നിലപാടെടുത്തു. തൊട്ടടുത്തവർഷം നടി ജൂലിയ റോബർട്‌സ് ചെരിപ്പൊന്നുമിടാതെയാണ് റെഡ് കാർപ്പെറ്റിലെത്തിയത്. ഇതിനോട് അമേരിക്കൻ നടി ക്രിസ്റ്റൻ സ്റ്റുവർട്ട് പലതരത്തിൽ പ്രതിഷേധിച്ചു. 2016-ൽ അവർ ചെരിപ്പിടാതെ എത്തി. 2018-ൽ സിൽവർ സ്‌കർട്ടും ടോപ്പും ക്രിസ്റ്റിയൻ ലുബോട്ടിൻ ഹീൽസും ധരിച്ചാണ് അവർ റെഡ് കാർപ്പെറ്റിലെത്തിയത്. ഫോട്ടോസെഷനിടയിൽ അവർ തന്റെ കാലിലെ ഹീൽസ് ഊരിക്കളഞ്ഞ്, അതും കൈയിൽ പിടിച്ചാണ് നടന്നത്. തൊട്ടുമുമ്പിലത്തെ വർഷവും അവർ ഹീൽസ് നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ചിരുന്നു. അന്ന് അവർ പറഞ്ഞതിങ്ങനെ, ''പുരുഷൻമാരോട് ഹീൽസിടാൻ നിങ്ങൾ പറയുന്നില്ലെങ്കിൽ, എന്നോടും അത് പറയാനുള്ള അവകാശമില്ല''. സ്ത്രീകൾ ഹീൽസ് ധരിക്കണമെന്നത് 'സെക്‌സിസ്റ്റ്' ആണെന്നും അവർ പറയുന്നു. 

രാഷ്ട്രീയനിലപാടുകളുടെയും ബോൾഡ് ഫാഷൻ സ്റ്റേറ്റ്‌മെന്റുകളുടെയും വേദിയാകാറുണ്ട് കാൻ എപ്പോഴും. 2023-ൽ യുക്രെയ്‌നിൽനിന്നുള്ള ഒരു സ്ത്രീ കാനിൽ എത്തിയത് യുക്രെയ്ൻ പതാകയുടെ നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ്. അതിനൊപ്പം ഉള്ളിലേക്ക് കയറുമ്പോൾ, ചോരച്ചുവപ്പുള്ള ഒരു വെള്ളം അവർ തന്റെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. യുക്രെയ്‌നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കാനാണ് താൻ ഇങ്ങനെ വന്നതെന്ന് അവർ പിന്നീട് പറഞ്ഞു.