ആഡംബരങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളിലിടം പിടിക്കുന്നയാളാണ് ബ്രൂണൈ സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണൈ സന്ദര്‍ശിക്കാനെത്തിയതോടെ രാജ്യവും സുല്‍ത്താനും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഹസനല്‍ താമസിക്കുന്നത് ഇസ്താന നൂറുല്‍ ഇമാന് പാലസിലാണ്. ഗിന്നസ് റെക്കോഡുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമാണിത്. 22 മില്യണ്‍ ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ കൊട്ടാരം, 22 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. അഞ്ച് നീന്തല്‍ക്കുളങ്ങള്‍, 1700 കിടപ്പുമുറികള്‍, 257 ബാത്ത്റൂമുകള്‍ എന്നിവയും ഈ കൊട്ടാരത്തിലുണ്ട്. ഓരോ ബാത്ത്റൂമുകളിലും സ്വര്‍ണ്ണം പൂശിയ വാഷ് ബേസിനുകളാണുള്ളത്. അദ്ദേഹത്തിന്റെ വണ്ടികള്‍ക്കായുള്ള 110 ഗാരേജുകളും ഇവിടെയുണ്ട്. കൊട്ടാരത്തോട് ചേര്‍ന്ന് ഒരു സ്വകാര്യ മൃഗശാലയും സജ്ജീകരിച്ചിരിക്കുന്നു. അതില്‍ പലതരത്തിലുള്ള പക്ഷികളെയും 30 ബംഗാള്ക്കടുവകളെയും കാണാം. കൊട്ടാരത്തിന്റെ മാത്രം മൂല്യം 2250 കോടി രൂപയാണ്.
അദ്ദേഹത്തിന്റെ കളക്ഷനില്‍ 7000-ത്തിലധികം ആഡംബരവാഹനങ്ങളാണുള്ളത്. ഇതില്‍ 600-ലധികം റോള്‍സ് റോയ്സ് കാറുകളാണ്. ഇതിന്റെ പേരില്‍ സുല്‍ത്താന്‍ ഗിന്നസ് ബുക്കിലിടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 450 ഫെരാരി, 380 ബെന്റ്ലി എന്നിവയും അദ്ദേഹത്തിനുണ്ടെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പോര്‍ഷെ, ലംബോര്‍ഗിനി, ജഗ്വാര്‍, മെക് ലാരന് എന്നിവയും സുല്‍ത്താന്റെ വാഹനശേഖരത്തിലുള്പ്പെടുന്നു. ഓപ്പണ്‍ റൂഫുള്ള, പൂര്‍ണമായി സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. 2007-ല്‍ മകളുടെ വിവാഹത്തിനായി അദ്ദേഹം ഒരുക്കിയതും സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് തന്നെയാണ്.

സ്വന്തമായി ബോയിങ് വിമാനങ്ങളും സുല്‍ത്താനുണ്ട്. ബോയിങ് 747, ബോയിങ് 767, എയര്‍ബസ് A340 എന്നിവയാണവ. സ്വര്‍ണ്ണം പൂശിയ ഇന്റീരിയറാണ് വിമാനത്തിന്റെ പ്രത്യേകത. അതിനൊപ്പം വിലകൂടിയ ഷാന്‍ഡ്ലിയറുകളും വിമാനത്തിനകത്തെ ആര്‍ഭാടം കൂട്ടുന്നു. വാഷ് ബേസിനും സ്വര്‍ണ്ണം കൊണ്ടുള്ളതാണ്. മകളുടെ പിറന്നാളിന് ഒരു എയര്‍ബസ് A340 ആണ് സമ്മാനമായി നല്‍കിയത്.
2009-ലെ ഫോര്‍ബ്സ് കണക്കുകള്‍ പ്രകാരം 1.36 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അതിപ്പോള്‍ 2.88 ലക്ഷം കോടി കടന്നുവെന്നാണ് പറയപ്പെടുന്നത്. 20,000 ഡോളറാണ് അദ്ദേഹം ഓരോ തവണയും മുടിമുറിക്കാനായി ചെലവഴിക്കുന്നത്. അതിനായി ലണ്ടനില്‍നിന്ന് ആളെ വരുത്തുകയാണ് ചെയ്യുന്നത്. അയാളുടെ യാത്രയ്ക്ക് മാത്രമായി സുല്‍ത്താന്‍ ചെലവഴിക്കുന്നത് 12,000 ഡോളര്‍.

1957-ല്‍ 21-ാമത്തെ വയസ്സിലാണ് ഹസനല്‍ ബോല്‍ക്കിയ സുല്‍ത്താനായി അധികാരമേല്‍ക്കുന്നത്. ബോല്‍ക്കിയ കുടുംബത്തിന്റെ 29-ാമത്തെ അനന്തരാവകാശിയാണ് ഇദ്ദേഹം. സുല്‍ത്താന്‍ എന്നതിനൊപ്പം തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പ്രതിരോധമന്ത്രി എന്നീ ചുമതലകളും ഹസനല്‍ വഹിക്കുന്നു.
2019-ല്‍ സ്വവര്‍ഗരതിക്കെതിരെ കര്ശനശിക്ഷാനിയമം കൊണ്ടുവന്നപ്പോഴാണ് ഇതിനുമുമ്പ് ബ്രൂണൈ വാര്‍ത്തകളില്‍ നിറഞ്ഞത്. സ്വവര്‍ഗരതി നടത്തുന്നുവെന്ന് തെളിഞ്ഞാല്‍ വധശിക്ഷയായിരുന്നു കാത്തിരുന്നത്. അതും കല്ലേറുകൊണ്ടുള്ള മരണം. എന്നാല്‍, അതിനെതിരെ ലോകമാകെ പ്രതിഷേധിച്ചതോടെ, ആ നിയമഭേദഗതിയില്‍നിന്ന് ബ്രൂണൈ പിന്തിരിഞ്ഞു. 10 വര്‍ഷം വരെ തടവും 40 ചാട്ടവാറടിയുമായി ശിക്ഷ മാറ്റി.
Content Highlights: story of brunei sultan Hassanal Bolkiah
Published: 04 Sept 2024, 03:18 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented