ഒരുദശാബ്ദം മുമ്പ്, മൂന്നാറിലെ തണുത്ത ഒരുവൈകുന്നേരം, കോടമഞ്ഞ് തേയിലത്തോട്ടങ്ങളെ വന്നുപൊതിഞ്ഞിട്ടുണ്ടെങ്കിലും അവിടത്തെ അന്തരീക്ഷത്തിനാകെ അന്ന് സമര ചൂടായിരുന്നു. ഒരാഴ്ച മുമ്പ് ഒരുപകലിലാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പൊമ്പിളൈ ഒരുമൈ എന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് ലിമിറ്റഡിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. നിലവിലുണ്ടായിരുന്ന ട്രേഡ് യൂണിയനുകളുടെ സഹായമില്ലാതെ ന്യായമായ വേതനമെന്ന തങ്ങളുടെ പ്രാഥമികമായ ആവശ്യം ആ സ്ത്രീകള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ മയക്കം നടിച്ചിരുന്ന തൊഴിലാളി നേതാക്കന്മാരും മുതലാളിമാരും ഞെട്ടി. പന്ത്രണ്ടായിരത്തോളം വരുന്ന സ്ത്രീകള്‍, ഒരു പാര്‍ട്ടിയുടെയോ നേതാവിന്റെയോ പിന്തുണയില്ല. അതിനാല്‍ ഒറ്റപ്പെട്ട സമരമെന്ന് പറഞ്ഞ് കേരളം ആ മുന്നേറ്റത്തിന് അന്നുവരെ വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നില്ല. എന്നാല്‍ ആ വൈകുന്നേരം മൂന്നാറിലേക്കുള്ള കൊടുംവളവുകള്‍ പിന്നിട്ട് ഒരുകാര്‍ മലകയറി വന്നു, സമരം മാത്രം ജീവിതമാക്കിയ ആ തൊണ്ണൂറുകാരന്റെ വരവാണ് ആ സമരത്തെ രാജ്യശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനാണ് ഒറ്റയ്ക്ക് അന്ന് സമരപന്തലിലേക്ക് എത്തിയത്. സമരനേതാക്കളായ സ്ത്രീകളുടെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു ' ഈ സമരം വിജയിക്കുന്നത് വരെ ഞാനുണ്ടാകും കൂടെ...' ആ വാക്ക് മതിയായിരുന്നു ആ സ്ത്രീകള്‍ക്ക്. തന്റെ രാഷ്ട്രീയ ജീവിതക്കാലത്ത് മുഴുവന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും നീതിനിഷേധത്തിനെതിരെയും പോരാടാന്‍ വി.എസ്. അച്യുതാനന്ദന്‍ മുന്നില്‍ നിന്നിരുന്നു. ആ പോരാട്ടങ്ങളില്‍ പലതും വി.എസ്സ് തന്റെ ബോധ്യങ്ങള്‍ക്ക് അനുസരിച്ച് നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങളുമായിരുന്നു.
നെഹ്‌റു ട്രോഫി വാര്‍ഡിലെ തുടക്കം..
ഇരുട്ടിന്റെ മറവില്‍ ഒരുക്കൂട്ടം പൊലീസുകാര്‍ സ്ത്രീകള്‍ക്ക്‌മേല്‍ നടത്തിയ നരനായാട്ട്, ആരോരുമറിയാതെ മറച്ചുവയ്ക്കാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമങ്ങളുടെ ആയുസ്സ് ആ വാര്‍ത്ത വി.എസ്സിന്റെ കാതിലെത്തുന്നത് വരെ മാത്രം ആയിരുന്നു. 1970 നവംബര്‍ രണ്ടിനാണ് ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വാര്‍ഡില്‍ നാലു കര്‍ഷകത്തൊഴിലാളി സ്ത്രീകളെ എട്ടുപൊലീസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഈ വിവരം ടെലഗ്രാം വഴി വി.എസ് അറിഞ്ഞത് പിറ്റേന്ന് പുലര്‍ച്ചെ ഒരുമണിക്ക്. നിമിഷങ്ങള്‍ക്കകം അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ഇരകളായ സ്ത്രീകളെ നേരില്‍ കണ്ടു വിവരങ്ങള്‍ ശേഖരിച്ചു. നേരെ തിരുവനന്തപുരത്തെത്തി നിയമസഭയില്‍ അടിയന്തരപ്രമേയമായ സംഭവം അവതരിപ്പിച്ചു. അക്ഷരാര്‍ഥത്തില്‍ നിയമസഭ ഞെട്ടി, സഭ കലുഷിതമായി. അവസാനം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഉടന്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി, പിന്നാലെ എട്ടുപൊലീസുകാരുടെ പേരില്‍ കേസെടുത്തു. അന്ന് വി.എസ് ഇടപെട്ടില്ല എങ്കില്‍ ആ വാര്‍ത്ത കേരളമറിയാതെ പോകുകയും ആ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
കാവല്‍ നിന്ന പോരാട്ടങ്ങള്‍..
ഐസ്‌ക്രീം കേസ് പെണ്‍വാണിഭം, സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥി വധകേസ് തുടങ്ങി സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്ന കേസുകളില്‍ നിയമപോരാട്ടം നടത്താന്‍ വി.എസ് മുന്നില്‍ നിന്നു. രാഷ്ട്രീയക്കാരും കുറ്റവാളികളും ഒന്നിച്ചുനിന്ന് അന്വേഷണം അട്ടിമറിച്ച് തെളിവില്ലെന്ന് വരുത്തിതീര്‍ത്ത കേസുകള്‍ നീതിപീഠങ്ങള്‍ കൈയൊഴിഞ്ഞു. എന്നാല്‍ കേസില്‍ പുനരന്വേഷണ സാധ്യതകള്‍ തിരഞ്ഞ് വി.എസ് ഹര്‍ജികളുമായി കോടതിയിലുമെത്തി. സ്ത്രീ പീഡകരെ കെെയാമം വെച്ച് നടത്തിക്കുമെന്ന് തന്റെ പ്രസംഗങ്ങളില്‍ അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ആ ഉറപ്പാണ് പ്ലാച്ചിമടയിലെ കുടിവെള്ളം മുട്ടിയ സ്ത്രീകളും എന്‍ഡോസള്‍ഫാന്‍ മൂലം കണ്ണീരണിഞ്ഞ സ്ത്രീകളെയുമെല്ലാം വി.എസിലേക്ക് എത്തിച്ചത്. പ്ലാച്ചിമടയിലും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ സമരമുഖത്തും അക്ഷരാര്‍ഥത്തില്‍ വി.എസ് ഒരു സമരതീപന്തമാകുകയായിരുന്നു. ആ ജനകീയ സമരങ്ങളുടെ മുഖവും ജീവനുമായി വി.എസ് മാറിയതോടെയാണ് അവയ്ക്ക് അര്‍ഹമായ വാര്‍ത്താപ്രാധാന്യം പരിഗണനയും വന്നത്.
തൊഴിലാളിക്കൊപ്പം...
കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് ലിമിറ്റഡിന്റെ ആസ്ഥാനത്തേക്ക് പൊമ്പിളൈ ഒരുമൈ എന്ന സ്ത്രീ കൂട്ടായ്മ നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സമരനേതാവായ ഗോമതി ആശുപത്രിയില്‍ ചികിത്സ തേടിയ സമയം. സമരം തുടങ്ങി എട്ടുദിവസമായിട്ടും വേണ്ടത്ര മാധ്യമ ശ്രദ്ധയോ, ജനകീയ പിന്തുണയോ കിട്ടിയിട്ടില്ല. ഒരു കൂട്ടം സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരമായത് കൊണ്ട് കുറച്ച് ദിവസം കഴിഞ്ഞാല്‍ താനേ നിര്‍ത്തും എന്നുറപ്പിച്ച് കമ്പനി മാനേജ്‌മെന്റും അനങ്ങാപ്പാറ നയം സ്വീകരിച്ചു. നിലവിലുള്ള ട്രേഡ് യൂണിയനുകളാരും പിന്തുണയ്ക്കാനോ കാര്യങ്ങള്‍ ചോദിക്കാനോ എത്തിയില്ല. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാരും തിരിഞ്ഞുനോക്കിയില്ല. എന്നാല്‍ കൊടിയുടെ നിറത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയ്ക്കപ്പുറം ആ സ്ത്രീകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമായിരുന്നു, ന്യായമായ കൂലി വര്‍ദ്ധനവും ബോണസും ഇതായിരുന്നു അവരുടെ പ്രധാന ആവശ്യം. പ്രതീക്ഷകളുടെ ചെറുകാണികപോലുമില്ലാതെ എട്ടാം ദിവസത്തില്‍ മൂന്നാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുകയായിരുന്നു ഗോമതിയെ തേടി ഒരുഫോണ്‍കോളെത്തി, 'സഖാവ് വി.എസ്. അച്യുതാനന്ദന് നിങ്ങളെയെല്ലാവരെയും കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. അദ്ദേഹം അങ്ങോട്ടേക്ക് വരികയാണ് '. ഗോമതിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല, ആശുപത്രി കിടക്കയില്‍ നിന്നെഴുന്നേറ്റ് അവര്‍ സമരപന്തലിലേക്ക് പാഞ്ഞു. കാറില്‍ നിന്ന് ഒരു ഹൂഡി ധരിച്ച് അദ്ദേഹം സമരപ്പന്തലിലേക്ക് ഇറങ്ങി. ശേഷം അവിടെ ഒരുകസേരയിലിരുന്നു. അദ്ദേഹത്തിനടുത്തേക്ക് ചെന്ന ഗോമതിയോട് വി.എസ് പറഞ്ഞു ' ഈ സമരം വിജയിക്കുന്നത് വരെ ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടാകും'. അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന പെമ്പിളൈ ഒരുമൈ സമരം അന്ന് മുതല്‍ കേരളത്തിലെ ഏറ്റവും കത്തിനില്‍ക്കുന്ന വാര്‍ത്തയായി. പിന്നീടുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം അവിടേക്ക് ഒഴുകി. കമ്പനി മാനേജ്‌മെന്റിന് നയം മാറ്റേണ്ടി വന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: VS`s unwavering support for women`s struggles, from Munnar`s tea estates to the Nehru Trophy Ward, showcased his commitment to justice.
Published: 22 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented