കൊൽക്കത്തയിൽ 31-കാരിയായ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം ഒട്ടാകെ പ്രതിഷേധം അരങ്ങേറുകയാണ്. ഇതിനെതിരെ  ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ഇന്ത്യയിലെ പല നഗരങ്ങളിലും മാര്‍ച്ച് നടത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ആലിയ ഭട്ട്, സ്വര ഭാസ്‌കര്‍, വിജയ് വര്‍മ്മ, പരിനീതി ചോപ്ര, കരീന കപൂര്‍, കങ്കണ റണൗട്ട് എന്നിവര്‍ക്ക് പിന്നാലെ നടിയും എഴുത്തുകാരിയും അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയും പ്രതികരിച്ചു. ഖന്നയുടെ വാക്കുകൾ ഇങ്ങനെ: 

To advertise here,

'' ഏകദേശം 50 വര്‍ഷത്തോളമായി ഞാന്‍ ഈ ഭൂമിയില്‍  ജീവിക്കുന്നു,  കുട്ടിക്കാലത്ത് ഞാന്‍ പഠിച്ച കാര്യങ്ങള്‍ തന്നെയാണ് എന്റെ മകളെയും പഠിപ്പിക്കുന്നത്. പാര്‍ക്കിലേക്കും സ്‌കൂളിലേക്കും ബീച്ചിലേക്കും ഒറ്റയ്ക്കു പോകരുത്. ഒരു പുരുഷന്റെയും കൂടെ ഒറ്റയ്ക്ക് പോകരുത്, അത്  അങ്കിളോ, ബന്ധുവോ, സുഹൃത്തോ ആരുമായി കൊള്ളട്ടെ. രാവിലെയും വൈകുന്നേരവും പ്രത്യേകിച്ച് രാത്രിയും ഒറ്റയ്ക്ക് പോകരുത്. അങ്ങനെപോയിക്കഴിഞ്ഞാല്‍ പിന്നീടൊരിക്കലും  ഒരു തിരിച്ചുവരാന്‍ കഴിയില്ല.''

സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷത്തിന് ശേഷവും രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രീതി സിന്റ, റിച്ച ഛദ്ദ, ടിസ്‌ക ചോപ്ര തുടങ്ങിയവര്‍  നിരവധി സെലിബ്രറ്റികൾ ആശങ്കകള്‍ പങ്കുവെക്കുകയും ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യത്ത് നടക്കുന്ന ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ വേണമെന്ന തരത്തിൽ നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.

 വനിതാ പി.ജി ഡോക്ടറെ ആഗസ്റ്റ് 9-ന് പുലര്‍ച്ചെയാണ് കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ക്രൂരമായ കുറ്റകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇപ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്.