ക്രിസ്മസ് ട്രീയും, സാന്റായുടെ തൊപ്പികളും റെയിൻഡിയറുകളും ക്രിസ്മസ് റീത്തുകളും ഗ്ലാസ്‌ബോളുകളും സ്‌നോമാനും എൽഇഡി ലൈറ്റുകളും പാട്ടുപാടുന്ന സാന്റയും സ്‌നോ ഗ്ലോബുകളുമെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കെത്തുന്നത് ഒരു ചൈനീസ് നഗരത്തിൽനിന്നാണ്. ഷാങ്ഹായ് നഗരത്തിൽനിന്ന് 300 കിലോമീറ്റർ അകലത്തായുള്ള യീവൂയിൽനിന്നാണ് ക്രിസ്മസിനാവശ്യമായവ ഏറെയും വരുന്നത്. ചൈനീസ് ക്രിസ്മസ് വില്ലേജ് എന്നും ഇതിന് വിളിപ്പേരുണ്ട്. ഇവിടെ വർഷം മുഴുവൻ ക്രിസ്മസ് ആക്‌സസറികൾ വിൽക്കുന്നു.

To advertise here,

ചൈനീസ് വാർത്താ ഏജൻസിയുടെ കണക്കുകൾ പ്രകാരം ക്രിസ്മസിനെ അലങ്കാരങ്ങളുടെ 60 ശതമാനത്തിലധികവും യീവൂവിലെ മൊത്തവ്യാപാരവിപണിയിൽനിന്നാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 20,000-ത്തിലേറെ തരം ക്രിസ്മസ് അനുബന്ധ ഉത്പന്നങ്ങളാണ് 100-ലേറെ രാജ്യങ്ങളിലേക്കായി ഇവിടുന്ന് കയറ്റി അയക്കുന്നത്. അതിലേറെയും പോവുന്നത് അമേരിക്കയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ്.

2019-ലെ കണക്കുകൾ പ്രകാരം ക്രിസ്മസ് ഉത്പന്നങ്ങൾ മാത്രം വിറ്റ് 320 മില്യൺ യു.എസ് ഡോളറാണ് ഈ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. തൊട്ടുമുന്നത്തെ വർഷത്തേക്കാൾ കൂടുതലാണിത്.

പരമ്പരാഗതമായ പച്ചനിറത്തിലുള്ള ക്രിസ്മസ് ട്രീ മാത്രമല്ല ഇവിടെയുള്ളത്. പിങ്ക്, വെള്ള, വെള്ള-പച്ച കോമ്പിനേഷൻ തുടങ്ങിയവയിലുള്ള മനോഹരമായ ക്രിസ്മസ് ട്രീകൾ ഇവിടെ കാണാം. സാന്റയും ചുവപ്പ്-വെള്ളനിറത്തിൽ മാത്രമല്ല ഇവിടെ കാണാൻ കഴിയുക. മഞ്ഞ-വെളള-കറുപ്പ്, കറുപ്പ്-ഗ്രേ-വെള്ള എന്നീ കോമ്പിനേഷനുകളിലുള്ള അപൂർവം സാന്റകളും ഇവിടെ വിൽക്കാൻ വെച്ചിട്ടുണ്ട്.

1000-ത്തിനടുത്ത് ഫാക്ടറികളാണ് ഇതിനുമാത്രമായി ഇവിടെയുള്ളത്. ഓരോന്നിലും ആയിരക്കണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. ക്രിസ്മസ് അലങ്കാരങ്ങൾ മാത്രമല്ല ഇവിടെ വിൽക്കുന്നത്. കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയെല്ലാം ഇവിടെ വാങ്ങാൻ കിട്ടും. വിലക്കുറവാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi