മഹാരാഷ്ട്രയിലെ സംഗ്ലിയിൽ ദീനനാഥ് മങ്കേഷ്‌കറിന്റെയും സേവന്തിയുടെയും മകളായിട്ടാണ് ആശാലത ദീനനാഥ് മങ്കേഷ്‌കറിന്റെ ജനനം. അഞ്ചുമക്കളിൽ രണ്ടാമത്തെ കുട്ടി. ചെറുപ്രായത്തിൽ തന്നെ ചേച്ചിയായ ലതാ മങ്കേഷ്‌കറിനെ പോലെ തന്നെ ആശയ്ക്കും സംഗീതത്തോട് താത്പര്യം തോന്നി. ആശയ്ക്ക് ഒമ്പതുവയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം.

പിന്നീട് ലതയും ആശയും ചേർന്ന് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിനിമയിൽ അഭിനയിക്കുകയും പാട്ടുകൾ പാടുകയും ചെയ്തു. ആദ്യമായി പാടുന്നത് മറാത്തി സിനിമയിലാണ്. ഹിന്ദിയിൽ ആദ്യത്തെ സോളോ ഗാനം പുറത്തിറങ്ങിയ ഏകദേശം അതേ സമയത്താണ് ആശ വിവാഹിതയാവുന്നത്.

അന്നവർക്ക് 16 വയസ്സേയുള്ളൂ. ചേച്ചിയുടെ മാനേജറായ ഗണപത് റാവു ഭോസ്ലേയുമായിട്ടുള്ള പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ഗണപത് റാവുവിന് പ്രായം 31-ഉം. ആശ പിന്നണിഗാനരംഗത്ത് സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. അതോടെ സ്വന്തം കുടുംബം ആശയുമായുള്ള എല്ലാ ബന്ധവും വേണ്ടെന്നുവെച്ചു.

വിവാഹത്തിനുശേഷം ആശാ ഭോസ്ലെ എന്ന് പേരുമാറ്റി. വളരെയധികം പീഡനങ്ങളേറ്റുവാങ്ങിയാണ് അവർ തന്റെ വൈവാഹികജീവിതം മുന്നോട്ട് കൊണ്ടുപോയത്. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവും കുടുംബവും അവരെ വീട്ടിൽനിന്നിറക്കി വിട്ടു. ഒടുവിൽ അത് വിവാഹമോചനത്തിലുമെത്തി. 1966-ലായിരുന്നു അവർ പിരിഞ്ഞത്.

വിവാഹമോചനത്തിനുശേഷം തന്റെ പേരിനൊപ്പമുള്ള 'ഭോസ്ലെ' മാറ്റാൻ ആശ തയ്യാറായില്ല. അതുകഴിഞ്ഞ് 14 വർഷങ്ങൾക്കുശേഷം സംഗീതസംവിധായകൻ ആർ.ഡി.ബർമനുമായുള്ള വിവാഹശേഷവും, ആശാ ഭോസ്ലെ എന്ന പേരിൽ തുടരാനായിരുന്നു അവർ ആഗ്രഹിച്ചത്. ബർമൻ, മങ്കേഷ്‌കർ എന്നീ പേരുകളൊന്നും അവർ തന്റെ പേരിനൊപ്പം ചേർത്തുവെച്ചില്ല. അതിനുപിന്നിലൊരു കാരണമേയുള്ളൂ. അപ്പോഴേക്കും ആശാ ഭോസ്ലെ എന്ന ബ്രാൻഡ് സ്ഥാപിക്കപ്പെട്ടിരുന്നു. അതവരുടെ ഐഡന്റിറ്റിയായി മാറുകയും ചെയ്തു. അങ്ങനെ ജീവിതകാലം മുഴുവൻ ആശാ ഭോസ്ലെയായി തുടർന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi