വിമാനയാത്രകളിൽ യാത്രക്കാർ ഏറ്റവും വിലമതിക്കുന്ന ഒന്നാണ് കൃത്യസമയത്തുള്ള ടേക്ക് ഓഫുകളും ലാൻഡിങ്ങുകളും. വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ കുറവടക്കമുള്ള വെല്ലുവിളികൾ കാരണം പലപ്പോഴും ഇത് കൃത്യമായി നടക്കാറില്ല. ഈ പശ്ചാത്തലത്തിൽ, സിറിയം എന്ന എവിയേഷൻ അനലിറ്റിക്സ് കമ്പനി 2025-ലെ, ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠതയുള്ള എയർലൈനുകളെയും വിമാനത്താവളങ്ങളെയും റാങ്ക് ചെയ്തിരിക്കുകയാണ്.

ഖത്തർ എയർവേയ്‌സിനെയാണ് സിറിയം റിപ്പോർട്ടിൽ പ്ലാറ്റിനം വിജയിയായി തിരഞ്ഞെടുത്തത്. 198,303 ഫ്ളൈറ്റുകളിൽ 84.42 ശതമാനവും കൃത്യനിഷ്ഠത പുലർത്താനായി. ഫ്ളൈറ്റുകൾക്കൊപ്പം മറ്റു പ്രകടനങ്ങളുംകൂടി പരിഗണിച്ചാണ് ഖത്തറിനെ വിജയിയായി തിരഞ്ഞെടുത്തത്. അതേസമയം, ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഗ്ലോബൽ എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് തുടർച്ചയായി രണ്ടാം വർഷവും ഏയ്‌റോമെക്സിക്കോയാണ്. 188,859 ഫ്ളൈറ്റുകളിൽ 90.02 ശതമാനമാണ് കൃത്യനിഷ്ഠതാനിരക്ക്.

ഫിലിപ്പീൻ എയർലൈൻസ് 83.12 ശതമാനം കൃത്യനിഷ്ഠതയോടെ ഏഷ്യ-പസഫിക് മേഖലയിൽ മുന്നിലെത്തി. 116,268 ഫ്ളൈറ്റുകളിൽ നിന്നാണിത്. വടക്കേ അമേരിക്കയിൽ, ഡെൽറ്റ എയർ ലൈൻസ് 1.8 ദശലക്ഷത്തിലധികം ഫ്ളൈറ്റുകളിൽ 80.9 ശതമാനം കൃത്യതയോടെ പട്ടികയിൽ ഒന്നാമതെത്തി. യൂറോപ്പിലെ ഏറ്റവും കൃത്യതയുള്ള എയർലൈനായി ഇബേരിയ എക്സ്പ്രസ് തുടർച്ചയായി മൂന്നാം വർഷവും തിരഞ്ഞെടുക്കപ്പെട്ടു, 37,119 വിമാനങ്ങളിൽ 88.94 ശതമാനവും കൃത്യസമയത്തായിരുന്നു. ലാറ്റിൻ അമേരിക്കയിൽ, കോപ്പ എയർലൈൻസാണ് മുമ്പിൽ (133,748 വിമാനങ്ങളിൽ 90.75 ശതമാനം കൃത്യത).

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക വിഭാഗത്തിൽ ഫ്ലൈസഫെയർ ഏറ്റവും കൃത്യസമയത്തുള്ള എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടു, 62,805 വിമാനങ്ങളിൽ 91.06 ശതമാനവും കൃത്യത രേഖപ്പെടുത്തി.

വെർജിൻ അറ്റ്ലാന്റിക് 2025 ലെ ഏറ്റവും മെച്ചപ്പെട്ട എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടു, 2023 ലെ 74.01 ശതമാനത്തിൽ നിന്ന് കൃത്യത 83.45 ശതമാനമായാണ് മെച്ചപ്പെടുത്തിയത്.

ഇൻഡിഗോ ടോപ് ടണ്ണിൽ

ഏഷ്യാ-പസഫിക് എയർലൈൻസ് റിപ്പോർട്ടിൽ, ഇൻഡിഗോയും ടോപ്പ് ടണ്ണിലെത്തി. ഏഷ്യ-പസഫിക് മേഖലയിലെ കൃത്യനിഷ്ഠയുള്ള ആദ്യത്തെ പത്ത് എയർലൈനുകളിൽ ആറാം സ്ഥാനത്താണ് ഇൻഡിഗോ. 2025- ൽ 802,418 ഫ്ലൈറ്റുകളിൽ 78.12 ശതമാനം ഓൺ-ടൈം അറൈവൽ നിരക്കാണ് ഇൻഡിഗോ കൈവരിച്ചത്. 2025 ഡിസംബറിൽ, ചില പ്രശ്നങ്ങൾ കാരണം നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരുന്നു. എങ്കിലും, വർഷത്തിൽ ഭൂരിഭാഗവും ഇൻഡിഗോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇസ്താംബുൾ വിമാനത്താവളത്തിനാണ് സിറിയത്തിന്റെ എയർപോർട്ട് പ്ലാറ്റിനം അവാർഡ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi