
'1000 ബേബീസ്' എന്ന വെബ് സീരീസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പ്രശസ്ത അഭിനേത്രി നീന ഗുപ്ത. 32 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവരുടെ തിരിച്ചുവരവ്. ബോളിവുഡിലെത്തി കൊമേഴ്സ്യല്‍-ആര്ട്ട്സിനിമകളില് ഒരുപോലെ തിളങ്ങിയ നീന, മുമ്പ് ജി.അരവിന്ദന്റെ 'വാസ്തുഹാര', രാജീവ്നാഥിന്റെ 'അഹം' എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. '1000 ബേബീസി'ല്‍ തികച്ചും വ്യത്യസ്തമായ റോളിലാണ് നീന പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും ഈ സീരീസ് കാണാം.
അഭിനയത്തിനൊപ്പം തന്റെ നിലപാടുകളുടെയും പേരില്‍ ഒരുകാലത്ത് ബോളിവുഡില്‍ നിറഞ്ഞുനിന്ന താരമാണ് നീന. സിനിമയെന്നോ സീരിയലെന്നോ വ്യത്യാസമില്ലാത്ത കരിയര്‍. 1982-ലാണ് ആദ്യസിനിമ. പിന്നീട് ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 'വോ ചോക്രി' (1994), 'ഊഞ്ചായ്' (2023) എന്നീ സിനിമകള്ക്കാണത്. റിച്ചാര്‍ഡ് ആറ്റിന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി', നിക്കോളാസ് മേയറിന്റെ 'ദ ഡിസീവേഴ്സ്', മെര്‍ച്ചന്റ്-ഐവറി പ്രൊഡക്ഷനായ 'ഇന്‍ കസ്റ്റഡി' തുടങ്ങിയ സിനിമകള്‍ നീനയ്ക്ക് ആഗോളതലത്തിലും പ്രശസ്തി നേടിക്കൊടുത്തു.

കരിയറിന്റെ തുടക്കകാലത്ത് തന്നെ സമാന്തരസിനിമകളിലും അവര്‍ അഭിനയിച്ചു. തന്റെ സമകാലീനരായ അഭിനേത്രികളില്നിന്ന് നീനയെ വ്യത്യസ്തയാക്കിയതും അതുതന്നെ. മാധുരി ദീക്ഷിത്ത് നായികയായ 'ഖല്‍നായക്' എന്ന സിനിമയില്‍ ഒരു പാട്ടുസീനില്‍ മാത്രമാണ് നീന പ്രത്യക്ഷപ്പെട്ടത്. 'ചോളീ കേ പീച്ചേ ക്യാ ഹേ' എന്ന ആ പാട്ടുസീനിലെ നൃത്തത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.
എങ്കിലും വലിയ ഹിറ്റുകള്‍ പലപ്പോഴും അവരില്‍നിന്ന് അകന്നുതന്നെ നിന്നു. അതിനെക്കുറിച്ച് അവര്‍ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ''അന്നത്തെ മാധ്യമങ്ങള്‍ കാരണമാവാം, ഞാനൊരു കരുത്തയായ സ്ത്രീയാണെന്ന ധാരണ പൊതുവെയുണ്ടായിരുന്നു. അത് എനിക്ക് എതിരായി വന്നു. എന്റെ വ്യക്തിഗതജീവിതവും കരിയറിനെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് എനിക്ക് നെഗറ്റീവ് റോളുകള്മാത്രമാണ് പലപ്പോഴും കിട്ടിയത്''. 2017-ല്‍ നീന മാധ്യമങ്ങളില്‍ നിറഞ്ഞത് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. 'ഞാന്‍ മുംബൈയില്‍ ജീവിക്കുന്നു. നല്ലൊരു അഭിനേതാവാണ്. നല്ല റോളുകള്‍ തേടുന്നു' എന്നായിരുന്നു പോസ്റ്റ്. നല്ല റോള്‍ തേടിയെത്താത്തതിലുള്ള നിരാശയായിരുന്നു ആ പോസ്റ്റിനുപിന്നില്.

വിവിയനെ കണ്ടുമുട്ടുന്നു
പഠനകാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു നീന. അവിടെവെച്ച് അവര്‍ക്ക് കുറേ സൗഹൃദങ്ങളുണ്ടായി. അതിലൊരാളാണ് പിന്നീട് സംവിധായകനും നിര്‍മാതാവുമായി മാറിയ സതീഷ് കൗഷിക്. 1977-ലാണ് നീന നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നത്. അതേകാലത്തു തന്നെയായിരുന്നു അവരുടെ ആദ്യവിവാഹവും. നാടകവേദികളിലൊന്നില്വെച്ചാണ് ആദ്യഭര്‍ത്താവായ അംലന്‍ കുസുമിനെ പരിചയപ്പെടുന്നത്. ''ഞങ്ങള്‍ രണ്ടുപേരും ഒരു നാടകത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നാണ് ആദ്യമായി കാണുന്നത്. അത് വളരെ പെട്ടെന്ന് പ്രണയത്തിലും വിവാഹത്തിലുമെത്തി. അദ്ദേഹം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. അതുകൊണ്ട് വളരെ ചെറിയ വിവാഹമായിരുന്നു. ആകെ ആറുപേര്‍ മാത്രം''. എന്നാല്‍ ആ ബന്ധം ഒരുവര്‍ഷമേ നീണ്ടുനിന്നുള്ളൂ.
പഠനശേഷം നീന മുംബൈയിലെത്തി, സിനിമകളില്‍ അഭിനയിച്ചുതുടങ്ങി. തുടക്കകാലത്തുതന്നെ 'ഗാന്ധി'യില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് ഒരുപാട് പ്രശസ്തി നേടിക്കൊടുത്തു. അതിനിടയിലാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സുമായി പ്രണയത്തിലാവുന്നത്. നീനയുടെ ജീവിതത്തിലെ വഴിത്തിരിവും അതുതന്നെ. ജയ്പൂരില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു നീന.
ഒരുദിവസം ജയ്പൂര്‍ രാജ്ഞി സിനിമാസെറ്റിലുള്ളവരെയെല്ലാം ഡിന്നറിനായി ക്ഷണിച്ചു. അതേദിവസം തന്നെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനും ക്ഷണമുണ്ടായിരുന്നു. അന്നാണ് നീനയും വിവിയനും ആദ്യമായി കാണുന്നത്. തികച്ചും വിപരീതധ്രുവങ്ങളിലുള്ള രണ്ടുപേര്‍. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുമുള്ള വിവിയന്‍. എന്നിട്ടും ആദ്യകാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. വൈകാതെ ആ ബന്ധം ബോളിവുഡ് ജേര്ണലുകളിലിടം പിടിച്ചു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. അതിനിടയില്‍ നീന ഗര്‍ഭിണിയായി. വിവിയന്‍ തന്നെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് നീനയ്ക്ക് ഉറപ്പുണ്ടായിരുന്നു. കുഞ്ഞിനെ വളര്‍ത്താന്‍ വിവിയന്‍ ഒപ്പമുണ്ടാവില്ലെന്നും അറിയാമായിരുന്നു.
''ഗര്‍ഭിണിയായപ്പോള്‍ ഞാന്‍ വിവിയനെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് ഈ കുഞ്ഞിനെ വേണ്ടെങ്കില്‍, വേണ്ടെന്നുവെക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ വിവിയന്‍ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ ബാക്കിയുള്ളവരെല്ലാം എതിര്‍ത്തു, എങ്ങനെയാണ് ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുന്നതെന്ന് ചോദിച്ചു. പക്ഷേ ചെറുപ്രായത്തില്‍ നമുക്ക് കണ്ണുകാണില്ല. പ്രണയത്തിലാവുമ്പോള്‍ ആര് പറയുന്നതും കേള്‍ക്കുകയുമില്ല. അതേ മാനസികാവസ്ഥയായിരുന്നു എനിക്കും അന്ന്''.

ഇമേജ് തകര്‍ത്ത കരിയര്‍
1980-കള്‍. അക്കാലത്താണ് ഒരു സ്ത്രീ വിവാഹിതയാവാതെ ഗര്‍ഭിണിയാവുന്നതും പ്രസവിക്കാന്‍ തീരുമാനിക്കുന്നതും. കാമുകനിലുണ്ടായ കുഞ്ഞിനെ പ്രസവിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ അവര്‍ പലപ്പോഴും ക്രൂശിക്കപ്പെട്ടു. അതില്‍നിന്ന് രക്ഷിക്കാനായി അടുത്ത സുഹൃത്തും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗഷിക് വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്ന് നീന പിന്നീട് പറഞ്ഞിട്ടുണ്ട്. തന്റെ കുഞ്ഞാണെന്ന് മറ്റുള്ളവരോട് പറഞ്ഞാല്‍ മതിയെന്നും സതീഷ് പറഞ്ഞുവത്രേ. പക്ഷേ അതെല്ലാം നീന നിരസിച്ചു.
പതുക്കെ നീനയെക്കുറിച്ച് ആളുകളുടെ മനസ്സില്‍ ഒരു ധാരണയുണ്ടായി. ആ ഇമേജാണ് നല്ല റോളുകള്‍ കിട്ടാതിരുന്നതിന് കാരണമെന്ന് നീന പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''പുതുതായി സിനിമയില്‍ എത്തുന്നവരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ക്ക് പുകവലിക്കണോ, ദയവായി എല്ലാവരും കാണ്‍കെ ചെയ്യരുത്. നിങ്ങളുടെ ബോയ്ഫ്രണ്ടിനെ ആലിംഗനം ചെയ്യണോ, അതും മറ്റുള്ളവരുടെ മുന്നില്‍വെച്ച് ചെയ്യരുത്. നിങ്ങള്‍ സ്വതന്ത്രയായ, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന, ഒന്നിനെയും കൂസാത്ത സ്ത്രീയായി വിലയിരുത്തപ്പെടും. പിന്നെ അങ്ങനെയുള്ള റോളുകള്‍ മാത്രമേ തേടിയെത്തൂ. എന്റെ കരിയര്‍ അങ്ങനെയാണ് ഇല്ലാതായത്''.

അക്കാലത്ത് സാമ്പത്തികപ്രതിസന്ധികളും അവരെ വല്ലാതെ അലട്ടി. പ്രസവത്തിനുപോലുമുള്ള പണം അവരുടെ അക്കൗണ്ടിലുണ്ടായിരുന്നില്ല. 1989-ലാണ് നീനയ്ക്ക് മകള്‍ ജനിക്കുന്നത്, മസാബ ഗുപ്ത. ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ് മസാബ. എന്നാല്‍ മസാബയുടെ വളര്‍ച്ചയിലും അവളൊരുപാട് പ്രശ്നങ്ങള്‍ സഹിച്ചിട്ടുണ്ടെന്ന് നീന പറയുന്നു, ''ഒറ്റക്കുട്ടി, അച്ഛനുമില്ല. അതിന്റേതായ പ്രശ്നങ്ങള്‍ അവള്‍ക്കുണ്ടായിട്ടുണ്ട്. ഞാനവളോട് ആദ്യമേ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നു. പക്ഷേ മറ്റുള്ളവരെ നമുക്ക് തിരുത്താന്‍ പറ്റില്ലല്ലോ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മസാബയെ ആരോ 'ബാ....ഡ്' എന്ന് വിളിച്ചു. അവള്‍ക്ക് അന്നതിന്റെ അര്‍ത്ഥമറിയില്ലായിരുന്നു. മറ്റാരോ പറഞ്ഞുകൊടുത്തു. അതൊക്കെ ആ കുഞ്ഞുമനസ്സിനെ ആഴത്തില്‍ വേദനിപ്പിച്ചു''.
തന്റെ കുഞ്ഞിന്റെ അച്ഛന് ആരാണെന്ന് നീന അന്നൊന്നും തുറന്നുപറഞ്ഞിരുന്നില്ല. എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കായി ഒരിക്കല്‍ മുംബൈയിലെ ഒരു പത്രപ്രവര്‍ത്തകരന്‍ മസാബയുടെ ജനനസര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തി. അച്ഛന്റെ സ്ഥാനത്ത് വിവിയന്റെ പേരുള്ള ആ സര്‍ട്ടിഫിക്കറ്റ് വെച്ച് വാര്‍ത്ത നല്‍കുകയും അത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ''മസാബയുടെ ജനനസര്‍ട്ടിഫിക്കറ്റിനായി അപേക്ഷനല്‍കി. ഒരാഴ്ച കഴിഞ്ഞ് ആ ഓഫീസിലെത്തിയപ്പോഴാണ് അവര്‍ പറയുന്നത്, സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ ഒരു ബന്ധുവിന്റെ കൈയില്‍ കൊടുത്തല്ലോ എന്ന്. പിന്നെ അവിടെ തന്നെയുള്ള ഒരാളാണ് പറഞ്ഞത്, അതൊരു പ്രശസ്ത പത്രപ്രവര്‍ത്തകനാണെന്ന്''.

എട്ടുവയസ്സുള്ളപ്പോഴാണ് മസാബ തന്റെ പിതാവിനെ ആദ്യമായി നേരിട്ട് കാണുന്നത്. അതുവരെ അമ്മയുടെ കഥകളിലൂടെ മാത്രം അറിഞ്ഞയാളായിരുന്നു മസാബയ്ക്ക് അച്ഛന്. ആ സമയത്തെല്ലാം നീന ഒരുപാട് കഷ്ടപ്പെട്ടു. കുട്ടിയെ വളര്‍ത്താനും ജോലി ചെയ്ത് പണമുണ്ടാക്കാനുമുള്ള തത്രപ്പാടുകള്‍. എങ്കിലും കുഞ്ഞിനെ നല്ലരീതിയില്‍ വളര്‍ത്തണമെന്ന ആഗ്രഹം അവരെ മുന്നോട്ടുനയിച്ചു. അതിനവര്‍ക്ക് താങ്ങായി നീനയുടെ അച്ഛനുമുണ്ടായിരുന്നു.
അതിനിടയിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്റയുമായി നീന പ്രണയത്തിലാവുന്നത്. നീനയുടെ 50-ാമത്തെ വയസ്സില്‍ അവര്‍ വിവാഹിതരായി. ഇപ്പോള്‍ ഒരു മുത്തശ്ശിയായതിന്റെ സന്തോഷത്തിലാണ് നീന. മകള്‍ മസാബയ്ക്ക് ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. മസാബയുടെയും കുഞ്ഞിന്റെയും കാര്യങ്ങളാണ് തനിക്കിപ്പോള്‍ പ്രധാനമെന്ന് അവര്‍ പറയുന്നു.
Content Highlights: life story of actor neena gupta
Published: 19 Oct 2024, 11:31 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented