ലോകസിനിമാ ചരിത്രത്തിൽത്തന്നെ ഇടം പിടിച്ച സിനിമയായിരുന്നു ‘കാന്താര’. ‘കാന്താര’യിലെ ഓരോ ഫ്രെയിമുകളും കഥാപാത്രങ്ങളും യാഥാർഥത്തിൽ ജീവിക്കുന്നതായി തോന്നിപ്പിക്കുന്നതായിരുന്നു. എന്നാൽ ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിന് പിന്നിൽ പ്രവർത്തിച്ചത് കോസ്റ്റ്യും ഡിസെെനറും നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യയുമായ പ്രഗതി ഷെട്ടിയാണെന്ന കാര്യം എത്രപേർക്കറിയാം. ഇപ്പോൾ, ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ പ്രോജക്ടായ ‘കാന്താര ചാപ്റ്റർ 1’ലൂടെ, പ്രഗതി തന്റെ കരിയറിലെ മറ്റൊരുഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ‘കാന്താര’യിലെ വസ്ത്രാലങ്കാരത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് പ്രഗതി അടുത്തിടെ തുറന്ന് സംസാരിച്ചിരുന്നു.
“അതൊരു ചുവടുവയ്പ്പായിരുന്നു. ഗർഭിണിയായിരുന്നതിനാൽ ആദ്യ ഭാഗത്തിൽ പതിവായി എനിക്ക് സെറ്റിൽ വരാൻ പോലും കഴിഞ്ഞില്ല. എങ്കിലും, ഞാൻ വസ്ത്രങ്ങൾ കൈകാര്യം ചെയ്തു. ഇത്തവണ, ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ, 250 ദിവസത്തെ ഷൂട്ടിങ്ങിലുടനീളം ഞാൻ ഉണ്ടായിരുന്നു. ഫാഷൻ ഡിസൈനിങ്ങിനെ ഒരു അഭിനിവേശമായിട്ടാണ് ഞാൻ എപ്പോഴും കണ്ടിട്ടുള്ളത് മറിച്ച് ഉപജീവനമാർഗ്ഗമായിട്ടല്ല. ഞാൻ ഡിസൈൻ ചെയ്ത ഓരോ വസ്ത്രത്തിലും ഏറ്റവും മികച്ചത് എന്താണെന്നതിനെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ? കാന്താര എന്നെ ശാരീരികമായും വൈകാരികമായും മാനസികമായും പരീക്ഷിച്ചു, പക്ഷേ അത് എന്നെ കരുത്തയാക്കി.”
ഋഷഭിനെ തന്റെ വിമർശകയായാണ് കാണുന്നതെന്നും അത് നല്ല വസ്ത്രങ്ങൾ ഡിസെെൻ ചെയ്യാൻ സഹായിച്ചതായും പ്രഗതി പറയുകയുണ്ടായി. ‘അങ്ങനെ അദ്ദേഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെ എനിക്ക് മനസ്സിലാക്കാനും അത് ജീവനുള്ളതായി തോന്നുന്ന വസ്ത്രങ്ങളാക്കി മാറ്റാനും കഴിഞ്ഞു.’
ഏകദേശം ഒരു സഹസ്രാബ്ദം പഴക്കമുള്ളതും, വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതുമായ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസെെൻ ചെയ്യുന്നത് വളരെ പ്രയാസമേറിയതായി പ്രഗതി അഭിപ്രായപ്പെട്ടു.
“നേരിട്ടുള്ള റഫറൻസുകൾ ഇല്ലാത്തതിനാൽ ഞങ്ങൾ ആറുമാസത്തിലധികം ഗവേഷണത്തിനായി ചെലവഴിച്ചു. പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, നൃത്തരൂപങ്ങൾ, ആഭരണങ്ങൾ, മുടിക്ക് ആവശ്യമായ സാധനങ്ങൾക്കുവേണ്ടിപ്പോലും റിസർച്ച് ചെയ്യേണ്ടി വന്നു. അതിനായി ആ കാലഘട്ടത്തിനു സമാനമായ പുതിയ വസ്ത്രങ്ങൾ നിർമിക്കേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം ആരെങ്കിലും ഞങ്ങളുടെ വസ്ത്രങ്ങൾ നോക്കുകയാണെങ്കിൽ, ഇവ റഫറൻസ് പോയിന്റായി മാറണമെന്ന് ഞാൻ സ്വയം പറയുമായിരുന്നു. ഓരോ കഥാപാത്രത്തിനും അവരുടെ ജീവിതത്തിന്റെ ഘട്ടത്തിനനുസരിച്ച് വ്യത്യാസങ്ങളുണ്ടായിരുന്നു. സിലൗട്ടുകൾ മുതൽ പാറ്റേണുകൾ വരെ, ഓരോ ഷേഡും വ്യത്യസ്തം. ഋഷഭും ഞാനും ഇതിനായി ഒന്നിച്ച് പ്രവർത്തിച്ചു.”
‘കാന്താര’യ്ക്കായി ആയിരത്തിലധികം വസ്ത്രങ്ങൾ നിർമിച്ചുവെന്നാണ് പ്രഗതി പറയുന്നത്. പ്രധാന കഥാപാത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പല ഡിസൈനർമാരിൽ നിന്നും വ്യത്യസ്തമായി, ചെറിയ കഥാപാത്രങ്ങളുടെ വേഷങ്ങൾ ഉൾപ്പെടെ എല്ലാം പ്രഗതിയുടെ കെെകളിലൂടെ കടന്നുപോയി.
"തെക്ക് നിന്നുള്ള പട്ട്, രാജസ്ഥാനിൽ നിന്നുള്ള തുകൽ, ബംഗാളിൽ നിന്നുള്ള ലോഹങ്ങൾ, ചായങ്ങൾ, ഗോത്ര ലോഹ വസ്ത്രങ്ങൾ, കൊട്ടാരം തുകൽ കവചങ്ങൾ എന്നിവ നിർമിക്കണമായിരുന്നു. ഇതിനായി ഞങ്ങൾ കുന്ദാപുരയിലേക്ക് താമസം മാറ്റി. അവിടെ ഇരുന്നുകൊണ്ട് ഇന്ത്യയിലുടനീളം മെറ്റീരിയലുകൾ കണ്ടെത്താൻ കഴിഞ്ഞു, ഞങ്ങൾക്ക് ഒരു ഇൻ ഹൗസ് ടീം ഉണ്ടായിരുന്നു, പക്ഷേ ആവശ്യമുള്ളപ്പോൾ ഔട്ട്‌സോഴ്‌സ് ചെയ്തു. അത് പ്രധാന കഥാപാത്രങ്ങളായാലും ജൂനിയർ ആർട്ടിസ്റ്റുകളായാലും, എല്ലാവരുടെയും വസ്ത്രങ്ങൾ എന്നിലൂടെ കടന്നുപോയി."
പ്രഗതിയെ സംബന്ധിച്ചിടത്തോളം, ഈ യാത്ര വളരെ വ്യക്തിപരമാണ്. “ഈ സിനിമ ഒരു ക്ലാസ് റൂം പോലെയായിരുന്നു. എല്ലാ ദിവസവും ഞാൻ പുതിയ എന്തെങ്കിലും പഠിച്ചു. ഈ പ്രോജക്ടിലൂടെ എനിക്ക് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള വസ്തുക്കളുമായും കരകൗശല വിദഗ്ധരുമായും പ്രവർത്തിക്കാൻ കഴിഞ്ഞു.”
ബെൽ ബോട്ടം, 777 ചാർലി തുടങ്ങിയ ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിന് പ്രഗതി ഇതിനുമുമ്പും പ്രശംസയേറ്റുവാങ്ങിയിരുന്നു. എന്നാൽ ‘കാന്താര’യാണ് പ്രഗതിയുടെ കരിയറിനെ മാറ്റിമറിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Pragati Shetty, costume designer & wife of Rishab Shetty, shares her experience designing costumes for Kantara.
Published: 28 Aug 2025, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented