ലബുബു പാവകളാണ് ഇൻ്റർനെറ്റിലാകമാനം ചർച്ച. പുതിയ തലമുറയിലുള്ളവരുടെ ഇഷ്ടം അതിവേഗം പിടിച്ചുപറ്റിയ ലബുബുവിനെ ബാഗുകളിൽ തൂക്കിയവർ സെലിബ്രിറ്റികൾ തൊട്ട് സാധാരണക്കാർ വരെയാണ്. ചൈനയിൽ നിന്നുള്ള ലബുബുകൾക്ക് 2500 രൂപയ്ക്കും 5500 രൂപയ്ക്കുമിടയിലാണ് വില. വിലകൂടിയാലെന്താ, ലബുബുകൾക്ക് ലോകത്താകമാനം ആവശ്യക്കാരുണ്ടല്ലോ. ശതകോടിയുടെ ബിസിനസ് ഇതിനകം ലബുബുകളെ വിറ്റ് ചൈനീസ് പാവനിർമാണകമ്പനിയായ പോപ്കാർട്ട് സ്വന്തമാക്കി.

To advertise here,

ഇതിനിടെയാണ് ലബുബുപ്രിയം മനസ്സിലാക്കിയ ചില പാവനിർമാതാക്കൾ വ്യാജനെ വിപണിയിലിറക്കിയത്. ലഫുഫു എന്നാണ് വ്യാജപാവകളെ മൊത്തത്തിൽ വിളിക്കുന്നത്. ലബൂബുവിന്റെ വിലകൊടുത്ത് ലഫുഫു വാങ്ങി അബദ്ധം പറ്റിയവർ നിരവധിയാണ്. ഓൺലൈൻ, റീടെയിൽ കടകളിൽ വ്യാജന്മാർ സുലഭം. പറ്റിക്കപ്പെട്ടവരിൽ സെലിബ്രിറ്റികൾ വരെയുണ്ട്. ഒറിജിനലല്ലെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ലഫുഫു സ്വന്തമാക്കുന്നവരുമുണ്ട്. പാവയോടുള്ള പ്രിയമാണിതിനു കാരണം.

ലബുബുവിന് പകരം ലഫുഫുവാണ് തന്റെ കൈവശമുള്ളതെന്ന് നടി അനന്യ പാണ്ഡെ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. പല അവസരങ്ങളിലും, അനന്യ പാണ്ഡെയുടെ ഡിസൈനർ ബാഗുകളിൽ പാവകൾ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ, അടുത്ത സുഹൃത്ത് ഒറി പങ്കുവെച്ച ഒരു വീഡിയോയിലാണ് നടി ലഫുഫു പാവകളാണ് കൊണ്ടുനടക്കുന്നതെന്ന് വെളിപ്പെടുത്തിയത്.

 

ഇവ തനിക്ക് എങ്ങനെയാണ് ലഭിച്ചതെന്നും അനന്യ പറയുന്നുണ്ട്. ''എൻ്റെ സുഹൃത്ത് റിധിമ ഒരു ലബുബു ബിസിനസ്സ് തുടങ്ങാൻ ശ്രമിക്കുകയായിരുന്നു, അവൾ 100 എണ്ണത്തിന് ഓർഡർ നൽകി. പക്ഷേ അവൾക്ക് കിട്ടിയത് ലഫുഫുകളായിരുന്നു'' പാവകളെ വേറുതേ കളയേണ്ടെന്ന് കരുതിയ അനന്യ തന്റെ ആഡംബരബാഗ് അലങ്കരിക്കാൻ ഇവ എടുക്കുകയായിരുന്നു.

അതേസമയം, ഇതൊരു ഷനേൽ ബാഗിലാണ് തൂക്കിയത് എന്നതുകൊണ്ട് ആരും അറിയാൻ പോവുന്നില്ലെന്നും അനന്യ പറഞ്ഞു. അനന്യയുടെ തുറന്നുപറച്ചിൽ ഇന്റർനെറ്റിന് വളരെയധികം ബോധിച്ചു. എപ്പോഴും കാര്യങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത വ്യക്തിയാണ് അനന്യയെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തു.

വിംബിൾഡണിൽ ഉർവശി റൗട്ടേല, ലബുബു പാവകളെ തൂക്കിയ ബാഗുമായെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്വിങ്കിൾ ഖന്ന, ദുവ ലിപ, റിഹാന്ന, കിം കർദാഷിയാൻ ഇങ്ങനെ നീളുന്നു ലബുബു സ്വന്തമാക്കിയ സെലിബ്രിറ്റികൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi