നാഗ്പൂരിലെ വഴിയോരത്ത് ഏഴു രൂപയ്ക്ക് ഒരു കപ്പ് ചായ വിറ്റ് യാത്ര തുടങ്ങിയതാണ് സുനിൽ പാട്ടീൽ. എന്നാൽ, ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് ഡോളി ചായ്‌വാല എന്ന പേരിലാണ്. ചായവിറ്റ് അദ്ദേഹം ഉണ്ടാക്കുന്നത് ലക്ഷങ്ങളും.  

To advertise here,

സ്‌കൂൾ പഠനം പാതിവഴിയിൽ അവസാനിപ്പിച്ചാണ് സുനിൽ ചായവിൽപന തുടങ്ങിയത്. 2007-ലായിരുന്നുവത്. നാഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിനടുത്ത്, ഒരു ചെറിയ ചായക്കട സ്ഥാപിച്ചു. അതിന് 'ഡോളി കി ടപ്രി' എന്ന് പേരുമിട്ടു. ചായ ഹിറ്റായതോടെ സുനിൽ പട്ടേലും പ്രശസ്തനായി. സുനിൽ എന്ന് പേര് എല്ലാവരും മറന്നു, പകരം 'ഡോളി ചായ്‌വാല' എന്ന് വിളിച്ചുതുടങ്ങി. 

വെറുതെയങ്ങ് ചായ വിൽക്കുകയായിരുന്നില്ല ഡോളി. കളർഫുൾ ഗോഗിൾസും പ്രത്യേകതരത്തിലുള്ള ഹെയർസ്റ്റൈലും മോതിരങ്ങളും വലുപ്പമുള്ള മാലകളുമാണ് വ്യത്യസ്തനാക്കിയത്. ജീൻസ്-ടീഷർട്ട്-ബ്ലേസർ, ജീൻസ്-ടീഷർട്ട്-വെയ്സ്റ്റ് കോട്ട് എന്നീ കോമ്പിനേഷൻ മാറിമാറി പരീക്ഷിച്ചു അദ്ദേഹം തന്റെ വസ്ത്രങ്ങളിൽ. 'പൈറേറ്റ്‌സ് ഓഫ് ദ കരീബിയനി'ലെ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ സ്‌റ്റൈലാണ് താൻ പിന്തുടരുന്നതെന്ന് ഡോളിയുടെ പക്ഷം. എന്തായാലും അതും ക്ലിക്കായി. തന്റെ സ്‌റ്റൈലിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളുണ്ടാവാറുണ്ടെന്ന് ഡോളി പറയുന്നു. ''പലരും ചീത്ത പറയാറുണ്ട്. അത്തരം നെഗറ്റിവിറ്റിയെല്ലാം ഞാൻ അവഗണിക്കും. എപ്പോഴും എന്റെ ലുക്കിനെ പരിഷ്‌കരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്''.
 
രജനീകാന്തിന്റെ കടുത്ത ആരാധകനായ ഡോളി, ചായയടിക്കുന്ന രീതിയും പാൽ പാക്കറ്റ് തുറന്ന് ഒഴിക്കുന്ന രീതിയും വളരെ വ്യത്യസ്തമാണ്. രജനിയുടെ ഓരോ ശൈലികളും നോക്കി പഠിച്ചിട്ടുണ്ട്. പാലിന്റെ പാക്കറ്റ് തുറക്കുന്നതുമുതൽ തുടങ്ങുന്നുവത്. എല്ലാത്തിനുമൊരു വേഗതയും നാടകീയതയുണ്ട്. അതോടെ ഡോളിയുടെ കടയ്ക്കുമുന്നിൽ ആളുകൾ തിക്കിത്തിരക്കി. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയെല്ലാം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നാഗ്പൂരിലെ ചായക്കടയിൽ ദിവസവും 500-ലേറെ കപ്പ് ചായയാണ് ഇപ്പോൾ വിൽക്കപ്പെടുന്നത്. 2500 മുതൽ 4000 വരെയാണ് ഒരുദിവസം മാത്രം അദ്ദേഹത്തിന് ലഭിക്കുന്നത്. 

അതോടെ ഡോളി കൊച്ചു സെലിബ്രിറ്റിയായി മാറി. ഉദ്ഘാടനങ്ങൾക്കും മറ്റും അദ്ദേഹത്തെ ആളുകൾ വിളിച്ചുതുടങ്ങി. വിദേശത്തുവരെ അദ്ദേഹത്തിന് ആരാധകരായി. ഇക്കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന്റെ കാസർകോട് ശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതും ഡോളി തന്നെ. തന്റെ സ്ഥിരം സ്‌റ്റൈലിൽ തന്നെയാണ് അവിടെയുമെത്തിയത്. കൈയിലും കഴുത്തിലും നിറയെ ആഭരണങ്ങളും മഞ്ഞ ഗോഗിൾസും. ഒപ്പം ആ വെറൈറ്റി ഹെയർസ്‌റ്റൈലുമായെത്തിയ ഡോളി, കാസർകോട്ടുകാരുടെ ഹൃദയം കവർന്നു. വേദിയിൽവെച്ച് ബോബിക്കായി ചായയുണ്ടാക്കുകയും ചെയ്തു അദ്ദേഹം.  

ലക്ഷങ്ങളാണ് ഇവന്റുകൾക്ക് അദ്ദേഹത്തിന്റെ പ്രതിഫലം. 5 ലക്ഷം മുതൽ 10 ലക്ഷം വരെയാണതെന്ന് ഈയടുത്ത് ഒരു ബ്ലോഗർ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് 18 എഡിഷനിൽ അതിഥിയായി എത്തിയപ്പോഴാണ് കൂടുതൽ പ്രേക്ഷകർ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞത്. ബിൽ ഗേറ്റ്‌സ് ഇന്ത്യയിലെത്തിയപ്പോൾ ഡോളിയുടെ ചായ കുടിക്കാനെത്തിയിരുന്നു. അതിന്റെ വീഡിയോ ബിൽ ഗേറ്റ്‌സ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. 'ഇന്ത്യയിൽ നിങ്ങൾ എവിടേക്ക് തിരിഞ്ഞാലും പുതുമ കാണാം, ഒരു ചായയുണ്ടാക്കുന്നതിൽ വരെ അതുണ്ട്' എന്ന് അദ്ദേഹം കുറിക്കുകയും ചെയ്തു. വീഡിയോ വളരെ പെട്ടെന്ന് വൈറലായി. 'വൺ ചായ് പ്ലീസ്' എന്ന് ബിൽ ഗേറ്റ്‌സ് പറയുന്നിടത്തുനിന്നാണ് ആ വീഡിയോയുടെ തുടക്കം. അങ്ങനെ ഡോളിയുടെ പ്രശസ്തി ആഗോളതലത്തിലുമെത്തി. ഇൻസ്റ്റഗ്രാമിലിന്ന് നാലു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട് ഡോളി ചായ്‌വാലയ്ക്ക്.