റീസ് എലിസബത്ത് ഹാംസ്മിത്ത് അഥവാ റെറെ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുഞ്ഞ്. ടെക്‌സാസിലാണ് അവള്‍ ജനിച്ചത്. വെറും പതിനേഴ് മാസമേ ആ മാലാഖക്കുട്ടി ഈ ലോകത്തില്‍ ജീവിച്ചിരുന്നുള്ളു. എങ്കിലും അവളുടെ ജീവിതവും മരണവും പല മാറ്റങ്ങള്‍ക്കും കാരണമായി.
മുഖത്തെപ്പോഴും മനോഹരമായ പുഞ്ചിരിയുള്ള കുഞ്ഞുമാലാഖ...റെറെയെക്കുറിച്ച് അമ്മ ട്രിസ്റ്റ എപ്പോഴും പറഞ്ഞിരുന്നതിങ്ങനെ. അവളെ കാണുമ്പോള്‍ തന്നെ ആര്‍ക്കും എടുത്ത് ഓമനിക്കാന്‍ തോന്നും, ആ കള്ളപ്പുഞ്ചിരിയോട് ചേര്‍ന്നുനില്‍ക്കാന്‍ തോന്നും. അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും ജീവിതത്തില്‍ പ്രകാശം പരത്തിയിരുന്ന റെറെ. എപ്പോഴും ഓടിച്ചാടി നടക്കുന്ന പ്രകൃതം, ഒരുനിമിഷം പോലും എവിടെയും അടങ്ങിയിരിക്കില്ല. ചെറിയ അസുഖങ്ങള്‍ പോലും അവളെ തളര്‍ത്താറില്ല.
2020 ഒക്ടോബര്‍ 29. നന്നായി കളിച്ചുകൊണ്ടിരുന്ന റെറെ പെട്ടെന്ന് ആകെ അവശയായതുപോലെ. ചെറിയ ശ്വാസംമുട്ടല്‍, ഒപ്പം മൂക്കടപ്പും, പനിയുമുണ്ട്. കുറച്ചുകഴിഞ്ഞാല്‍ ശരിയാകുമെന്ന് വീട്ടുകാര്‍ കരുതി. കുഞ്ഞിന് അസ്വസ്ഥത കൂടുന്നതുകണ്ടപ്പോള്‍, നേരെ ഡോക്ടറെ കാണിച്ചു. അണുബാധയെന്ന് പറഞ്ഞ് മരുന്നും നല്‍കി, തിരികെ വീട്ടിലേക്ക്. അപ്പോഴും അസുഖം കൂടുന്നതല്ലാതെ മാറ്റമൊന്നുമില്ല.
അതിനിടയിലാണ് അവിചാരിതമായി വീട്ടിലെ റിമോട്ട് കണ്‍ട്രോളില്‍നിന്ന് ഒരു ബട്ടണ്‍ ബാറ്ററി നഷ്ടപ്പെട്ട കാര്യമറിയുന്നത്. വീടുമുഴുവന്‍ തിരഞ്ഞു, അതെങ്ങും കാണാനില്ല. പെട്ടെന്നാണ് മനസ്സിലേക്ക് ഒരു ചിന്ത കയറിവന്നത്, ഇനി കുഞ്ഞെങ്ങാനും വിഴുങ്ങിയോ? ബട്ടണ്‍ ബാറ്ററി വിഴുങ്ങിയാലുള്ള ലക്ഷണങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍, ഏകദേശം അണുബാധയുടെ ലക്ഷണങ്ങള്‍ തന്നെയായിരിക്കുമെന്ന് മനസ്സിലായി.

ദുരിതത്തിന്റെ നാളുകള്‍
അതോടെ വീണ്ടും ആസ്പത്രിയിലേക്ക്. കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ എക്‌സ്‌റേ എടുത്തു. വീട്ടുകാര്‍ സംശയിച്ചതുപോലെ റെറെ ബാറ്ററി വിഴുങ്ങിയതുതന്നെ. അന്നനാളത്തിന് മുകളിലായി അത് കുടുങ്ങിക്കിടക്കുന്നുണ്ട്. കുറേനേരമായതിനാല്‍, ബാറ്ററിയിലുള്ള വിഷാംശം പുറത്തുവന്ന്, ഉള്ളില്‍ ചെറിയ പൊള്ളലേറ്റിട്ടുമുണ്ട്.
''അവളെങ്ങനെ അത് വിഴുങ്ങിയെന്ന് ഇപ്പോഴുമറിയില്ല. അവളെ ഞങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കിരുത്താറേയില്ല. ഓടിനടന്ന്, ഓരോന്നും വായിലിടുന്ന പ്രായമല്ലേ. അതുകൊണ്ട് എപ്പോഴും ആരെങ്കിലും കൂടെ കാണും. അന്ന് കുഞ്ഞിനെ നിലത്തിരുത്തി, എന്തോ എടുക്കാന്‍വേണ്ടി കുറച്ച് നിമിഷങ്ങള്‍ ഞാന്‍ മാറിനിന്നിരുന്നു. അപ്പോഴായിരിക്കാം ഇത് സംഭവിച്ചത്'', ട്രീസ്റ്റ പിന്നീട് പറഞ്ഞതിങ്ങനെ.
പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ അത് പുറത്തെടുത്തു. അപ്പോഴേക്കും സമയമേറെ കഴിഞ്ഞിരുന്നു. പിന്നീട്, 40 ദിവസം ആസ്പത്രിയിലെ ഐ.സി.യുവില്‍. ശസ്ത്രക്രിയകള്‍, സ്‌കാനിങ്ങുകള്‍, സെഡേഷന്‍...റെറെ അനുഭവിച്ചത് കുറച്ചൊന്നുമല്ല. തിരിച്ചുവരുമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചുകൊണ്ട് ഒരുനാള്‍, അവള്‍ ഭൂമി വിട്ടുപോയി.
റെറെയുടെ പോരാട്ടം അവസാനിച്ചുവെങ്കിലും, കുറേ കുഞ്ഞുങ്ങള്‍ക്കായുള്ള പോരാട്ടം അവളുടെ അമ്മ ഏറ്റെടുത്തു. റീസ് പര്‍പ്പസ് എന്ന പേരില്‍ ട്രീസ്റ്റ ഒരു സംഘടന തുടങ്ങി. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി, കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, ബട്ടണ്‍ ബാറ്ററിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതായിരുന്നു ആ സംഘടനയുടെ പ്രധാനലക്ഷ്യം. ഒപ്പം ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ മാതാപിതാക്കള്‍ക്ക് നിയമപരമായ സഹായം നല്‍കുകയെന്നതും സംഘടനയുടെ ലക്ഷ്യത്തില്‍ പെടുന്നു. ബട്ടണ്‍ ബാറ്ററിയിടുന്ന ഉപകരണങ്ങളുടെ മേല്‍ സുരക്ഷാമുന്നറിയിപ്പ് എഴുതിച്ചേര്‍ക്കണമെന്നും, ബട്ടണ്‍ ബാറ്ററിയിടുന്ന കംപാര്‍ട്ട്‌മെന്റ് സുരക്ഷിതമായിരിക്കണമെന്നും ട്രീസ്റ്റ ആവശ്യപ്പെട്ടു. ''കളിപ്പാട്ടങ്ങളുടെയും മറ്റും ബാറ്ററി കംപാര്‍ട്ട്‌മെന്റും എളുപ്പത്തില്‍ തുറന്നുവരുന്നുവെന്നത് എത്ര നിരുത്തരവാദപരമാണ്''.

പോരാട്ടം വിജയം കാണുന്നു
ഒടുവില്‍ ട്രീസ്റ്റ തന്നെ വിജയിച്ചു. 2022-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് 'റീസ് ലോ' എന്ന പേരില്‍ നിയമം പാസാക്കി. 2023-ല്‍ അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. പുതിയ നിയമപ്രകാരം അപകടമുണ്ടാക്കുന്ന ഉപകരണങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനാണ്. ബട്ടണ്‍ ബാറ്ററിയിടുന്ന ഉപകരണങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഈ നിയമം പറയുന്നു. അതിനൊപ്പം അത്തരം ഉപകരണങ്ങളുടെ പാക്കേജിന് മുകളിലും, ഉപകരണങ്ങളുടെ മുകളിലും സുരക്ഷാമുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നുമുണ്ട്. കൈകളുപയോഗിച്ച് വളരെ ശക്തിയായോ അല്ലെങ്കില്‍ സ്‌ക്രൂ ഡ്രൈവര്‍ വെച്ചോ മാത്രം തുറക്കാന്‍ പറ്റുന്ന അത്ര സുരക്ഷിതമായിരിക്കണം ഇത്തരം ബാറ്ററി കംപാര്‍ട്ട്‌മെന്റ് എന്നും നിര്‍ദേശിക്കുന്നു.
നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ട്രീസ്റ്റ പറഞ്ഞതിങ്ങനെ, ''അവള്‍ക്ക് പല വലിയ കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ ഇത്രയും വലുതായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല''.
എന്താണ് ബട്ടണ്‍ ബാറ്ററി?
കാല്‍ക്കുലേറ്റര്‍, ഹിയറിങ് എയിഡ്, ടീലൈറ്റ് കാന്‍ഡില്‍, കുഞ്ഞുങ്ങളുടെ ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍...എന്നിവയിലെല്ലാം മിക്കവാറും ബട്ടണ്‍ ബാറ്ററിയാണുണ്ടാവുക. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പലപ്പോഴും പ്രശ്‌നമാകുന്നത് കളിപ്പാട്ടങ്ങള്‍ തന്നെയാണ്. കളിപ്പാട്ടമെടുത്ത് നിലത്തൊരടി കൊടുക്കുമ്പോഴേക്കും ബാറ്ററിയൊക്കെ പുറത്തുചാടും. തിളങ്ങുന്ന പ്രതലവും, കാന്‍ഡി പോലെ മനോഹരവുമായതുകൊണ്ട് കുട്ടികളുടെ ശ്രദ്ധ അതിലേക്ക് പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടും. ഒരു കൗതുകത്തിന് ചിലപ്പോള്‍ അതെടുത്ത് വായിലും മൂക്കിലും ചെവിയിലുമിടും. പലപ്പോഴും മാതാപിതാക്കള്‍ക്ക് മനസ്സിലാവുക പോലുമില്ല.

ബാറ്ററി പുറത്തെടുക്കാന്‍ വൈകുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു. അന്നനാളത്തിലോ മൂക്കിലോ ഇവ കുടുങ്ങുന്നത് കൂടുതല്‍ അപകടമാണ്. ചുമ, പനി, ഭക്ഷണവും വെള്ളവുമിറക്കാന്‍ ബുദ്ധിമുട്ട്, നേര്‍ത്ത ശബ്ദത്തോടെയുള്ള ശ്വാസമെടുപ്പ്, മൂക്കൊലിപ്പ്, ശ്വാസംമുട്ടല്‍, തൊണ്ടവേദന, ഛര്‍ദി, മൂക്കില്‍നിന്നോ ചെവിയില്‍നിന്നോ രക്തംവരിക എന്നിവയാണ് ലക്ഷണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. നാഷണല്‍ കാപിറ്റല്‍ പോയിസണ്‍ സെന്റര്‍ പ്രകാരം, ഓരോ വര്‍ഷവും അമേരിക്കയില്‍ 3500-ഓളം പേരാണ് ഇത്തരം ബാറ്ററികള്‍ അവിചാരിതമായി വിഴുങ്ങിപ്പോവുന്നത്.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
- എപ്പോഴും വീട്ടിലെ ഉപകരണങ്ങള്‍, പ്രത്യേകിച്ച് ബാറ്ററിയിട്ട് പ്രവര്‍ത്തിപ്പിക്കുന്നവയും അപകടമുണ്ടാക്കുന്നവയും, കുഞ്ഞുങ്ങള്‍ക്ക് എടുക്കാന്‍ പറ്റാത്തത്ര അകലത്തില്‍ വെക്കുക.
- വീട്ടിലെ ഓരോ ഉപകരണങ്ങളിലും എത്ര ബട്ടണ്‍ ബാറ്ററിയുണ്ടെന്നും അത് എന്തിലൊക്കെയാണെന്നുമുള്ള കാര്യത്തില്‍ വീട്ടുകാര്‍ക്ക് ബോധ്യമുണ്ടാവുന്നത് നല്ലതാണ്.
- ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ ബാറ്ററിയിടുന്ന ഭാഗം, ടേപ്പുപയോഗിച്ച് നന്നായി ഒട്ടിക്കുക. അങ്ങനെ ചെയ്താല്‍, ആ ഭാഗം കുട്ടികള്‍ക്ക് തുറക്കാന്‍ കഴിയില്ല.
- കുഞ്ഞ് ബാറ്ററി വിഴുങ്ങിയെന്ന് അറിഞ്ഞാലുടന്‍, ആസ്പത്രിയിലെത്തിക്കുക.
- ബട്ടണ്‍ ബാറ്ററി വിഴുങ്ങിയാല്‍ എന്തൊക്കെ ലക്ഷണങ്ങളാണ് പ്രകടമാവുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Content Highlights: the baby who swallowed button battery, and the reese's law
Published: 11 May 2025, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented