ഗായികയായ നേഹ കക്കറിന്റെ അവസാനമായിറങ്ങിയ പാട്ട് 'കാൻഡി ഷോപ്പ്' ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിരുന്നു. അതിനുപിന്നാലെ താൻ കുറച്ചുകാലത്തേക്ക് എല്ലാത്തിൽനിന്നും ബ്രേക്ക് എടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നേഹ രംഗത്തെത്തി. സ്വകാര്യ-പ്രൊഫഷണൽ ജീവിതത്തിൽനിന്നും ഒരു ബ്രേക്കെടുക്കുകയാണെന്നും അവർ പറയുന്നു. തിരിച്ചുവരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കൂടി താരം പറഞ്ഞുവെക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നേഹയുടെ വെളിപ്പെടുത്തൽ.

''ഉത്തരവാദിത്തങ്ങളിൽ നിന്നും, ബന്ധങ്ങളിൽ നിന്നും, ജോലിയിൽ നിന്നും, ഇപ്പോൾ എനിക്ക് തോന്നുന്ന എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കാൻ സമയമായി. ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. നന്ദി'', സ്റ്റോറിയിൽ പറയുന്നു. ഇത് നേഹയുടെ ആരാധകരെ ആശങ്കയിലാഴ്ത്തി. അതിന്റെ ഞെട്ടൽ മാറുംമുമ്പ് അടുത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയെത്തി. ഇത്തവണ പാപ്പരാസികളും ആരാധകരും തന്നെ വീഡിയോയിൽ പകർത്തരുതെന്നാണ് നേഹ ആവശ്യപ്പെട്ടത്. ''എന്നെ വീഡിയോയിൽ പകർത്തരുതെന്ന് ഞാൻ പാപ്പരാസികളോടും ആരാധകരോടും അഭ്യർഥിക്കുന്നു. നിങ്ങൾ എന്റെ സ്വകാര്യതയെ മാനിക്കുകയും ഈ ലോകത്ത് എന്നെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ക്യാമറകൾ വേണ്ട! ഞാൻ അഭ്യർത്ഥിക്കുന്നു! എന്റെ സമാധാനത്തിനായി നിങ്ങൾക്കെല്ലാവർക്കും എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്''. അതോടെ എന്താണ് സംഭവിക്കുന്നതെന്ന ചർച്ചകളിലായി ആരാധകർ. എന്നാൽ മിനിറ്റുകൾക്കുള്ളിൽ രണ്ടു സ്‌റ്റോറികളും അവർ ഡിലീറ്റ് ചെയ്തു.

സഹോദരൻ ടോണി കക്കറിനൊപ്പം പുറത്തിറക്കിയ നേഹയുടെ സിംഗിളായ 'കാൻഡി ഷോപ്പ്' 2025 ഡിസംബറിലാണ് റിലീസായത്. എന്നാൽ കടുത്ത ട്രോളുകൾ നേരിടേണ്ടിവന്നു ഈ പാട്ട്. കെ-പോപ്പ് ആർട്ടിസ്റ്റുകളെ പകർത്താനാണ് ഇരുവരും ശ്രമിച്ചതെന്നും എന്നാൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ആരോപിക്കപ്പെട്ടു. മാത്രമല്ല വിലകുറഞ്ഞ, അശ്ലീലമായ നൃത്തച്ചുവടുകളാണ് പാട്ടിലുള്ളതെന്നും ആരോപണമുയർന്നു. ഇതാണ് നേഹയെ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയപ്പെടുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിലൊരാളാണ് നേഹ. യൂട്യൂബിന്റെ ഡയമണ്ട് പ്ലേ ബട്ടൺ ലഭിച്ച ആദ്യ ഇന്ത്യൻ സിങ്ങർ കൂടിയാണവർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi