
മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ്. പശ്ചാത്തല സംഗീതത്തിലും ഗാനങ്ങളിലും ഒരുപോലെ പുതുമകൾ ഒളിപ്പിക്കുന്ന ജേക്സിന്റെ ഈ വർഷത്തെ പുതിയ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. 'ഐ നോബഡി' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മകൾ അലംകൃത പാടിയ ‘സർക്കസ്’ എന്ന ഗാനത്തിന്റെ പുറകിലും ജേക്‌സ് ബിജോയിയുടെ മാന്ത്രികവിരലുകൾ തന്നെ.
അലംകൃതയിലെ ഗായികയെ എങ്ങനെയാണ് തിരിച്ചറിഞ്ഞത്?
അലംകൃത എന്റെ മകളുടെ പ്രായമുള്ള കുട്ടിയാണ്. കൊച്ചിയിൽ അവർ ഒരുമിച്ച് മ്യൂസിക് ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് അറിയാം. എന്റെ മോൾ കീബോർഡ് വായിക്കുമ്പോൾ, അലംകൃത പാടുമായിരുന്നു. അവൾ സംഗീതത്തെ എത്രത്തോളം ഗൗരവത്തോടെയാണ് കാണുതെന്ന് മനസ്സിലായത് സുപ്രിയ ഒരു പാട്ട് അയച്ചുതന്നപ്പോഴാണ്. അവൾ സ്വയം എഴുതി കമ്പോസ് ചെയ്ത ആ ഗാനം കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ആ പാട്ടിന്റെ ഓർക്കസ്‌ട്രേഷൻ പിന്നീട് ഞാൻ തന്നെയാണ് ചെയ്തത്. ഒരു സിനിമയിൽ അനുയോജ്യമായ സാഹചര്യം വരുമ്പോൾ അവളെക്കൊണ്ട് പാടിക്കണമെന്ന് അപ്പോഴേ തോന്നിയിരുന്നു. അങ്ങനെയിരിക്കെയാണ് 'ഐ നോബഡി' എ ചിത്രത്തിൽ ഒരു പാട്ടിന് സാധ്യതയുണ്ടെ് തോന്നിയതും അവരെ വിളിക്കുന്നതും.
പാടാനുള്ള അവസരത്തെക്കുറിച്ച് ആദ്യമായി പറഞ്ഞപ്പോൾ അലംകൃതയുടെ പ്രതികരണം എന്തായിരുന്നു?
ഞാൻ ആദ്യം സുപ്രിയയോടാണ് ഇക്കാര്യം സംസാരിച്ചത്. സുപ്രിയ അലംകൃതയോട് ചോദിച്ചപ്പോൾ അവൾക്ക് വലിയ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. മുൻപ് എന്റെ കൂടെ വർക്ക് ചെയ്ത് പരിചയം ഉള്ളതുകൊണ്ട് അവൾക്ക് നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു. പാട്ട് അയച്ചുകൊടുത്തപ്പോൾ അവൾക്കത് ഒരുപാട് ഇഷ്ടപ്പെട്ടു; പിന്നീട് ആ പാട്ട് പല സ്‌റ്റൈലിൽ പാടി കേൾപ്പിച്ചു. എനിക്ക് റെക്കോർഡിങ്ങിനായി ബോംബെയ്ക്ക് പോകാൻ സാധിക്കാത്തതുകൊണ്ട് റിമോട്ട് ആയാണ് ഞങ്ങൾ റെക്കോർഡ് ചെയ്തത്. എന്റെ മകളോടുള്ള അതേ വാത്സല്യവും കരുതലും എനിക്ക് അലംകൃതയോടുമുണ്ട്.
റെക്കോർഡിങ് സമയത്ത് അലംകൃതയുടെ സമീപനം എങ്ങനെയായിരുന്നു?
വളരെ പ്രൊഫഷണലായ കുട്ടിയാണവൾ. പാട്ട് കൊടുത്തപ്പോൾ തന്നെ അത് കൃത്യമായി മനസ്സിലാക്കി പഠിച്ചു. പാട്ടിന്റെ ആക്‌സന്റും എക്‌സ്പ്രഷൻസും എവിടെയൊക്കെ, എങ്ങനെ കൊടുക്കണം എതിനെക്കുറിച്ച് സ്വയം റിസർച്ച് ചെയ്യുകയും പരിശീലിക്കുകയും ചെയ്തു. അച്ഛൻ പൃഥ്വിരാജിനെപ്പോലെ തന്നെ മകളും വർക്കിൽ പക്കാ പ്രൊഫഷണലാണ്. കൃത്യസമയത്ത് വരിക, കാര്യങ്ങൾ ഗൗരവത്തോടെ എഴുതിയെടുക്കുക, ആവശ്യമായ തിരുത്തലുകൾ വരുത്തുക തുടങ്ങി എല്ലാ കാര്യങ്ങളിലും കൃത്യത പുലർത്തി.
അലംകൃതയുടെ സംഗീത പഠനത്തിന് പൃഥ്വിരാജും സുപ്രിയയും നൽകുന്ന പിന്തുണയെക്കുറിച്ച്?
മികച്ച പിന്തുണയാണ് അവർ നൽകുന്നത്. ഇപ്പോൾ അവധിക്കാലമാണെങ്കിലും ലണ്ടനിലെ ഒരു പ്രമുഖ സ്‌കൂളിൽ മ്യൂസിക് ട്രെയിനിങ്ങിനായി അവൾ പോയിരിക്കുകയാണ്. ഇതിനകം തന്നെ 'എമ്പുരാനി' ലും പാടിയിട്ടുണ്ട്. ഞാൻ ഇതിലൊരു വഴിയൊരുക്കുന്നയാൾ മാത്രമാണ്. അവൾക്ക് സംഗീതത്തിൽ നല്ലൊരു ഭാവിയുണ്ട്. 12 വയസ്സുള്ള ഒരു കുട്ടിയാണ് ഈ പാട്ട് പാടിയതെന്ന് കേട്ടാൽ ആരും പറയില്ല. പാട്ടിലെ അവളുടെ വോയ്സ് ടെക്‌സ്ചർ കേൾക്കാൻ രസമാണ്. അതൊന്നും കൃത്രിമമായി ഉണ്ടാക്കിയെടുത്തതല്ല, തികച്ചും സ്വാഭാവികമായി വന്നതാണ്.
പുതിയ തലമുറയിലെ സംഗീത പ്രതിഭകളോടും അവരുടെ മാതാപിതാക്കളോടും ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?
മ്യൂസിഷ്യൻസിന് പറ്റിയ ഏറ്റവും നല്ല സമയമാണിത്. കഴിവും പാടാനുള്ള സിദ്ധിയുമുണ്ടെങ്കിൽ ഇന്ന് ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പാട്ടുകൾ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കാം. ജനങ്ങളുടെ പ്രതികരണം ഉടനടി അറിയാനുള്ള വലിയൊരു അവസരമാണ് ഇപ്പോഴുള്ളത്. സിനിമയിൽ മാത്രമല്ല, സ്വതന്ത്ര സംഗീതത്തിലൂടെയും എല്ലാവർക്കും മികച്ച കലാകാരന്മാരാകാനും നല്ല രീതിയിൽ സമ്പാദിക്കാനും സംഗീത മേഖലയിൽ ഒട്ടനവധി അവസരങ്ങളുണ്ട്.
പൃഥ്വിരാജ് - ജേക്സ് ബിജോയ് കൂട്ടുകെട്ട് എപ്പോഴും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണല്ലോ?
ഞങ്ങൾ നിർബന്ധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല അത്. തനിയെ വന്ന് ചേരുന്നതാണ്. പൃഥ്വിയുമായി എനിക്ക് 'അനാർക്കലി' എന്ന ചിത്രം തൊട്ടുള്ള ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിയുടെ സിനിമകൾക്കായി ഞാൻ എന്റെ പരമാവധി എഫർട്ട് ഇടാറുണ്ട്. അതിൽ ചില പാട്ടുകൾ ഹിറ്റാകും, ചിലത് നമ്മൾ ഉദ്ദേശിച്ച ഔട്ട്പുട്ട് തരണമെന്നില്ല. അതെല്ലാം വിശകലനം ചെയ്ത് മുന്നോട്ട് പോകുകയാണ് രീതി.
എന്നാൽ ഈ കൂട്ടുകെട്ടുകൾക്ക് അപ്പുറം, എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ എത്രത്തോളം ആത്മാർഥമായും കൃത്യമായും ഔട്ട്പുട്ട് കൊടുക്കുന്നുവോ, അതുവരെ മാത്രമേ പൃഥ്വിയോ ദുൽഖറോ ആരായാലും എന്നെ വിളിക്കൂ. ഇൻഡസ്ട്രിയിൽ സ്നേഹബന്ധങ്ങൾക്കും സൗഹൃദത്തിനും അപ്പുറം പ്രൊഫഷണലിസത്തിനാണ് വില. കഴിവും ഡെഡിക്കേഷനും ഹാർഡ് വർക്കും മാത്രമാണ് ഇവിടെ നിലനിൽപ്പിന്റെ മാനദണ്ഡം.
'തുടക്കം' ചിത്രത്തിലെ കെ.എസ്. ചിത്ര പാടിയ 'തളിരോമലേ...' എന്ന ഗാനവും പ്രേക്ഷകരിലേക്കെത്തിയല്ലോ?
സംവിധായകൻ ജൂഡ് ആന്റണി ജോസഫ് എന്നോട് പറഞ്ഞിരുന്നു, ചിത്ര ചേച്ചിയെക്കൊണ്ട് 'തുടക്ക'ത്തിൽ ഒരു അമ്മപ്പാട്ട് പാടിക്കണമെന്ന്. വിസ്മയ മോഹൻലാലിനെ മലയാളികൾക്കു മുന്നിൽ ആദ്യമായി അവതരിപ്പിക്കുകയാണല്ലോ. ലാലേട്ടന്റെ മകളെ കേരളത്തിലെ അമ്മമാർക്ക് സ്വന്തം മകളെപ്പോലെ ചേർത്തുപിടിക്കാൻ തോന്നുന്ന രീതിയിലാണ് ആ പാട്ട് ഒരുക്കിയത്. അമ്മ തന്റെ കുട്ടിക്ക് പാടിക്കൊടുക്കുന്ന താരാട്ടു പോലെ. ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ആ പാട്ട് കേട്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു. 'തളിരോമലേ...' എന്ന് ചേച്ചി പാടിയപ്പോൾ ഞങ്ങളെല്ലാം നൊസ്റ്റാൾജിക് ആയിപ്പോയി. ചേച്ചിയുടെ ശബ്ദത്തിൽ ആ വാത്സല്യവും സ്നേഹവും തനിയെ വരും, അത് നമുക്ക് ഫീൽ ചെയ്യും. ഈ പാട്ടിനെക്കുറിച്ച് പറഞ്ഞപ്പോൾ ചേച്ചിക്കും വലിയ സന്തോഷമായിരുന്നു. രണ്ട് തവണ പാടിയാണ് തിരുത്ത് ഒക്കെ വരുത്തി പെർഫെക്റ്റ് ആക്കിയത്. ചേച്ചി തന്നെ മുൻകൈ എടുത്ത്, കുറച്ചുകൂടി നന്നാക്കി പാടണമെന്ന് പറയുകയായിരുന്നു. വളരെ പേഴ്സണൽ ആയി എടുത്താണ് ചേച്ചി ആ ഇമോഷൻസ് എല്ലാം ഉൾക്കൊണ്ട് അത് പാടിത്തന്നത്.
കഴിഞ്ഞ വർഷം താങ്കൾക്ക് ഹിറ്റുകളുടെ വർഷമായിരുന്നു. ഈ വർഷത്തെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
എന്റെ ഭാഗത്തുനിന്നുള്ള പരമാവധി പരിശ്രമം ഞാൻ എപ്പോഴും നൽകുന്നുണ്ട്. സ്റ്റുഡിയോയിൽ വന്നിരിക്കുമ്പോൾ ഈശ്വരൻ എന്ത് നൽകുന്നുവോ, അതാണ് ഞാൻ ചെയ്യുന്നത്. സംഗീതവും അതിലുണ്ടാകുന്ന മാറ്റങ്ങളും ആ നിമിഷത്തിൽ നമുക്ക് ലഭിക്കുന്ന ഒരു ദാനമാണ്. സിനിമയുടെ കഥയോടും സംവിധായകൻ നൽകുന്ന ബ്രീഫിനോടും പൂർണ്ണമായും നീതി പുലർത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചെയ്യുന്ന ഓരോ സിനിമയും എന്റെ ആദ്യത്തെ സിനിമയായിട്ടാണ് കരുതുത്. ഒരു വർക്കിലും യാതൊരുവിധ മടുപ്പോ അലസതയോ കാണിക്കാറില്ല. 'എങ്ങനെയെങ്കിലും ചെയ്തു തീർക്കാം' എ മട്ടിൽ ഒരു ബിറ്റോ പാട്ടോ ഞാൻ ഇതുവരെ ചെയ്തിട്ടുമില്ല. ചില പാട്ടുകൾ ഹിറ്റാകും, ചിലപ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റാം. ഒരു വർഷം വലിയ ഹിറ്റുകൾ ഉണ്ടായി എന്ന് കരുതി, അടുത്ത വർഷവും അങ്ങനെതന്നെ ആകണമെില്ല. എങ്കിലും എന്റെ ആത്മാർഥത ഞാൻ എപ്പോഴും കാത്തുസൂക്ഷിക്കുന്നു. 2013-ലാണ് ഞാൻ സിനിമകൾ ചെയ്യാൻ തുടങ്ങിയത്. 2025 വരെയുള്ള ഈ യാത്രയിൽ എല്ലാ ചിത്രങ്ങളും ഹിറ്റായില്ല. 'അയ്യപ്പനും കോശിയും', 'ലോക', 'നരിവേട്ട' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ മികച്ച രീതിയിൽ വർക്ക് ഔട്ട് ആയി. എന്നാൽ ചില സിനിമകൾ നമ്മൾ ഉദ്ദേശിച്ച രീതിയിൽ വന്നിട്ടില്ല. കഴിഞ്ഞ വർഷമാണ് ചെയ്ത പാട്ടുകളെല്ലാം ഹിറ്റായി മാറിയത്. അതിൽ വലിയ സന്തോഷമുണ്ട്. പക്ഷേ ആ ഒരു നിലയിലേക്ക് എത്താൻ ഒരുപാട് നാളത്തെ ഉയർച്ചതാഴ്ചകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇനിയും ചിലപ്പോൾ ഒരു താഴ്ച ഉണ്ടായേക്കാം, അതിനുശേഷം വീണ്ടും ഉയർച്ച വന്നേക്കാം. അതുകൊണ്ട്, ചെയ്യുന്ന ജോലിയോട് നൂറു ശതമാനം ആത്മാർഥത കാണിക്കുക എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. ഈ യാത്രയിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠവും അതുതന്നെ.
സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ഗാനങ്ങൾ റിലീസ് ചെയ്ത് ഹിറ്റാക്കുന്നത് ചിത്രത്തിന് വലിയ മൈലേജ് നൽകാറുണ്ടല്ലോ, ഇതിനായി പ്രത്യേക ശ്രമങ്ങൾ നടത്താറുണ്ടോ?
അതെ, തീർച്ചയായും അതൊരു പ്രധാനപ്പെട്ട കാര്യമാണ്. മുൻപ് 'തുടരും' എന്ന ചിത്രം അനൗൺസ് ചെയ്ത സമയത്ത്, സിനിമ ഇറങ്ങുന്നതിന് മൂന്ന് മാസം മുൻപാണ് 'കണ്മണി' എന്ന ഗാനം ഞങ്ങൾ പുറത്തിറക്കിയത്. ലാലേട്ടന്റെ ശബ്ദവും ആ വിഷ്വലും കണ്ടപ്പോൾ പ്രേക്ഷകർക്കതൊരു വലിയ നൊസ്റ്റാൾജിക് അനുഭവം തന്നെയായിരുന്നു. അതുപോലെ 'നരിവേട്ട' എന്ന ചിത്രത്തിലെ 'മിന്നൽ വള', ഈ വർഷം വന്ന 'പള്ളിച്ചട്ടമ്പി' എന്ന സിനിമയിലെ 'കാട്ടുചെമ്പകം' എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. സിനിമ റിലീസ് ചെയ്യുന്നതിന് ഒരു മൂന്ന് മാസം മുൻപെങ്കിലും ചിത്രത്തിലെ ഒരു പാട്ടെങ്കിലും പുറത്തിറക്കി അത് ജനങ്ങളിലേക്ക് എത്തിക്കണം എന്നൊരു ആഗ്രഹം ഞാൻ എപ്പോഴും വെച്ചുപുലർത്താറുണ്ട്. അത് സിനിമയ്ക്ക് വളരെ വലിയൊരു മൈലേജ് നൽകും. മികച്ച ഗാനങ്ങൾ നേരത്തെ പുറത്തിറക്കുന്നതിനായി ഇപ്പോൾ കൂടുതൽ അധ്വാനിക്കുന്നുമുണ്ട്.
രശ്മിക മന്ദാനയുടെ പുതിയ പാൻ-ഇന്ത്യൻ ചിത്രമായ 'മൈസ'യിലെ സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ?
'മൈസ' എന്നത് ഗോണ്ട് എന്ന ഗോത്രവർഗത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ്. നോർത്ത്-വെസ്റ്റ് തെലങ്കാനയിലുള്ള ഒരു കമ്മ്യൂണിറ്റിയാണത്. അതിനായി നമ്മൾ അവിടെ പോയി കുറെ റിസർച്ച് ഒക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ഗംഭീര ടീസർ ഈ വരുന്ന ദിവസം പുറത്തിറങ്ങും. രശ്മിക അത്രയും എഫർട്ട് ഇട്ടാണ് അതിൽ അഭിനയിച്ചിരിക്കുന്നത്.
മറ്റു ഭാഷകളിൽ വലിയ അവസരങ്ങൾ കിട്ടുന്നുണ്ടല്ലോ?
ഞാൻ തെലുങ്കും തമിഴുമൊക്കെ വളരെ ചൂസി ആയിട്ടാണ് ചെയ്യുന്നത്. എന്റെ മെയിൻ ലാൻഡ് എപ്പോഴും മലയാളമാണ്. മറ്റു സിനിമകളിൽ എത്ര വലിയ അവസരം കിട്ടുന്നു എന്നതിനേക്കാൾ, ഇവിടെ മലയാളത്തിൽ ഒരു പടം ഹിറ്റാകുമ്പോൾ കിട്ടുന്ന ആ സുഖവും സന്തോഷവും എനിക്ക് വേറെ ഒരിടത്തും കിട്ടില്ല.
ഓരോ ഭാഷകളിലേക്ക് മാറുമ്പോൾ ട്യൂണുകളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ടോ? കമ്പോസിങ് രീതി എങ്ങനെയാണ്?
കമ്പോസ് ചെയ്യാൻ ഇരിക്കുമ്പോൾ ഓരോ ഭാഷയുടെയും ഫൊണറ്റിക്സും ആളുകൾ സംസാരിക്കുന്ന രീതിയും ഫ്രേസുകളും എങ്ങനെയാണെന്ന് ഞാൻ ആലോചിക്കാറുണ്ട്. ഒരു മലയാളി എങ്ങനെ ചെയ്യും, തെലുങ്കിൽ എങ്ങനെ ചെയ്യും, തമിഴിൽ എങ്ങനെയാണ് എന്നൊക്കെ നോക്കും. ലിറിക്‌സിന്റെ സ്വഭാവം പൊതുവായി എങ്ങനെ വരണമെന്ന് ചിന്തിക്കും. ഞാൻ കമ്പോസ് ചെയ്യുമ്പോൾ ചുമ്മാ ഡമ്മി വരികളിട്ട് പാടിയാണ് കമ്പോസ് ചെയ്യുന്നത്. അപ്പോൾ വരികൾ എഴുതുന്നവർക്ക് അത് കുറച്ചുകൂടി എളുപ്പമാകും. മലയാളത്തിൽ ചെയ്യുമ്പോൾ കുറച്ചുകൂടി മെലഡിക്ക് പ്രാധാന്യം നൽകാറുണ്ട്, മെലഡിയിലുള്ള ഒരു സ്ട്രക്ചറൽ ഡിഫറൻസ് ചെറുതായി നോക്കാറുണ്ട്. മലയാളത്തിൽ എന്റെ ഫോർമുല അതാണ്. തമിഴിലും തെലുങ്കിലും വേറെ രീതികളാണ്. ഓരോ സിനിമയുടെയും സ്വഭാവം പോലെയാണ് സംഗീതം ചെയ്യുന്നത്.
സിദ് ശ്രീറാം, വിശാൽ മിശ്ര, സെബ ടോമി എന്നിങ്ങനെ പുതിയ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ ശബ്ദത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
പാട്ട് കമ്പോസ് ചെയ്യുമ്പോൾ തന്നെ ഏകദേശം ഒരു മുഖം മനസ്സിൽ ഉണ്ടാകും. 'മിന്നൽ മുരളി'യിലെ പാട്ടിന്റെ കാര്യം പറയുകയാണെങ്കിൽ, കുട്ടനാട്ടിലെ കൈനകരിയിൽ നടക്കുന്ന ഒരു പശ്ചാത്തലത്തിലുള്ള പാട്ടിലേക്ക് സിദ് ശ്രീറാമിനെ ഇടുക എന്ന വൈരുധ്യമാണ് എന്നെ ആകർഷിച്ചത്. അതൊരു നല്ല മലയാളം പാട്ടാണ്, അതിലേക്ക് സിദ് ശ്രീറാം വരുമ്പോൾ ഉണ്ടാകുന്ന ആ ഫീൽ എങ്ങനെയുണ്ടാകും എന്നൊരു കൗതുകത്തിന്റെ പുറത്താണ് ഞാൻ അത് ചെയ്തത്. അത് പുതുമ നൽകി. അതുപോലെ 'കാട്ടുചെമ്പകം' എന്ന ഗാനം ഒരു സ്‌ട്രൈറ്റ് ഫോർവേഡ് മലയാളം പാട്ടാണ്. അതിലേക്ക് ഇന്ത്യയിലെ ഏറ്റവും പോപ്പുലർ സിംഗറായ വിശാൽ മിശ്ര വരുമ്പോൾ ഉള്ള ഒരു റീച്ചും, അദ്ദേഹം നൽകുന്ന എക്‌സ്പ്രഷൻസും എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചു. അങ്ങനെയാണ് ഓരോ പാട്ടിലേക്കും ആളുകളെ കാസ്റ്റ് ചെയ്യുന്നത്.
എ.ഐ യുടെ കടന്നുവരവ് സംഗീത സംവിധായകരുടെ ക്രിയേറ്റിവിറ്റിയെയും നിലനിൽപ്പിനെയും ബാധിക്കുമെന്ന് തോന്നുന്നുണ്ടോ?
മുൻപുണ്ടായ എല്ലാ ടെക്‌നോളജികളും മാറ്റങ്ങൾ വരുത്തിയത് പോലെ എ.ഐ-യും മ്യൂസിക് മേക്കിങ്ങിൽ വലിയ മാറ്റങ്ങൾ വരുത്തും. ആർക്കു വേണമെങ്കിലും അത് ഉപയോഗിക്കാം. ഞാൻ അതിനെ നമ്മുടെ വർക്ക് ഫ്‌ളോ ഈസിയാക്കാനുള്ള ഒരു ഉപകരണമായിട്ടാണ് കാണുന്നത്. ഒരു ഡെമോ ഉണ്ടാക്കാൻ വേണ്ടിയോ, അറേഞ്ച്‌മെന്റ് പരീക്ഷിക്കാൻ വേണ്ടിയോ, സൗണ്ട് ഡിസൈനിന് വേണ്ടിയോ ഒക്കെ അത് ഉപയോഗിക്കാം. എ.ഐ-യെ ഒരു ടൂളായി മാത്രം എടുത്ത് വർക്ക് ഫ്‌ളോ ഈസിയാക്കാം എന്നല്ലാതെ, അതിന് നമ്മുടെ ക്രിയേറ്റിവിറ്റിക്ക പകരമാവാൻ പറ്റില്ല. കാരണം എ.ഐ-ക്ക് ഒരു ആത്മാവ് ഇല്ല. ഞാൻ ഒരു സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ ഇമോഷനും മനസ്സിലാക്കി കൊടുക്കുന്ന ആ ഇന്റൻസിറ്റിയാണ് ജനങ്ങളിലേക്ക് പോകുന്നത്. ഒരു കമ്പോസർ സിനിമ ചെയ്യുമ്പോൾ അതിന്റെ സത്ത് മനസ്സിലാക്കണം, എന്നാലേ അത് ജനങ്ങളോട് സംവദിക്കൂ. വെറുതെ എന്തെങ്കിലും ചെയ്തു വിട്ടാൽ അത് ആളുകളിലേക്ക് എത്തില്ല. ആ സത്ത് അറിഞ്ഞ് ചെയ്യുന്നതിനിടയിൽ എ.ഐ-യോ കമ്പ്യൂട്ടറോ ഗിറ്റാറോ എന്തും അതിനുള്ള ടൂളുകൾ മാത്രമാണ്. ഇപ്പോൾ എ.ഐ പാട്ടുകൾ ആളുകൾക്ക് ഒരു തരം അരോചകമായി തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ ഒരു ഫുൾ സിനിമ തന്നിട്ട് എ.ഐ-യിൽ മ്യൂസിക് ചെയ്യുന്ന ഒരു കാലം വന്നേക്കാം. പക്ഷേ ഇപ്പോൾ, അതൊരു എൻഹാൻസ്ഡ് ടൂൾ മാത്രമാണ് - ഐഡിയേഷൻ സെഷനിലോ, പ്രോഗ്രാമിങ് ടൈമിലോ, ക്ലീൻ-അപ്പിലോ ഒക്കെ നമ്മളെ ഹെൽപ്പ് ചെയ്യാൻ അതിന് സാധിക്കും. പക്ഷേ ഒരു കോമ്പോസിഷനെ ഫുൾ ആയി എ.ഐ-ക്ക് വിട്ടുകൊടുക്കുന്നതിനോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല.
സൂപ്പർഹിറ്റ് ക്ലാസിക് ഗാനങ്ങൾ റീമിക്‌സ് ചെയ്യുകയും റീക്രിയേറ്റ് ചെയ്ത് പുതിയ സിനിമകളിൽ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ട്രെൻഡ് ഉണ്ടല്ലോ. അതിനോടുള്ള കാഴ്ചപ്പാട്?
ക്ലാസിക്കുകൾ എന്ന് പറയുന്നത് ഒരു കാലഘട്ടം അംഗീകരിച്ച പാട്ടുകളാണ്. എല്ലാവരുടെയും മനസ്സിൽ അതിനൊരു ഇമോഷൻ ഉണ്ട്. ഞാൻ റീമിക്‌സിന് എതിരല്ല, പക്ഷേ അതൊരു സൂത്രപ്പണിയായി കാണരുത്. ജെനുവിൻ ആയി ആ പാട്ടിന്റെ സത്ത് മാറ്റാതെ പുതിയ രീതിയിലേക്ക് ആളുകളുടെ അടുത്ത് പ്രസന്റ് ചെയ്യണം. നമ്മൾ 'ലൂസിഫർ' ഒക്കെ ചെയ്തപ്പോൾ ആ പാട്ടിന്റെ സത്ത് മാറ്റാതെയാണ് ചെയ്തത്. അത് പാട്ടിന് കൂടുതൽ റീച്ച് ഉണ്ടാക്കാൻ സഹായിച്ചു.
പക്ഷേ അനാവശ്യമായി അത് ഉപയോഗിക്കരുത്. ഞാൻ ഇപ്പോൾ ഒരു റീമിക്‌സ് ചെയ്യുമ്പോൾ എന്നോട് തന്നെ ചോദിക്കും, 'Am I adding something meaningful? Or am I just simply borrowing it?'. സിനിമയിലെ സിറ്റുവേഷൻ അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്യാം. എവിടെ വേണമെങ്കിലും റീമിക്‌സ് അടിക്കാം എന്ന് കരുതി അതിന്റെ സത്ത് മനസ്സിലാക്കാതെ ചുമ്മാ എന്തെങ്കിലും ചെയ്തു വെക്കരുത്. അത് ഈ ജനറേഷന്റെ ഒരു റെസ്‌പോൺസിബിലിറ്റി കൂടിയാണ്. അന്നത്തെ ജനറേഷൻ അത്രയും ക്ലാസിക്കുകൾ ഉണ്ടാക്കിവെച്ചത് കൊണ്ടാണ് നമുക്ക് ഇന്ന് റീമിക്‌സ് ചെയ്യാൻ പറ്റുന്നത്. അതുകൊണ്ട് നമ്മൾ അതിനെ മാത്രം ആശ്രയിക്കരുത്. സിറ്റുവേഷൻ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ, ഡയറക്ടർക്ക് ആവശ്യമുണ്ടെങ്കിൽ, കമ്പോസറുടെ ഉദ്ദേശം ശുദ്ധമാണെങ്കിൽ അതിന്റെ സത്ത് മാറാതെ റീമിക്‌സ് ചെയ്യുന്നതിൽ തെറ്റില്ല.
'ജേക്‌സ് ബിജോയ്' എന്ന ബ്രാൻഡ് വലിയൊരു ജനറേഷൻ ഗ്യാപ്പിനിടയിലും ഒരേപോലെ കൊണ്ടുപോകുന്നത് എങ്ങനെയാണ്?
ആളുകൾ ഇപ്പോൾ ചൂസിയാണ്. ജനറേഷൻ മാറുന്നുണ്ട്, ആളുകളുടെ ടേസ്റ്റിലും വലിയ മാറ്റങ്ങൾ വരുന്നുണ്ട്. ഈ ചെറിയ കാലയളവിൽ ഉണ്ടായ മാറ്റങ്ങൾക്കിടയിലും പിടിച്ചുനിൽക്കാൻ പറ്റുക എന്നത് ചെറിയ കാര്യമല്ല. പല വർഷങ്ങളിലായി പലതും വർക്ക് ആയി, പലതും വർക്ക് ആയില്ല. എങ്കിലും ഇപ്പോൾ വർക്ക് ആകുന്നത് അതിനായി നിരന്തരം എഫർട്ട് ഇടുന്നത് കൊണ്ടാണ്. ഞാൻ എന്റെ പിള്ളേർ കേൾക്കുന്ന പാട്ടുകൾ, കസിൻസ് കേൾക്കുന്നത്, വലിയൊരുഭാഗം ആളുകൾ കേൾക്കുന്നത് ഒക്കെ ശ്രദ്ധിക്കാറുണ്ട്. പുതിയ എല്ലാ ഇൻഡിപെൻഡന്റ് ട്രാക്കുകളും കേൾക്കും. റിലീസാകുന്ന നല്ല അഭിപ്രായമുള്ള സിനിമകളെല്ലാം തിയേറ്ററിൽ പോയി കാണും. 2007-ലാണ് എന്റെ സംഗീതയാത്ര തുടങ്ങുന്നത്. 2013-ൽ ആദ്യ സിനിമ ചെയ്യുന്നു. ഇപ്പോൾ 13 വർഷമായി. ഞാൻ വിശ്വസിക്കുന്നത് ഒന്നേയുള്ളൂ: 'You just have to be updated, you just have to be current and you just have to keep loving music.' സംഗീതത്തെ ഇഷ്ടപ്പെടുക, പണമോ പ്രശസ്തിയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ കണ്ട് അതിലേക്ക് മാറാതെ പാട്ടിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. അപ്പോഴേ നല്ല റിസൾട്ട് വരൂ. ഒരു ബാലൻസിങ് ഗെയിം ആണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jakes Bejoy's professional collaboration with Alankrita Prithviraj., Insight into Jakes Bejoy's 2026 film composition philosophy., The impact of AI and technology on modern music production., Advice for emerging musicians on utilizing social media and digital platforms., The importance of professional dedication over industry connections.
Published: 12 Jul 2026, 03:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented