
ഈയിടെ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസാണ് 'ബ്ലാക്ക് വാറന്റ്'. തിഹാര്‍ ജയിലുകളിലെ ജീവിതത്തെക്കുറിച്ചുള്ള 'ബ്ലാക്ക് വാറന്റ്: കണ്‍ഫഷന്‍സ് ഓഫ് എ തിഹാര്‍ ജയിലര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച വെബ് സീരീസാണിത്. തിഹാര്‍ ജയിലില്‍ ജയിലറായിരുന്ന സുനില്‍ ഗുപ്ത, ജയിലിലെ ചില യഥാര്‍ഥസംഭവങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ എഴുതിയത്. ചാള്‍സ് ശോഭരാജ്, രണ്ടു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രംഗ-ബില്ല തുടങ്ങിയ കുറ്റവാളികളെ ജയിലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് സുനില്‍ ഗുപ്തയും അവിടെയുണ്ടായിരുന്നു. സീരീസ് പുറത്തിറങ്ങിയതോടെ തിഹാര്‍ ജയിലും ചര്‍ച്ചകളില്‍ നിറയുകയാണ്.
ഇന്ത്യയിലെ മാത്രമല്ല തെക്ക്-കിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ, പ്രശസ്തമായ ജയിലാണിത്. ഡല്‍ഹിയിലാണ് ഈ ജയില്‍ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 400 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവിടെ, 9 ജയിലുകളാണുള്ളത്.
ഡല്‍ഹി ഗേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തുടങ്ങിയ ചെറിയ ജയിലാണ് പിന്നീട് കുറ്റവാളികളെ വിറപ്പിച്ച തിഹാര്‍ ജയിലായി മാറിയത്. 1958-ല്‍ ഇത് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിഹാര്‍ ഗ്രാമത്തിലുള്ള ഭൂമിയിലേക്ക് മാറ്റി. 1200-ലേറെ പേരെ ഉള്‍ക്കൊള്ളുന്ന ഒരു സെന്‍ട്രല്‍ ജയില്‍ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ഒമ്പത് എണ്ണമായി ഉയര്‍ത്തി. സെന്‍ട്രല്‍ ജയില്‍ നമ്പര്‍:6-ലാണ് സ്ത്രീ കുറ്റവാളികളെ പാര്‍പ്പിക്കുന്നത്. 18 മുതല്‍ 21 വയസ്സ് വരെയുള്ളവരെ പാര്‍പ്പിക്കുന്നത് സെന്‍ട്രല്‍ ജയില്‍ നമ്പര്‍:5-ലാണ്.
1961-ല്‍ ഒരു ജയില്‍ ഫാക്ടറിയും സ്ഥാപിക്കപ്പെട്ടു. സെന്‍ട്രല്‍ ജയില്‍ നമ്പര്‍:2-ലായിരുന്നുവത്. അവിടുന്ന് ഇന്നും ഒട്ടേറെ ഉത്പന്നങ്ങളാണ് പുറംലോകത്തേക്ക് വരുന്നത്. ഹാന്‍ഡ്‌ലൂം വസ്ത്രങ്ങളും, തുന്നിയ വസ്ത്രങ്ങളും, മരത്തില്‍ കൊത്തിയ ഉത്പന്നങ്ങളും, ഹാന്‍ഡ് മെയ്ഡ് പേപ്പറും, മെഴുകുതിരികളും, അച്ചാറും, മെഹന്ദി കോണും, ബേക്ക് ചെയ്ത പലഹാരങ്ങളുമെല്ലാം അതിലുള്‍പ്പെടുന്നു. TJ's എന്ന ബ്രാന്‍ഡിലാണ് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. സാനിറ്ററി പാഡ് നിര്‍മിക്കുന്ന ഫാക്ടറിയുമുണ്ട് ജയിലിനുള്ളില്‍. 2009-ല്‍ ഒരു ഷൂ നിര്‍മാണയൂണിറ്റും ഇവിടെ തുടങ്ങി. ആയിരത്തോളം പേരാണ് ഓരോ മേഖലയിലും ജോലി ചെയ്യുന്നത്. അതിനവര്‍ക്ക് കൂലിയുമുണ്ട്. ഈ കൂലിയുടെ ചെറിയ ഭാഗം, വിക്ടിം വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് പോവുന്നത്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണിത്.
ജയില്‍ ഐ.ജി.യായി കിരണ്‍ ബേദി ഇവിടെത്തിയപ്പോള്‍ ഒട്ടേറെ മാറ്റങ്ങളാണ് അവര്‍ കൊണ്ടുവന്നത്. തിഹാര്‍ ആശ്രമം എന്നാണ് അന്ന് അവര്‍ പേരിട്ടത്. അന്തേവാസികള്‍ക്ക് മെഡിറ്റേഷന്‍ അടക്കമുള്ള പരിപാടികളും അവര്‍ തുടങ്ങി. TJ's ബേക്കറി തുടങ്ങാന്‍ പ്രേരണയായതും കിരണ്‍ ബേദി തന്നെ. അന്തേവാസികളുടെ പരാതി എഴുതിയിടാന്‍ വേണ്ടി ഒരു പരാതിപ്പെട്ടിയും സ്ഥാപിച്ചു അക്കാലത്ത്.
പ്രശസ്തരായ അന്തേവാസികള്‍
രാഷ്ട്രീയകുറ്റവാളികളും കൊടുംകുറ്റവാളികളുമെല്ലാം ഇവിടുത്തെ അന്തേവാസികളായിട്ടുണ്ട്. അന്താരാഷ്ട്രകുറ്റവാളിയായ ചാള്‍സ് ശോഭരാജ്, അധോലോകതലവന്‍ ഛോട്ടാ രാജന്‍, ലോറന്‍സ് ബിഷ്‌ണോയ് മുതല്‍ സഞ്ജയ് ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, പി.ചിദംബരം, സഞ്ജയ് ദത്ത് വരെയുള്ളവര്‍ തിഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
പല സിനിമകളിലും തിഹാര്‍ ജയില്‍ വിഷയമായിട്ടുണ്ട്. പക്ഷേ, അവയിലേറെയും സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നതാണ് സത്യം. 'ജയിലര്‍' എന്ന സിനിമയില്‍ തിഹാര്‍ ജയിലില്‍നിന്ന് വിരമിച്ച ജയിലറായിട്ടാണ് രജനീകാന്ത് എത്തുന്നത്. ജയില്‍ സെറ്റിട്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
തിഹാര്‍ ജയിലിനുള്ളില്‍ തന്നെ ഷൂട്ട് ചെയ്ത ചുരുക്കം ചില സിനിമകളുമുണ്ട്. അവയിലൊന്നാണ് ഇമ്രാന്‍ ഹാഷ്മിയുടെ 'ജന്നത് 2' (2012). ഷൂട്ടിങ് സംഘത്തിലുള്ളവരെ പരമാവധി കുറച്ച്, മൂന്നുമണിക്കൂറാണ് ജയില്‍ സമുച്ചയത്തിനുള്ളില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആവശ്യമായ സീനായിരുന്നു അവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അത്രയും പേരെ ഉള്ളിലേക്ക് കൊണ്ടുപോവാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നു. 20 പേരെ മാത്രമേ ഉള്ളിലേക്ക് കടത്തിവിട്ടുള്ളൂ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പകരം ജയിലിലെ പോലീസുകാര്‍ സന്തോഷത്തോടെ സീനില്‍ അഭിനയിക്കുകയും ചെയ്തു.
സാമൂഹ്യപ്രവര്‍ത്തകനും ഫിലിം മേക്കറുമായ ലെസ്ലി ഉഡ്‌വിന്‍, നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മിച്ചു. ബി.ബി.സി.യുടെ സ്റ്റോറിവില്‍ സീരീസിന്റെ ഭാഗമായിട്ടാണ് 'ഇന്ത്യാസ് ഡോട്ടര്‍' (2015) എന്ന പേരിലുള്ള ഡോക്യുമെന്ററി അവര്‍ നിര്‍മിച്ചത്. കേസില്‍ പ്രതിയായ, തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുകേഷ് സിങ് ഉള്‍പ്പെടെയുള്ളവരുടെ അഭിമുഖവും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാലിത് പിന്നീട് വിവാദമായി. 2015-ല്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എന്‍.ഡി.ടി.വി.യിലും ബി.ബി.സി.യിലുമായി ഡോക്യുമെന്ററി റിലീസ് ചെയ്യാനാണ് കരുതിയിരുന്നത്. അപ്പോഴാണ് തിഹാര്‍ ജയിലിലുള്ള പ്രതിയുടെ അഭിമുഖവും ഇതിലുണ്ടെന്ന് ആളുകളറിയുന്നത്. ഇതിനെതിരെ വന്‍പ്രതിഷേധമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചു. കോടതി ഡോക്യുമെന്ററിയുടെ സംപ്രേഷണം തടഞ്ഞു.
അതിനിടയില്‍ ജയില്‍ അധികൃതര്‍ ലെസ്ലി ഉഡ്‌വിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ലീഗല്‍ നോട്ടീസ് അയച്ചു. ജയിലില്‍ ഷൂട്ട് ചെയ്യുന്നതിന് പാലിക്കേണ്ടിയിരുന്ന വ്യവസ്ഥകള്‍ അവര്‍ ലംഘിച്ചെന്നും പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യില്ലെന്നായിരുന്നു പറഞ്ഞിരുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
ഈ സംഭവത്തോടെ ജയിലില്‍ വീഡിയോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു. ഫിലിംമേക്കേഴ്‌സ്, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ജയിലിനുള്ളില്‍ കടക്കുന്നതിനെ തടഞ്ഞുകൊണ്ടുളളതായിരുന്നുവിത്. എന്നാല്‍, ചില പ്രത്യേകസാഹചര്യങ്ങളില്‍ ഇതനുവദിക്കാമെന്നുമുണ്ട്.
Content Highlights: story of the most famous tihar jail
Published: 14 Jan 2025, 03:46 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented