ആഡംബര ഫാഷൻ ബ്രാൻഡുകൾക്കിടയിലെ പുതിയ ട്രെൻഡായി മാറുകയാണോ ഇന്ത്യ എന്ന ചോദ്യം ഈയിടെയായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. തങ്ങളുടെ പുതിയ കളക്ഷനിലൂടെ ഈ വാദത്തിനെ ഒന്നൂകൂടി ഊട്ടിയുറപ്പിക്കുകയാണ് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ. ഇന്ത്യൻ ഓട്ടോറിക്ഷാ രൂപത്തിലുള്ള ഹാൻഡ്ബാഗാണ് ലോകമെമ്പാടും നിരവധി ആരാധകരുള്ള ലൂയി വിറ്റൺ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രാദേശിക സംസ്‌കാരവും ആഡംബരവും ഒരുമിക്കുന്ന ബാഗാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകർക്കിടയിൽ ഇത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. തിരക്കേറിയ ഇന്ത്യൻ തെരുവുകളിലൂടെ ഐക്കോണിക് ഓട്ടോറിക്ഷ കടന്നുപോകുന്നതുപോലെ, ലൂയി വിറ്റൺ ഓട്ടോറിക്ഷ ബാഗ്, ബ്രാൻഡിന്റെ സിഗ്‌നേച്ചർ മോണോഗ്രാം പ്രിന്റോടുകൂടി ആഡംബര ക്യാൻവാസിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷയുടെ ചക്രങ്ങളടക്കം ഡിസൈനിൽ കൊണ്ടുവന്നുവെന്നതും പ്രത്യേകതയാണ്. ബാഗിന്റെ ഹാൻഡിലും ഈ ചക്രങ്ങളുമടക്കം ഏറ്റവും മികച്ച ലെതറിലാണ് നിർമ്മിച്ചിരിക്കുന്നത്. വിമാനങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയവയുടെ രൂപത്തിലുള്ള ബാഗുകൾ മുന്നേ തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പരീക്ഷണമല്ല.

കഴിഞ്ഞദിവസം പാരിസിൽ നടന്ന ലൂയി വിറ്റണിന്റെ മെൻസ് വെയർ ഷോയിൽ ഇന്ത്യൻ പൈതൃകത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്‌റ്റേജ് രൂപകല്പനയിലും റൺവേയിൽ വിരിച്ചിട്ട റഗ്ഗിലും എന്തിനു പറയുന്നു മോഡലുകൾ അരങ്ങിലെത്തിച്ച ഡിസൈനുകളിലുൾപ്പെടെ ഇന്ത്യൻ പൈതൃക ഘടകങ്ങളായിരുന്നു തിളങ്ങി നിന്നത്. മിലാനിൽ നടന്ന ഇറ്റാലിയൻ ബ്രാൻഡായ പ്രാഡയുടെ കലക്ഷനിൽ പോലും മോഡലുകൾ ധരിച്ചത് ഇന്ത്യയുടെ സ്വന്തം കോലാപുരി ചെരിപ്പുകളാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi