
കൃത്രിമകണ്‍പീലികള്‍ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കണ്‍പീലികള്‍ക്ക് കട്ടിയും നീളവും ഉറപ്പാക്കുന്ന ഹൈടെക് മസ്‌കാരകള്‍ മുതല്‍ പ്രൊഫഷണല്‍ ലാഷ് എക്സ്റ്റന്‍ഷന്‍ സേവനങ്ങളും കണ്ണിന്റെ വലിപ്പത്തിനൊത്ത കസ്റ്റമൈസ്ഡ് കണ്‍പീലികളും ഇന്ന് ലഭ്യമാണ്. മാഗ്നറ്റിക് കണ്‍പീലികള്‍, വളര്‍ച്ച കൂട്ടാനുള്ള സെറം, കണ്‍പീലി ഒട്ടിക്കാനും എടുത്തുമാറ്റാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ചുരുട്ടുന്ന വിദ്യ... സൗന്ദര്യരംഗത്തെ സാങ്കേതികതകള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.
കറുത്ത കണ്ണുകളിഷ്ടപ്പെട്ട ഈജിപ്തുകാര്‍
സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ ഈജിപ്തുകാര്‍ എന്നും മുമ്പിലായിരുന്നു. കട്ടിയുള്ളതും ഇരുണ്ടതുമായ കണ്‍പീലികള്‍ സൗന്ദര്യത്തിന്റെയും ആത്മീയതയുടെയും അടയാളമായി അവര്‍ കണക്കാക്കി. പുരുഷന്മാരും സ്ത്രീകളും കണ്‍പീലികളും കണ്‍പോളകളും പുരികങ്ങളും കറുപ്പിക്കാന്‍ കണ്‍മഷി ഉപയോഗിച്ചിരുന്നു, ഇരുണ്ട നിറത്തിന് ദുരാത്മാക്കളില്‍ നിന്ന് രക്ഷനേടാനും സൂര്യനില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു. ഈയം, ചെമ്പ്, ചാരം, ബദാം കത്തിച്ചത് തുടങ്ങിയവയുടെ മിശ്രിതത്തില്‍ നിന്നാണ് അവര്‍ കണ്‍മഷി നിര്‍മിച്ചിരുന്നത്.
ഗ്രീസും റോമും
പുരാതന റോമിലും ഗ്രീസിലും, നീണ്ട കണ്‍പീലികള്‍ വിശുദ്ധിയുടെ അടയാളമായിട്ടാണ് കരുതിപ്പോന്നത്. റോമന്‍ തത്ത്വചിന്തകനായ പ്ലിനി ദി എല്‍ഡര്‍ എഴുതിയത്, കണ്‍പീലികള്‍ കൊഴിഞ്ഞുപോകുന്നത് അമിതമായ ലൈംഗികാസക്തിയുടെ ഫലമായിട്ടാണെന്നാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ അവരുടെ പവിത്രത പ്രകടിപ്പിക്കാനായി നീളമുള്ളതും സമൃദ്ധവുമായ കണ്‍പീലികള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു.പ്ലിനി ദി എല്‍ഡറിന്റെ വാദങ്ങള്‍ തെറ്റായിരുന്നെങ്കിലും റോമന്‍ സ്ത്രീകള്‍ തങ്ങളുടെ കണ്‍പീലികളെ നീളത്തില്‍ തന്നെ കാത്തുസൂക്ഷിച്ചു. പീലികൾ കറുപ്പിക്കാനും മറ്റും വിവിധതരം ധാതുക്കളും അവർ ഉപയോഗിച്ചിരുന്നു. ഇത് നൂറ്റാണ്ടുകളോളം തുടര്‍ന്നു, പുതിയ പരീക്ഷണങ്ങള്‍ നടക്കുകയും ചെയ്തു.
മധ്യകാലഘട്ടം
മധ്യകാലഘട്ടത്തില്‍, കണ്‍പീലികളോടുള്ള മനോഭാവം മാറി. യൂറോപ്പിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് നവോഥാനകാലത്ത് ഉയര്‍ന്ന നെറ്റികള്‍ ബുദ്ധിയുടെയും സൗന്ദര്യത്തിന്റെയും അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ പലപ്പോഴും അവരുടെ കണ്‍പീലികകള്‍ സ്വാഭാവികമായിവെച്ചും പുരികങ്ങള്‍ പ്ലക്ക്‌ചെയ്തും അലങ്കരിച്ചുനിര്‍ത്തി. ഈ കാലയളവില്‍ അമിത അലങ്കാരമുള്ള കൺപീലികള്‍ കുറവായിരുന്നു. സ്വാഭാവികതയോടായിരുന്നു ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം.
വിക്ടോറിയന്‍ കാലഘട്ടത്തില്‍ വീണ്ടും ഐലാഷെത്തി
പത്തൊന്‍പതാം നൂറ്റാണ്ടോടെ, അതായത് വിക്ടോറിയന്‍ കാലഘട്ടത്തില്‍ കണ്‍പീലികള്‍ അലങ്കരിക്കുന്നത് പുതിയ ട്രന്‍ഡായി. വിക്ടോറിയക്കാര്‍ സ്ത്രീത്വത്തോടും പരിശുദ്ധിയോടുമുള്ള ആകര്‍ഷണം നിലനിര്‍ത്തുന്നതില്‍ പേരുകേട്ടവരായിരുന്നു, കൂടാതെ നീളമുള്ള കണ്‍പീലികളോട് ആളുകള്‍ക്ക് അഭിനിവേശമായിരുന്നു. ആവണക്കെണ്ണ, കല്‍ക്കരി പൊടി, മറ്റ് ചേരുവകള്‍ എന്നിവ പുരട്ടുന്നത് ഉള്‍പ്പെടെ, കണ്‍പീലികള്‍ ഇരുണ്ടതാക്കാനും നീളമേറിയതാക്കാനും സ്ത്രീകള്‍ പലപ്പോഴും വീടുകളിലുണ്ടാക്കിയ മിശ്രിതങ്ങള്‍ പരീക്ഷിച്ചു.
1872-ല്‍, ജെയിംസ് ഡി മക്കേബ് എന്ന ഇംഗ്ലീഷുകാരനാണ് കൃത്രിമ കണ്‍പീലികള്‍ നിര്‍മിക്കുന്നതില്‍ ആദ്യത്തെ പേറ്റന്റ് സ്വന്തമാക്കിയതെന്ന് പറയപ്പെടുന്നു. വ്യാപകമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും, അവിടെയൊരു ചരിത്രത്തിന് തുടക്കമിട്ടു. ഏതാണ്ട് അതേസമയം തന്നെ ചില സ്ത്രീകള്‍ മുടിയിഴകളും രോമങ്ങളും കണ്‍പോളകളില്‍ തുന്നിച്ചേര്‍ത്ത് നീളമുള്ള കണ്‍പീലികള്‍ ധരിക്കാന്‍ ശ്രമിച്ചിരുന്നുവത്രേ. പക്ഷേ, ഇതൊന്നുമത്ര ജനകീയമായിരുന്നില്ല.
അതേ കാലഘട്ടത്തില്‍, വിക്ടോറിയ രാജ്ഞിയുടെ പെര്‍ഫ്യൂമറും സംരംഭകനുമായ യൂജിന്‍ റിമ്മല്‍ ആണ് ആധുനിക മസ്‌കാരയെ ജനകീയമാക്കിയത്. പെട്രോളിയം ജെല്ലിയും കല്‍ക്കരിപ്പൊടിയും ചേര്‍ത്തുള്ള ഉത്പ്പന്നം വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ മസ്‌കാരകളില്‍ ഒന്നാണ്. 'റിമ്മല്‍' എന്ന വാക്ക് ഇന്നും പല ഭാഷകളിലും മസ്‌കാരയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നുമുണ്ട്. കണ്‍പീലികള്‍ കറുപ്പിക്കാന്‍ ലളിതവും എളുപ്പത്തില്‍ ലഭ്യമായതുമായ മാര്‍ഗമായതിനാല്‍ ഇത് വിപ്ലവം സൃഷ്ടിച്ചു.
അന്ന ടെയ്‌ലര്‍
ഇന്നുകാണുന്ന തരത്തില്‍ ആളുകള്‍ കൃത്രിമകണ്‍പീലികള്‍ ഉപയോഗിച്ചുതുടങ്ങിയത് 20-ാം നൂറ്റാണ്ടോടെയാണെന്നു പറയാം. 1911-ല്‍ അന്ന ടെയ്ലര്‍ എന്ന കനേഡിയന്‍ സ്ത്രീ മനുഷ്യരോമം കൊണ്ട് നിര്‍മ്മിച്ച കണ്‍പീലികള്‍ക്ക് പേറ്റന്റ് സ്വന്തമാക്കിയിരുന്നു. ആധുനിക കണ്‍പീലികള്‍ പോലെ കണ്‍പോളകളില്‍ ഒട്ടിക്കുന്ന തരത്തിലാണിവ രൂപകല്‍പ്പന ചെയ്തത്. പക്ഷേ ഉപയോഗിക്കാന്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല.
ഐലാഷസ് ശരിക്കും ജനപ്രീതി നേടിയത് ഹോളിവുഡിലാണ്. 1916-ല്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഡി.ഡബ്ല്യു. ഗ്രിഫിത് തന്റെ നിശ്ശബ്ദ ചിത്രമായ ഇന്‍ടോളറന്‍സില്‍ നടി സീന ഓവന് കട്ടിയേറിയ കണ്‍പീലികള്‍ വേണമെന്ന് തീരുമാനിച്ചു. മനുഷ്യരോമം ഉപയോഗിച്ച് കണ്‍പീലികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ഒരു പ്രാദേശിക വിഗ് നിര്‍മാതാവിനെ സമീപിച്ചു. പീലികള്‍ നടിയുടെ കണ്‍പോളകളില്‍ ഒട്ടിച്ചുവെക്കുകയായിരുന്നു. പൊതുജനങ്ങളില്‍ പെട്ടെന്ന് ജനപ്രിയമായില്ലെങ്കിലും, ഭാവിയിലേക്കൊരു ചവിട്ടുപടിയായി.
1920-കളിലും 1930-കളിലും ഗ്രെറ്റ ഗാര്‍ബോ, മര്‍ലിന്‍ ഡയട്രിച്ച് തുടങ്ങിയ ഗ്ലാമറസ് താരങ്ങള്‍ മസ്‌കാരയും കണ്‍പീലികളും ഉപയോഗിച്ച് അവരുടെ കണ്ണുകള്‍ ഭംഗിയുള്ളതാക്കിവെക്കാന്‍ ശ്രദ്ധിച്ചു. സിനിമ ആളുകളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയപ്പോള്‍, ഈ സൗന്ദര്യ പ്രവണതകളും പൊതുജനങ്ങളിലേക്കെത്തി. അക്കാലത്തെ ഗ്ലാമറസ് താരങ്ങളെ ആളുകള്‍ അനുകരിച്ചിരുന്നു.
ജപ്പാനും കൊറിയയും
20-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തി. വാട്ടര്‍പ്രൂഫ് മസ്‌കാരകള്‍, ലാഷ് ചുരുളുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമായി. 1990-കളിലും 2000-ത്തിന്റെ തുടക്കത്തിലും സ്വാഭാവികസൗന്ദര്യത്തിലാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതെങ്കിലും നീളവും കട്ടിയുമുള്ള കണ്‍പീലികള്‍ സൗന്ദര്യത്തിന്റെ സവിശേഷതയായി തുടര്‍ന്നു. 2000-കളുടെ തുടക്കത്തില്‍ ജപ്പാനിലും കൊറിയയിലും വികസിപ്പിച്ചെടുത്ത പുത്തന്‍ കണ്‍പീലികള്‍ അതിവേഗം ലോകമെമ്പാടും വ്യാപിച്ചു. വളരെ സ്വാഭാവികമായി തോന്നുന്നതും ഓരോ കണ്ണിനും യോജിച്ചതും പല നിറത്തിലുമുള്ള ഇവ സാമൂഹികമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ പ്രചരിച്ചു.
Content Highlights: history of fake eyelashes mascara beautiful eye concepts
Published: 02 Nov 2024, 01:25 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented