
ആമസോണ്‍ കാടുകള്‍ക്കുള്ളിലെ തന്റെ മുറിയില്‍വെച്ച് കൊല്ലപ്പെടുമ്പോള്‍ 26 വയസ്സേ ഉണ്ടായിരുന്നുള്ളൂ റെയ്‌ലിക്ക്. ക്രൂരമായ ബലാത്സംഗത്തിനിരയായിട്ടാണ് അവള്‍ കൊല്ലപ്പെടുന്നത്. തൊട്ടുപുറകെ 12 വയസ്സുള്ളൊരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടു. അതോടെയാണ് ബ്രസീല്‍ ഭാഗത്തുള്ള ആമസോണ്‍ കാടുകളിലെ അനധികൃത സ്വര്‍ണഖനനം കൂടുതല്‍ ചര്‍ച്ചയായത്. കാരണം സ്ത്രീകള്‍ക്കെതിരെയുള്ള ഈ അതിക്രമങ്ങള്‍ക്കുപിന്നില്‍ ഖനിത്തൊഴിലാളികളാണ്.
''കൂടെ പോയാല്‍ പണം നല്‍കാമെന്ന് റെയ്‌ലിയോട് ഒരാള്‍ പറഞ്ഞു. പക്ഷേ, അവള്‍ സമ്മതിച്ചില്ല. അതിനുശേഷം അവളുടെ പുറകെത്തന്നെയായിരുന്നു അയാള്‍. അവളുടെ ശരീരത്തിലെ എല്ലുകളെല്ലാം ഇടിച്ചുനുറുക്കിയിരുന്നു. അത്രയും ക്രൂരമായിട്ടാണ് ആക്രമിച്ചത്. ആ മുറിയുടെ ചുവരുകളിലെല്ലാം രക്തമുണ്ടായിരുന്നു'', റെയ്‌ലിയുടെ സഹോദരി പറയുന്നു.
ചൂഷണത്തിന്റെയും അക്രമത്തിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ് ആമസോണ്‍ ഉള്‍ക്കാടുകളിലെ ഈ സ്വര്‍ണഖനികള്‍. ഗരിംപോസ് എന്നാണിവ അറിയപ്പെടുന്നത്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും നിത്യസംഭവമാവുകയാണിവിടെ. ആയുധങ്ങളുമായിട്ടാണ് ഖനികളിലെ തൊഴിലാളികള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ എതിര്‍ത്തുപറയാന്‍ എല്ലാവര്‍ക്കും പേടിയുമാണ്. ഇവരെ തുരത്താന്‍ സര്‍ക്കാര്‍ പലതും ചെയ്‌തെങ്കിലും, അതൊന്നും പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നാണ് ഈയടുത്ത് നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. ബ്രസീലിലെ ഇറ്റൈറ്റുബ എന്ന പ്രദേശത്തോട് ചേര്‍ന്നാണ് ഈ അനധികൃതഖനികളിലേറെയുമുള്ളത്.
ബിബിസി ഇതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ നേര്‍ചിത്രമാണ് ആ ഡോക്യുമെന്ററി. രൂക്ഷമായ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ജോലിതേടിയാണ് പല സ്ത്രീകളും ഖനികളില്‍ വരുന്നത്. ഇവിടെത്തന്നെ ജനിച്ചുവളര്‍ന്നവരുമുണ്ട്. തൊഴിലാളികള്‍ക്ക് ഭക്ഷണം പാകംചെയ്യുക, മദ്യശാലകളില്‍ മദ്യം വിളമ്പുക തുടങ്ങിയ ജോലികള്‍ക്ക് നല്ല ശമ്പളവും ലഭിക്കും. അതാണ് അവരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. പക്ഷേ ഇവിടെത്തുമ്പോഴാണ് അതൊരു കെണിയാണെന്ന് പലരും മനസ്സിലാക്കുന്നത്. അവരിലേറെയും ഒടുവില്‍ ലൈംഗികതൊഴിലാളികളായി മാറുകയാണ് ചെയ്യുന്നത്. അതിന് സമ്മതിക്കാത്തവരെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നു.

മികച്ച ശമ്പളമെന്ന വാഗ്ദാനം
ചെറുപ്രായത്തില്‍ ഈ ഖനികളിലെത്തിയവരാണ് സ്ത്രീകളില്‍ പലരും. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ഡയന്‍ എന്ന സ്ത്രീ ഇവിടെ വരുന്നത്. പാചകം, മദ്യഷാപ്പിലെ ജോലി, അലക്കുജോലി...ഇങ്ങനെ പലതും അവര്‍ ചെയ്തു. ഒടുവില്‍ ലൈംഗികതൊഴിലാളിയുമായി. പതിനെട്ട് വയസ്സില്‍ ആദ്യത്തെ കുട്ടിയുണ്ടായി. ഇന്ന് അച്ഛനാരെന്ന് അറിയാത്ത ഏഴുകുട്ടികളാണ് അവര്‍ക്കുള്ളത്. പിന്നെയും ഖനിത്തൊഴിലാളികള്‍ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ''സ്ത്രീകള്‍ വളരെയധികം അപമാനം സഹിക്കുന്നുണ്ട് ഇവിടെ. എപ്പോഴും മുഖത്ത് അടിക്കും''. ഒടുവില്‍ ഭീഷണി പേടിച്ച് എങ്ങനെയൊക്കെയോ കാടുകളില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു ഡയന്‍. ''ചെയ്യുന്ന ജോലിക്ക് പലപ്പോഴും കൂലി തരില്ല. കൂലി ചോദിച്ചാല്‍ തോക്ക് ചൂണ്ടി പേടിപ്പിക്കും''. സ്വര്‍ണക്കട്ടികളാണ് മദ്യശാലകളിലും വേശ്യാലയങ്ങളിലും പണത്തിന് പകരം ഉപയോഗിക്കുന്നത്.
നഗരത്തിലെ ലൈംഗികതൊഴിലാളിക്ക് ഒരുമാസം ലഭിക്കുന്നതിലേറെ, ഒരുദിവസം കൊണ്ട് ഖനികളിലെ ലൈംഗികതൊഴിലാളികള്‍ക്ക് ലഭിക്കുമെന്നാണ് ഇവിടെ വേശ്യാലയം നടത്തുന്ന ഒരു സ്ത്രീ പറയുന്നത്. അതുകൊണ്ട് പലരും പണത്തിനായി ഇങ്ങോട്ടേക്ക് വരികയും ചെയ്യുന്നുണ്ടത്രേ. ആവശ്യത്തിന് പണം സമ്പാദിച്ചിട്ട് തിരിച്ചുപോവുന്നവരും നിരവധിയാണെന്ന് അവര്‍ പറയുന്നു. ഇവിടെത്തന്നെ ജനിച്ചുവളര്‍ന്ന സ്ത്രീകളുമുണ്ട്. അവര്‍ക്ക് മറ്റൊരു തൊഴിലുമറിയില്ല. തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കണമെങ്കില്‍, നന്നായി ജോലിയെടുത്ത് പണം സമ്പാദിക്കണമെന്ന് ചിന്തയാണവര്‍ക്ക്. ഇവിടെ ദിവസേന സ്ത്രീകള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് റെയ്‌ലിയുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നു.
മറഞ്ഞിരിക്കുന്ന സ്വര്‍ണഖനികള്‍
ആമസോണ്‍ കാടുകളില്‍ 4500-ഓളം അനധികൃത സ്വര്‍ണഖനികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അതില്‍ പകുതിയിലേറെ ബ്രസീലിലാണ്. ബ്രസീലില്‍നിന്നുള്ള സ്വര്‍ണകയറ്റുമതിയുടെ 90 ശതമാനത്തിലേറെയും വരുന്നത് ഇവിടുന്നാണത്രേ. ബാക്കി ബ്രസീലിലെ അംഗീകൃതഖനികളില്‍നിന്നുമാണ്.
ഇത്തരം അനധികൃതഖനനം നദികള്‍ മലിനമാകാനും വനനശീകരണത്തിനും കാരണമാകുന്നുണ്ട്. വന്‍തോതിലാണ് വനനശീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആളുകളുടെ ജീവിതത്തിലും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രാക്തനഗോത്രവര്‍ഗക്കാര്‍ ഏറെ താമസിക്കുന്നുണ്ട് ആമസോണ്‍ കാടുകളില്‍. ശുദ്ധജല മത്സ്യങ്ങളെ ഭക്ഷണമാക്കി ജീവിക്കുന്നവരാണ് ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍. അവരെയാണിത് കൂടുതലായി ബാധിക്കുന്നത്. യാനോമാമി എന്ന ഗോത്രവര്‍ഗത്തിനാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

ഖനിത്തൊഴിലാളികളുടെ ആക്രമണത്താല്‍ ഇവരില്‍ പലരും കൊല്ലപ്പെടുന്നു. പലപ്പോഴും ഖനിത്തൊഴിലാളികള്‍, യനോമാമികള്‍ താമസിക്കുന്ന ഇടങ്ങളിലേക്കും കടക്കാറുണ്ട്. 1980-കളിലാണ് 40,000-ത്തിലേറെ ഖനിത്തൊഴിലാളികള്‍ ഇവിടേക്ക് അതിക്രമിച്ചെത്തിയത്. താമസക്കാരായ പലരെയും അപ്പോള്‍ തന്നെ വെടിവെച്ചുകൊന്നു. മാത്രമല്ല, പുറത്തുനിന്ന് വന്നവരില്‍നിന്നുള്ള അസുഖം ബാധിച്ചും ഗോത്രവര്‍ഗക്കാര്‍ മരിച്ചു. വെറും ഏഴുവര്‍ഷം കൊണ്ട് ഈ സമൂഹത്തില്‍നിന്നുള്ള 20 ശതമാനം പേരാണ് മരിച്ചത്. ഇത് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. ഒടുവില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെട്ടു. അവരുടെ സ്ഥലം യനോമാമി പാര്‍ക്ക് എന്ന പേരില്‍ അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടു. ഖനിത്തൊഴിലാളികളെ ഇവിടുന്ന് തുരത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം ഖനിത്തൊഴിലാളികള്‍ വീണ്ടും തിരിച്ചുവന്നു. പഴയതുപോലെ ആളുകളെ കൊല്ലാന്‍ തുടങ്ങി. അറകാക എന്ന ഗ്രാമത്തിലേക്ക് ഈയിടെ ഖനിത്തൊഴിലാളികള്‍ അതിക്രമിച്ചുകടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇവിടെയുള്ളവര്‍ വേട്ടയാടിയാണ് ജീവിക്കുന്നത്. പുരുഷന്‍മാര്‍ വേട്ടയ്ക്ക് പോയപ്പോഴാണ്, ഖനിത്തൊഴിലാളികള്‍ ഗ്രാമത്തിലെത്തിയത്. ഒരു സ്ത്രീയെയും രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടുപോയി, ഖനിത്തൊഴിലാളികളുടെ ക്യാമ്പില്‍ പാര്‍പ്പിക്കുകയും ചെയ്തു. 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീ അത് എതിര്‍ത്തു. അങ്ങനെ അവരെയും മൂന്നുവയസ്സുള്ള കുട്ടിയെയും പുഴയിലെറിഞ്ഞുകൊല്ലുകയും ചെയ്തു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് സ്വര്‍ണം കായ്ക്കുന്ന ഖനികള്‍.
Content Highlights: sex trafficking and violence against women in amazon illegal gold mines
Published: 19 Dec 2024, 01:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented